Advertisment

ലോക്ക് ഡൗൺ കാലയളവിൽ സാധാരണക്കാർക്കില്ലാത്ത പൗരാവകാശങ്ങൾ തടവുകാർക്കുണ്ടോ? ; പത്ത് ചോദ്യങ്ങളുമായി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോൺ ഡാനിയൽ

New Update

തൃശൂര്‍ : ലോക്ക് ഡൗൺ കാലയളവിൽ സാധാരണക്കാർക്കില്ലാത്ത പൗരാവകാശങ്ങൾ തടവുകാർക്കുണ്ടോ? ; പത്ത് ചോദ്യങ്ങളുമായി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലരും ഡിസിസി ഭാരവാഹിയുമായ ജോൺ ഡാനിയൽ . ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ

സാധാരണക്കാർക്കില്ലാത്ത പൗരാവകാശങ്ങൾ തടവുകാർക്കുണ്ടോ? പത്ത് ചോദ്യങ്ങൾ

ലോക്ക് ഡൗൺ കാലയളവിൽ ജയിലുകളിൽ നിന്ന് വിചാരണ തടവുകാരെയും റിമാൻഡ് പ്രതികളെയും ഒരു മാസത്തേക്ക് ജാമ്യത്തിൽ വിട്ടയക്കുന്ന നടപടി ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ജാമ്യം എന്ന ഭരണഘടനാപരമായ അവകാശത്തേയും, തടവുകാരുടെ പൗരാവകാശങ്ങളേയും അംഗീകരിക്കുമ്പോളും ബാക്കിയാകുന്ന ചില ചോദ്യങ്ങൾ:

1. മറ്റു സാധാരണ പൗരന്മാർക്കില്ലാത്ത എന്ത് മനുഷ്യാവകാശമാണ് തടവുകാർക്കുള്ളത്?

2. തൊഴിലിൻ്റെയും മറ്റും ആവശ്യങ്ങൾക്കായി വീടിനു പുറത്തായിരുന്ന ലക്ഷക്കണക്കിന് ആളുകൾ - അതിഥി തൊഴിലാളികൾ ഉൾപ്പെടെ - ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ലോഡ്ജുകളിലും ലേബർ ക്യാംപുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന അവരും ലോക്ക് ഡൗണിന്റെ തടവുകാരാണ്. ലോക്ക് ഡൗൺ കാലത്ത് സ്വന്തം വീട്ടിൽ കഴിയാൻ അവരും ആഗ്രഹിക്കുന്നുണ്ട്. അവരെയും സ്വന്തം വീടുകളിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമോ?

3. മാർച്ച് 24ന് രാത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത്, എല്ലാവരും ഇന്ന് രാത്രി 12 മണിക്ക് എവിടെയാണോ ഉള്ളത്, അവിടെത്തന്നെ മൂന്നാഴ്ച്ച തുടരണം എന്നാണ്. കോടിക്കണക്കിന് ആളുകൾ അസൗകര്യങ്ങൾ സഹിച്ചു കൊണ്ട് ആ നിർദ്ദേശം പാലിക്കുമ്പോൾ തടവുകാർക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ലോക്ക് ഡൗണിൻ്റെ ലംഘനമല്ലേ?

4. കോടതി ഉത്തരവ് എന്നും പറഞ്ഞ് സർക്കാരിന് കൈകഴുകാൻ കഴിയുമോ? ഇത്തരമൊരു ഉത്തരവ് വരുമ്പോൾ കോടതിയിൽ അതിനെതിരെ നിലപാട് സ്വീകരിച്ച് , കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്തി, ഉത്തരവ് തിരുത്തിക്കാനല്ലേ സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്?

5. കോവിഡ് വ്യാപനം തടയാനാണ് തടവുകാരെ വീടുകളിലേക്ക് വിടുന്നത് എന്ന ന്യായീകരണം പരിഹാസ്യമല്ലേ? ഒരാഴ്ചയോളമായി പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച് കുടുംബാംഗങ്ങൾ കഴിഞ്ഞ് കൂടുന്ന വീടുകളിലേക്ക് പുറത്തു നിന്ന് - അതും തടവുകാർ കൂട്ടത്തോടെ കഴിയുന്ന ജയിലുകളിൽ നിന്ന് - ആളുകൾ പുതുതായി എത്തിച്ചേരുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുകയല്ലേ ചെയ്യുക?

