Advertisment

ആദ്യം പ്രസംഗിച്ചത് റബ്ബർ മരങ്ങളോട് ,'' .....കൊച്ചാപ്പൻ പറഞ്ഞു കുട്ടിയമ്മയെ കെട്ടി......കേരളാ കോൺഗ്രസ്സ് പിളർന്നിട്ടില്ല ...... ആത്മകഥയിൽ മനസ്സു തുറന്ന് പ്രിയപ്പെട്ട മാണിസാർ

author-image
സുനില്‍ പാലാ
New Update
"ആദ്യം ഞാന്‍ പ്രസംഗിച്ചത് മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ വീട്ടിലെ റബ്ബര്‍ മരങ്ങളോട് ... അവരായിരുന്നു എന്റെ ആദ്യ ശ്രോതാക്കള്‍. ദേശീയതയും രാഷ്ട്രീയവുമൊക്കെ പത്തു പന്ത്രണ്ട് വയസ്സുമുതലേ ഞാന്‍ പറഞ്ഞു തുടങ്ങിയത് ആ മരങ്ങള്‍ക്ക് മുന്നിലാണ് ''... സംഭവബഹുലമായ പൊതു ജീവിതത്തിലൂടെ, കേരളമാകെ നിറഞ്ഞു നിന്ന മലയാളികളുടെ പ്രിയപ്പെട്ട 'മാണിസാര്‍' എഴുതിയ ആത്മകഥയുടെ തുടക്കത്തിലെ ഒരു ഭാഗമാണിത്.

publive-image

കെ.എം. മാണി ആത്മകഥ എഴുതിയിരുന്നുവെന്ന വിവരം മകന്‍ ജോസ് കെ. മാണി എം.പിയും മരുമകള്‍ നിഷയും ആദ്യമായാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

''പഴങ്കഞ്ഞി കുടിച്ചും ബസ്സില്‍ നിന്ന് 'ഉറങ്ങി 'യുമൊക്കെയാണ് ഞാന്‍ പൊതുജീവിതത്തില്‍ സജീവമായത്. മരങ്ങാട്ടുപള്ളിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള പാലായിലേക്ക് സ്വകാര്യബസ്സിലാണ് യാത്ര.

1960-ലെ ആ കാലഘട്ടത്തില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ എനിക്ക് നല്ല തിരക്കുണ്ടായിരുന്നു. ദിവസവും രാവിലെ കോടതിയിലെത്തി ഉള്ള കേസൊക്കെ വേഗം നടത്തി അടുത്ത ദിവസത്തെ കേസിന്റെ തയ്യാറെടുപ്പുകളൊക്കെ പൂര്‍ത്തിയാക്കി മൂന്നുമണിയാകുമ്പോഴേ വക്കീലോഫീസില്‍ നിന്ന് ഞാന്‍ സ്ഥലം വിടും.
publive-image
തുടര്‍ന്ന് സ്റ്റഡി ക്ലാസെടുക്കാന്‍ മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് പോകും. സ്റ്റഡി ക്ലാസിന്റെ മീനച്ചില്‍ താലൂക്കിലെ ക്യാപ്റ്റനായിരുന്നു ഞാന്‍. തിരിച്ചെത്തുമ്പോഴേക്കും പാലായില്‍ നിന്ന് മരങ്ങാട്ടുപിള്ളിക്കുള്ള ബസ്സ് പോയിരിക്കും. പിന്നെ ജീപ്പാണ് യാത്രയ്ക്കുള്ള ഏക ആശ്രയം.
മിക്കപ്പോഴും ടാക്‌സി ഡ്രൈവര്‍ക്ക് പോക്കറ്റിലുള്ള വക്കീല്‍ ഫീസിന്റെ മുക്കാല്‍ പങ്കും കൊടുക്കേണ്ടി വരും. അമ്മ വലിയ ദൈവവിശ്വാസിയാണ്. പ്രാര്‍ത്ഥനയ്‌ക്കെത്താതെ വൈകി വീട്ടില്‍ ചെല്ലുന്നതൊക്കെ അമ്മയ്ക്ക് വിഷമമുണ്ടാക്കും. അതുകൊണ്ട് അമ്മ അറിയാതെ കുട്ടിയമ്മ അടുക്കളവാതില്‍ തുറന്നു തരും.
publive-image
അങ്ങനെ പന്ത്രണ്ടിന്, ഒന്നിന്, രണ്ടുമണിക്കുമൊക്കെ വീട്ടിലെത്തിയ ദിവസമുണ്ട്. ഞാനും കുട്ടിയമ്മയും കൂടി പഴങ്കഞ്ഞി കുടിച്ച് കിടക്കും. പിറ്റേന്ന് അതിരാവിലെ എഴുന്നേല്‍ക്കും. തുടര്‍ന്ന് ബസ്സ് കയറി പാലായിലേക്ക്. ചിലപ്പോള്‍ ബസ്സില്‍ കൈപിടിച്ച് നിന്ന് ഉറങ്ങും.
പാലാ കുരിശുപള്ളിക്കവലയില്‍ എത്തുമ്പോള്‍ കണ്ണു തുറക്കും. കോടതിയില്‍ ഒരേസമയം വിദഗ്ദ്ധമായി കേസു നടത്തുകയും ഓവര്‍ടൈമെടുത്ത് ഫീല്‍ഡിലിറങ്ങി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമായിരുന്നു ഞാന്‍. വക്കീല്‍ഫീസാണ് എന്നെ ഭക്ഷണം തന്ന് രാഷ്ട്രീയക്കാരനാക്കിയത്. വക്കീല്‍ഫീസെടുത്താണ് ആദ്യകാല തിരഞ്ഞെടുപ്പു കടങ്ങള്‍ വീട്ടിയതും - കെ.എം. മാണി കുറിക്കുന്നു.


