Advertisment

'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന് കേട്ടപ്പോൾ വിദ്യ കരുതിയത് വിദ്യയുടെ ധന സമ്പാദനത്തെകുറിച്ചാണ് ! ‘ന്നാലും എന്റെ വിദ്യേ .. ’ ! യൂണിവേഴ്‌സിറ്റി പരീക്ഷ മുതൽ പിഎസ്‌സി പരീക്ഷ വരെ വെറുതെ പഠിച്ചെഴുതുന്ന പൊട്ടന്മാരെക്കുറിച്ച് കേരളം ലജ്ജിക്കുന്ന കാലം വരും, അല്ലാ അത് വന്നു കഴിഞ്ഞിരിക്കുന്നു - ദാസനും വിജയനും എഴുതുന്നു !

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

‘വിദ്യാ .. ധനം സർവ്വധനാൽ പ്രധാനം ‘ എന്ന് അധ്യാപകർ പഠിപ്പിച്ചപ്പോൾ സഖാവ് വിദ്യ അക്കാര്യം അപ്പാടെ മനസ്സിൽ കയറ്റിക്കൊണ്ട് ധനമുണ്ടാക്കുവാൻ പുറപ്പെട്ടതിന്റെ ഭവിഷ്യത്തുകളാണ് ഇന്നിപ്പോൾ കേരളത്തിലെ സഖാക്കളും എസ്എഫ്ഐക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

‘ വിദ്യയെ അറിയാമോ .. ഞങ്ങടെ വിദ്യയെ അറിയാമോ ‘’ എന്ന് മുഹമ്മദലി സഖാവും എസ്എഫ്ഐ കുഞ്ഞുങ്ങളും പാടി നടക്കുമ്പോൾ എകെജി സെന്ററിലെ ഞെട്ടലിൽ നിന്നും ലേശം മോചനം നേടിയ ശ്രീമതി ടീച്ചർ ചോദിക്കുന്നു ‘ എന്നാലും എന്റെ വിദ്യേ .. ’ എന്ന്.

ഒരു കാര്യം കേരള ജനത മനസിലാക്കുക ;  മുഖ്യമന്ത്രിയെ കുറിച്ചും കേരളഭരഭരണത്തെക്കുറിച്ചും, വെളിയിൽ നിൽക്കുന്ന മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി മാറ്റി ഇട്ടുകൊണ്ടും, അവരെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ നിറച്ചുകൊണ്ടും, സഖാവ് കവിതകൾ ഏറെ ചെയ്തുകൊണ്ടും ഷോ കാണിച്ച ഒട്ടുമിക്കവരും ഒരു കേസിൽ അല്ലെങ്കിൽ മറ്റൊരു കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.


ശരിയായ സഖാവ് വിഷമങ്ങൾ ഉള്ളിൽ ഒതുക്കിക്കൊണ്ട് വിമർശനങ്ങൾ മനസ്സിനുള്ളിൽ സൂക്ഷിച്ചുകൊണ്ട് വളരെ അടങ്ങി ഒതുങ്ങി ജീവിക്കുന്നു . മറ്റുള്ളവർ സോഷ്യൽ മീഡിയയിൽ അങ്കം വെട്ടിയും നേതാക്കളെ സുഖിപ്പിച്ചും കണ്ണിൽ പൊടിയിട്ട് അഴിമതികളുമായി മുന്നേറുന്നു.


മഹാരാജാസ് കോളേജ്, തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജ് ഒക്കെ പണ്ടേ മുതൽക്കേ ദുരൂഹതകളുടെ കലവറയായ ക്യാംപസുകളാണ്. കേരളത്തിൽ ഉണ്ടായിട്ടുള്ള ഒട്ടുമിക്ക വിദ്യാർത്ഥി സമരങ്ങളും, സംഘട്ടനങ്ങളും, കൊലപാതകങ്ങളും ഉത്ഭവിച്ചിരിക്കുന്നത് ഈ കോളേജുകളിൽ നിന്നുമാണ്.

വിദ്യാർത്ഥികളുടെ വേഷത്തിൽ വിദ്യാർത്ഥികൾ അല്ലാത്തവരും വേഷം മാറി വിഹരിക്കുന്ന ക്യാംപസുകളാണ് ഇവയൊക്കെ എന്നത് അഭിമന്യുവിന്റെ ആത്മാവിന് നന്നായറിയാം.


മാർക്ക് തട്ടിപ്പുകൾ, പരീക്ഷ ക്രമക്കേടുകൾ, ജയിച്ചവർ തോൽക്കുന്ന വിദ്യകൾ, തോറ്റവർ ജയിക്കുന്ന വിദ്യകൾ, പരീക്ഷ പേപ്പർ കാണാത്തവർ റാങ്ക് നേടുന്ന വിദ്യകൾ എല്ലാം ഇവിടെ വളരെ തന്മയത്വത്തോടെ നടക്കുന്നു എന്നത്  എസ്എഫ്ഐ യുടെ സംസ്ഥാന നേതാവും ആർഷഭാരത സംസ്കാരത്തിന്റെ പ്രതീകവുമായ ആർഷോ സഖാക്കൾ ജനങ്ങളിൽ എത്തിച്ചിരിക്കുന്നു.


