Advertisment

കേരളത്തില്‍ ആർക്കാണ് സൗഭാഗ്യം ? (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളം സൗഭാഗ്യത്തിന്റെ ഭാഗ്യപരീക്ഷണത്തിലാണ്. സമാധാനമായി, ആരോടും ശത്രുതയില്ലാതെ ജീവിക്കുന്നവനും ഇവിടെ ജീവിച്ചു പോകാന്‍ സൗഭാഗ്യം വേണമെന്നായിരിക്കുന്നു.

കെ-റയില്‍, ജലപാത, ആറുവരിപ്പാത തുടങ്ങി നവകേരള വികസനത്തിന്റെ നിഴലില്‍ തന്റെ വസ്തുവകകളും പരിസ്ഥിതികളും ഉള്‍പ്പെടുമോയെന്ന് ഭയന്ന് ആ സര്‍വേ കല്ലെല്ലാം വഴിമാറി പോകുന്നവരുടെ സൗഭാഗ്യത്തിലേക്കാണ് ഓരോ സാധാരണക്കാരനും കണ്ണുപായിക്കുന്നത്.

ഇതിനിടയിലാണ്, തൃക്കാക്കരയുടെ സൗഭാഗ്യ പരീക്ഷണം വന്നിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് വന്നാല്‍ ഇന്ധന വില വര്‍ധിപ്പിക്കാത്ത കേന്ദ്ര സര്‍ക്കാറിനെ പോലെ, ഉപതെരഞ്ഞെടുപ്പില്‍ കെ റയില്‍ക്കുറ്റി മരവിപ്പിച്ച സര്‍ക്കാര്‍, പക്ഷേ സാമാന്യമര്യാദയുടെ ഒരു സൗഭാഗ്യവും മുന്നോട്ടുവെക്കുന്നില്ല എന്നതിന്റെ മകുദോഹരണമാണ്, ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കാര്‍ക്ക് പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.

സത്യത്തില്‍, ഈ പ്രസ്താവനയിലൂടെ, പി ടി തോമസ് അപ്രതീക്ഷിതമായി മരിച്ചതിനെ സൗഭാഗ്യമായി കാണുന്ന മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്ന് സന്തോഷിക്കേണ്ട ഗതികേടിലായിരിക്കുകയാണ് ഹൃദയപക്ഷത്തിന്റെ വക്താക്കള്‍.

രാഷ്ട്രീയമുഖങ്ങളില്‍ എതിര്‍പക്ഷത്തുള്ളവരുടെ മരണം സൗഭാഗ്യമായി കണക്കാക്കുന്നത് മാനുഷിക മുഖമാണോയെന്ന് ചോദിക്കാന്‍ ധൈര്യമുള്ളവരാറുണ്ട്. കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിനില്‍ കയറാന്‍ പോവുകയായിരുന്ന വര്‍ത്തമാനം എഡിറ്റര്‍ വി കെ ആസഫലിക്ക് റയില്‍വേ പൊലീസില്‍ നിന്നുണ്ടായ ദുരനുഭവത്തിന് കാരണവും അനാവശ്യ തടയലിനെ ചോദ്യം ചെയ്തതാണത്രെ.

സര്‍ക്കാര്‍ അംഗീകൃത മാധ്യമപ്രവര്‍ത്തകന് പോലും നീതി ലഭിക്കാത്ത, ഈ കേരളത്തില്‍ യാതൊരു സൗഭാഗ്യവുമില്ലാത്ത സാധാരണക്കാരന്റെ ജീവിതം എത്രമാത്രം മഹത്തരമായിരിക്കും എന്നാലോചിക്കുന്നത് ഈയവസരത്തില്‍ നല്ലതായിരിക്കും.

