കൊച്ചി: നയതന്ത്ര ബാഗേജ് വഴി എത്തിച്ച ഖുറാൻ്റെ തൂക്കം കസ്റ്റംസ് പരിശോധിച്ചു തുടങ്ങി. ഒരു ഖുറാൻ്റെ സാമ്പിൾ പരിശോധിച്ചപ്പോൾ 576 ഗ്രാം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരെത്തെ 4478 കിലോഗ്രാം വരുന്ന നയതന്ത്ര ബാഗേജിലാണ് ഖുറാൻ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.
250 പാക്കറ്റിലാണ് മതഗ്രന്ഥം കൊണ്ടുവന്നതെന്നാണ് നേരത്തെ കസ്റ്റംസ് ബില്ല് കാണിച്ച് കെ ടി ജലിൽ വിഷയത്തെ ന്യായീകരിച്ചത്. ഈ വാദം തൽക്കാലം മുഖവിലയ്ക്കെടുത്തു മുമ്പോട്ടു പോകാനാണ് കസ്റ്റംസിൻ്റെ നീക്കം. അങ്ങനെയെങ്കിൽ ഒരു പാക്കറ്റിൽ 31 എണ്ണം വീതം ഖുറാൻ കാണണം.
ഇത്തരത്തിൽ 7750 ഖുറാനുകൾ കണ്ടെത്തണം. ഇതിൽ കുറവുണ്ടായാൽ ഈ പാക്കറ്റുകളുടെ മറവിൽ സ്വർണക്കടത്ത് നടത്തിയെന്ന സംശയം ബലപ്പെടും. അതു കൊണ്ടു തന്നെ മുഴുവൻ ഖുറാനും എണ്ണി തിട്ടപ്പെടുത്തി തൂക്കം രേഖപ്പെടുത്താനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ എടപ്പാളിൽ ഈ മത ഗ്രന്ഥങ്ങൾ ഇറക്കി വച്ചിട്ടുണ്ടെന്നാണ് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. കോവിഡ് ആയതിനാൽ ഖുറാൻ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതു കൊണ്ടു തന്നെ കസ്റ്റംസ് പരിശോധനയിൽ 7750 ഗ്രന്ഥങ്ങൾ അവിടെ കാണേണ്ടി വരും.
അതേ സമയം ഇത്രയും തൂക്കവും എണ്ണവും ഖുറാൻ കണ്ടെത്തിയില്ലെങ്കിൽ അത് ജലീലിന് കുരുക്കും. ഖുറാൻ്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണത്തിന് ഇതു ബലമേകും. ഇതോടെ കസ്റ്റംസിന് കൃത്യമായ മറുപടി നൽകേണ്ട ബാധ്യത ജലീലിനുണ്ടാകും.
അതിനു പുറമെ കേന്ദ്ര ചട്ടങ്ങൾ പാലിച്ചില്ലെന്ന കാര്യത്തിൽ കേന്ദ്രവും നിലപാട് കടുപ്പിക്കുമെന്നാണ് സൂചന. ഇതും ജലീലിന് കുരുക്കാവും.