Advertisment

പത്ത് വർഷം പ്രതിരോധ വകുപ്പ് കൈയ്യിലിരുന്നിട്ടും സ്വന്തം കുടുംബത്തിനുവേണ്ടി പോലും വഴിവിട്ട് ഒന്നും ചെയ്യാതിരുന്നപ്പോൾ ആന്റണിയുടെ മകനും മറുകണ്ടം ചാടി. അതാണ് അന്തോണിയുടെ പരിശുദ്ധി ! പക്ഷേ, ഇന്നേവരെ സഭയെ ചേർത്തുപിടിക്കാത്ത, പള്ളിയിൽപോലും പോകാത്ത അറയ്ക്കപ്പറമ്പിൽ അന്തോനിയുടെ മകൻ എങ്ങനെ നസ്രാണി വോട്ടുകൾ സ്വാധീനിക്കും. കണക്കുകൾ കൂട്ടുമ്പോഴും ഒരു ലോജിക്കൊക്കെ വേണ്ടേ .. ദാസാ - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

അത്യുന്നതനായ ഒരു നേതാവിന്റെ മകൻ എതിരാളികളുടെ പക്ഷത്തേക്ക് കൂറ് മാറിയപ്പോൾ ഏറ്റവും അധികം അക്കാര്യത്തിൽ ദുഃഖം രേഖപ്പെടുത്തിയതും എതിരാളികൾ തന്നെ എന്നതാണ് അനിൽ ആന്റണി വിഷയത്തിൽ കേരളമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം നല്ല കാലം വരുന്നു എന്നതിന്റെ സന്തോഷത്തിലാണ്. കെട്ടിയിറക്കുകാരും അനാവശ്യരായ ദൽഹി ലോബിക്കാരും പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോകുന്തോറും പാർട്ടി അത്രത്തോളം പ്രതാപത്തിലേക്ക് തിരിച്ചുവരും എന്നാണ് അവർ കരുതുന്നത്..


ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ പിസി അലക്‌സാണ്ടർ മുതൽ രാജീവ്ഗാന്ധിയുടെ കാലത്തെ ജോർജ്ജും സോണിയാ ഗാന്ധിയുടെ കെവി തോമസും ടോം വടക്കനും ശരത് പവാറിന്റെ പിസി ചാക്കോയും അതുപോലെയുള്ള തണ്ടുതുരപ്പന്മാരുടെ കളികളിൽ കോൺഗസ്സിന് കുറച്ചൊന്നുമല്ല ക്ഷീണം സംഭവിച്ചിരുന്നത്.


അവരെല്ലാം യൂറോപ്പ്യൻ ലോബികളുടെ കൂടെ കൂടിയും വിദേശ രാജ്യങ്ങളിലെ ഡീൽ മേക്കർമാരുടെ കൂടെ കൂടിയും കോൺഗ്രസ് എന്ന പാർട്ടിയുടെ ലേബൽ ഉപയോഗിച്ചുകൊണ്ട് അവരവരുടെ കാര്യസാധ്യങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും ഉപയോഗിച്ചുപോന്നു. പിന്നീട് ഭരണം ഇല്ലാതായപ്പോൾ പച്ചപ്പ് തേടിക്കൊണ്ട് മറുകണ്ടം ചാടുകയും ചെയ്തു.

ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട വസ്തുത, ആന്റണി എന്ന കോൺഗ്രസുകാരൻ ഈ വക ഡീലുകാർക്കു മുന്നിൽ തല വെച്ചുകൊടുത്തിട്ടില്ല എന്നതാണ്. അങ്ങനെ ആന്റണി ചെയ്തിരുന്നു എങ്കിൽ മകൻ ഇപ്പോൾ ആന്റണിയുടെ വാലാട്ടിയായി പിന്നാലെ ഉണ്ടാകുമായിരുന്നു.

publive-image


പത്തോളം വർഷം ഇന്ത്യയുടെ സുപ്രധാന മേഖലയായ പ്രതിരോധ വകുപ്പ് കൂടെ ഉണ്ടായിട്ടും ഒരു ശവപ്പെട്ടിയിലും ആണി അടിക്കുവാനോ ഒരു ശവപ്പെട്ടിയുടെ ആണി പറിക്കുവാനോ കൂട്ടുനിന്നില്ല എന്നതാണ് വസ്തുത. ആ ദേഷ്യമാണ് മകനിൽ വളർന്നു വന്നു ഇന്നിപ്പോൾ അപ്പന്റെ ശവപ്പെട്ടിയിൽ ആണിയടിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.


കടിഞ്ഞൂൽ സന്തതിയായി വളർന്ന അനിൽ നല്ലവണ്ണം ഇംഗ്ലീഷ് പഠിച്ചെടുത്തത് കൊണ്ട് അത്യാവശ്യം ലോക നേതാക്കന്മാരുടെ കൂടെയും ഡിപ്ലോമാറ്റുകളുടെ കൂടെയുമൊക്കെ സഹവർത്തിത്വം പുലർത്തുവാൻ സാധിച്ചു.

