അതിസമ്പന്നനായ ഐപിഎസ് ഓഫീസര്‍ നയാപൈസ വരുമാനമില്ലാത്ത ഭാര്യയോട് ‘ജീവനാംശം’ അവകാശപ്പെടുന്ന വിരോധാഭാസം ! പറയുമ്പോള്‍ അഴിമതി വിരുദ്ധന്‍, മാന്യന്‍ … ! സ്വന്തം ഭാര്യയ്ക്ക് പോലും രക്ഷയില്ലെങ്കില്‍ പിന്നെ …?

കിരണ്‍ജി
Friday, May 25, 2018

എന്ത് തെമ്മാടിത്തരവും കേരളത്തിലാണെങ്കില്‍ ഏറ്റവും ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാം എന്ന് തെളിയിച്ച സംസ്ഥാന പോലീസിലെ ഏറ്റവും സീനിയറുമാരില്‍ ഒരാളായ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എറണാകുളത്ത് വിചിത്രമായ ഒരു വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യസ്ഥനായ ഒരു ഉയര്‍ന്ന പോലീസ് ഓഫീസര്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു എന്നത് തന്നെ വിരോധാഭാസമാണ്. അതിലും വിചിത്രം അദ്ദേഹം ഭാര്യയില്‍ നിന്നും ‘ജീവനാംശം’ ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ്. ഭാര്യയുടെ പേരിലുള്ള സ്വത്തിന്റെ നേര്‍ പകുതി അദ്ദേഹത്തിന് വേണമത്രേ.

ഭാര്യ ഒരു സാധാരണ കുടുംബിനിയാണ്. അവര്‍ക്ക് ജോലിയില്ല. ഭര്‍ത്താവിനേക്കാള്‍ സാമ്പത്തിക ഭദ്രതയും തറവാടിത്തവും ഉള്ള കുടുംബത്തില്‍ നിന്നും വന്ന വ്യക്തി ആയതിനാല്‍ അവര്‍ക്ക് കുടുംബവക ന്യായമായ ഭൂസ്വത്തുണ്ട് എന്ന് മാത്രം.

‘ഭര്‍ത്താവ് അതിസമ്പന്നനായ ‘അഴിമതി വിരുദ്ധന്‍’. ഭാര്യ പാവം ‘ഗൃഹസ്ഥ’  

എന്നാല്‍ ഭര്‍ത്താവ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മേധാവി ആയിരുന്നയാള്‍. സംസ്ഥാനത്തെ നിര്‍ണ്ണായക പദവികള്‍ വഹിച്ചിട്ടുണ്ട്. ‘അഴിമതി വിരുദ്ധനെ’ന്നാണ് സ്വയം മാര്‍ക്കറ്റ് ചെയ്യുന്നത്.

പിന്നെ അദ്ദേഹത്തോടുള്ള വിശ്വസ്തത പരിഗണിച്ച് ചില കുത്തക കമ്പനികള്‍ കക്ഷിയ്ക്ക് തമിഴ്നാട്ടില്‍ 50 ഏക്കറും കര്‍ണ്ണാടകയില്‍ 131 ഏക്കറുമൊക്കെ ഭാഗമായി കൊടുത്തിട്ടുണ്ട്.  അതിനൊന്നും തനിക്ക് പൈസ മുടക്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ചിലത് ഭാര്യയുടെ കുടുംബ വകയാണെന്നും പറയുന്നു.

ഏതാണ്ട് എല്ലാംകൂടി കണക്കാക്കിയാല്‍ സര്‍ക്കാര്‍ മുഖവില മാത്രം പരിഗണിച്ചാലും 250 കോടിയില്‍ കുറയാത്ത സ്വത്തിനുടമ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇതിന് മാത്രം ശമ്പളം എങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍ ഉത്തരമില്ല.

സര്‍ക്കാരിനെ പറ്റിക്കാന്‍ അതില്‍ പലതും ഭാര്യയുടെ പേര്‍ക്ക് എഴുതി വച്ചതാണെന്ന വ്യഗ്യമായസൂചനയാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ എഴുതി കൊടുത്ത വിവാഹ മോചന ഹര്‍ജിയിലുള്ളത്. എന്തായാലും ചരിത്രത്തിലാദ്യമാണ് കേരളത്തിലെ ഒരു കുടുംബ കോടതിയില്‍ സ്ഥിര വരുമാനമുള്ള ഒരു ഭര്‍ത്താവ് കാലണ വരുമാനമില്ലാത്ത ഭാര്യയോട് ജീവനാംശം അവകാശപ്പെടുന്നത്.

നല്ല മനുഷ്യര്‍ക്ക് ഇങ്ങനൊരു അവകാശവാദം ഉന്നയിക്കാന്‍ കഴിയുമോ ? ഇനി മനുഷ്യനല്ല കൂട്ടിലടച്ചതോ അഴിച്ചുവിടാത്തതോ ആയ തത്തയ്ക്കാണെങ്കിലും ഇങ്ങനെയൊക്കെ അവകാശപ്പെടാനാകുമോ ? ഒരു കറകളഞ്ഞ അഴിമതി വിരുദ്ധനില്‍ നിന്നും ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാമോ ?

