Advertisment

കിടങ്ങൂർ വരെ എത്തി ..... വൈക്കത്തും ! ഇനിയെങ്കിലും നമ്മൾ ജാഗ്രത പുലർത്തണേ പ്ലീസ്.....

author-image
സുനില്‍ പാലാ
New Update

" നഗരത്തിലും മറ്റുമെത്തുന്ന ചിലരുടെ മനോഭാവവും പെരുമാറ്റവും കാണുമ്പോൾ സത്യത്തിൽ സങ്കടവും അതിലേറെ അമർഷവും തോന്നും ; എന്ത് കോവിഡ്, തങ്ങൾക്കിതൊന്നും ബാധകമേ അല്ല എന്ന മട്ട് "

Advertisment

കഴിഞ്ഞ ഒന്നര മാസമായി സ്വന്തം ജീവനും കുടുംബവുമൊക്കെ വിട്ട് വിശ്രമം എന്തെന്നറിയാതെ സേവനമനുഷ്ഠിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇന്നു വൈകിട്ട്  വളരെ വേദനയോടെ പറഞ്ഞ വാക്കുകൾ.....

publive-image

"ഈ അലംഭാവം തുടർന്നാൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.... സ്വന്തം ജീവിതം മാത്രമല്ല, സഹജീവികൾക്ക് സ്വൈര്യമായി ജീവിക്കാനുള്ള അവകാശം കൂടി നാം കാരണം ഇല്ലാതെ ആവുകയാണെന്ന് ഓർമ്മിക്കണം" -

സ്വന്തം കുടുംബ ജീവിതം പോലും വിട്ട്, കൊച്ചു മക്കളെ വിട്ട് , ആരോഗ്യ മേഖലയിൽ നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു പ്രമുഖ ഡോക്ടറുടെ വാക്കുകൾ.....

ഇതൊന്നും നമ്മൾ കേൾക്കാതെ പോകരുത്. കിടങ്ങൂരിൽ നിന്നും വൈക്കത്തു നിന്നും നമ്മുടെ നാട്ടിലേക്ക് അധികം ദൂരമില്ലെന്ന് ഓർമ്മിക്കുക.

ലോകരാജ്യങ്ങൾ കടപുഴക്കി പാഞ്ഞെത്തുന്ന വൈറസിന് കിടങ്ങൂരും വൈക്കവും നമ്മുടെ നാടുമൊക്കെ തമ്മിലുള്ള അകലം എത്ര നിസ്സാരം...

നിയമപാലകരോട് കള്ളം പറഞ്ഞും, കാക്കി കാണുമ്പോൾ മാത്രം മനസ്സില്ലാ മനസ്സോടെ മാസ്ക്ക് വെച്ചും നാം ആരെ പറ്റിക്കാനാണ് ....?

നമ്മളെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് അധികാരികളും സർക്കാരുകളും കിണഞ്ഞ് ശ്രമിക്കുന്നതെന്ന് ഒരിക്കലും മറന്നു കൂടാ....

അതിനിടയ്ക്ക് പേസ്റ്റും, പൗഡറും വാങ്ങാൻ..... ഒത്തിരി ദിവസമായി ടൗണിലൊന്നു പോയിട്ട്, കുറെ നാളായി വണ്ടിയുമെടുത്തില്ല, എന്നാൽ ഒന്നു കറങ്ങിയേക്കാം, തുടങ്ങിയ മനോഭാവവുമായി ടൗണിലെത്തുന്നവർ ഒന്നു തിരിച്ചറിയണം, ഈ അനാസ്ഥ തുടർന്നാൽ മാസ്ക്ക് വെയ്ക്കാൻ വിമ്മിഷ്ടപ്പെടുന്നവർ അവർ അറിയാതെ തന്നെ മൂക്കിൽ പഞ്ഞി തിരുകേണ്ടി വന്നേക്കാം.....

മുഖത്തു മാത്രമല്ല ദേഹം മുഴുവൻ പൗഡർ പൂശേണ്ടി വന്നേക്കാം.....

പ്ലീസ് കുറച്ചു കൂടി ഇക്കാര്യത്തിൽ ജാഗ്രത കാട്ടൂ... നമുക്കും കുടുംബത്തിനും സമൂഹത്തിനും ജീവനുണ്ടെങ്കിലല്ലേ മറ്റെന്തുണ്ടായിട്ടും കാര്യമുള്ളൂ.....

പാവപ്പെട്ട കുടുംബങ്ങളെ മറന്നിട്ടല്ല ഇതു പറയുന്നത്. അവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിച്ചു കൊടുക്കാൻ സർക്കാരുകളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. നിതാന്ത ജാഗ്രതയോടെ നില കൊള്ളുന്ന ജനപ്രതിനിധികളുണ്ട്. രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമുണ്ട്. സർവ്വോപരി നമുക്കിടയിലുള്ള നന്മ നിറഞ്ഞ നിരവധി കാരുണ്യമതികളുണ്ട്. ഇക്കാര്യത്തിൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എത്രയോ നേരനുഭവങ്ങൾ എന്റെ കൺമുന്നിലുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒന്നര മാസമായി വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യ- പോലീസ് - ഫയർഫോഴ്സ് തുടങ്ങിയുള്ള മുഴുവൻ വകുപ്പ് ജീവനക്കാരുടെയും പ്രവർത്തനം വളരെ അടുത്തു നിന്നു കാണുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പറയുകയാണ്, മറ്റെല്ലാം മറന്ന് നമ്മൾ കുറച്ചു കൂടി ജാഗ്രത പുലർത്തിയേ പറ്റൂ.....

സർക്കാരുകളുടെയും, ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക; നമ്മുടെയും സഹജീവികളുടെയും നന്മയ്ക്ക് വേണ്ടി.

കൂട്ടക്കുരുതി നടക്കുന്ന യുദ്ധമുഖത്തെ പത്രപ്രവർത്തനം വേദന മാത്രം നൽകുന്നതാണെന്ന് ലോക പ്രശസ്തനായ ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞതോർക്കുന്നു.

രണ്ടു പതിറ്റാണ്ടു മുമ്പ് ഐങ്കൊമ്പിൽ ബസ്സു കത്തിയതറിഞ്ഞ് ആദ്യം എത്തിയ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അന്നു കണ്ട കാഴ്ച ; വാഴയിലയിൽ മീൻ വറുത്തു വെച്ച പോലെ മൃതദ്ദേഹങ്ങൾ കിടത്തിയതിന്റെ പൊള്ളിക്കുന്ന ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ട്.....

ഒരു പക്ഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി, രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കണമേയെന്ന് പല തവണയായി ഏറ്റുപറയുന്നത്, ഹൃദയം നുറുങ്ങുന്ന അക്ഷരങ്ങൾ ചോര മഷിയിൽ മുക്കി വാർത്തയെഴുതാനുള്ള സാഹചര്യം ഒരിക്കലുമുണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ എന്നും രാവിലെ പണിക്കിറങ്ങുന്നത് കൊണ്ടു കൂടിയാണ്....

Advertisment