അപ്പൻ പ്രതിരോധമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യയൂട്ര സെക്യൂരിറ്റി പ്രോട്ടോകോൾ അനുസരിച്ചു ഡിപ്ലോമാറ്റുകളുടെ കൂടെയൊന്നും കറങ്ങി നടക്കുവാനോ അവരെ കാണുവാനോ സാധിക്കുമായിരുന്നില്ല. എല്ലാം എല്ലാവരും വീക്ഷിച്ചുകൊണ്ടിരിക്കും.

പഠിപ്പൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഭരണവും പോയി പ്രതിരോധവും പോയി ചണ്ടിയായപ്പോൾ സാധാരണ ന്യുജെൻ പിള്ളേരുടെ പോലെത്തന്നെ പച്ചപ്പുള്ളയിടത്തേക്ക് നീങ്ങി അല്ലെങ്കിൽ കൂറുമാറി, അത്രേയുള്ളൂ. പുതിയ രീതിയിൽ പറഞ്ഞാൽ ഒരു മിടുക്കൻ.

ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കടിഞ്ഞൂൽ പൊട്ടന്മാരെ മാത്രം കണ്ടെത്തി പ്രൊഫഷണൽ കോൺഗ്രസിന്റെ തലപ്പത്തേക്ക് നിശ്ചയിക്കുന്ന ശശി തരൂരിനാണ് ഇക്കാര്യത്തിൽ കിട്ടിയ ഏറ്റവും വലിയ ഷോക്ക് ട്രീറ്റ് മെന്റ്.

publive-image


ഈയൊരു പാഠം ഉൾക്കൊണ്ടെങ്കിലും തരൂർജി ആ പ്രൊഫഷണൽ കോൺഗ്രസ് എന്ന ഊള പരിപാടികൾ പിരിച്ചുവിട്ട് ശരിക്കും പണിയെടുക്കുന്ന കോൺഗ്രസുകാരെ കണ്ടെത്തി അവർക്ക് മാന്യമായ അംഗീകാരം നൽകിയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ എങ്കിലും അല്ലറ ചില്ലറ മാറ്റങ്ങൾ പ്രതീക്ഷിക്കാം .


സോഷ്യൽ മീഡിയ യുഗം ആരംഭിച്ചപ്പോൾ ആദ്യമായി സോഷ്യൽ മീഡിയയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് യുഡിഎഫ് അണികൾ ആയിരുന്നു. ഗൾഫിലെയും അമേരിക്കയിലെയും ആസ്ട്രേലിയയിലെയും യുകെയിലെയും ഒക്കെ കോൺഗ്രസ് ലീഗ് അണികൾ യുഡിഎഫിനായി അഹോരാത്രം പ്രയത്നിച്ചിരുന്നു.

പക്ഷെ അവരെയൊന്നും ആരും കണ്ടതായി നടിച്ചില്ല. അതിൽ ഒരു കാരണം അന്നൊന്നും ഒരു നേതാവിനും സോഷ്യൽ മീഡിയ എന്നത് അറിയില്ലായിരുന്നു. തരൂർജി മാത്രം ട്വിറ്ററുമായി കളിച്ചിരുന്നു. ട്വിറ്റർ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഒരു പ്ലാറ്റ് ഫോമായിരുന്നു.

കോൺഗ്രസിനുവേണ്ടി രാവും പകലും പോസ്റ്റർ ഉണ്ടാക്കിയും കമന്റുകൾ ഇട്ടും ഒക്കെ പണിയെടുത്തിരുന്ന സജുവിനെ പോലുള്ളവരെ ആർഎസ്എസ് വാട്സ് ആപ്പ് ഗ്രൂപ്പുകാർ പൊക്കിയെടുത്ത് തലച്ചോറിൽ ചാണകം തളിച്ചുകൊണ്ട് അവരുടെ പക്ഷത്തേക്ക് കൊണ്ടുപോയി.

സോഷ്യൽ മീഡിയ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന് മനസിലാക്കിയ പിണറായി വിജയൻ അതിനു പറ്റിയ എഴുത്തുകാരെയും തള്ളുകരെയും കണ്ടെത്തി പാർട്ടിയെ വളർത്തുവാൻ ഉപയോഗിച്ചു. ആളിൽ കുറവുള്ള ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് നേതാക്കളും സോഷ്യൽ മീഡിയയിൽ ശരിക്കും ചുണക്കുട്ടികളെ പ്രയോജനപ്പെടുത്തി.


കോൺഗ്രസുകാർക്ക് നേരം വെളുത്തു വന്നപ്പോഴേക്കും ആമയും മുയലും ഓടിയ പോലെയായി അവസ്ഥ. പോരാളിഷാജി കേരളത്തിന്റെ ഹീറോ ആയി വളർന്നു. എന്തിനധികം പറയുന്നു, എംഎം മണിയാശാനും ശിവൻകുട്ടിയുമൊക്കെ സോഷ്യൽ മീഡിയയിൽ ആറാടുകയാണ്.


