Advertisment

മധ്യപ്രദേശിലും കോണ്‍ഗ്രസിന് തിരിച്ചടി; ഭരണം അരക്കിട്ടുറപ്പിച്ച് ചൗഹാന്‍; താരമായത് സിന്ധ്യ

New Update

publive-image

Advertisment

ഭോപ്പാല്‍: 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലും വ്യക്തമായ മുന്നേറ്റത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധികാരമുറപ്പിച്ചു. ആറിടത്ത് കോൺഗ്രസും ഒരു മണ്ഡലത്തിലും ബിഎസ്പിയും ലീഡ് ചെയ്യുന്നു. 231 അംഗസഭയില്‍ 107 അംഗങ്ങളുള്ള ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രം മതി അധികാരം ഉറപ്പിക്കാന്‍.

ഔദ്യോഗികഫലം പുറത്തുവന്നിട്ടില്ലെങ്കിലും 21 സീറ്റ് കീട്ടിയാല്‍ മാത്രം ഭരണം തിരിച്ചുപിടിക്കാനാകൂ എന്നിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റേത് വലിയ പതനമാകുകയാണ്. ബിജെപി-കോണ്‍ഗ്രസ് പോരാട്ടത്തിനറപ്പുറത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യ-കമല്‍നാഥ് പോരാട്ടമായി മാറിയിരുന്നു മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊപ്പം വന്ന ഭൂരിപക്ഷം പേരെയും ജയിപ്പിക്കാനായതിലൂടെ കമല്‍നാഥിന് കനത്ത പ്രഹരം നല്‍കാനായി സിന്ധ്യക്ക്.

മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 3 സീറ്റുകളിലെ ഒഴിവ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കമല്‍നാഥിനെ അധികാരത്തിലേറ്റാന്‍ വിധിയെഴുതിയതാണ് തിരഞ്ഞെടുപ്പ് നടന്ന 28-ല്‍ 26 സീറ്റും. ഇതില്‍ 22 എം.എല്‍.എ.മാരുമായാണ് ജ്യോതിരാദിത്യസിന്ധ്യ മറുകണ്ടം ചാടിയത്. പിന്നീട് മൂന്ന്പേര്‍കൂടി ബി.ജെ.പി.യിലേക്ക് ചേക്കേറി.

അതേസമയം മുഴുവന്‍ ഫലവും പുറത്തുവരട്ടെ എന്നും വിധി എന്തുതന്നെ അയാലും ബഹുമാനിക്കുമെന്നും വോട്ടുചെയ്തവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കമല്‍നാഥ് പ്രതികരിച്ചു. പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വെല്ലുവിളിയുയർത്താൻ കോൺഗ്രസിന് ആകില്ല.

Advertisment