‘രാധതൻ പ്രേമത്തോടാണോ കൃഷ്ണ.. ഞാൻ പാടും ഗീതത്തോടാണോ … ആ ശബ്ദം കേട്ടാസ്വദിച്ച ഒരു ചെറുപ്പക്കാരന്റെ ആരാധനയായിരുന്നു ആ സെല്‍ഫി ! അവര്‍ക്ക് രാഷ്ട്രപതിയും സ്മൃതി ഇറാനിയും തമ്മിലുള്ള അന്തരം മനസിലായില്ലെങ്കിലെന്ത് ? മിന്നുന്നതെല്ലാം പൊന്നല്ല !!

ദാസനും വിജയനും
Friday, May 4, 2018

ഹരിവരാസനം വിശ്വമോഹനം
ഹരിതദിസ്വരം ആരാധ്യ പാദുകം

അരിവി മർദ്ദനം നിത്യ നർത്തനം
ഹരിവരാത്മജം ദേവമാശ്രയേ ,

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ
ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ …

കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന നമ്മുടെ അഭിമാനമായ നമ്മുടെ ആരാധനാലയം, ആ നട തുറക്കുമ്പോൾ ഈ മനുഷ്യന്റെ പാട്ട് തന്നെ വേണമെന്നുള്ളത് ആരുടെ നിർബന്ധമാണ് ?

സത്യത്തിൽ വിഷമം തോന്നുന്ന തീരുമാനമാണത് എന്നാരെങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞാൽ നമ്മുക്ക് അത് സമ്മതിക്കുകയേ നിവർത്തിയുള്ളൂ .

ഇത്രേം നാൾ ഗുരുവായൂർ അമ്പല നടയിൽ കയറ്റാതിരുന്നതിൽ യാതൊരു തെറ്റും ആർക്കും പറയുവാനാകില്ല. കാരണം അതങ്ങനെയാണ്. മനസ്സിനകത്തുള്ളതല്ല വെളിയിൽ കാണിക്കുന്നത് എന്നതാണ് ഒരു മഹാന്റെ ഏറ്റവും വലിയ ദൗർഭല്യമെങ്കില്‍ ഭഗവാന് മറിച്ചൊരു ചിന്ത സാധ്യമല്ല.

പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന് പറയുന്നതുപോലെ പണത്തിനുവേണ്ടി മാത്രം പാടുന്നവര്‍ക്ക് രാഷ്ട്രപതിയല്ല, ഏത് കേന്ദ്രമന്ത്രിയായാലും കേമം തന്നെ !

ഒരു ലക്ഷം രൂപയിൽ രണ്ടായിരം രൂപയുടെ കുറവ് കണ്ടപ്പോൾ സ്റ്റേജിൽ കയറി പാടുവാൻ വിസമ്മതിച്ച ഒരു മനസ്സുണ്ടല്ലോ , അതാണ് നമ്മളൊക്കെ ബഹുമാനിക്കുന്ന ചില ഗന്ധർവ്വൻമാര്‍ക്കുള്ളത് .

നൂറുകണക്കിന് ഗാനമേള സ്റ്റേജുകളിൽ അവസാന നിമിഷങ്ങളിൽ സംഘാടകരെ കണ്ണുനീർ കുടിപ്പിച്ച ഗാനഗന്ധർവന്മാരാണ് നമ്മുടെ കേരളത്തിന് സ്വന്തമായുള്ളത് എന്നതിൽ നമ്മുക്ക് ഏറെ അഭിമാനിക്കാം .

വെള്ള ജുബ്ബ, വെള്ള പൈജാമ, വെള്ള ഷൂ, വെള്ള താടി, വെള്ള മുടി .., പുറമേ കറുപ്പില്ല ? വയലാറിന്റെ പാട്ടുകൾ പാടി പാടി ഗന്ധർവ്വൻ ഒക്കെ ആയെങ്കിലും ആ വയലാറിന്റെ മരണസമയത്ത് പണം തേടി പാടുവാനായി വിമാനം കയറിയെന്നൊരു വിവാദം അന്നുയര്‍ന്നതാണ് .

കള്ളുകുടിച്ചു മരിച്ചവര്‍ക്ക് വേണ്ടി മുടക്കാന്‍ എനിക്ക് പണമില്ലെന്ന ചില പ്രസ്താവനകളൊക്കെ ഇന്നും വയലാറിന്റെ മരണവുമായി ബന്ധപെട്ടു അവസാനിക്കാത്ത വിവാദങ്ങളാണ് .

സ്വന്തം പാട്ടുകൾ മറ്റുള്ളവർ പാടണമെങ്കിലും മൂളണമെങ്കിലും കേൾക്കണമെങ്കിലും അതിനു കരം ചുമത്താൻ സ്വന്തം മകനെക്കൊണ്ട് സമൂഹത്തോട് പറയിപ്പിച്ച ഒരു മഹാ മനസ്സിന്റെ ഉടമയായ നമ്മുടെ ഗാന ഗന്ധർവ്വൻ. സ്വന്തം സ്റ്റുഡിയോയുടെ തകർച്ചയാണ് അദ്ദേഹത്തിന് ദൈവം കാണിച്ചുകൊടുത്ത വലിയ ശിക്ഷ .

