Advertisment

ഋഷിരാജ് സിംഗും ലഹരിമാഫിയാ വിചാരങ്ങളും...

author-image
nidheesh kumar
New Update

publive-image

Advertisment

സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നതിന്റെ തെളിവുകൾ അക്രമസംഭവങ്ങളായി മുമ്പെങ്ങുമില്ലാത്ത വിധം അരങ്ങേറുന്ന കാഴ്ചയോടെയാണ് 2022 ഡിസംബർ ആദ്യവാരം പോയത്. ചെറുപ്പക്കാർക്കിടയിലെ പ്രണയപ്പക തീർക്കലുകൾക്കും അക്രമവാസനകൾക്കും ഒക്കെ പിന്നിൽ മയക്കുമരുന്നിന്റെ ഭീബത്സരൂപം പതിയിരിപ്പുണ്ട്.

പതിമൂന്നുകാരിയെ ലഹരിമാഫിയ കാരിയറായി ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത കോഴിക്കോട് വടകരയിലെ അഴിയൂരിൽ നിന്ന് പുറത്തുവന്നതും ഇക്കഴിഞ്ഞ ആഴ്ച തന്നെ. ദിവസങ്ങൾക്കു മുമ്പാണ് വയനാട്ടിലെ മേപ്പാടി പോളി ടെക്നിക്കിൽ വെച്ച് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടരി അപർണ ഗൗരി ആക്രമിക്കപ്പെട്ടത്. ലഹരിക്കെതിരേയുള്ള സംഘടനാ ക്യാംപെയിനുകളിൽ മുന്നിൽ നിന്ന അപർണ്ണയ്ക്കെതിരേ പട്ടാപ്പകൾ നടന്ന അതി ക്രൂരമായ ഈ ആക്രമണത്തിനു പിന്നിൽ മേപ്പാടിയിലെ ട്രാബിയോക് എന്നു പേരായ ലഹരി മാഫിയാ ഘടകമാണ്.

ഒരു വർഷം മുമ്പ് കൊച്ചിയിൽ നിശാപാർട്ടി കഴിഞ്ഞു മടങ്ങിയ രണ്ടു യുവ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് മോഡലിങ്ങ് - സിനിമാ മേഖലയും അവരുടെ നിശാപാർട്ടികളും അതിലെ ലഹരി സാന്നിധ്യവും ചർച്ചയായത്. തുടർന്ന് അത് കോളജ് സ്കൂൾ ലെവലിലേക്ക് വേരാഴ്ത്തിയറങ്ങി എന്നു വേണം മനസ്സിലാക്കാൻ. ഇതെല്ലാം ലഹരിമാഫിയയുടെ പ്രാദേശിക ഘടകങ്ങളുടെ ഇടപാടാണെങ്കിൽ ദേശീയ അന്താഷ്ട്രതല ബന്ധങ്ങളിലാണ് ലഹരി മാഫിയ ഫണം വിടർത്തി നിൽക്കുന്നത്.

2022 ഫെബ് 7 ന് 1,160 കിലോഗ്രാം നിരോധിത 'കെറ്റാമൈൻ' മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ആറ് മ്യാൻമർ ജീവനക്കാരുമായി നിന്ന ഒരു കപ്പലിനെ ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജിഎസ്) 'രാജ് വീർ' പിടിച്ചെടുത്തിരുന്നു. ഒരു കിലോ വീതമുള്ള 1150 പാക്കറ്റുകളിലായാണ് കപ്പലിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

2021 ഏപ്രിലിൽ കോവിഡിനിടയിൽ, ഇന്ത്യൻ നാവികസേനയുടെ മറ്റൊരു റാപ്പിഡ് ഓപ്പറേഷനിൽ കൊച്ചി തീരത്തിന് 1200 നോട്ടിക്കൽ മൈൽ ദൂരത്തു വെച്ച് സംശയാസ്പദമായി നീങ്ങുകയായിരുന്ന വിദേശ മത്സ്യബന്ധന കപ്പലിൽ നിന്ന് 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായി പ്രതിരോധ വക്താവ് കൊച്ചിയിൽ അറിയിച്ചിരുന്നു.

പിടിക്കപ്പെട്ടതായിത്തന്നെ ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ... എങ്കിൽ പിടിക്കപ്പെടാതെ എത്രയധികം ?

