Advertisment

കുറവുകളാണ്‌ മികവുകളെന്ന് തിരിച്ചറിയണം. എല്ലാമുള്ളപ്പോഴല്ല; ഒന്നുമില്ലാത്തപ്പോഴും ജീവനും ജീവിതവും വിലപ്പെട്ടതുതന്നെ ! ജീവനെ മറന്ന്‌ ഒന്നും പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകരുത്‌; ജീവിതം വലിച്ചറിയാനുള്ളതല്ല. ഈയാംപാറ്റകളാകരുതേ... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

ദുരൂഹ മരണങ്ങളും ആത്മഹത്യകളും അപകട മരണങ്ങളും സാധാരണമാകുകയാണോ ? വിനോദസഞ്ചാരമെന്ന പേരിലുള്ള യാത്രകളിലും ദുരന്തങ്ങള്‍ സര്‍വ്വ സാധാരണമാകുന്നു. എന്താണിങ്ങനെ ? നമ്മുടെ വീടുകളും ക്ലാസ്സുമുറികളും ആദ്ധ്യാത്മിക ചുറ്റുപാടുകളും ജീവനെക്കുറിച്ചും ജീവിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കാന്‍ മറന്നുപോകുന്നുണ്ടോ ?

പഴയകാല കുടുംബാന്തരീക്ഷം വിഷമതകളിലും പിടിച്ചുനില്‍ക്കാന്‍ പ്രേരകമായിരുന്നു. കുട്ടികളുമേറെയുണ്ട്‌ സാമ്പത്തികാടിത്തറ ഭദ്രവുമായിരുന്നില്ല ! ദാരിദ്ര്യം കൂടപ്പിറപ്പായിരുന്നു. ടെക്‌നോളജി പുരോഗമിച്ചിരുന്നുമില്ല എന്നിരുന്നാലും ജീവിയ്‌ക്കണമെന്ന മോഹം കലശലായി നിലനിന്നിരുന്നു.

അങ്ങനെ പ്രതിസന്ധിയിലും പിടിച്ചുനിന്നവരുടെ ജീവിതമാതൃകകള്‍ നമുക്കു ചുറ്റിലും നിലനില്‍ക്കുമ്പോഴും ഈയാംപാറ്റകളെപ്പോലെ ബാല്യകൗമാരയൗവനങ്ങള്‍ മരണത്തിനു കീഴടങ്ങുന്നതിലെ നൈമീഷിക സിദ്ധാന്തം പഠനവിധേയമാക്കണം.

ചോദിക്കുന്നതെന്തും കൊടുക്കുമ്പോഴോ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമ്പോഴോ മാത്രമാണ്‌ സന്തോഷമെന്നും വിജയമെന്നും കരുതുന്നത്‌ തിരുത്തപ്പെടണം. ജയിക്കാന്‍ മാത്രമല്ല തോല്‍ക്കാനും ഇവിടെ അളുകളെ ആവശ്യമുണ്ട്‌. നേട്ടമെന്നതിന്‌ ലാഭമെന്നുമാത്രം അര്‍ത്ഥമില്ല. ജയിക്കാനും സമ്പാദ്യത്തെക്കുറിച്ചുള്ള ചിന്തകളെ കരുപ്പിടിക്കാനും മാത്രമാകരുത്‌ പഠനങ്ങള്‍.

ഉന്നത സ്വപ്‌നങ്ങള്‍ കാണാന്‍ സഹായിക്കുകയെന്നതു മാത്രമാകരുത്‌ വീടുകളുടേയും വിദ്യാലയങ്ങളുടേയും ലക്ഷ്യം. യോഗ്യതാ സാക്ഷ്യപത്രം സമ്പാദിക്കല്‍ മാത്രമല്ല ജീവിതം. ജീവനാണ്‌ യോഗ്യത. ജീവിതമാണ്‌ സാക്ഷ്യപത്രം ! ജീവിക്കുകയെന്നതിന്‌ സമാനതകളേക്കാള്‍ വ്യത്യസ്ഥതയാണ്‌ ആവശ്യം. വ്യക്തികളിലെ കഴിവുകളുടെ വ്യതിരിക്തതയിലൂന്നിയാകണം മുന്നോട്ടുള്ള ജീവിതക്രമം ആസൂത്രണം ചെയ്യേണ്ടത്‌.

ഇന്നത്തെ തലമുറയുടെ സോഷ്യല്‍മീഡിയ ഭ്രമം, ലഹരിയോടുള്ള ആസക്തി, ആഡംബര ജീവിത ഭ്രമം, സര്‍ഗ്ഗബോധത്തിന്റെ അഭാവം തുടങ്ങി ഒട്ടനവധി നവീന കാരണങ്ങള്‍ ജീവനെ വേട്ടയാടുന്നു. മെഴുകുപോലത്തെ മനസ്സും സ്വര്‍ണ്ണം പോലെയുള്ള മോഹങ്ങളും പൊരുത്തപ്പെടായ്‌കയാല്‍ ലക്ഷ്യബോധം ഇല്ലാതാകുന്നു. അങ്ങേയറ്റത്തുള്ള (Extreme) മാനസികാവസ്ഥയുള്ളവരുടെ എണ്ണം പെരുകുന്നു.

പുനരാലോചനയോ, വിചിന്തനമോ, ആത്മശോധനയോ, ഉപദേശം തേടലോ ഇല്ലാത്ത ക്ഷിപ്രതീരുമാനങ്ങളാല്‍ കുടുംബത്തേയും സമൂഹത്തേയും ഞെട്ടിക്കുന്ന യുവതയുടെ ജീവിതശൈലി കടുത്ത വിചിന്തനത്തിനും, തിരുത്തലിനു യോജിക്കുംവിധമുള്ള പഠനങ്ങള്‍ക്കും കാരണമാകണം. വിലപ്പെട്ട ജീവനെ കരുതലോടെ കാക്കുവാനുള്ള ഒരു ലഹരി യിലേക്ക്‌ തലമുറ കടന്നുവരണം, ജീവന്‍ വച്ചുള്ള മത്സരക്കളരിയില്‍ നിന്നും സകലരും പിന്മാറണം !

സുഖാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ജീവിതം ദരിദ്രവും നിഷ്‌പ്രയോജനവുമാണ്‌. അസംതൃപ്‌തിയിലൂടെയാണ്‌ എന്നും അതിന്റെ നീക്കം. ദുഖത്തില്‍ അത്‌ അവസാനിക്കുകയും ചെയ്യുമെന്ന മഹത്‌ വചനത്തിന്റെ അര്‍ത്ഥ വ്യാഖ്യാനമാണോ ഇന്ന്‌ നമുക്കിടയില്‍ അരങ്ങേറുന്നത്‌ ? ജീവിതം വിജയമല്ല സമരമാണെ ന്നൊക്കെ മഹാനായ ഷേക്‌സ്‌പിയര്‍ പറഞ്ഞുവെക്കുന്നുണ്ട്‌.

ഈ സമരത്തില്‍ ജീവിയ്‌ക്കാന്‍ മക്കള്‍ പഠിക്കേണ്ടേ ? ഓരോരുത്തരിലും നിക്ഷിപ്‌തമായ ദൈവനിശ്ചയത്തെ പുറത്തെടുക്കുവാനുള്ള വിദ്യാഭ്യാസ നാളുകള്‍ സമ്പാദ്യം പെരുപ്പിക്കുന്നതും ആര്‍ഭാടം തഴപ്പിക്കുന്നതുമായ സ്വാര്‍ത്ഥ മോഹങ്ങളുടെ ചിന്തകള്‍ക്ക്‌ വളമിടുവാന്‍ കാരണമാകരുത്‌. സാമ്പത്തിക മത്സരവും വ്യക്തിത്വങ്ങളുടെ സമത്വ വാദങ്ങളും അനാവശ്യജീവിത സമ്മര്‍ദ്ദങ്ങളില്‍ മനുഷ്യരെയെത്തിക്കും. ജീവിതത്തിന്റെ ത്രില്ലിന്റെ കാലം പളുങ്കുപാത്രം കണക്കേ ജീവനെ എറിഞ്ഞുടക്കുന്നതിലേക്കെത്തിക്കരുത്‌.

യുവതയുടെ പ്രസരിപ്പും ത്രില്ലും ലഹരിയും ജീവന്റെ മഹത്വത്തില്‍ ആകൃഷ്‌ടത കണ്ടത്തുന്നതിലാകണം. പ്രകൃതിസൗന്ദര്യാസ്വാദനത്തിന്റെ ആവേശത്തില്‍ അല്‌പം മിനുങ്ങി വെള്ളത്തിലും അരുവികളിലും പുഴകളിലും കടലിലും തുടങ്ങി സങ്കീര്‍ണ്ണതയുടെ സൂയിസൈഡ്‌ പോയിന്റികളില്‍ ജീവിതം ഹോമിയ്‌ക്കരുത്‌; വീണ്ടുവിചാരമുണ്ടാകണം.

അനുസരണം ആയുസ്സിന്റെ ബലമാണ്‌. എന്തും മറികടക്കാനുള്ള ആവേശത്തില്‍ ജീവന്‍ നഷ്‌ടമാക്കുന്നതിലേക്ക്‌ ചിന്തകളെ തുറന്നു വിടരുത്‌. വിവേകം വിജയത്തിന്‌ അനിവാര്യമാണ്‌. മനുഷ്യരുണ്ടെങ്കിലേ നേട്ടങ്ങള്‍ക്കു പ്രസക്തിയുള്ളൂ. പടുവൃദ്ധന്‍ വീട്ടില്‍ സുഖമായി ജീവിക്കുമ്പോള്‍ ചോരത്തിളപ്പുള്ള ഭാവിയുടെ വാഗ്‌ദാനങ്ങള്‍ അകാലമരണത്തിനു വഴിപ്പെടുന്നതിന്റെ തേങ്ങല്‍ ഇന്ന്‌ സമൂഹത്തിലങ്ങോളമിങ്ങോളം കേള്‍ക്കുന്നു.

ആവര്‍ത്തിക്കരുത്‌, ജീവന്റെ വിലയറിയണം, മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്‌ ജീവിതം ജീവിച്ചുതന്നെ തീര്‍ക്കണമെന്ന ബോധനം. പഠനങ്ങള്‍ മനുഷ്യത്വത്തോടു ചേര്‍ന്നു നില്‍ക്കട്ടെ. നല്ല മനുഷ്യരായി ജീവിയ്‌ക്കണമെന്ന അടിസ്ഥാന പഠനം വീട്ടിലും നാട്ടിലും വിദ്യാലയങ്ങളിലും ബലപ്പെടണം.

കുറവുകളാണ്‌ മികവുകളെന്നും തിരിച്ചറിയണം. എല്ലാമുള്ളപ്പോഴല്ല; ഒന്നുമില്ലാത്തപ്പോഴും ജീവനും ജീവിതവും വിലപ്പെട്ടതുതന്നെ ! അസാധാരണത്വങ്ങള്‍ ഞെട്ടിക്കാനുള്ളതല്ല: മനുഷ്യനെ ജീവിയ്‌ക്കാന്‍ പ്രേരിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാകണം. ജീവനെ മറന്ന്‌ ഒന്നും പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകരുത്‌; ജീവിതം വലിച്ചറിയാനുള്ളതല്ല.

 

Advertisment