Advertisment

കോവിഡിൻ്റെ ഈ കാലത്ത് മുത്തോലി പഞ്ചായത്തിനെ മുന്നോട്ടു നയിക്കാൻ "നേഴ്സ് " ചുമതലയേറ്റു !

author-image
സുനില്‍ പാലാ
New Update

കോട്ടയം: മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റായി ഇന്നലെ ചുമതലയേറ്റ സന്ധ്യ.ജി. നായർ നേഴ്സാണ്; ഒപ്പം അധികം പേർ അറിയാത്ത കവയത്രിയും.

Advertisment

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു തൊട്ടു മുമ്പുവരെ പാലായിലെ സ്വകാര്യ ആശുപത്രികളിൽ ആതുരശുശ്രൂഷയിൽ സജീവമായിരുന്നൂ ഈ 28 കാരി.

publive-image

അരുണാപുരം മരിയൻ നഴ്സിംഗ് കോളജിൽ നിന്നും ജനറൽ നഴ്സിംഗ് മികച്ച രീതിയിൽ പാസ്സായ സന്ധ്യ, മരിയൻ ആശുപത്രിയിലും തുടർന്ന് പാലായിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലുമായി അഞ്ചു വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് പൊതുജന സേവന രംഗത്തേയ്ക്ക് ഇറങ്ങിയത്. നിലവിൽ മുത്തോലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്.

ഇപ്പോൾ പഞ്ചായത്തു മെമ്പറായിരിക്കെയും തൻ്റെ വാർഡിലോ, സമീപ വാർഡുകളിലോ ആർക്കെങ്കിലും അപകടമുണ്ടായതായി അറിഞ്ഞാൽ പ്രഥമ ശുശ്രൂഷ നൽകാനായി ഈ ജനപ്രതിനിധി പാഞ്ഞെത്തും. വാർഡിലെ കിടപ്പു രോഗികൾക്കും, പാവപ്പെട്ട കുടുംബങ്ങളിലെ ജീവിതശൈലീ രോഗികളായ ചിലർക്കും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുത്തിവെയ്പ്പ് നൽകാനും സന്ധ്യ സമയം കണ്ടെത്തുന്നു.

publive-image

നിരവധി കവിതകൾ എഴുതിയിട്ടുള്ള ഒരു കവയത്രി കൂടിയാണീ മെമ്പർ." എൻ്റെ മുത്തോലി " എന്ന കവിതയാണ് ഒടുവിലെഴുതിയത് ;

" ഞാൻ മുന്നിൽ നിന്നു നയിക്കുമീ നാടിനെ .... എൻ മുത്തോലി നാടിനെ ...." എന്നു തുടങ്ങുന്ന ഈ കവിതയിലെ കവയത്രിയുടെ മോഹം ഇന്നലെ സഫലമായി, പുതിയ പദവിയിലൂടെ ......

തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കവിതകൾ ഉൾപ്പെടുത്തി "കാക്കക്കവിതകൾ" എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലുമാണീ പഞ്ചായത്ത് പ്രസിഡൻ്റ്.

മുത്തോലി വെള്ളിയേപ്പള്ളി മീനാഭവൻ കുടുംബാംഗമാണ്. ഭർത്താവ് ജി. രൺദീപ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.ശ്രീഹരി ആർ. നായർ, ശ്രീകേശ് ആർ. നായർ എന്നിവർ മക്കളും.

മുത്തോലി പഞ്ചായത്തു പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സന്ധ്യാ .ജി. നായരെ ജോസ്. കെ. മാണി എം. പി., തോമസ് ചാഴിക്കാടൻ എം.പി. എന്നിവർ അഭിനന്ദിച്ചു.

Advertisment