Advertisment

പ്രവാസികള്‍ക്ക് സാന്ത്വനമായി ഐ.പി.എ; സൗജന്യ മരുന്ന് വിതരണം ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

ദുബായ്: കോവിഡ് ദുരിതം പേറുന്ന പ്രവാസി ജനതക്ക് സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി സജീവമാകുകയാണ് മലയാളി ബിസിനസ്‌ സംരംഭകരുടെ ദുബായിലെ ഏക കൂട്ടായ്മയായ ഐ.പി.എ (ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ).

വിസിറ്റിങ്ങ് വിസയിൽ എത്തിയവരും തൊഴിൽ നഷ്ട്ടപെട്ടു പുതിയ തൊഴിൽ അന്വേഷിക്കുന്നവരുമാണ് കോവിഡ് 19 ദുരിതം പേറുന്നവരിൽ അധികവും. മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ഇല്ലാത്തതിനാൽ പലർക്കും ചികിത്സ തന്നെ നിഷേധിക്കപ്പെടുകയാണ്. ഗർഭിണികൾ അടക്കമുള്ള ഇത്തരം ആളുകൾക്ക് സൗജന്യ മരുന്ന് നൽകാനുള്ള സൗകര്യമാണ് ഐ പി എ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

സംഘടനയുടെ സിഎസ്ആർ വിഭാഗത്തിന്റെ ചുമതലക്കാരനും യുഎഇയിലെ ഒന്നാം നിര പഴം പച്ചക്കറി മൊത്തവിതരണ സ്ഥാപനമായ ദുബൈ എഎകെ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസിന്റെ ഉടമയുമായ എഎകെ മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന ഈ നടപടി ആരംഭിച്ചിരിക്കുന്നത്.

ഷാർജയിലും ദുബായിലുമുള്ള ഐപിഎ അംഗങ്ങളുടെ ഫാർമസികളുമായി സഹകരണത്തിൽ ആണ് ഈ സൗകര്യങ്ങൾ നടപ്പിൽ ആകുന്നത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ആ മരുന്നിനു പകരമുള്ള മരുന്ന് എഴുതിക്കാൻ ഡോക്ടറെ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു എഎകെ മുസ്തഫ പറഞ്ഞു.

കോവിഡ് 19 മഹാമാരിയായി പ്രവാസലോകത്തു നാശം വിതച്ചപ്പോൾ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി ദുരിത ബാധിതർക്കിടയിൽ ഓടിയെത്തിയ പ്രവാസ സംഘടനകളിൽ ഐപിഎയും മുന്നിൽ ഉണ്ടായിരുന്നു. ദുബൈ ദെയ്‌റ നായിഫിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ ഒരൊറ്റ രാത്രി കൊണ്ട് രണ്ട് ലക്ഷം ദിർഹംസിന്റെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഐപിഎ സന്നദ്ധ സേവകർക്ക് വലിയ ആശ്വാസമാണ് നൽകിയത്.

വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഐസലേഷൻ റൂമുകൾ ഒരുക്കാനും അവയിലേക്കാവശ്യമായ ബെഡ്, വിരിപ്പ് എന്നിവ വാങ്ങാനും ഭക്ഷണ കിറ്റുകൾ ഒരുക്കാനും ഈ ഫണ്ടാണ് വിനിയോഗിച്ചത്. സ്വജീവൻപോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവയൊന്നും തടസ്സമാക്കാതെ സജീവമായ ദുബായിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് സാമ്പത്തിക പിന്തുണയുമായി ഐപിഎ എന്നും മുന്നിലുണ്ടായിരുന്നു.

സാമ്പത്തിക ദുരിതത്തിൽ പെട്ട് അനിശ്ചിതത്വത്തിലായ നൂറു പേർക്ക് സൗജന്യ വിമാനയാത്ര ടിക്കറ്റ് നൽകി മടക്ക യാത്രയുടെ ആദ്യഘട്ടത്തിൽ ഐപിഎ ശ്രദ്ധ ആർജ്ജിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഭവനങ്ങൾ നഷ്ട്ടപ്പെട്ട നിരവധി പേർക്ക് വീടുകൾ നിർമ്മിച്ചു നൽകിയും മാതൃകയായ സംഘടന യു എ ഇ യിലെ മലയാളി സംരംഭകരുടെ ഏക ഔദ്യോഗിക കൂട്ടായ്മയാണ്.മരുന്ന് ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ വിവരങ്ങൾ വാട്സ് ആപ്പ് ചെയ്യേണ്ടതാണെന്നു എ എ കെ മുസ്തഫ അറിയിച്ചു.

നമ്പര്‍: +971 52 820 1111

Advertisment