ഈ മാന്യനെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ കഴിഞ്ഞ മൂന്ന്‍ വര്‍ഷായി ഏറ്റവും വലിയ അഴിമതി വിരുദ്ധനായി കൊണ്ട് നടന്നത് ? തീര്‍ന്നില്ല ഈ മാന്യന്റെ കഥകള്‍ !

അടുത്തിടെ ടിയാന്റെ ഭാര്യ സംസ്ഥാന സര്‍ക്കാരിന് ഒരു കത്ത് നല്‍കിയെന്നാണ് കേള്‍വി. ടിയാന്‍ തന്നെ അന്വേഷിക്കാതെ വേറെ ഏതോ സ്ത്രീകളുടെ കൂടെയാണ് പൊറുതിയെന്നായിരുന്നു കത്തിന്റെ ഉള്ളടക്കമെന്നാണ് കേട്ടത്; ‘ചിന്ന വീട്’ ഉണ്ടെന്ന്‍. അങ്ങനെയെങ്കില്‍ ബലേ ഭേഷ് !!

അഴിമതി വിരുദ്ധതയും കുടുംബാന്തസ്സ് പരിപാലിക്കേണ്ടതും പരിസ്ഥിതി പരിപാലിക്കേണ്ടതിനെയുമൊക്കെക്കുറിച്ച് എഴുതിയും പഠിപ്പിച്ചും നടക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് ബഹുമതിയാണ് വേണ്ടത്.

മറ്റ്‌ വരുമാനമൊന്നുമില്ലാത്ത ഒരു അഴിമതി വിരുദ്ധന് സ്വത്ത് 250 കോടി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പുസ്തകം എഴുതിയിട്ട് കര്‍ണ്ണാടകയില്‍ കൈവശം വച്ചിരിക്കുന്നത് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള 131 ഏക്കര്‍ വനഭൂമി. ഇപ്പോള്‍ ജീവിതാന്തസ്സിനെക്കുറിച്ച് പ്രഭാഷണം നടത്തിയിട്ട് ഭാര്യയ്ക്കെതിരെ വിവാഹ മോചനത്തിന് കേസ് കൊടുത്ത് അവരുടെ കുടുംബ സ്വത്തില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ടിരിക്കുന്നു. ആനന്ദലബ്ദിക്കിനിയെന്ത് വേണം !!

മുന്‍ ഡിജിപിയുടെ ഭാര്യ മൂക്കത്ത് വിരല്‍ വച്ചത് !

സമീപ കാലത്തൊരിക്കല്‍ ടിയാന്റെ ഭാര്യയും വിവാദമുണ്ടാക്കി വിരമിച്ച മുന്‍ ഡിജിപിയുടെ ഭാര്യയും ഒന്നിച്ച് ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിച്ച ശേഷം കാറില്‍ മടങ്ങുകയാണ്.

മുന്‍ ഡി ജി പിയുടെ ഭാര്യ സ്വാഭാവികമായും കുടുംബ കാര്യങ്ങളൊക്കെ അന്വേഷിച്ചു. കാരണം ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഭാര്യമാരില്‍ ഏറ്റവും വിശുദ്ധയും സ്വഭാവ മഹിമയും ഉള്ള ആളായി പൊതുവേ അറിയപ്പെടുന്നയാളാണ് ടിയാന്റെ ഭാര്യ. അത് ഭര്‍ത്താവിന്റെ അഴിമതി വിരുദ്ധത പോലെ ഊതി വീര്‍പ്പിച്ച പ്രതിശ്ചായ അല്ല. കുലമഹിമയുള്ള സ്ത്രീ തന്നെയാണവര്‍.

എന്തായാലുമം മറ്റേയാളുടെ ചോദ്യം കേട്ടതോടെ ഇവര്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ ഒന്നൊന്നായി അവര്‍ വിവരിച്ചത് കേട്ടപ്പോള്‍ മുന്‍ ഡി ജി പിയുടെ ഭാര്യ മൂക്കത്ത് വിരല്‍ വച്ചു. അതിന്റെ ബാക്കി കാര്യങ്ങള്‍ എഴുതാന്‍ തന്നെ നാണക്കേടാണ്.

മാധ്യമങ്ങളെ സമ്മതിക്കണം !

പോക്കറ്റില്‍ നിറം മാറ്റി ഉപയോഗിക്കാന്‍ തരാതരം കാര്‍ഡുകളും വായില്‍ ഒട്ടിക്കാന്‍ സ്റ്റിക്കറുകളുമൊക്കെയായി നടക്കുന്ന മാനസിക നില ശരിയല്ലാത്തവനെപ്പോലെ പെരുമാറിക്കൊണ്ടിരിക്കുന്ന ഒരാളെ സംസ്ഥാന൦ കണ്ട ഏറ്റവും വലിയ അഴിമതി വിരുദ്ധനായി ചിത്രീകരിച്ച കേരളത്തിലെ ചാനലുകളുടെ നിലവാരത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചാല്‍ ഉചിതമായിരിക്കും എന്നോര്‍പ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നു. ശുഭം !

×