Advertisment

അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും... ഹലാൽ ? (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

മക്കളേ ഹലാലായതേ എന്റെ മക്കൾ തിന്നാൻ പാടുള്ളു... നിങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല. ഹറാമായത് നിങ്ങളെ വയറ്റീൽ പോവരുത്... എത്രയോ തവണ കേട്ട വാക്കുകളാണ്.

എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികൾ ഈ വാക്കുകൾ കേട്ടാണ് വളരുന്നത്.

അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്. ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്. പലിശ കൊണ്ട് വാങ്ങിയത്. സ്വത്ത് ഭാഗം വെക്കുമ്പോൾ എന്തെങ്കിലും തരികിടയിലൂടെ സമ്പാദിച്ചത്.

ഇതൊക്കെ ഹലാൽ അല്ല. ഹറാം ആണ്.

പാലിൽ വെള്ളം ചേർത്തതാണെന്ന് തോന്നിയാൽ ഉമ്മ പറയുമായിരുന്നു. അവർ ഹലാലല്ലാത്തത് തിന്നാൽ നരകത്തിൽ പോവും. സ്വത്ത് ഭാഗം വെക്കുന്നിടത്ത് തർക്കം മുറുകിയാൽ ഉടനെ കേൾക്കാം. ഹലാലല്ലാത്തത് തിന്നാൻ നോക്കണ്ട നിങ്ങള് എത്രത്തോളമെന്നു വെച്ചാൽ ഒരാൾ നിർബന്ധിതാവസ്ഥയിൽ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാൾ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല.

അനാഥയുടെ സ്വത്ത് മറ്റുള്ളവർക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല. ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും.

നിശ്ചിത സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം. അത് ദരിദ്രന്റെ അവകാശമാണ്. അത് കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ അത് ബാക്കി സമ്പത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവൻ സമ്പത്തും ഹലാൽ അല്ലാതെയാവും. അഥവാ ഹറാം ആവും.

സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്പത്ത് മുഴുവൻ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാൽ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കൾക്ക് കൊടുക്കല്ലേ. അവർ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിർന്നവരെ എവിടെയും കാണാം. ഇത് സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാൽ.

ചീത്ത വാക്കുകൾ ഒന്നും ഹലാലല്ല. ചീത്ത പ്രവർത്തികൾ. നോട്ടങ്ങൾ. വിചാരങ്ങൾ, ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് ഉസ്താദുമാർ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു. ഹലാലിന്റെയും ഹറാമി (ഹലാൽ അല്ലാത്തത്)ന്റെയും ഇടയിൽ കറങ്ങുന്നതാണ് മുസ്ലിം ജീവിതം.

അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്പോൾ ദൈവനാമം വായ കൊണ്ട് ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും അതിന്റെ വില ഈടാക്കുമ്പോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ കൂടി പേരാണ് ഹലാൽ.

ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയാൽ അത് ഹലാൽ അല്ല. കച്ചവടത്തിൽ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല. കുടിക്കുന്ന വെള്ളത്തിൽ ഊതുന്നതും ഭക്ഷണത്തിൽ തുപ്പുന്നതുമൊന്നും ഹലാലല്ല. അതിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം തികച്ചും ഹറാമാണ്.

ഇതിനെല്ലാം പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട് എന്ന് പറഞ്ഞാൽ മുസ്ലിം ജീവിതം അടുത്തറിയാത്തവർ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്. ഹലാലും ഹറാമും നന്മ തിന്മകളുടെ പേരാണ്... ഇതെല്ലാം പാലിച്ച് സൂക്ഷിച്ച് ജീവിക്കുന്നതാണ് ഹലാലായ ജീവിതം.

Advertisment