ഹൃദയമിടിപ്പ് നോക്കാന്‍, നേരവും കാലവുമുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തുക തന്നെ ചെയ്യും. രാഷ്ട്രീയമായുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ സംഭവ ബഹുലമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങളെത്തുക, തെരഞ്ഞെടുപ്പ് വേളകളിലാണ്. എന്നാല്‍, രാഷ്ട്രീയ എതിരാളിയുടെ മരണം സൗഭാഗ്യമാണെന്ന് മനസ്സിലുണ്ടെങ്കിലും പരസ്യപ്രസ്താവന നടത്താറില്ല.

ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രധാന യോഗത്തിനിടെ തന്റെ ഓഫിസ് ജനാലക്കരികിലെത്തിയ മയിലിന് ഭക്ഷണം കൊടുത്ത കഥകള്‍ പരിഹാസ്യമാക്കുന്നത് പോലെയാണ്, വികസനത്തിന്റെ പേരില്‍ ആളുകളെ കുടിയിറക്കുന്നതിന് വേണ്ട എല്ലാ തന്ത്രങ്ങളും പയറ്റുന്ന മുഖ്യമന്ത്രി, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട്, അബദ്ധം തിരുത്താനുള്ള സൗഭാഗ്യ നിമിഷത്തെക്കുറിച്ച് സംസാരിക്കുന്നതും.

മതപരമായ ചേരിതിരിവുകള്‍ക്ക് ആക്കം കൂട്ടുന്ന സാമൂഹ്യവിരുദ്ധര്‍ക്കും അവര്‍ക്ക് ഓശാന പാടുന്ന രാഷ്ട്രീയ മുഖങ്ങള്‍ക്കുമെതിരേ, മുഖം നോക്കാതെ നടപടിയെടുക്കാന്‍ മടിക്കുന്ന സര്‍ക്കാറിന് കീഴിലെ ആഭ്യന്തര വകുപ്പ്, എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ കയ്യിലെ ബാഗില്‍ ബോംബുണ്ടെന്ന് തമാശ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നതും പത്താംക്ലാസിലെ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമര്‍ശിച്ച ഉസ്താദിനെ ലക്ഷ്യം വെക്കുന്നതിന് പകരം ആ സംഘടനയും ആ പ്രത്യേക മതക്കാരും മറുപടി പറയേണ്ടതാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍, മലപ്പുറത്തെ ഒരു സ്‌കൂളിലെ നിരവധി കുട്ടികളെ വര്‍ഷങ്ങളോളം ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകനെയും അദ്ദേഹത്തിനെതിരേയുള്ള പരാതികള്‍ പൂഴ്ത്തിയ സ്‌കൂളധികൃതര്‍ക്കുമെതിരേ നിശബ്ദത പാലിക്കുകയും ചെയ്യുമ്പോള്‍,  സാാാര്‍ ആരാണ് കേരളത്തില്‍ സൗഭാഗ്യം ചെയ്തവര്‍ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്.

തൃക്കാക്കരയിലെ പി ടിയെ നെഞ്ചേറ്റിയ ജനം അദ്ദേഹത്തിന്റെ പത്‌നിയെയോ, ഹൃദയ വിദഗ്ധനായ ഡോക്ടറെയാണോ തെരഞ്ഞെടുക്കുക എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. എന്നാല്‍, എല്ലാഭാഗത്ത് നിന്നും പരിശോധിക്കുമ്പോള്‍, സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസും സര്‍ക്കാറും പരാജയമാണെന്ന് പറയുന്നതില്‍ യാതൊരു ലജ്ജയുമില്ല.

ഇക്കാലയളവില്‍ കേരളം സാക്ഷിയായ നിരവധി സംഭവങ്ങള്‍ തന്നെ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവുന്ന കാര്യമാണ്. ബോധ്യങ്ങള്‍ കൊണ്ട് യുക്തിസഹമായി ജീവിക്കുന്നവരുടെ സൗഭാഗ്യമാവട്ടെ ഇന്നത്തെയും എന്നത്തെയും സായാഹ്നങ്ങള്‍ എന്ന് ആശംസിക്കുന്നു. ജയ്ഹിന്ദ്.

Advertisment