Advertisment

'ഭൂമി പിളരും പോലെ'; ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടി... (പുസ്തക നിരൂപണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഥ കേള്‍ക്കുവാനുള്ള മനുഷ്യവാസനയെ അറിവിന്‍റെ വളര്‍ച്ചയ്ക്കും ചിന്തകളുടെ ഉന്നതിയ്ക്കും വഴിതിരിച്ചുകൊണ്ട് തുടക്കം കുറിച്ച കഥാസാഹിത്യം ആധുനികതയില്‍ എത്തുമ്പോള്‍ മനുഷ്യജീവിതങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടപ്പെട്ടു. പിന്നീട് ഉത്തരാധുനികതയോടെ കഥകള്‍ വ്യക്തിത്വങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി.

യുക്തിയ്ക്കുമപ്പുറം നിഴലിയ്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ വീക്ഷണങ്ങള്‍ പല കഥാപാത്രങ്ങളായ് പിറന്നു. അതില്‍ ഇഴപിരിക്കാന്‍ കഴിയാത്തവിധം മനുഷ്യജീവിതങ്ങളുടെ കാഴ്ചകള്‍ സമൂഹത്തിന്‍റെ നേര്‍ക്ക് ചോദ്യചിഹ്നമായി ഉയര്‍ന്നു.

അത്തരം വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നത്തെ പുതുകഥാസാഹിത്യത്തിന്‍റെ ഏടില്‍ ഒരു തൂവല്‍ എന്നപോലെ ഉയര്‍ത്തിക്കാട്ടുവാന്‍ കഴിയുന്ന ഒരു പുസ്തകമാണ് ടി.വി സജിത്ത് എഴുതി, കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരം.

ലളിതമായ ആഖ്യാനവും, മൂടുപടമില്ലാത്ത കഥാതന്തുവും, ആവര്‍ത്തനവിരസമല്ലാത്ത ഒരു വായനാനുഭവം നല്‍കും എന്നത് ഈ പുസ്തകത്തിന്‍റെ വേറിട്ട ഗുണം ആയിത്തന്നെ കരുതാം.

'നഗ്നമാതൃത്വ'ത്തില്‍ തുടങ്ങി 'അപ്സ് ആന്‍റ് ഡൗണ്‍സ്' വരെയുള്ള പതിനഞ്ച് കഥകളില്‍ ഓരോ

കഥാപാത്രങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്ഥതലങ്ങളെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്നു.

'നഗ്നമാതൃത്വം' എന്ന ആദ്യത്തെ കഥ, വായന പാതിയെത്തുമ്പോഴേക്കും വായനക്കാരനും കവളപ്പാറയില്‍ എത്തിക്കഴിയും. ആ മലമുകളിലെ ജീവിതങ്ങളുടെ ഇരുട്ടും, പെയ്തു തീരാത്ത ദുരിതങ്ങളും, വിലയില്ലാത്ത സ്നേഹവും, ജീവിക്കാനുള്ള വെപ്രാളവും എല്ലാം ഒരു ഉരുള്‍പൊട്ടലില്‍ അവസാനിക്കുമ്പോള്‍ വിങ്ങുന്ന പതിമൂന്നുകാരന്‍റെ കൂടെ വായനക്കാരനും ആ വനത്തില്‍ അലയും.

പിന്നീട് ആ പുസ്തകത്തിന്‍റെ താളുകളില്‍ നാം കഥയല്ല കാണുക, ജീവിതങ്ങള്‍ ആണ്. ഓരോ കഥാപാത്രവും ഏറെ പരിചിതരായി അനുഭവപ്പെടുന്നത് അത്രമാത്രം സമകാലികപ്രസക്തമായ എഴുത്തിന്‍റെ രീതി കൊണ്ടാവാം.

കഥ അവസാനിക്കുമ്പോള്‍ വായനക്കാരന്‍റെ ഉള്ളില്‍ വായനയുടെ അവശേഷിപ്പുകള്‍ തൃപ്തി നേടാതെ ആ കഥാപാത്രങ്ങളുടെ വൈകാരികതയിലൂടെ സഞ്ചരിക്കുവാന്‍ തോന്നുന്ന ഒരു മാന്ത്രികത കഥയുടെ രചനാരീതിയില്‍ കാണാം. വാരിവലിച്ചുള്ള വരികളോ വര്‍ണ്ണനകളോ ഇല്ലാതെ ചുരുക്കിയുള്ള ആഖ്യാനരീതി കഥാപാത്രങ്ങളെ കുറിച്ചു കൂടുതല്‍ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കും.