യുഡിഎഫ് ഭാഗത്ത് പണ്ടേ മുതൽ ഒരു വിടി ബൽറാമും ഷൈനി രഞ്ജൻ മോളിയും രാഹുൽ മാങ്കൂട്ടവും, വീണ നായരും പോരാളി വാസുവും ഒക്കെ പോരാടുകയാണ്.

അങ്ങനെയുള്ള കൊമ്പെറ്റീഷൻ നടക്കുമ്പോഴാണ് ശശി തരൂർ പോലെയുള്ള ഒരു ബുദ്ധിമാൻ (ചാണക്യൻ എന്ന് പറയുവാൻ പറ്റില്ല) ഒരു മരപ്പൊട്ടനെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ഏൽപ്പിച്ചത്. അന്നേ പോരാളി വാസുമാർ ഇക്കാര്യത്തിന് എതിരായിരുന്നു. അവരത് പച്ചക്ക് പറയുകയും ചെയ്തിരുന്നു.

അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ പോലുള്ള നസ്രാണികളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തിലെ 25 ശതമാനം വരുന്ന ക്രിസ്ത്യൻ സമൂഹത്തെ ഒന്നടങ്കം വിലക്കുവാങ്ങാം എന്ന വ്യാമോഹം ബിജെപിക്ക് നഷ്ടപ്പെട്ടപ്പോൾ കണ്ടെത്തിയ ഒരു തുറുപ്പ് ചീട്ടാണ് അനിൽ ആന്റണി എന്നൊക്കെ പറയുന്നവരുണ്ട്.

publive-image


ഇന്നേവരെ സഭയെ ചേർത്തുപിടിക്കാത്ത, പള്ളിയിൽപോലും പോകാത്ത അറയ്ക്കപ്പറമ്പിൽ അന്തോനിയുടെ മകന് എങ്ങനെയാ സഹോദരാ നസ്രാണി സ്നേഹം ?  


പക്ഷെ ശത്രുക്കൾ പറയുന്ന ചാണകക്കുഴി എന്നത് അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതായിരുന്നു ഒരു ഔള കുട്ടിയും സുരേഷ് ഗോപിയും ഇപ്പോഴിതാ അനിൽ ആന്റണിയും. ബിജെപിക്ക് പാലക്കാട്ട് ലേശം ബോധമുള്ളവർ ഉണ്ടെങ്കിലും ബാക്കിയുള്ളവർ ഒക്കെ ഇങ്ങനെയായി പോയല്ലോ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

അതുപോലെ എന്തുകൊണ്ട് ഹൈക്കമാണ്ട് ശശിതരൂരിന്റെ കഴിവുകൾ കണ്ടില്ല എന്ന് ബഹളം വെക്കുന്ന കോൺഗ്രസുകാർക്കും, കോൺഗ്രസുകാരേക്കാൾ കൂടുതൽ എതിരാളികൾക്കും ഒരു കാര്യം മനസ്സിലാക്കാം. വെറുതെയല്ല നേതൃത്വം ശശി തരൂരിനെ മൂലക്കിരുത്തിയത്.


ഇതുപോലെയുള്ള കുറെ അനിലന്മാരെ പലയിടത്തും പുള്ളിക്കാരൻ കൈപിടിച്ചു ഉയർത്തിയിട്ടുണ്ട്. പ്രൊഫഷണൽ കോൺഗ്രസിന്റെ പേരിലും അല്ലാതെയും. അതൊക്കെ മനസ്സിലാക്കുവാനുള്ള ലേശം ബുദ്ധിയെങ്കിലും ഹൈക്കമാൻഡിന് ഉണ്ടെന്നു കരുതിക്കോളൂ.


എന്തായാലും ആന്റണിക്ക് ശരിക്കും ആശ്വസിക്കാം, അദ്ദേഹം ഡൽഹിയിൽ ആയിരിക്കുമ്പോൾ എന്തെങ്കിലും അഴിമതി ചെയ്യുകയോ അഴിമതിക്ക് കൂട്ട് നിൽക്കുകയോ ചെയ്തിരുന്നു എങ്കിൽ ഇങ്ങനെയൊരു മകൻ അച്ഛനെ തള്ളിപ്പറഞ്ഞുകൊണ്ട് പോകില്ലായിരുന്നു. ഇനിയുള്ള വാർത്താസമ്മേളനത്തിൽ ആന്റണിക്ക് ധൈര്യപൂർവം ഇക്കാര്യം ജനങ്ങളിൽ എത്തിക്കാം. അതിനദ്ദേഹം തയ്യാറാകണം എന്ന് മാത്രം.

അനിൽ ആന്റണി അടുത്ത തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കട്ടെയെന്ന് ചാലക്കുടിയൻ ദാസനും അബ്‌ദുള്ളക്കുട്ടി കാസർഗോട്ട് മത്സരിക്കട്ടെയെന്ന് ഉപ്പള വിജയനും

Advertisment