Advertisment

'ചുരുളി'യിലെ അധമഭാഷണങ്ങള്‍... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അനിയന്ത്രിതമായി അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്ന 'ചുരുളി' സിനിമ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി പരിഗണിക്കവേ, സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കണ്ട കോടതി, അതിലെ ഭാഷാ പ്രയോഗങ്ങള്‍ ഭീകരമാണെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.

എതിര്‍കക്ഷികളായ സെന്‍സര്‍ബോര്‍ഡ്, സിനിമയുടെ സംവിധായകന്‍, തെറി പറയുന്ന നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യവാക്കുകളിലൂടെ സ്ത്രീകളെയും കുട്ടികളെയും

മോശമായി ചിത്രീകരിച്ചിട്ടുള്ളതായി ഹര്‍ജിക്കാരി (തൃശ്ശൂര്‍ സ്വദേശി അഭിഭാഷകയായ പെഗ്ഗി ഫെന്‍) ആരോപിച്ചു.

സിനിമ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കലാമാധ്യമം ആയതിനാല്‍ ഈ സിനിമ ഒ.ടി.ടി.യില്‍ നിന്ന് നീക്കണമെന്നാണാവശ്യം. വിനോയ് തോമസിന്‍റെ "കളിഗെമിനാറിലെ കുറ്റവാളികള്‍" എന്ന കഥയെ ആധാരമാക്കി ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'ചുരുളി'.

മൈലാടുംപാറ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയില്‍ കൂലിപ്പണിക്കാരുടെ വേഷത്തിലെത്തുന്ന രഹസ്യപ്പോലീസുകാരായ ആന്‍റണിയും ഷാജിവനും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

കുറ്റവാളികളായിരുന്നവരുടെ ലോകമാണ് ചുരുളി. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ലോകം. നിയമവ്യവസ്ഥക്ക് അപ്പുറമാണ് ഈ ലോകം. ചുരുളിക്കാരെ സൂബന്ധിച്ചിടത്തോളം സ്വര്‍ഗരാജ്യം. ലൈംഗികച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യപ്രയോഗങ്ങളും സാധാരണീകരിക്കപ്പെടുന്ന ഒരിടം.

സിനിമയിലെ ഭാഷ ഭീകരം മാത്രമല്ല, കേട്ടാല്‍ അറയ്ക്കുന്ന വഷളന്‍ പ്രയോഗങ്ങള്‍ കൂടിയാണ്. സിനിമയുടെ നിര്‍മിതിയില്‍ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്കൃതവസ്തുവാണ് തെറിഭാഷ. വാറ്റ്ചാരായത്തോടൊപ്പം അനായാസം വാര്‍ന്നുവീഴുകയാണ് വഷളന്‍ ഭാഷ.

തെറിപ്രയോഗങ്ങളില്‍ ലിംഗപദവി തുല്യത കാണാനാകും. ശരീരത്തിലെ ലൈംഗീകാവയവങ്ങളെയും ലൈംഗിക ബന്ധങ്ങളെയും തെറിക്കായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീയെ പുരുഷന്‍റെ ലൈംഗികകാമനക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറി പരാമര്‍ശങ്ങളുമുണ്ട്.

നീതിവ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമഭാഷയെ സാധാരണീകരിക്കുകയും ചെയ്യുന്നുണ്ടിവിടെ. നീതിന്യായവ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്കൃത സംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വര്‍ഗരാജ്യത്തിലാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യര്‍ തികച്ചും സാങ്കല്പികമായ സമൂഹമാണ്.

അവര്‍ ഏതെങ്കിലും ജാതിയേയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറിഭാഷയുടെ കര്‍ത്തൃത്വം ആരുടെയും തലയില്‍ സംവിധായകന്‍ കെട്ടിവയ്ക്കുന്നുമില്ല. തെറി പരിശീലനം ലക്ഷ്യംവയ്ക്കുന്നുമില്ല.

പക്ഷെ ഇത്തരം സിനിമ പൊതുസമൂഹത്തില്‍ സാംസ്കാരിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. സിനിമകള്‍ സ്വാധീനിക്കപ്പെടുന്നു എന്നത് വിസ്മരിക്കരുത്. സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്കാരികോല്‍പ്പന്നം കൂടിയാണ്. സിനിമയുടെ ചിത്രീകരണം, സ്വഭാവം, വര്‍ണ സൂചനകള്‍, പശ്ചാത്തലസംഗീതം, ഭാഷ, താരനിര്‍ണയം തുടങ്ങി സിനിമയെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലെല്ലാം സംസ്കാരം പ്രതിഫലിക്കുന്നുണ്ട്.

അതിനാല്‍ സാംസ്കാരിക വ്യവഹാരങ്ങളെ പരിഗണിച്ചു കൊണ്ടുമാത്രമേ സിനിമയെ വിലയിരുത്താനാകൂ. സഭ്യമേത് സഭ്യേതരമേത് എന്ന വരമ്പുകള്‍ നിര്‍ണയിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ചും കുടുംബസമേതം ഒടിടിയില്‍ ചിത്രം കാണേണ്ടിവരുമ്പോള്‍.

അധമമെന്ന് മുദ്ര കുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങള്‍ക്ക് പ്രയോഗസാധുത ലഭിക്കുംവിധം അവയെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് അക്ഷന്തവ്യമായ അപരാധമാണ്. ചുരുളി ഒരു സാംസ്കാരിക ചുഴിയാണ് സൃഷ്ടിക്കുന്നത്. അത് പൊതുസമൂഹത്തെ മലിനമാക്കുന്നു. വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയാണിവിടെ.

'ധിക്കാരിയുടെ കാതല്‍' എന്ന പുസ്തകത്തിലെ "രാഷ്ട്രീയ പ്രവര്‍ത്തനവും ആഭാസസാഹിത്യവും" എന്ന പ്രബന്ധത്തില്‍ സി.ജെ.തോമസ് എഴുതി; "അശക്തി ബോധത്തിന്‍റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയല്‍". തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. ഭാഷാപ്രയോഗങ്ങള്‍ തെറിയായി മാറുന്നത് അശക്തിബോധത്തില്‍ നിന്നാണെന്ന് ആറ് പതിറ്റാണ്ട് മുന്‍പ് സി.ജെ.തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്.

ഗ്രാമ്യഭാഷ, നാടന്‍ശൈലി, വാമൊഴിവഴക്കം, വന്യസാഹചര്യഭാഷ എന്നൊക്കെപറഞ്ഞ് ഇത്തരം ആഭാസങ്ങളെ ന്യായീകരിക്കരുത്. മര്യാദയും ആദരവുമില്ലാത്ത ഈ അധമഭാഷണങ്ങള്‍ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. കേരളീയ സംസ്കാരത്തിന്‍റെ മരണമണിയാണ് ഇവിടെ മുഴങ്ങുന്നത്.

ദ്വയാര്‍ത്ഥ പ്രയോഗവും വിടുവായത്തവും അശ്ലീലവും ആഭാസത്തരങ്ങളും തെറിയും ഒരു കലയില്‍ പ്രയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകളുണ്ടാകണം. 'സംസ്കാരം' എന്ന വാക്കിനര്‍ത്ഥം 'അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. പൊതുസമൂഹത്തെക്കുറിച്ചുള്ള ഒരു കരുതല്‍ ഇതിന്‍റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോയിട്ടുണ്ട്. ഓര്‍ക്കുക; കരുതലാണ്

സംസ്കാരം. (8075789768)

(ഹൈക്കോടതി അഭിഭാഷകനും ട്രെയ്നറുമാണ് ലേഖകന്‍)

Advertisment