Advertisment

പൂഞ്ഞാറില്‍ മുസ്ലിം സമുദായമായിരുന്നു ജോര്‍ജിന്റെ ശക്തി മുഴുവന്‍ ! ഏതു പ്രതിസന്ധിയിലും പൂഞ്ഞാറിലെ മുസ്ലിങ്ങള്‍ ജോര്‍ജിനോടൊപ്പം നിന്നു. ജോര്‍ജ് അവരോടൊപ്പവും ! പക്ഷെ നിലനില്‍പ്പിനു വേണ്ടി ജോര്‍ജ് കളങ്ങള്‍ പലതു മാറി. ഇപ്പോഴിതാ മുസ്ലിങ്ങള്‍ക്കെതിരെ മത വിദ്വേഷ പ്രസംഗവും ! ലക്ഷണമൊത്തൊരു കേരളാ കോണ്‍ഗ്രസുകാരനായിരുന്ന പി.സി ജോര്‍ജ് വിദ്വേഷിയായതെങ്ങനെ ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

ലക്ഷണമൊത്തൊരു കേരളാ കോണ്‍ഗ്രസുകാരനായിരുന്നു പി.സി ജോര്‍ജ്. ഈരാറ്റുപേട്ട പ്ലാന്തോട്ടത്തില്‍ ചാക്കോ ജോര്‍ജ്. വയസ് 71.

പി.ജെ ജോസഫിന്‍റെ സ്വന്തമായിരുന്നു ജോര്‍ജ് ദീര്‍ഘകാലം. എണ്‍പതുകളില്‍ ജോസഫ് ഗ്രൂപ്പിനോടൊപ്പം നിന്ന യുവാവ്.

1980 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു നിയമസഭയിലെത്തുമ്പോള്‍ ജോര്‍ജിന് പ്രായം 30 വയസ്. കേരള രാഷ്ട്രീയത്തിലേയ്ക്ക് ജോര്‍ജിന്‍റെ ഗംഭീര തുടക്കമായിരുന്നു അത്.

കരുത്തിന്‍റെയും തന്‍റേടത്തിന്‍റെയും പ്രതീകമായി മാറുകയായിരുന്ന പി.സി ജോര്‍ജ് പക്ഷെ എപ്പോഴും തന്‍റെ നേതാവ് പി.ജെ ജോസഫിന്‍റെ ചിറകിനു കീഴെ ഒതുങ്ങിക്കഴിഞ്ഞു അദ്ദേഹം. യു.ഡി.എഫ് രാഷ്ട്രീയത്തില്‍ പി.ജെ ജോസഫ് തല ഉയര്‍ത്തി നിന്ന എണ്‍പതുകള്‍. പി.ജെയ്ക്കൊപ്പം ഇടത്തും വലത്തുമായി രണ്ടു പേര്‍ നിന്നു. പി.സി ജോര്‍ജും ഡോ. കെ.സി ജോസഫും.

1982 -ല്‍ ഐക്യജനാധിപത്യ മുന്നണി നേതാവായി മുഖ്യമന്ത്രി പദമേറിയ കെ. കരുണാകരനോടൊപ്പം കേരളാ കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യ പ്രാധാന്യത്തോടെയാണു നിലയുറപ്പിച്ചത്.

പി.ജെ ജോസഫ് കരുണാകരന് ഏറ്റവും പ്രിയപ്പെട്ടവന്‍. ഇ.കെ നായനാരുടെ സര്‍ക്കാരില്‍ നിന്നു പിരിഞ്ഞുവന്ന ആന്‍റണി വിഭാഗവും മാണി കേരളാ കോണ്‍ഗ്രസും ഒപ്പമുണ്ട്. മാണി വിഭാഗത്തിന് അന്നുണ്ടായിരുന്നത് ആറു സീറ്റ്. ജോസഫ് വിഭാഗത്തിന് എട്ടും. പി.ജെ ജോസഫിന്‍റെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും സുവര്‍ണ കാലഘട്ടം. അതിലൊരു പങ്ക് പി.സി ജോര്‍ജിനും.

publive-image

ജോര്‍ജ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു പറക്കാന്‍ പഠിക്കുകയായിരുന്നു. 1989 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യു.ഡി.എഫ് വിട്ടു. യാത്ര ഇടതു മുന്നണിയിലേയ്ക്കായിരുന്നു.

