കൊച്ചി: മന്ത്രി കെടി ജലീലിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌നയുമായുള്ള ബന്ധത്തെക്കുറിച്ചും മന്ത്രി നല്‍കിയ മറുപടിയില്‍ അവ്യക്തതയുള്ളതിനാലാണ് ചോദ്യം ചെയ്യല്‍. മന്ത്രിയുടെ വിദേശ യാത്രകളെ കുറിച്ചും എന്‍ഐഎ അന്വേഷണം തുടങ്ങി.
നേരത്തെ സ്വപ്‌നയുമായി യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന ബന്ധം മാത്രമാണ് ഉള്ളതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ മന്ത്രിയുമായുള്ള സ്വപ്‌നയുടെ ചാറ്റിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയുടെ കയ്യിലുണ്ട്. ഇതു അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
ഇഡിക്കും എന്‍ഐഎയ്ക്കും കെടി ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഒരേ ചോദ്യം രണ്ടുവിധത്തില്‍ രണ്ട് ഏജന്‍സികള്‍ ചോദിച്ചപ്പോള്‍ രണ്ടു മറുപടിയാണ് ലഭിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ കെടി ജലീല്‍ 'ചില താല്‍പര്യങ്ങളുള്ള വ്യക്തി' എന്ന നിലയിലാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
മന്ത്രിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. വിദേശ യാത്രകളുടെ വിശദാംശങ്ങളും സംഘം ശേഖരിച്ചു. മന്ത്രി പോയ ഉദ്ദേശം, കൂടെ ആരൊക്കെ ഉണ്ടായിരുന്നു, ആരെയൊക്കെ കണ്ടു എന്നതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.