6. എത്ര വലിയ ക്ഷാമകാലങ്ങളിലും ജയിലുകളിൽ ഭക്ഷ്യക്ഷാമം ഉണ്ടാവാറില്ല. ജയിലുകളിൽ ആരും നാളിതുവരെ, ഭക്ഷണം കിട്ടാതെ മരിച്ചിട്ടുമില്ല. ഈ ലോക്ക് ഡൗണിലും ജയിലുകളിൽ ആഹാരം ഒരു നേരം പോലും മുടങ്ങിയിട്ടില്ല. അതേ സമയം, ലോക്ക് ഡൗണിൽ കഴിയുന്ന പല വീടുകളിലും അവശ്യ സാധനങ്ങൾ ആവശ്യത്തിന് ഇല്ലാതെ ആളുകൾ അരിഷ്ടിച്ചാണ് കഴിഞ്ഞ് കൂടുന്നത്. തടവുകാർ കൂടി എത്തുന്നതോടെ ആ വീടുകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാവുകയല്ലേ ചെയ്യുക?

7. ജയിലിൽ തടവുകാർ കൂട്ടമായി താമസിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്നതിനാൽ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണല്ലോ അധികൃതരുടെ ആശങ്ക. മനുഷ്യരിലൂടെ മാത്രം മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോവിഡ്. ജയിലിനു പുറത്തുള്ള ആരുമായും ജയിലിനകത്തുള്ള തടവുകാർ ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാൽ ആ ആശങ്ക പരിഹരിക്കാവുന്നതല്ലേ? അങ്ങിനെ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ജയിലുകളിൽ ഇല്ലേ? കഞ്ചാവും മദ്യവും മറ്റും കടത്തുന്നത് പോലെ ജയിലിൻ്റെ പുറത്തു നിന്ന് ആരെങ്കിലും മതിൽക്കെട്ടിൻ്റെ മുകളിലൂടെ കൊറോണാ വൈറസിനെ ജയിലിനകത്തേക്ക് എറിഞ്ഞു കൊടുക്കും എന്നാണോ അധികൃതരുടെ പേടി?

8. സാമൂഹിക അകലം ഏറ്റവും ഫലപ്രദമായി പാലിക്കാൻ പറ്റിയ ഇടങ്ങളാണ് ജയിലുകൾ. ആ ജയിലുകളിൽ നിന്ന് ആളുകളെ പൊതു സമൂഹത്തിലേക്ക് തുറന്നു വിടുന്നത് സാമൂഹിക അകലം എന്നതിൻ്റെ ഉദ്ദേശ ശുദ്ധിക്ക് തന്നെ വിരുദ്ധമല്ലേ?

9. പ്രതികൾ പുറത്ത് നിൽക്കുന്നത് കേസിനേയും സാക്ഷികളേയും തെളിവുകളേയും ബാധിക്കും എന്നും പറഞ്ഞ് പ്രോസിക്യുഷൻ എതിർത്തത് കൊണ്ടായിരിക്കുമല്ലോ റിമാൻഡ് തടവുകാർക്ക് നേരത്തെ കോടതികൾ ജാമ്യം നിഷേധിച്ചത്? ആ സാഹചര്യം പൊടുന്നനേ മാറി എന്നു പറയുന്നതിൻ്റെ യുക്തി എന്താണ്?

10. ഇപ്പോൾ വിട്ടയക്കപ്പെടുന്ന തടവുകാരിൽ കൊടും ക്രിമിനലുകളും സ്ഥിരം മോഷ്ടാക്കളും ഉൾപ്പെടെ ഉണ്ടായിരിക്കുമല്ലോ. രോഗഭീതിയിലും അരക്ഷിതബോധത്തിലും കഴിയുന്ന സമൂഹത്തിനിടയിലേക്ക് അത്തരക്കാരെ തുറന്നു വിട്ടാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക് ആരാണ് ഉത്തരവാദി?

https://www.facebook.com/john.daniel.121398/posts/10222618348753294

facebook post
Advertisment