എപ്പോഴും സ്വന്തമായൊരു അടിത്തറയുണ്ടാക്കാന്‍ പെടാപ്പാടു പെടുന്നുണ്ടായിരുന്നു ജോര്‍ജ്. പക്ഷെ, ജോസഫിന്‍റെ കരുത്തുള്ള തണലിനു പുറത്തേയ്ക്കു പറക്കാന്‍ അദ്ദേഹത്തിനു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനുമായി ഉണ്ടാക്കിയ ചങ്ങാത്തം പി.സി ജോര്‍ജിനെ വേറൊരു വഴിയിലേയ്ക്കു നയിക്കുകയായിരുന്നു. 2001 -ല്‍ എ.കെ ആന്‍റണി മുഖ്യമന്ത്രിയായ കാലം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

പ്രതിപക്ഷ നേതാവായി അടവുകളും തന്ത്രങ്ങളുമൊക്കെ പുറത്തെടുക്കുകയാണ് വി.എസ്. ജോര്‍ജ് ഒപ്പം കൂടി. മൂന്നാറിലെയും ഇടുക്കി ജില്ലയിലെ മലമടക്കുകളിലെയും കൈയ്യേറ്റങ്ങള്‍ കണ്ടുപിടിക്കാനിറങ്ങിത്തിരിച്ച വി.എസിനൊപ്പം ജോര്‍ജുമുണ്ടായിരുന്നു. അത്യുത്സാഹത്തോടെ വി.എസ് മലകള്‍ താണ്ടിയപ്പോള്‍ സഹായിയായി പി.സി ജോര്‍ജും ഒപ്പം.

ഒരിക്കല്‍ വി.എസിന്‍റെ സംഘത്തോടൊപ്പം ഞാനും കൂടി. മതികെട്ടാന്‍ മലയാണു ലക്ഷ്യം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍. വഴിയെന്നു പറയാനും മാത്രം ഒന്നുമില്ല. ജീപ്പിലാണു യാത്ര.

വി.എസിന്‍റെ ജീപ്പ് മുന്നില്‍. റോഡില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകള്‍. ഒരു പാറയില്‍ നിന്ന് അടുത്ത പാറയിലേയ്ക്ക് എടുത്തു ചാടുകയാണ് ജീപ്പ്. ജീപ്പിന്‍റെ കമ്പിയില്‍ മുറുകെ പിടിച്ചിരിക്കുന്ന വി.എസിനെ കാണാം. പിന്നാലേ ഞങ്ങളും. വി.എസിന്‍റെ സംഘവും ഒപ്പമുണ്ട്. സംഘത്തില്‍ പി.സി ജോര്‍ജും.

ദുര്‍ഘടമായ വഴിയിലൂടെ സംഭവബഹുലമായ യാത്രയ്ക്കു ശേഷം മതികെട്ടാന്‍ മലയില്‍. ആരൊക്കെയോ വര്‍ഷങ്ങള്‍ക്കു മുമ്പേ കൈയ്യേറിയ ഭൂമി. അതു കൈയ്യേറ്റ ഭൂമിയാണെന്ന കാര്യത്തില്‍ സംശയമില്ല. മതികെട്ടാന്‍ മലയിലെ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നു വി.എസ് ആവശ്യപ്പെട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ പി.സി ജോര്‍ജുമുണ്ട്. ഇത് പി.ജെ ജോസഫിനിഷ്ടമായില്ല.

കാലങ്ങളായി കുടിയേറ്റം കേരളാ കോണ്‍ഗ്രസിന്‍റെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാണ്. കുടിയേറ്റക്കാരിലധികവും ക്രിസ്ത്യാനികള്‍. പ്രത്യേകിച്ച് കത്തോലിക്കാ സമുദായക്കാര്‍. വി.എസിനൊപ്പം പി.സി ജോര്‍ജ് മതികെട്ടാന്‍ കൈയ്യേറ്റത്തിനെതിരെ കത്തിക്കയറിയപ്പോള്‍ പി.ജെ ജോസഫിന്‍റെ മനസു നൊന്തു.

തിരുവനന്തപുരത്തു വരുമ്പോള്‍ പി.ജെ ജോസഫും ഞാനുമായി ദീര്‍ഘനേരം സംസാരിച്ചിരിക്കും. രാഷ്ട്രീയം മാത്രമല്ല, കൃഷിയും പശു വളര്‍ത്തലും ആടുവളര്‍ത്തലുമൊക്കെയായി പി.ജെയ്ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളേറെ.

സംസാരത്തില്‍ നിന്ന് ഒരു കാര്യം മനസിലായി. പി.സി ജോര്‍ജില്‍ നിന്ന് പി.ജെ ഏറെ അകന്നിരിക്കുന്നു. മതികെട്ടാന്‍ മല തന്നെയാണു വിഷയം. പി.ജെ പല തവണ ഉപദേശിച്ചതാണ്. ജോര്‍ജ് വഴങ്ങാന്‍ കൂട്ടാക്കിയില്ല.

publive-image

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു ജോസഫ്. സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. അഭിപ്രായ വ്യത്യാസം മൂത്തപ്പോള്‍ 2003 മെയ് 29 -ന് ജോര്‍ജിനെ ചെയര്‍മാന്‍ പി.ജെ ജോസഫ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജോര്‍ജ് കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പല പിളര്‍പ്പുകളും കണ്ട കേരളാ കോണ്‍ഗ്രസില്‍ ഒരു പാര്‍ട്ടി കൂടിയായി.

