Advertisment

  ‘ശരീരത്തിൽ ബാക്കിയാക്കി പോയ വിയർപ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോൾ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക’ ; നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനെതിരെ വാദമുഖങ്ങളുമായി എത്തുന്നവരോട് നീണ്ട വർഷങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ചോദ്യം

New Update

കൊച്ചി :  ‘ശരീരത്തിൽ ബാക്കിയാക്കി പോയ വിയർപ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോൾ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക’ – നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനെതിരെ വാദമുഖങ്ങളുമായി എത്തുന്നവരോട് നീണ്ട വർഷങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ചോദ്യമാണിത്. ആക്രമണത്തിന് ഇരയായി ബോധമില്ലാതെ ചോരവാർന്നു കിടക്കുന്നിടത്തു നിന്ന് പൊലീസുകാർ വന്ന് ആശുപത്രിയിൽ കൊണ്ടു പോയ ദിവസങ്ങളുണ്ട് ജോമോൾക്ക്.

Advertisment

publive-image

പൂർണ ഗർഭിണിയായിരിക്കെ രണ്ടു തവണ നൂഡ് മെറ്റേണിറ്റി ഷൂട്ടിൽ മോഡലായി. ‘ഇവൾക്ക് എന്തു പ്രാന്താണ്? ഗർഭിണിയിരിക്കുമ്പോൾ തുണിയഴിക്കാൻ?’ എന്നു ചോദിച്ചവരോട്, ചോദിക്കുന്നവരോട് ഉള്ള മറുപടിയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്. ‘ശരീരം കൊണ്ടുള്ള എന്റെ പ്രതിഷേധം. എന്റെ രാഷ്ട്രീയം, ഭ്രാന്ത് എനിക്കല്ല, പെണ്ണിന്റെ നഗ്നത കണ്ടാൽ, അല്ല, ഗന്ധമടിച്ചാൽ പോലും മദം പൊട്ടുന്ന പുരുഷ ഭ്രാന്തൻമാർക്കുള്ള മറുപടി. പെണ്ണിന് ഇന്ന് ആഹ്ലാദ ദിനമാണ്. അവളെ പിച്ചിച്ചീന്തുന്നവർക്ക് മുന്നറിയിപ്പാണ് ഡൽഹിയിൽ ഉയർന്ന കൊലക്കയർ.’

‘കുടിച്ചു ഭ്രാന്തുമായി വന്ന് എത്രയോ ദിവസങ്ങൾ പിച്ചിച്ചീന്തിയിരിക്കുന്നു. ജീവിതത്തിലേക്കും തിരിച്ചു വരും വരെ പ്രണയവും ലൈംഗികതയുമെല്ലാം മരവിച്ചു പോയിരുന്നു. എതിർത്തതിന് വിരൽ പിടിച്ച് ഒടിച്ചിട്ടുണ്ട്. തല്ലിച്ചതച്ചിട്ടുണ്ട്. വീട്ടിലേയ്ക്കു തിരികെ ചെല്ലാൻ അയാളെ ഉപേക്ഷിച്ച് കേസും കൊടുത്തിട്ട് വന്നാൽ മതി, അപ്പോൾ ആലോചിക്കാം എന്നായിരുന്നു മറുപടി. അവിടെയും ആലോചിക്കാം എന്ന നിരാസത്തിന്റെ വാക്കുകൾ നിലനിൽക്കുന്നതു കൊണ്ട് വീട്ടിൽ പോയില്ല.

‘ഇറങ്ങിപ്പോടീ..’ എന്നു പറയാത്ത കുറച്ചു കൂട്ടുകാരുണ്ടായതുകൊണ്ട് മാത്രം ബാക്കിയാക്കിയതാണ് ഇപ്പോൾ കാണുന്ന ഈ ശരീരം. വിനോ ബാസ്റ്റിനെന്ന കൂട്ടുകാരനോടൊപ്പം ജീവിതം തുടങ്ങുമ്പോൾ ശരീര ഭാരം 40 കിലോയിൽ താഴെ. വീണ്ടും ഒരു പെണ്ണിനൊപ്പം ജീവിക്കുന്ന ആദ്യ ഭർത്താവിനെ തിരിച്ച് ഉപദ്രവിക്കാതിരുന്നത് ഒരിക്കലെങ്കിലും അത്രമേൽ സ്നേഹിച്ചിരുന്നു എന്നതുകൊണ്ടാണ്.’ – ജോമോൾ പറയുന്നു.

വിവാഹം കഴിഞ്ഞാൽ പെണ്ണിന്റെ ശരീരം പുരുഷനുള്ളതാണെന്ന ഒരു പൊതു ബോധമുണ്ട്. തന്റെ പരാതികളോടുള്ള അധികൃതരുടെ മനോഭാവവും മറിച്ചായിരുന്നില്ല. എന്റേതും ഒരു ശരീരമല്ലേ, ഇതിനുള്ളിൽ ഒരു മനസില്ലേ, നോവില്ലേ.. ഇതൊന്നും കാണാൻ ആരുമുണ്ടായില്ല. ഇപ്പോഴുമുണ്ട്, രാവിലെ ചിരിച്ചു കൊണ്ടു നമ്മൾ കാണുന്ന പല മുഖങ്ങളും രാത്രിയിൽ ഈ പീഡനത്തിന് ഇരയായി വന്നവരാകും.

ദുഖഃങ്ങളെല്ലാം ഒരു മൂലയിലേയ്ക്ക് ഒളിപ്പിച്ച് അവർ നമ്മളെ ചിരിച്ചു കാണിക്കുമ്പോൾ നമ്മളും ചിരിക്കും. ഇന്ന് അവർ ഹൃദയം തുറന്നു ചിരിക്കുന്നുണ്ടാകും, കുറച്ചു കുറ്റവാളികളെങ്കിലും ശിക്ഷിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിൽ. പീഡനത്തിന് ഇരയാകേണ്ടി വന്ന എന്റെ, എന്നേപോലുള്ളവരുടെ നൊമ്പരമാണ് ‘നിങ്ങൾ ഒരുതവണയെങ്കിലും ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടോ’ എന്ന തലക്കെട്ടിൽ എഴുതിയ തന്റെ ഫേസ്ബുക്ക് കുറിപ്പിലുള്ളതെന്ന് ജോമോൾ പറയുന്നു.

ഈ മാസം 25നാണ് ജോമോൾക്ക് ഡേറ്റ്, പ്രസവിക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ള തീയതി. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് രാവിലെ വിളിക്കുമ്പോൾ അവൾ സ്വന്തമായി സ്കൂട്ടറോടിച്ച് ആശുപത്രിയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അഡ്മിറ്റാകാൻ. അതിനിടെയിലാണ് ഈ വാക്കുകൾ.. വികാരത്തള്ളിച്ചയിൽ സംസാരത്തിലും കുറിപ്പിലും വാക്കുകൾ മുറിഞ്ഞിട്ടുണ്ട്.

‘ഇത് എന്റെ മാത്രം കഥയല്ല, ഓരോ ദിവസവും അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെടുന്ന നിരവധി ഭാര്യമാരുടെ കഥയാണ്. ഞാനിതെഴുതിയ ഈ രാത്രിയിലും നിരവധി ഭാര്യമാർ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടാകാം. – എന്ന് പല തവണ ബലാൽസംഗത്തിന് വിധേയയാകേണ്ടി വന്ന ഞാൻ’ എന്നു പറഞ്ഞാണ് ജോമോൾ കുറിപ്പ് അവസാനിപ്പിക്കുന്നത്.

facebook post jomol joseph
Advertisment