Advertisment

ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആവേശത്തിലായിരുന്നു. കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങള്‍ മാത്രമായപ്പോള്‍ മറ്റൊരു പ്രതിപക്ഷംകൂടി ഉയര്‍ന്നുവന്നു, ഗവര്‍ണര്‍ ! ഗവര്‍ണര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. പ്രതിപക്ഷം എവിടെ കോണ്‍ഗ്രസെ...

author-image
nidheesh kumar
New Update

publive-image

Advertisment

കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ ഭരണപക്ഷവും ഗവര്‍ണറും മാധ്യമങ്ങളും മാത്രമായി മാറിയോ? കേരളരാഷ്ട്രീയത്തിലെ പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ ആരാണ് എന്നു തുടങ്ങിയ സംശയങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു. ഒരു ചോദ്യം കൂടി ഈ സംശയങ്ങള്‍ക്കു പിന്നാലെ ഉയരുന്നു. ഇവിടെ എവിടെയാണ് കോണ്‍ഗ്രസ് ?

പ്രതിപക്ഷത്തിനു സംഭവിക്കുന്നത്

ഭാരത് ജോഡോ യാത്ര കന്യകുമാരിയില്‍ നിന്ന് ആരംഭിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ആവേശത്തിലായിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ യാത്ര നടത്തിയ 19 ദിവസവും ആ ആവേശം കാത്തുസുക്ഷിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. കോണ്‍ഗ്രസ് ഒത്തൊരുമയുള്ള സംഘമായി മാറിയെന്ന തോന്നല്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ക്കു തോന്നിയ നിമിഷം.

കേരളത്തിലും രാജ്യത്തും ശക്തമായ പ്രതിപക്ഷം വേണമെന്നാഗ്രഹിച്ചവര്‍ സന്തോഷിച്ചെങ്കില്‍ ആ സന്തോഷത്തിന് അല്‍പ്പായുസായിരുന്നു. കോണ്‍ഗ്രസ് പ്രസിന്റ് തെരഞ്ഞെടുപ്പുവന്നതോടെ കോണ്‍ഗ്രസിന്റെ 'ഒത്തൊരുമ' അവസാനിച്ചു.

ഹൈക്കമാന്‍ഡിനോട് കൂറുകാണിക്കാന്‍, പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ശശി തരൂര്‍ എന്ന ജനകീയ മുഖത്തെ താഴ്ത്തിക്കാണിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രമുഖര്‍ മുന്നിട്ടിറങ്ങിയതോടെ ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ യത്രയിലൂടെ കേരളത്തില്‍ ഉണ്ടാക്കിയെടുത്ത 'അല്‍പ്പം' ഇമേജ് കൂടി പോയിക്കിട്ടി. ഇലക്ഷന്‍ കഴിഞ്ഞു, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റായി, കേരളത്തിലെ കോണ്‍ഗ്രസ് തണുത്തുറഞ്ഞു.

ചിത്രത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസ്

കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങള്‍ മാത്രമായപ്പോള്‍ മറ്റൊരു പ്രതിപക്ഷംകൂടി ഉയര്‍ന്നുവന്നു, ഗവര്‍ണര്‍. സര്‍ക്കാരിന് ആദ്യം മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയ ഗവര്‍ണര്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചു തുടങ്ങിയതോടെ സര്‍ക്കാരിനു പിടിപ്പതു പണിയായി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും തെറ്റുകള്‍ സുക്ഷ്മമായി കണ്ടറിഞ്ഞ് രാഷ്ട്രീയക്കാരന്റെ ബുദ്ധിയോടെ കളിക്കുന്ന ഗവര്‍ണര്‍ പ്രതിപക്ഷത്തെ അപ്രസക്തരാക്കി. ഗവര്‍ണര്‍ ബി.ജെ.പി. സര്‍ക്കാരിന്റെ പ്രതിനിധിയാതുകൊണ്ട് യു.ഡി.എഫ്. മുന്നണിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല.

ലീഗിന്റെ ഇഷ്ടങ്ങള്‍ക്ക് വിലകൊടുക്കേണ്ടിവന്നതോടെ ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഐക്യം ഇല്ലാതായി. ഫലത്തില്‍ പ്രതിപക്ഷം നിശബ്ദമായി.

കണ്ണുര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിച്ചത് അഴിമതിയാണെന്നു വ്യക്തമായിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ല. പ്രതിപക്ഷം ഉപേക്ഷിച്ച അവസരമാണ് ഗവര്‍ണര്‍ ഉയര്‍ത്തി സ്വന്തമാക്കിയത്. സ്വര്‍ണ്ണക്കടത്തും ഗവര്‍ണര്‍ ആയുധമാക്കുന്നു.

തിരുവനന്തപുരം കോര്‍പ്പേറഷനിലെ നിയമനത്തിലെ സ്വജനപക്ഷപാതം ശക്തമായി ഗവര്‍ണര്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ നാവിന് ശക്തിയുണ്ടാകുന്നില്ല. മാധ്യമങ്ങളും ഗവര്‍ണറും മാത്രമാകുന്ന പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒരു പ്രതീക്ഷയും നല്‍കുന്നില്ല.. അന്തരീക്ഷത്തില്‍ ഒരു മുദ്രാവാക്യം മാത്രം നിശബദ്മായി ഉയരുന്നു.. എവിടെ... എവിടെ... കോണ്‍ഗ്രസെ...

കെ.എസ്.പി.

Advertisment