‘ രാധതൻ പ്രേമത്തോടാണോ കൃഷ്ണ,
ഞാൻ പാടും ഗീതത്തോടാണോ,
പറയു നിനക്കേറ്റം ഇഷ്ടം
പിന്നെ പകൽപോലെ ഉത്തരം സ്പഷ്ടം ..’  
എന്ന് ചങ്കൂറ്റത്തോടെ ഗുരുവായൂരപ്പനോട് ചോദിക്കുവാൻ അവകാശമുള്ളയാൾ .

മനോഹരങ്ങളായ അനേകം ഗാനങ്ങൾ നമ്മെ കേൾപ്പിച്ച ആ സ്റ്റുഡിയോ എന്തുകൊണ്ട് അദ്ദേഹത്തിന് പൂട്ടേണ്ടി വന്നു ? ആ കാലഘട്ടങ്ങളിലെ ഒട്ടുമിക്ക പാട്ടുകാരെയും വാമനനെപ്പോലെ തലയിൽ ചവുട്ടി താഴ്ത്തിയുള്ള പരിചയം .

ഒരാളെയും വളരുവാൻ അനുവദിക്കാതെ ഹിറ്റ്ലറെപ്പോലെ പെരുമാറിയ ഒരു ഏകാധിപതിയാണ് നമ്മുടെ ഗന്ധർവ്വൻ . അന്നൊന്നും ആരും അതുറക്കേ പറയുവാൻ ധൈര്യം കാണിച്ചിരുന്നില്ല . ഇന്നാണെങ്കിൽ ട്രോളർമാർ ശരിയാക്കിയേനെ .

എസ്ആർകെ എന്നൊരു തട്ടിപ്പ് കമ്പനിക്കാരിൽ നിന്നും പണം വാങ്ങി പരസ്യത്തിലഭിനയിച്ചു കേരളത്തിൽ ഫ്‌ലാറ്റ് വിൽക്കുവാൻ ഇറങ്ങി . നമ്മുടെ ഗന്ധർവനല്ലേ പറയുന്നത് , അല്ലെങ്കിൽ ഗന്ധർവന്റെ അയൽവാസിയായി ജീവിക്കാമെന്ന വ്യാമോഹത്തിൽ പാവപ്പെട്ട ഗൾഫിലെ പ്രവാസികൾ പണമയച്ചുകൊടുത്തു .

ഇപ്പോൾ ഫ്‌ളാറ്റുമില്ല , പണവുമില്ല , ഉടമസ്ഥനുമില്ല , പണത്തിന് ഗ്യാരണ്ടി കൊടുത്ത കേരളത്തിന്റെ സ്വന്തം യേശുദാസ് ഇതൊന്നും അറിഞ്ഞതായുള്ള മട്ടുമില്ല. അതൊട്ട്‌ സര്‍ക്കാരുകള്‍ക്കും വിഷയമല്ല.

സ്വന്തം മരുമക്കൾ ജീൻസൊക്കെ ഇട്ടുകൊണ്ട് ദുബായിലും അമേരിക്കയിലും ഒക്കെ വിലസുമ്പോൾ കേരളത്തിലുള്ള പെണ്ണുങ്ങൾ എന്ത് വസ്ത്രം ഉപയോഗിക്കണമെന്ന് ഉപദേശിക്കുവാനുള്ള ആ മനസുണ്ടല്ലോ ? അതാണ് കേരളത്തിലെ ജനങ്ങൾക്കാവശ്യമുള്ള മനസ്സ് . അതുകൊണ്ടാണ് ജനങ്ങൾ ഇത്രേം ആരാധിച്ചതും അംഗീകരിച്ചതും .

ഇന്നലെ ഡൽഹിയിൽ അവാർഡ് വാങ്ങുവാൻ പോയപ്പോൾ , കൂടെയുള്ളവരൊക്കെ അവാർഡ് ദാനം ബഹിഷ്കരിച്ചപ്പോൾ അദ്ദേഹം സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് വാങ്ങുവാൻ പുറപ്പെട്ടു .

പുറപ്പെടുവാൻ നേരത്ത് ഒരു പാവം പയ്യൻ ഒരു സെൽഫി എടുത്തു. അവന്‍റെ ആരാധനയായിരുന്നു ആ സെല്‍ഫി . അതുകൊണ്ട് എന്ത് നഷ്ടപെടാന്‍. ഉടന്‍ സെൽഫിയൊന്നും വേണ്ട എന്ന് പറഞ്ഞുകൊണ്ട് ആ ഫോണ്‍ വാങ്ങി അതില്‍ നിന്നും ആ ഫോട്ടോ നീക്കം ചെയ്തു . ആ മനോഭാവത്തിന്റെ പേരെന്താണ് ? അത് ശരിയാണോ ? തെറ്റാണോ ?

മിന്നുന്നതെല്ലാം പൊന്നല്ല എന്നത് എത്രയോ ശരി തന്നെ എന്ന വിശ്വാസത്തിൽ,

ഗാനമേള നടത്തിപ്പുകാരൻ ദാസനും ഫോണിൽ നിന്നും സെൽഫി പോയ വിജയനും

×