അതിനിടയിൽ ഇതാ പുതിയ ചില കണക്കുകൾ വന്നിരിക്കുന്നു. കേരളത്തിലെ മൂന്നരക്കോടിയോളമുള്ള ജനസംഖ്യയിൽ നാല്പത് ലക്ഷത്തോളം പതിനെട്ടുവയസ്സിനു താഴെയുള്ള കുട്ടികളാണ്. നമ്മൾ വേറെ ആൾക്കാരെയൊന്നും നോക്കണ്ട ഈ നാൽപത് ലക്ഷം കുട്ടികളെ ടാർജറ്റ് ചെയ്താൽ മതി എന്നാണ് ഇപ്പോൾ ലഹരിമാഫിയക്കാർ തീരുമാനിച്ചിരിക്കുന്നത്. പറയുന്നത് മുൻ ഡിജിപി ഋഷിരാജ് സിംഗ് ആകുമ്പോൾ കാര്യം നിസ്സാരമല്ല. 2021 ജൂലൈ വരെ സംസ്ഥാന പൊലീസ് മേധാവി എന്ന ഉത്തരവാദ സ്ഥാനത്തിരുന്നയാൾ പറയുന്നത് വിശ്വസിക്കാതിരിക്കുന്നതെങ്ങനെ.

ഇവിടത്തെ കുടുംബങ്ങൾ ശരിയല്ല. സ്കൂളുകളും സ്കൂളുകളിലെ അധ്യാപക രക്ഷാകർതൃ സംഘടനകളുമൊക്കെ മറ്റ് അനാവശ്യ കാര്യങ്ങളിലാണ് താൽപര്യം എന്നിങ്ങനെ വലിയ വിമർശനവും അദ്ദേഹം ഉന്നയിച്ചു കാണുന്നു. ശരിയാണ് സർ. നല്ല അഭിമുഖം നല്ല എഡിറ്റിങ്. ലൈക്കുകൾ കമന്റുകൾ ഷെയറുകൾ.

ഇവിടത്തെ ഡിജിപി മുതൽ രാഷ്ട്രീയ നേതൃത്വം വരെ അറിയാതെയാണ് ലഹരിമാഫിയയും ഇതിന്റെ പുറകിൽ ഉള്ള ബുദ്ധികേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് എന്നു കരുതാൻ കഴിയുമോ സർ ? അങ്ങനെയാണെങ്കിൽ നിങ്ങളെക്കാൾ വലിയ ബുദ്ധികേന്ദ്രമല്ലേ അവർ ? നിങ്ങളവിടെ പരാജയമല്ലേ..

അങ്ങനെയാണെങ്കിൽ ഒരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭരണ സംവിധാനങ്ങൾ ഔദ്യോഗിക വൃന്ദങ്ങൾ സാങ്കേതിക സന്നാഹങ്ങൾ, പൊലീസ് സേനകൾ ഇതെല്ലാം എന്തിനാണ് നിങ്ങളുടെ കയ്യിൽ. അതൊന്നും അവരുടെ കയ്യിൽ ഇല്ലല്ലോ..

ലഹരിമാഫിയയെപ്പറ്റി ചോദിക്കുമ്പോൾ അതിനെപ്പറ്റി പറയണം സർ. അറിയാവുന്നത് തുറന്നു പറയണം.

അല്ലാതെ ലഹരി മാഫിയയെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതുമിതും കണക്കു നിരത്തി വന്നിരിക്കുന്നു. കണക്കെടുപ്പായിരുന്നോ ഇത്രയും കാലത്തെ പണി. ഇവിടത്തെ ജനങ്ങളേ ശരിയല്ലാത്ത പോലാണ് പറച്ചിലു മുഴുവൻ.

മയക്കുമരുന്നിലെ കാളകൂടം തന്നെയായ എംഡിഎംഎ പോലുള്ള പുതിയ ഇനങ്ങൾ മലേഷ്യ സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്ക വഴിയാണ് ചെന്നൈ ഹൈദരബാദ് ബാംഗ്ളൂർ കൊച്ചി മുതലായ ഇന്ത്യയിലെ വൻ നഗരങ്ങളിലേക്കും ഗ്രാമാന്തരങ്ങളിലേക്കും വരുന്നത്. അധികാരികൾക്കു മാത്രം ഇതൊന്നും അറിയാത്ത പോലെ.