'എന്‍റെ മാത്രം ദേവമ്മ' എന്ന കഥയിലെ കഥാപാത്രത്തെ വളരെ ബാഹ്യമായി അവതരിപ്പിച്ചു എത്രയോ ആഴത്തില്‍ മനസ്സില്‍ വിങ്ങുന്ന നോവായി പടരാന്‍ ആ അവതരണരീതി കൊണ്ട് എഴുത്തുകാരന് സാധിച്ചു.

കണ്ണില്‍ നിന്നും അറിയാതെ രണ്ടു തുള്ളി വന്നത് തുടച്ചുകൊണ്ട് ദേവമ്മയുടെ ആ ദിനങ്ങളുടെ ഭീകരത മറക്കാന്‍ ശ്രമിക്കുമ്പോള്‍ 'ദേവമ്മ' എന്ന കഥാപാത്രം എത്ര ശക്തമായി വായനക്കാരെ സ്വാധീനിച്ചുകാണും എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.

പ്രകടിപ്പിക്കാതെ, അറിയാതെ പോകുന്ന സ്നേഹത്തിന്‍റെ നൊമ്പരങ്ങള്‍, 'നിന്‍റെ മാത്രം സിലി' എന്ന കഥയില്‍ തെളിയുന്നു. വളരെ നിസാരമായി നാം പറയുന്ന വാക്കുകള്‍ മറ്റൊരു ഹൃദയത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ എത്ര വലുതാണൈന്ന് നാം വൈകിമാത്രം തിരിച്ചറിയുന്ന നിമിഷങ്ങള്‍.

തിരിച്ചെടുക്കാന്‍ കഴിയാത്ത നഷ്ടങ്ങള്‍... എല്ലാം വളരെ സില്ലി എന്ന് പുറമേ ഉള്ളവര്‍ വിലകല്പിക്കുമ്പോള്‍ ജീവന്‍റെ നീര്‍കുമിളകള്‍ അണയുന്നത് മനസ്സില്‍ നിറയുന്ന കണ്ണീരിന്‍റെ നനവ് കൊണ്ടാവാം എന്ന് ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു.

തിരിച്ചറിയാതെ പോകുന്ന സ്ത്രീഹൃദയത്തിന്‍റെ പ്രതീകമാണ് 'സിലി' എന്ന കഥാപാത്രം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴേയ്ക്കും വിശേഷം ഉണ്ടോ എന്ന പതിവ് കുശലം ചോദിക്കുന്ന മലയാളീസമൂഹത്തിന്‍റെ ചിന്താഗതിയ്ക്കു നേരെ വിരല്‍ ചൂണ്ടുന്ന ഒരു കഥാതന്തുവാണ് 'കുഞ്ഞിക്കാല്‍ കാണാന്‍' എന്നതില്‍ ഉള്ളത്.

ദാമ്പത്യം ഗര്‍ഭധാരണത്തില്‍ നിന്നും കെട്ടുപ്പടുക്കേണ്ട ഒന്നല്ല എന്ന് പറയാതെ പറയുന്നു കഥാപാത്രങ്ങളായ ഗീതുവും വിമല്‍കുമാറും. ബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ മാറിമറിയുമ്പോള്‍ മനുഷ്യര്‍ ആസക്തികളില്‍ മുങ്ങുമ്പോള്‍ ഇവയുടെ നടുവില്‍ നിസ്സഹായനായിപോകുന്ന അവസ്ഥകള്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനിലൂടെ 'ഭൂമി പിളരുന്ന

പോലെ' എന്ന കഥയിലൂടെ കാണാം.

രാഷ്ട്രീയവും, മതവും, ജാതിചിന്തയും, മനുഷ്യരുടെ പകയും, ചതിയും എല്ലാം ഉള്‍പ്പെടുന്ന മറ്റുകഥകളില്‍ വരുന്ന ഓരോ കഥാപാത്രത്തിനും നമ്മള്‍ ചുറ്റും ജീവിതത്തില്‍ കാണുന്ന മുഖങ്ങളുടെ രൂപഭാവങ്ങല്‍ തോന്നും.

'അതേ ആക്ടിവാ' എന്ന കഥയും ശീര്‍ഷകം പോലെ തന്നെ രണ്ടു വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ജീവിതം ചില സന്ദര്‍ഭങ്ങളില്‍ വിചാരിക്കാത്ത തിരിച്ചറിവുകളിലൂടെ നമ്മ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥകളില്‍ എത്തിക്കുന്നു.