കേരളത്തിലെ എല്ലാ തുറകളിലും വർഗീയതയും, കെടുകാര്യസ്ഥതയും, അനർഹമായവരുടെ നിയമനങ്ങളും, അരങ്ങേറുന്നത് തലപ്പത്ത് ഇരിക്കുന്നവരുടെ അറിവോടെ തന്നെയാണ്.

കേരളത്തിലെ ഒട്ടുമിക്ക സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളും അന്വേഷിച്ചാൽ ഇക്കാര്യം വളരെ എളുപ്പത്തിൽ മനസിലാക്കാം. ഇക്കാര്യങ്ങൾ മാത്രം ജനങ്ങളിൽ എത്തിച്ചാൽ പ്രതിപക്ഷത്തിന് കേരളത്തിലെ എൺപത് ശതമാനം ചെറുപ്പക്കാരുടെയും ഉദ്യോഗാർത്ഥികളുടെയും പിന്തുണ അവർപോലും അറിയാതെ സ്വന്തമാക്കാം.

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ പേരിൽ ഇക്കഴിഞ്ഞ ഭരണത്തിൽ 2020 ആഗസ്ത് മാസാവസാനത്തിൽ തിരുവനന്തപുരത്തെ കാരക്കോണത്തിൽ ആത്മഹത്യാ ചെയ്ത ചെറുപ്പക്കാരന്റെ പേരിൽ യുവാക്കളിൽ പ്രതിക്ഷേധാഗ്നി ഉയർന്നിരുന്നു.


കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ കടം വാങ്ങിയും സ്വർണ്ണം പണയം വെച്ചും മക്കളെ നന്നായി പഠിപ്പിച്ചുകൊണ്ട് പിഎസ്‌സി റാങ്ക് ലിസ്റ്റും കാത്തിരിക്കുമ്പോൾ, തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മഹദ് വചനങ്ങളുമായി ചില മഹാന്മാർ കേരളത്തിലെ നിയമനങ്ങൾ ഒന്നടങ്കം വിഴുങ്ങുമ്പോൾ ദൈവ കോപമെന്നോണം പ്രളയങ്ങൾ ഇനിയും കേരളത്തെ വിഴുങ്ങാതിരുന്നാൽ മതിയായിരുന്നു.


സ്വജനപക്ഷപാതം കുറച്ചൊക്കെ ആകാമെങ്കിലും ഇപ്പോൾ കാണിക്കുന്നത് തെമ്മാടിത്തരമാണ്. ഇനിയും ഇക്കാര്യങ്ങൾ ഗൗനിക്കാതെ ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് ഫേസ്‌ബുക്ക് പ്രൊഫൈലുകൾ ഇട്ടാൽ ഇനിയും വിദ്യാമാരെയും അർഷോമാരെയും നാം അനുഭവിക്കേണ്ടി വരും .

അതിപ്പോൾ പാർട്ടിയിൽ ആയാലും മന്ത്രിസഭയിൽ ആയാലും തിരഞ്ഞെടുപ്പുകളിൽ ആയാലും ധാരാളം സീനിയോറിറ്റികളെ കാറ്റിൽ പറത്തി കൊണ്ടുതന്നെയാണ് എല്ലാ നിയമനങ്ങളും അരങ്ങേറുന്നത്. കാലാകാലങ്ങളായി തല്ലുകൊണ്ടും വെയിൽ കൊണ്ടും പോസ്റ്ററുകൾ ഒട്ടിച്ചും പ്രവർത്തിച്ചവന്റെ മേലെ സിനിമാക്കാരും അല്ലാത്തവരും പ്രതിഷ്ഠിക്കപ്പെടുന്നു.

സർക്കാർ കോൺട്രാക്റ്റുകളിൽ ബന്ധുക്കൾ കെട്ടിയിറക്കപ്പെടുന്നു. ബോർഡ് ചെയർമാന്മാരായി കൂട്ടുകാർ അവരോധിക്കപ്പെടുന്നു. മന്ത്രിമാരായിപ്പോലും അനർഹർ കയറികൂടുമ്പോൾ പൊതുജനം എന്നും കഴുകളായി വാട്സാപ്പ് ഗ്രൂപ്പുകളിൽ തെറിവിളികളുമായി പരസ്പരം പോരടിക്കുന്നു. അല്ലാത്തവരുടെ ജീവിതം എന്നും അടിമകളായി തന്നെ.

എന്നാലും എന്റെ വിദ്യ മോളെ എന്ന വിളിയുമായി മിസിസ് ദാസനും

അർഷോം ആർപ്പോ ആർഷോ ആർപ്പോ വിളികളുമായി സഖാവ് വിജയനും

Advertisment