Advertisment

മന്ത്രിയായി വി അബ്ദു റഹ്മാന് ആദ്യം ലഭിച്ചിരുന്ന വകുപ്പുകളില്‍ നിന്നും ഗവര്‍ണറുടെ ഉത്തരവു വന്നപ്പോള്‍ ഒരു ചെറിയൊരു മാറ്റം. ന്യൂനപക്ഷക്ഷേമം അക്കൂട്ടത്തില്‍ ഇല്ല. മാറ്റം ചെറുതെങ്കിലും അതിലൊരു വലിയ രാഷ്ടീയമുണ്ട്. അതാണ് പിണറായിയുടെ രാഷ്ട്രീയം - ജേക്കബ് ജോര്‍ജ് എഴുതുന്നു !

New Update

publive-image

Advertisment

പിണറായി വിജയന്‍ സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം മന്ത്രിയായി ചുമതലയേറ്റ വി അബ്ദു റഹ്മാന് ആദ്യം ലഭിച്ചിരുന്ന വകുപ്പുകള്‍ ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം, സ്പോര്‍ട്സ് എന്നിവയായിരുന്നു.

സത്യപ്രതിജ്ഞ കഴിഞ്ഞ് വൈകാതെതന്നെ മുഖ്യമന്ത്രി ഓരോ മന്ത്രിക്കുമുള്ള വകുപ്പുകള്‍ നിര്‍ണയിച്ച് ഫയലില്‍ ഒപ്പുവച്ചു. ഇതു പ്രകാരം ഗവര്‍ണറുടെ ഉത്തരവു വന്നപ്പോള്‍ ഒരു ചെറിയ മാറ്റം. അബ്ദു റഹ്മാന് ന്യൂനപക്ഷക്ഷേമ വകുപ്പില്ല. ആ വകുപ്പ് മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ പട്ടികയിലേയ്ക്ക് മാറ്റിയിരിക്കുന്നു.

വളരെ ചെറിയൊരു മാറ്റമല്ലേ ഉള്ളു എന്നു പറയാം. അബ്ദുറഹ്മാനും സിപിഎം മന്ത്രി തന്നെ. അവിടെയും രാഷ്ട്രീയവുമായി ഒരു തര്‍ക്കത്തിനും സാധ്യതയില്ല താനും. പ്രത്യക്ഷത്തില്‍ ഇതിലെന്തു രാഷ്ട്രീയമെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇതിലൊരു രാഷ്ട്രീയമുണ്ട്. ഒരു വലിയ രാഷ്ടീയം.

പിണറായി വിജയന്‍റേത് പൂര്‍ണമായും ഒരു രാഷ്ട്രീയ ജീവിതമാണ്. എന്തിനും ഏതിനും രാഷ്ട്രീയമുണ്ടാകും. ചിന്തയിലും വാക്കിലും നോക്കിലും നടപടിയിലും നിലപാടിലുമെല്ലാം. ന്യൂനപക്ഷ ക്ഷേമത്തിലെ രാഷ്ട്രീയമെന്തെന്നല്ലേ ?

ഐക്യജനാധിപത്യ മുന്നണി ഭരിക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് എപ്പോഴും മുസ്ലീം ലീഗിന്‍റെ കൈയ്യിലായിരിക്കും. മുസ്ലീം ലീഗ് മന്ത്രിമാരാരെങ്കിലും ആ വകുപ്പിന്‍റെ ചുമതല നോക്കും. മുസ്ലീം ലീഗിനും ലീഗ് മന്ത്രിമാര്‍ക്കും ന്യൂനപക്ഷമെന്നാല്‍ മുസ്ലീം സമുദായം മാത്രമാണെന്നാണു ധാരണയെന്ന് കുറേ കാലമായി ക്രിസ്ത്യന്‍ സമുദായത്തിലെ ചിലവിഭാഗങ്ങള്‍ ആരോപിക്കുന്നുണ്ട്.

പ്രത്യേകിച്ച് കത്തോലിക്കാ സഭ. ബിജെപിയുടെ ചില കേന്ദ്ര നേതാക്കളും കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഇതേ ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ന്യൂനപക്ഷ ക്ഷേമ ഫണ്ട് അപ്പാടേ മുസ്ലീം സമുദായത്തിനാണ് പോകുന്നതെന്നായിരുന്നു ചില ബിജെപി നേതാക്കളുടെ ആക്ഷേപം.

ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കൊന്നും ഇതില്‍ നിന്ന് ഒരു വിഹിതവും കിട്ടിയിരുന്നില്ല. ഇടതുപക്ഷം ഭരിക്കുമ്പോഴും സിപിഐയിലെ മുസ്ലീം മന്ത്രിമാരാരെങ്കിലും ഈ വകുപ്പു കൈകാര്യം ചെയ്യുകയാണ് പതിവ്. കഴിഞ്ഞ സര്‍ക്കാരില്‍ കെടി ജലീല്‍ ആയിരുന്നു മന്ത്രി.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടന്ന ക്രിസ്ത്യന്‍-മുസ്ലീം പിണക്കങ്ങളി‍ല്‍ ന്യൂനപക്ഷ ക്ഷേമവകുപ്പും ഒരു ഘടകമായിരുന്നു. ഈ ഭിന്നിപ്പു നേട്ടമാക്കാന്‍ ബിജെപിയും ഈ വിഷയം കാര്യമായിത്തന്നെ ഉപയോഗിച്ചു.

ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി കേന്ദ്രം നല്‍കുന്ന ഫണ്ടുകളൊക്കെ മുസ്ലീം സമുദായത്തിനാണു കിട്ടുന്നതെന്നും അത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കിട്ടുന്നതേയില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ ആക്ഷേപം. ഇത് വിശദമായി ക്രിസ്ത്യന്‍ നേതാക്കളെ ബോധ്യപ്പെടുത്തുന്നതില്‍ ബിജെപി നേതാക്കള്‍ വിജയിക്കുകയും ചെയ്തു. വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും.

ഇക്കാര്യത്തില്‍ രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കൃത്യമായി ഇടപെട്ടിരിക്കുന്നു. ന്യൂനപക്ഷക്ഷേമ വകുപ്പ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വകുപ്പായിരിക്കുന്നു. വകുപ്പു നല്‍കുന്ന ആനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുതാര്യമായും തുല്യമായും വിതരണം ചെയ്യുക തന്നെയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

ചൊവ്വാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈകിട്ടു നടത്തിയ നീണ്ട പത്രസമ്മേളനത്തിന്‍റെ അവസാനം മുഖ്യമന്ത്രി നടത്തിയ ശ്രദ്ധേയമായ ചില പ്രസ്താവനകളിലും സ്വന്തം രാഷ്ട്രീയവും നിലപാടും തിളങ്ങി നില്‍ക്കുന്നു. പത്ര സമ്മേളനത്തിന്‍റെ അവസാനത്തെ ചില വരികള്‍ ഇങ്ങനെ...

"മത നിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന നിലപാടായിരിക്കും നാം സ്വീകരിക്കുക. സര്‍ക്കാരിന്‍റെ പ്രതിബദ്ധത ഭകണഘടനയോടും ഈ നാട്ടിലെ ജനതയോടുമാണെന്നു പ്രഖ്യാപിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ." വര്‍ഗീയ സങ്കുചിത രാഷ്ട്രീയത്തോടുള്ള പിണറായി വിജയന്‍റെ വ്യക്തമായ നിലപാടിന്‍റെ തിളക്കം ഈ വാക്കുകളിലുണ്ട്. ഇടതുപക്ഷത്തിന്‍റെയും.

kazhchapad
Advertisment