Advertisment

മതനേതാവിനെ അധ്യക്ഷനാക്കി കെടി ജലീലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്ഥാനമായി പുതിയ പാര്‍ട്ടി ? സിപിഎമ്മിലെ 4 മുസ്ലീം സ്വതന്ത്ര എംഎല്‍എമാര്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. ലക്ഷ്യം വച്ചത് ലീഗിലെ 'തങ്ങളെ'പ്പോലെ ജലീലിനെ മലബാറിലെ ആത്മീയാചാര്യനാക്കാന്‍. മുസ്ലീംലീഗിന്റെ മലബാറിലെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള പുതിയ പാര്‍ട്ടി എന്ന ആശയം സിപിഎം വക. കോട്ടക്കലില്‍ 5 ലക്ഷം പേരെ അണിനിരത്തി പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള ശ്രമം ആദ്യം പൊളിഞ്ഞത് കോവിഡ് മൂലം. വീണ്ടും ഡിസംബറില്‍ പ്രഖ്യാപനം നടത്താനിരിക്കെ ജലീലിന് കുരുക്കായി സ്വര്‍ണക്കടത്ത് വിവാദം. പുതിയ മുസ്ലീം പാര്‍ട്ടിയെന്ന നീക്കം മണത്തതോടെ കുഞ്ഞാലിക്കുട്ടിയെ തിരികെവിളിച്ചു പാണക്കാടിന്‍റെ ബദല്‍ നീക്കം

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ മുസ്ലീംലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ ആസ്ഥാനമാക്കി പ്രമുഖ മത നേതാവിനെയും മന്ത്രി കെടി ജലീലിനെയും മുന്നില്‍ നിര്‍ത്തി പുതിയ മുസ്ലീം പാര്‍ട്ടി രൂപീകരിക്കാനുള്ള സിപിഎം നീക്കം പ്രതിസന്ധിയില്‍.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ ടി ജലീല്‍ ആരോപണ വിധേയനായി മാറിയതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവന്ന രാഷ്ട്രീയ പാര്‍ട്ടി നീക്കം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

വടക്കന്‍ കേരളത്തിലെ ഒരു പ്രസിദ്ധനായ ആത്മീയ നേതാവിനെ അധ്യക്ഷനും കെടി ജലീലിനെ ജനറല്‍ സെക്രട്ടറിയുമായി പാര്‍ട്ടി രൂപീകരിക്കാനായിരുന്നു ശ്രമം. പാര്‍ട്ടിഘടനയും നേതാക്കളെയുമൊക്കെ ഏതാണ്ട് തീരുമാനിച്ചതുമായിരുന്നു.

തുടക്കം 5 ലക്ഷം പേരെ സാക്ഷിയാക്കി

കഴിഞ്ഞ മെയ് മാസത്തില്‍ കോട്ടയ്ക്കലില്‍ 5 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള ശക്തി പ്രകടനത്തോടെ പാര്‍ട്ടി പ്രഖ്യാപ്പിക്കാനായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. സിപിഎം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങളൊക്കെയും.

നിലവില്‍ ഇടതുപക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരെക്കൂടി പാര്‍ട്ടിയുടെ ഭാഗമാക്കി ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയാക്കി ഇവരെ മാറ്റാനായിരുന്നു പദ്ധതി. മലബാറില്‍ മുസ്ലീം ലീഗിനെ വെട്ടി ആധിപത്യം സ്ഥാപിക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ തുടര്‍ഭരണം ഉറപ്പിക്കാം എന്നതായിരുന്നു സിപിഎം ലക്ഷ്യം.

publive-image

ഒപ്പം മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെക്കൂടി കൂടെ കൂട്ടിയാല്‍ കേരളത്തില്‍ ഇടത് ആധിപത്യം ഉറപ്പിക്കാം എന്നതായിരുന്നു പദ്ധതി.

