Advertisment

നീതി തേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ അപമാനിതരായും നിരാശരായും മടങ്ങാനിടവരരുത്. സോഷ്യല്‍ പോലീസിംഗ് വേണം. സ്റ്റേഷനില്‍ മന:ശാസ്ത്രപരമായ ഇടപെടലിനായി പരിശീലനം സിദ്ധിച്ചവരുണ്ടാകണം. പോലീസ് ഇന്‍സ്പെക്ടര്‍ ആക്രോശിക്കുന്നതിനു പകരം ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

"പോലീസ് ഇന്‍സ്പെക്ടര്‍ ആക്രോശിക്കുന്നതിനു പകരം ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍

പൊന്നുമകള്‍ ഇപ്പോഴും കൂടെയുണ്ടാകുമായിരുന്നു". ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പ്രവീണിന്‍റെ മാതാവ് ഫാരിസ പറഞ്ഞ വാക്കുകളാണിത്.

അതീവ നിസ്സഹായമായ ജീവിതാവസ്ഥയില്‍ നീതി തേടിയാണ് മൊഫിയ പോലീസ് സ്റ്റേഷനില്‍ പോയത്. അവിടെ നീതി ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനിലെത്തിയ അവര്‍ നേരിട്ടത് കടുത്ത അധിക്ഷേപമായിരുന്നു.

തന്‍റെ പരാതിയില്‍ കേസെടുക്കില്ലെന്നും പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്നും ഉറപ്പായതോടെ മോഫിയ മരണത്തില്‍ അഭയംപ്രാപിക്കുകയായിരുന്നു. ജീവിതത്തില്‍ തോറ്റുപോയെന്ന ചിന്തയായിരുന്നു മോഫിയക്ക്. ഏതെങ്കിലും ഒറ്റകാരണംകൊണ്ട് മാത്രം ഒരു ആത്മഹത്യ സംഭവിക്കാനുള്ള സാധ്യത അപൂര്‍വമെന്ന് മന:ശാസ്ത്രം വിലയിരുത്തുന്നുണ്ട്.

ഒരാളുടെ വ്യക്തിത്വ പ്രത്യേകതകള്‍, ജീവിതനിപുണതകള്‍, ജീവിതാവസ്ഥകള്‍, സമ്മര്‍ദങ്ങള്‍, ശാരീരിക-മാനസിക പ്രശ്നങ്ങള്‍, സപ്പോര്‍ട്ട് സിസ്റ്റത്തിലെ പോരായ്മകള്‍ എന്നിങ്ങനെ നിരവധി

കാരണങ്ങള്‍ ഓരോ ആത്മഹത്യക്കു പിന്നിലും കണ്ടെത്താനാകും. എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോഴാണ് മരണമെന്ന അവസാന ഉത്തരത്തിലെത്തുന്നത്.

ജീവിതാനുഭവങ്ങളാല്‍ പൊള്ളിയ മനസ്സുമായാണ് മൊഫിയ അവസാന അത്താണിയെന്ന നിലയില്‍ പോലീസിന് മുന്നിലെത്തിയത്. നീതി ലഭിക്കുമെന്ന വിശ്വാസമെങ്കിലും അവരില്‍ ബാക്കിവയ്ക്കേണ്ടത് ഇത്തരം സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഹൃദയവിലാപങ്ങളോടെ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന പല സന്ദര്‍ഭങ്ങളിലും ജീവിതപങ്കാളികള്‍ തന്നെയാണ് കാരണക്കാരാകുന്നതെന്ന് കാണാം.

ആത്മഹത്യാ കുറിപ്പില്‍ മൊഫിയ എഴുതി; "എന്‍റെ റൂഹ് ഇവിടെത്തന്നെയുണ്ടാകും. ഞാന്‍ ഒരുപാട് നാളായി സഹിക്കുന്നു. സുഹൈല്‍, (ഭര്‍ത്താവ്) എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാകും. പടച്ചോന്‍പോലും നിന്നോട് പൊറുക്കില്ല". നിസ്സഹായരുടെ നിലവിളിയാണ് ശാപം എന്ന്

പറയാറുണ്ട്. ഇവിടെയും അതീവ നിസ്സഹായതയോടെ മൊഫിയ ശപിക്കുന്നു.

ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരെയും പോലീസിനെയും അവര്‍ എടുത്ത് പറയുന്നുണ്ട്; "അവര്‍ അനുഭവിക്കും. ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണം. സുഹൈലും അയാളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം" എന്ന് പറഞ്ഞാണ് മൊഫിയായുടെ കത്ത് അവസാനിക്കുന്നത്.

പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു വഴിയും കാണുന്നില്ലെന്ന, നിരാശയുടെയും നിസ്സഹായതയുടെയും വേളയിലാണ് ഇനി ജീവനൊടുക്കാം എന്ന് മൊഫിയ തീരുമാനിക്കുന്നത്.

ആശ്വാസത്തിന്‍റെ തുരുത്തുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഏവര്‍ക്കും കഴിയേണ്ടതായിരുന്നു.

മാതാപിതാക്കളുടെ പിന്തുണയോടെ നിന്ദിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ചുകാണിക്കുകയായിരുന്നു മൊഫിയ ചെയ്യേണ്ടിയിരുന്നത്. അവള്‍ വെട്ടിപ്പിടിക്കുന്ന നേട്ടങ്ങളാകുമായിരുന്നു അവരെ അധിക്ഷേപിച്ചവര്‍ക്കുള്ള ഏറ്റവും വലിയ മറുപടി. ഇവിടെ സ്ത്രീധനമരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ്, ഭര്‍തൃമാതാവ്, പിതാവ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

പലരും ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് കുറ്റകൃത്യങ്ങളില്‍പെടും എന്ന് ചിന്തിക്കാറില്ല. ഗാര്‍ഹിക പീഡനങ്ങളിലെ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. സ്ത്രീകള്‍ ഏറ്റവും അധികം കൊല്ലപ്പെടുകയും പീഡനത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നത് വീട്ടകങ്ങളിലാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് 2006-ല്‍ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണനിയമം പ്രാബല്യത്തില്‍ വന്നത്.

സ്ത്രീധന നിരോധന-ഗാര്‍ഹികപീഡന-വിവാഹമോചന നിയമങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 18 സ്ത്രീസുരക്ഷാ നിയമങ്ങളുണ്ട്. അവ പഠിപ്പിക്കണം. ഒപ്പം നമ്മുടെ സമൂഹത്തില്‍ ലിംഗസമത്വം പ്രാപ്യമാക്കാനുള്ള ശ്രമങ്ങളും ശക്തിയാര്‍ജിക്കണം.

ശാരീരികവും ജൈവികവുമായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും തുല്യമായ മനുഷ്യരാണ് ആണും പെണ്ണുമെന്ന വലിയപാഠം കുടുംബങ്ങളില്‍ തന്നെ രൂപപ്പെടുത്തണം. മൊഫിയമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ തലങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നീതികേന്ദ്രങ്ങള്‍ പീഡനശാലകളാകരുത്.

നീതി തേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ അപമാനിതരായും നിരാശരായും മടങ്ങാനിടവരരുത്. സോഷ്യല്‍ പോലീസിംഗ് വേണം. സ്റ്റേഷനില്‍ മന:ശാസ്ത്രപരമായ ഇടപെടലിനായി പരിശീലനം സിദ്ധിച്ചവരുണ്ടാകണം. പോലീസ് മുറ എല്ലാറ്റിനും പരിഹാരമല്ല. കേസുകള്‍ ഉചിതമായിടങ്ങളിലേക്ക് റഫര്‍ ചെയ്യാനും സംവിധാനമുണ്ടാകണം. ശുദ്ധീകരണത്തിനും നവീകരണത്തിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും തയ്യാറാകണം. (8075789768)

Advertisment