publive-image



''കൊച്ചാപ്പന്‍ (മാണിയുടെ അച്ഛന്‍) കുട്ടിയമ്മയെ എനിക്കുവേണ്ടി പെണ്ണുകാണാന്‍ പോയി. ബന്ധുവായിരുന്ന ഒരു കൈക്കുഞ്ഞിനെയുമെടുത്താണ് കുട്ടിയമ്മ കൊച്ചാപ്പന്റെ മുന്നില്‍ വന്നത്. തിരികെ വീട്ടിലെത്തിയപ്പോഴെ കൊച്ചാപ്പന്‍ പറഞ്ഞു; എടാ അവളെ വീട്ടില്‍ നിര്‍ത്താന്‍ കൊള്ളാവുന്ന പെണ്‍കൊച്ചാണ്. നമുക്ക് ഈ കല്യാണം നടത്താം''... പിന്നീട് തന്റെ പ്രിയപ്പെട്ട ഭാര്യയായി കുട്ടിയമ്മ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് വന്നതിനെപ്പറ്റി എഴുതുകയാണ് മാണി.
കൈയേറ്റഭൂമിയാണെന്ന് ആരോപിച്ച് ആലപ്പുഴയില്‍ സി.പി.എം. കര്‍ഷരുടെ ഫലവൃക്ഷങ്ങള്‍ വെട്ടിക്കളയുന്നത് അറിഞ്ഞ് മാണി അവിടെച്ചെന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഒരു ഭാഗത്ത് അവര്‍ വെട്ടിക്കളഞ്ഞ തെങ്ങുകള്‍ക്കു പകരം പുതിയ തെങ്ങിന്‍ത്തൈകള്‍ കുഴിപ്പിച്ച് വച്ച് മടങ്ങിയ കഥയും കോണ്‍ഗ്രസില്‍ നിന്ന് പി.റ്റി. ചാക്കോ ഗ്രൂപ്പുണ്ടാക്കി പുറത്തുവന്ന കാര്യവുമൊക്കെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
publive-image


'വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന " പ്രസ്ഥാനമാണ് കേരളാകോണ്‍ഗ്രസ് ' എന്ന പ്രസിദ്ധമായ വാചകം മാണി പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പലരും വിട്ടുപോയത് പിളര്‍പ്പേയല്ല എന്നാണ് ആത്മകഥയില്‍ മാണി പറയുന്നത്. ചില ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പോയി. അവര്‍ പിന്നീട് തിരികെ വന്നു എന്ന നിലപാടാണ് ആത്മകഥയില്‍ മാണി സ്വീകരിച്ചിട്ടുള്ളത്.
''ആരോടും ഒരിക്കലും ശത്രുത വച്ചുപുലര്‍ത്തരുത് ''എന്ന തത്വം ജീവിതത്തിലും പ്രവര്‍ത്തിയിലും കാത്തുസൂക്ഷിച്ച കെ.എം. മാണി ബോധപൂര്‍വ്വം തന്നെ ആത്മകഥയിലും ആരെയും ഒരിടത്തും കുറ്റപ്പെടുത്തുന്നില്ല എന്നുള്ളതും ശ്രദ്ധേയം.

രണ്ട് പ്രമുഖ അദ്ധ്യാപകര്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ച ആത്മകഥ പലവട്ടം വായിച്ചു നോക്കി മാണി തെറ്റുകള്‍ തിരുത്തിയിരുന്നു. ''എത്രയും വേഗം അച്ചാച്ചന്റെ ആത്മകഥ പുസ്തമാക്കണം എന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.'' ജോസ് കെ. മാണിയും നിഷയുംട് പറഞ്ഞു.

km mani Autobiography
Advertisment