ഇതിനായി എംഎല്‍എമാരായ വി അബ്ദുറഹ്മാന്‍, കാരാട്ട് റസാഖ്, പിവി അന്‍വര്‍, പിടിഎ റഹിം തുടങ്ങിയവരെ പുതിയ പാര്‍ട്ടിയുമായി സഹകരിപ്പിച്ചായിരുന്നു നീക്കങ്ങളെല്ലാം. പ്രബലനായ ആത്മീയ നേതാവും അദ്ദേത്തിന്‍റെ പ്രസ്ഥാനവും ഇതിനു പിന്തുണ നല്‍കി.

ആദ്യം ചതിച്ചത് കോവിഡ്, പിന്നെ സ്വപ്ന !

പാര്‍ട്ടി പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി മുമ്പോട്ടു പോകുമ്പോഴാണ് കോവിഡ് വരുന്നത്. ഇതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി. വീണ്ടും അടുത്ത ഡിസംബര്‍- ജനുവരി മാസത്തോടെ പാര്‍ട്ടി പ്രഖ്യാപനം നടത്തി ഇടതു മുന്നണിയിലെ ഘടകകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ശ്രമങ്ങളത്രയും. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് വിവാദം വന്നതോടെ അതൊക്കെ തകിടം മറിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും മത്സരിച്ച താന്‍ ഇനി മത്സരിക്കാനില്ലെന്നായിരുന്നു ജലീലിന്റെ നിലപാട്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പുതിയ പാര്‍ട്ടിയുടെ നേതൃതലത്തില്‍ സജീവമാകാനായിരുന്നു ജലീലിനും താല്‍പര്യം.

പുതിയ ആത്മീയ ആചാര്യന്‍ ! 

ജലീലിന്റെ സ്വതസിദ്ധമായ വാക്ചാതുര്യം, വിദ്യാഭ്യാസം, അറിവ്, മികവ് എന്നിവ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സിപിഎം ഉദ്ദേശിച്ചിരുന്നത്. മലബാറിലെ ലീഗിന്‍റെ ലീഗിന്‍റെ അപ്രമാദിത്യം തകര്‍ക്കാനുള്ള ഈ ആശയം പൂര്‍ണ്ണമായും സിപിഎമ്മിന്റേത് ആയിരുന്നു.

ഇതുവഴി ഭാവിയില്‍ മുസ്ലീംലീഗിലെ 'തങ്ങളെ' പോലെ ആദ്ധ്യാത്മിക തലത്തിലെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വം എന്ന നിലയിലേക്ക് ഭാവിയില്‍ കെടി ജലീലിന്റെ ഉയര്‍ത്തുകയായിരുന്നു സിപിഎമ്മിന്‍റെ ലക്ഷ്യം.

publive-image

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് ?

ഇതിനായുള്ള നീക്കമാണ് സ്വര്‍ണക്കടത്ത്- നയതന്ത്ര പാഴ്‌സല്‍ വിവാദത്തില്‍ തട്ടി ഇല്ലാതാകാന്‍ പോകുന്നത്. ഈ നീക്കം മണത്തറിഞ്ഞതോടെയാണ് മുസ്ലീം ലീഗിലെ കരുത്തനായ പികെ കുഞ്ഞാലിക്കുട്ടിയെ ഡെല്‍ഹിയില്‍ നിന്നും തിരിച്ചു വിളിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്.

വടക്കന്‍ കേരളത്തിലെ മുസ്ലീംലീഗിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുകയും കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്നു മധ്യ കേരളത്തിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്താല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും സിപിഎം വിശ്വസിച്ചിരുന്നു.

ഇതിനൊക്കെയാണ് നിലവിലെ വിവാദങ്ങള്‍ തടസ്സമാകുന്നത്. ജലീലിന്‍റെ പേരില്‍ ഒരു വലിയ സ്വപ്നം അണിയറയില്‍ ഒരുങ്ങുന്നതിനാലാണ് ജലീലിന്‍റെ രാജി ഒഴിവാക്കാന്‍ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷേ ജലീലിന്‍റെ കള്ളക്കളി കൃത്യ സമയത്ത് പുറത്തുവന്നതോടെ ഇനി ഈ നീക്കങ്ങള്‍ എത്രകണ്ട് ഫലം കാണും എന്നു കണ്ടറിയേണ്ടി വരും.

kt jaleel
Advertisment