ഒറ്റയ്ക്കു നിന്നുതന്നെ ജോര്‍ജ് പോരാടി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച് ജോര്‍ജിന്‍റെ പാര്‍ട്ടി യു.ഡി.എഫില്‍ ചേര്‍ന്നു. 2011 -ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജോര്‍ജ് ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. പക്ഷെ ഉമ്മന്‍ ചാണ്ടിക്ക് ജോര്‍ജില്‍ അത്രകണ്ടു വിശ്വാസമുണ്ടായില്ല.

വി.എസുമായുണ്ടായിരുന്ന കൂട്ടുകെട്ട് പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്‍റെ വ്യക്തിത്വത്തെ ഏറെ ബാധിച്ചു. മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്‍റെ പല രഹസ്യങ്ങളും ജോര്‍ജിന്‍റെ കൈയ്യിലെത്തുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പേടി.

നിയമസഭാ സ്പീക്കര്‍ സ്ഥാനമാണെങ്കില്‍ അതിനും ജോര്‍ജ് തയ്യാറായിരുന്നു. ഉമ്മന്‍ ചാണ്ടി അതിനും ഒരുക്കമായിരുന്നില്ല. സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായ സ്ഥാനമാണ് സ്പീക്കര്‍ പദവി. അത് പി.സി ജോര്‍ജിനു നല്‍കാന്‍ ഉമ്മന്‍ ചാണ്ടി ഒരുക്കമായിരുന്നില്ലെന്നര്‍ത്ഥം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ഉമ്മന്‍ ചാണ്ടി തയ്യാറായെങ്കിലും അതേറ്റെടുക്കാന്‍ ജോര്‍ജ് തയ്യാറായതുമില്ല.

അവസാനം ചീഫ് വിപ്പ് എന്ന പദവിയില്‍ തൃപ്തിയടയാന്‍ ജോര്‍ജ് തയ്യാറായി. പക്ഷെ ആ മനസില്‍ നിരാശ ഉരുണ്ടു കൂടി. ക്രോധവും വിദ്വേഷവും നിറഞ്ഞു. ജോര്‍ജ് പല കളികളും കളിച്ചു. കളികളുടെ അവസാനം രണ്ടു മുന്നണികള്‍ക്കും വേണ്ടാതായ ജോര്‍ജിനെയാണു രാഷ്ട്രീയ കേരളം കണ്ടത്.

എങ്കിലും ജോര്‍ജ് പിടിച്ചു നിന്നു. 2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ഒറ്റയ്ക്ക് നിന്നു പൂഞ്ഞാറില്‍ പൊരുതി. രണ്ടു മുന്നണികളെയും തോല്‍പ്പിച്ച് ജോര്‍ജ് നിയമസഭയിലെത്തി. പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടവുകളൊക്കെയും തകര്‍ന്ന് പി.സി ജോര്‍ജ് പൂഞ്ഞാറിലെ പോരാട്ട വേദിയില്‍ തകര്‍ന്നു.

പൂഞ്ഞാറില്‍ മുസ്ലിം സമുദായമായിരുന്നു ജോര്‍ജിന്‍റെ ശക്തി മുഴുവന്‍. ഏതു പ്രതിസന്ധിയിലും പൂഞ്ഞാറിലെ മുസ്ലിങ്ങള്‍ ജോര്‍ജിനോടൊപ്പം നിന്നു. ജോര്‍ജ് അവരോടൊപ്പവും.

പക്ഷെ നിലനില്‍പ്പിനു വേണ്ടി ജോര്‍ജ് കളങ്ങള്‍ പലതു മാറി. അവസാനം ബി.ജെ.പിയുടെ തട്ടകത്തിലെത്തിയപ്പോള്‍ സ്വന്തം തട്ടത്തിലെ മുസ്ലിം സമുദായത്തെ തള്ളിപ്പറഞ്ഞു. ഇപ്പോഴിതാ മുസ്ലിങ്ങള്‍ക്കെതിരെ മത വിദ്വേഷ പ്രസംഗവും.

വെളുപ്പിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ജോര്‍ജിന് തിരുവനന്തപുരത്തെ കോടതി ജാമ്യം നല്‍കിയെങ്കിലും ജോര്‍ജിന്‍റെ വര്‍ത്തമാനത്തിനും നിലപാടിനും കേരള സമൂഹത്തില്‍ തെല്ലും അംഗീകാരം കിട്ടിയില്ല. അപ്പോള്‍ പിന്നെ ഏതെങ്കിലും പാര്‍ട്ടി ജോര്‍ജിനെ അംഗീകരിക്കുമോ ?

വന്ന വഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ജോര്‍ജ് എന്താവും ചിന്തിക്കുക ? മുസ്ലിങ്ങള്‍ ജോര്‍ജിനൊപ്പമില്ലാതായതും ബി.ജെ.പിയില്‍ നിന്നകന്നതും ജോര്‍ജിന്‍റെ വീഴ്ചയ്ക്കും വിദ്വേഷത്തിനും കാരണമായോ ?

Advertisment