മതം, സ്വാതന്ത്ര്യം, സ്നേഹം, സ്വകാര്യത, എന്നീ വ്യക്തിഗതമായ കാര്യങ്ങളില്‍ സാമൂഹ്യ സദാചാര സങ്കല്‍പ്പങ്ങളില്‍ കുടുങ്ങി ശ്വാസം മുട്ടുന്നത് പിന്നീടുള്ള കഥകളില്‍ നിന്നും വായിച്ചെടുക്കാം. വളരെ നിഷ്പക്ഷമായി ഒരു എഴുത്തിലൂടെ ഇന്ന് പ്രസക്തമായ എല്ലാ വസ്തുതയും ഉള്‍പ്പെടുത്തിയുള്ള ആഖ്യാനം നല്ലൊരു വായനാനുഭവം നല്‍കുന്നു.

'വിദേശ അലാറം' എന്നതില്‍ എല്ലാ പ്രതീക്ഷകളും ഒരു നിമിഷത്തില്‍ സ്വപ്നം മാത്രമായി മാറ്റപ്പെടുമ്പോള്‍, വിധിയുടെ മുള്‍മുനയില്‍ പകച്ചു നില്‍ക്കുന്ന ആ കഥാപാത്രത്തിന്‍റെ കൂടെ വായനക്കാരനും കഥാന്തം ഇനി എന്ത് എന്ന ചിന്തയോടെ നില്‍ക്കും.

ശരിതെറ്റുകള്‍ കല്പിതങ്ങളായി മാത്രം മാറിമറിയുമ്പോള്‍, ഏതു ദുരന്തവും നിസ്സംഗനായി മാത്രം

നോക്കികാണുന്ന മനുഷ്യമനസ്സിന്‍റെയും അകം പൊള്ളയായ ബന്ധങ്ങളുടെ അര്‍ത്ഥശൂന്യത കലര്‍ന്ന ജീവിതങ്ങളുടെയും അംശം പ്രകടമായി വിലയിരുത്താന്‍ കഴിയുന്ന കഥകള്‍ ഈ പുസ്തകത്തിന്‍റെ പുതുമയാണ്.

ഇതിലെ ഏടുകള്‍ മറയുമ്പോള്‍ ഒരു കഥയില്‍ നിന്നും മറ്റൊരു കഥ വായിക്കുക എന്നതല്ല, വായനക്കാരെ ഓരോ കഥാപാത്രങ്ങളുടെ ലോകത്തിലൂടെ കരയിപ്പിച്ചും, ചിന്തിപ്പിച്ചും, അനുഭവിപ്പിച്ചും, ഒടുവില്‍ ചിരിപ്പിച്ചും നമ്മുടെ ഉള്ളില്‍ ഉള്ള പലവിധ വിചാരവികാരങ്ങളെ ഉണര്‍ത്തി ഒരു നല്ല വായനാനുഭവം നല്‍കുന്നു മാധ്യമപ്രവര്‍ത്തകനായ ടി.വി സജിത്തിന്‍റെ ഈ പ്രഥമ കഥാസമാഹാരം.

ഈ നവീകൃതബോധവും പുതിയ രൂപശില്പവും ഒരേ അകലത്തില്‍ സഞ്ചരിച്ചു കഥാസാഹിത്യത്തിന്‍റെ ഒരു പുതുമ സാധ്യമാക്കാന്‍ ഈ സമാഹാരത്തിന് കഴിഞ്ഞു എന്ന് കഥകള്‍ മുന്‍നിര്‍ത്തി അഭിപ്രായപ്പെടാവുന്നതാണ്.

'ടി.വി സജിത്തിന്‍റെ ഭൂമി പിളരും പോലെ എന്ന കഥാസമാഹാരം വായിക്കുമ്പോള്‍ നമുക്ക് അനുഭവവേദ്യമാകുന്നത് ഇതാണ് കഥ, ഇങ്ങനെയാവണം കഥ, ഇതാണ് യഥാര്‍ത്ഥ കഥാകാരന്‍' എന്ന സുകുമാരന്‍ പെരിയച്ചൂരിന്‍റെ വാക്കുകള്‍ ഭാവനയില്‍ പിറന്നതല്ല.

2021 ഏപ്രിലില്‍ ഒന്നാംപതിപ്പായി ഇറങ്ങി, വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഇപ്പോള്‍ നാലാം പതിപ്പിലെത്തി നില്‍ക്കുന്ന ഈ പുസ്തകം ഏറെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സൃഷ്ടി തന്നെയാണെന്ന് നിസ്സംശയം പറയാം. 2021 ലെ കുഞ്ചന്‍ നമ്പ്യാര്‍ കഥാ പുരസ്കാരം ലഭിച്ചതാണ് ഈ കൃതി. പ്രസാധകര്‍: കൈരളി ബുക്സ്, കണ്ണൂര്‍. മുഖവില: 140. കോപ്പികള്‍ക്ക്: 9847030405.

Advertisment