പണവും സുഖകാംക്ഷയും ലക്ഷ്യമാക്കുന്ന ചെറുപ്പക്കാർ ആൺ പെൺ ഭേദമില്ലാതെ ഒരുമിച്ചിറങ്ങിയാണ് വിതരണം. മാഫിയ ഉണ്ടെന്ന് ഋഷിരാജ് സിംഗ് അടക്കമുള്ളവർ സമ്മതിക്കുന്നു. അപ്പോൾ വലവിരിക്കുന്ന വ്യാപക നെറ്റ് വർക്കുണ്ട്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ കേസുകൾ അതാണ് തെളിയിക്കുന്നത്.

വെറുതേ ഏതെങ്കിലും നെറ്റ് വർക്ക് സംഭവിക്കുമോ സർ ? അതിനു ലീഡർമാർ വേണ്ടേ ? ആ ഉന്നത ലീഡർമാർ അതാരൊക്കെയാണത് ? അവർക്ക് ഒത്താശ ചെയ്തു കൊണ്ട് ഭരണ നേതൃത്വരംഗങ്ങളിൽ, ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ആരൊക്കെ ? ആഗസ്റ്റ് 18 ന് കാക്കനാട്ടിലെ ഫ്ലാറ്റിൽ വെച്ച് മയക്കുമരുന്ന് പിടിച്ചപ്പോൾ പ്രതികളെ രക്ഷപെടുത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കുറച്ചു കാണിക്കാൻ വരെ എക്സൈസ് ഉദ്യോഗസ്ഥരിൽ ചിലർ ശ്രമിച്ചത് വിവാദമായില്ലേ സർ ? തൊണ്ടിയായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന മയക്കുമരുന്ന് എലി തിന്നു തീർത്തെന്ന് പൊലീസുകാർ കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ച സംഭവം വരെ ഇതിനിടെ വാർത്തകളായി വന്നില്ലേ ?

ലഹരികൾക്ക് ഗുഡ്‌ബൈ.. ജീവിതം തന്നെയാകുന്നു യഥാർത്ഥലഹരി എന്നതാണ് സർക്കാർ ബോധവൽകരണ പരിപാടികളുടെ ലൈൻ.

എന്താണ് സർ ജീവിതമെന്ന ലഹരി ? ആൺ കുട്ടിയും പെൺകുട്ടിയും വഴിയിലൂടെ കൈ കോർത്തു നടന്നാൽ ബീച്ച്, പാർക്ക് തുടങ്ങി ഏതെങ്കിലും പൊതുവിടത്ത് മാറിയിരുന്ന് സംസാരിച്ചാൽ അച്ഛനമ്മമാർ തൊട്ട് നാട്ടുകാർ വരെ സദാചാര ഗുണ്ടകളായി ചുറ്റും കൂടും.

ഇനി ഇതൊന്നും വേണ്ടാ, വൃശ്ചികമൊന്നിന്ന് മുങ്ങിക്കുളിച്ച് ഗുരുപാദം തൊട്ട് മാലയിട്ട് നാലു ശരണം വിളിച്ച് ശബരിമലയ്ക്കു പോകാമെന്നു വെച്ചാലോ അത് അന്ധവിശ്വാസവും യുക്തിഭംഗവും ആകും ആധുനിക കേരളത്തിൽ.

ഇതൊന്നുമല്ലെങ്കിൽ പിന്നെന്താണ് ജീവിതത്തെ ജീവിതവ്യമാക്കിത്തീർക്കുന്ന ആഘോഷമാക്കി മാറ്റുന്ന ജീവിതലഹരി ? ജീവിതം തന്നെയാണ് ലഹരി എന്നു താളം പറയുന്ന അധ്യാപകരും അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നില്ല എന്നു പറഞ്ഞ് പ്രസംഗം നിർത്തുന്നതായാണ് കാണുന്നത്. ആകപ്പാടെ വശപ്പിശകായ ദൈവത്തിന്റെ നാടിനെ രക്ഷിക്കാൻ സാക്ഷാൽ ദൈവം തന്നെ ഇറങ്ങേണ്ടി വരുമോ ?

Advertisment