Advertisment

നനുത്ത ശബ്ദത്തിന്റെ നീലാകാശം... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാട്ടുകളോട് പ്രണയത്തിലായവർക്ക് ലതാ മങ്കേഷ്കർ എന്ന പ്രതിഭാസത്തിന്റെ അഭാവത്തെ എങ്ങനെയാണ്‌ ഉൾക്കൊള്ളാനാവുക... ലതയുടെ നേർത്ത ശബ്ദം സാന്ദ്രമാക്കാത്ത മനസുകൾ സംഗീതപ്രേമികൾക്കിടയിലുണ്ടാവില്ല. ലത, ആശ സഹോദരങ്ങൾക്കിടയിൽ ആലാപനത്തിൽ ഒരു മത്സരം തന്നെയുണ്ടായിരുന്നെന്നു പറയാം.

ലതയുടെ നേർത്ത നനുത്ത ശബ്ദവും ആശയുടെ തുറന്ന ശബ്ദവും തന്നിൽ സിനിമാ രംഗത്തു തന്നെ മത്സരമുണ്ടായിരുന്നു. 1948 ൽ ചുനരിയ എന്ന സിനിമയ്ക്കു വേണ്ടി രൂപപ്പെടുത്തിയ ഒരു ഗാനം ലതയ്ക്ക് നിഷേധിച്ച് ആശയ്ക്ക് സമ്മാനിക്കുമ്പോൾ ഹൻസ് രാജ് ബെഹ്‌ൽ എന്ന സംഗീതശില്പി ലതയുടെ നേർത്ത സ്വരമായിരുന്നു അതിന്‌ കാരണമായി ഉന്നയിച്ചത്.

എന്നാൽ, മറ്റു പല സംഗീത സംവിധായകരും ലതയുടെ നനുത്ത ശബ്ദത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. തങ്ങൾ അണിയിച്ചൊരുക്കുന്നതിനെ സ്വഭാവനക്കനുസരിച്ച് പാടി ഫലിപ്പിക്കുന്ന ഒരാളെയായിരുന്നു അവർക്കാവശ്യം. ഏതു നായികക്കും ശബ്ദം നല്കാവുന്ന ഒരു ഗായികയെ അവർ ലതയിൽ കണ്ടെത്തി.

പിന്നീടങ്ങോട്ട് പ്രണയത്തിലും വിരഹത്തിലും പിന്നണിയായി ലതയുടെ ശബ്ദമുണ്ടായിരുന്നു.

അഗർ മുഝ്സെ മൊഹബ്ബത് ഹെ

മുഝെ സബ് അപ്നെ ഗം ദേ ദൊ

എന്ന് ലത പാടിയപ്പോൾ പ്രണയപ്രവശരായി നനയാത്തവർ വളരെ വിരളമായിരിക്കും

ഇക് പ്യാർ ക നഗ്മാ ഹെ

മൗജോ കി രവാനി ഹെ

ഏറ്റു പാടാത്ത പാട്ടുപ്രേമികൾ ഉണ്ടാവില്ല.

തലമുറകൾ പിന്നിട്ടും വിരഹത്തിന്റെയും പ്രണയത്തിന്റെയും നനുത്ത ശബ്ദമായി ലതാ മങ്കേഷ്കർ എന്ന പ്രതിഭാസം നിലനില്ക്കുന്നതു കൊണ്ടു തന്നെയാണ്‌ അവർ വാനമ്പാടി എന്ന വിശേഷണം കൊണ്ട് അലംകൃതയാവുന്നത്.

ചെറുപ്പത്തിലേ അഭിനയവും പാട്ടുമായി വളർന്ന ഹേമ എന്ന പെൺകുട്ടിയെ ലതയാക്കി മാറ്റിയത് അവൾ അഭിനയിച്ച നാടകത്തിലെ കഥാപാത്രങ്ങളാണ്‌. അഛന്റെ നാടക ട്രൂപ്പു വഴിയാണ്‌ അവരുടെ ഉദയം.പതിമൂന്നാം വയസിൽ തന്നെ അഛൻ മരണപ്പെടുകയും ജീവിതഭാരം ചുമലിലേറ്റുകയും ചെയ്ത അവർ അന്ന് അനുഭവിച്ച പ്രയാസങ്ങളാവണം ജീവിതത്തിൽ കാർക്കശ്യങ്ങൾ പുലർത്താൻ പ്രേരണയായത്.

ആദ്യ കാലത്ത് സ്വരം മോശമാണെന്ന വിലയിരുത്തലിൽ ലതക്ക് നഷ്ടമായത് അനവധി അവസരങ്ങളാണ്‌. എന്നാൽ അതേ സ്വരമായിരുന്നു ജനമനസുകളിൽ ലതയെ പിടിച്ചിരുത്തിയത് എന്നത് വലിയ തമാശ.

ഉച്ചാരണത്തിന്റെ പേരിൽ ആദ്യ കാലത്ത് പഴി കേട്ട അവർ നിശ്ചയദാർഢ്യത്തോടെ ഹിന്ദി ഉർദു ഉച്ചാരണത്തെ കയ്യെത്തിപ്പിടിച്ചു. അതോടെ ഇന്ത്യൻ സിനിമാ പിന്നണിയുടെ ചരിത്രവും മാറ്റിയെഴുതപ്പെട്ടു.

പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള അവർ മലയാളത്തിൽ ഒരേയൊരു ഗാനം മാത്രമേ പാടിയിട്ടുള്ളൂ.കദളി കൺകദളി എന്ന ആ ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു.

ആ സംഗീത സ്വര ധാരയ്ക്കാണ്‌ ഇനിയൊരു തുറവിയില്ലാത്ത വിധം ഉറവ വറ്റിയിരിക്കുന്നത്.

പ്രണയം പെയ്യുന്ന ആ സ്വരം ഇനി പെയ്യില്ലെന്ന സത്യം സംഗീത പ്രേമികൾക്ക് വിശ്വസിക്കാൻ ഇനിയും സമയം വേണ്ടി വന്നേക്കും. വയലാർ എഴുതിയത് കടമെടുത്താൽ

‘കയ്യിൽ പിടയുമെന്നാത്മാവുമായ് വന്ന്

കണ്മുൻപിൽ നില്ക്കും തമോമയ രൂപമേ

എന്നെ ഞാൻ നല്കാം, എനിക്കു തിരിച്ചു നീ

എന്നു കൊണ്ടത്തരും ’ലതാജിയെ‘“

എന്നു ചോദിക്കാൻ വെമ്പുന്ന മനസുകൾ ഒരുപാട് കാണും. പ്രിയപ്പെട്ട ലതാജിക്ക് ആദരങ്ങൾ.

Advertisment