Advertisment

സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാർക്ക് യൂണിഫോമായി കോട്ട് നൽകുവാൻ തീരുമാനം

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാർക്ക് യൂണിഫോമായി കോട്ട് നൽകുവാൻ സർക്കാർ തീരുമാനിച്ചു.  വർക്കർമാർക്ക് ചാര നിറമുള്ള കോട്ടും, ഹെൽപ്പർമാർക്ക് ചെറുപയർ പച്ച നിറമുള്ള കോട്ടുമാണ് നൽകുന്നത്.

Advertisment

ഇന്നലെ വനിതാ - ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ വിളിച്ചുകൂട്ടിയ അംഗൻവാടി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണീ തീരുമാനം ഉണ്ടായതെന്ന് അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേശ് ബാബു പറഞ്ഞു.

സംസ്ഥാനത്ത് 3315 അംഗൻവാടി വർക്കർമാരും 33000 ഹെൽപ്പർമാരുമാണുള്ളത്. സർക്കാർ നേരിട്ട് ഇവർക്ക് യൂണിഫോം കോട്ട് വിതരണം ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വർഷം യൂണിഫോമായി സാരി നൽകിയിരുന്നു. സർക്കാർ പരിപാടികളിലും മറ്റും ഇത് ഉടുത്തു കൊണ്ടുവരണമെന്ന് നിർദ്ദേശവും നൽകിയിരുന്നു.

എന്നാൽ നിലവാരം കുറഞ്ഞ സാരിയാണ് ലഭിച്ചത് എന്നു ചൂണ്ടിക്കാട്ടി മിക്കവരും ഇത് ഉടുക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ വർഷം മുതൽ യൂണിഫോം കോട്ട് ഏർപ്പെടുത്താമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചതെന്ന് രമേശ് ബാബു പറഞ്ഞു.

പുതുതായി ലഭിക്കുന്ന കോട്ടുകൾ അംഗൻവാടികളിൽ സൂക്ഷിച്ചാൽ മതി. വർക്കറും ഹെൽപ്പറും അവിടെ ചെന്നതിനു ശേഷം മാത്രം അണിഞ്ഞിരിക്കുന്ന വസ്ത്രത്തിനു മേലെ യൂണിഫോം കോട്ട് ധരിച്ചാൽ മതി. പുറത്ത് മറ്റു പരിപാടികൾക്കു പോകുമ്പോൾ ഇത് അണിയണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി സംഘടനാ പ്രതിനിധികളോടു പറഞ്ഞു.

Advertisment