കോഴിക്കോട്: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ രാജി വയ്ക്കും. കമറുദ്ദീനോട് നാളെ പാണക്കാട്ട് എത്തി നിക്ഷേപ തട്ടിപ്പ് വിവാദത്തില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ മുസ്ലീംലീഗ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും കമറുദ്ദീന്‍ രാജി വയ്ക്കുക.
നേരത്തെ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനത്തിനായി തുടങ്ങിയ സ്വര്‍ണവ്യാപരം പൊളിയുകയാണുണ്ടായതെന്നും കമറുദ്ദീന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍ ഇന്നു അദ്ദേഹത്തിന്റെ വീട്ടിലടക്കം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
ഈ സഹാചര്യത്തില്‍ കമറുദ്ദീന്‍ എല്ലാ പദവികളും ഒഴിഞ്ഞ് അന്വേഷണവുമായി സഹകരിക്കണമെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ നടത്തണമെന്നുമാകും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കമറുദ്ദീന്റെ തട്ടിപ്പ് മറു ചോദ്യമായി ഉയരുന്നതില്‍ യുഡിഎഫ് നേതാക്കളും അസ്വസ്ഥരായിരുന്നു.
എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട കേസ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു കാസര്‍കോട്ടെ വിവിധ ലീഗ് പഞ്ചായത്ത് കമ്മറ്റികളും മേല്‍ഘടകത്തെ അറിയിച്ചിരുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് കമ്മറ്റികളാണ് പരാതിയുമായി രംഗത്ത് വന്നത്. കമറുദ്ദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 19 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
800 നിക്ഷേപകരില്‍ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. 2003ല്‍ ആരംഭിച്ച ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഒന്നര വര്‍ഷം മുന്‍പ് അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ച് ചോദിച്ചിട്ടും ലഭിച്ചില്ലെന്ന് കാട്ടിയാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്.
കമ്പനിയുടെ മറവില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ക്കും ചെയര്‍മാനായ കമറുദ്ദീനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ കാസര്‍കോട് കള്ളാര്‍ സ്വദേശികളായ സഹോദരങ്ങളുടെ പരാതിയില്‍ വണ്ടിചെക്ക് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.