Advertisment

36 വ‌ർഷത്തിനു ശേഷം ലോകകപ്പിലേക്കുള്ള വരവ്. ആരും തങ്ങളെ എഴുതിത്തള്ളേണ്ടെന്ന് ശക്തമായ സൂചന നൽകി ബെൽജിയത്തെ വിറപ്പിച്ച് പൊരുതി കീഴടങ്ങി കാനഡ. പെനാൽറ്റി ഗോളാക്കിയെങ്കിൽ യൂറോപ്പിലെ കരുത്തരും കപ്പിലെ കറുത്ത കുതിരകളുമായ ബെൽജിയത്തെ സമനിലയിൽ പിടിച്ചേനേ. അട്ടിമറിയുടെ മണം പരത്തിയ കനേഡിയൽ കാൽപ്പന്തുകളിയുടെ പെരുമ ലോകമാകെ ചർച്ചാവിഷയം. ബെൽജിയത്തെ ശരിക്കും വിറപ്പിച്ച കാനഡയുടെ കളിവിശേഷങ്ങളിലൂടെ

author-image
nidheesh kumar
New Update

publive-image

Advertisment

ദോഹ: അർജന്റീന അവസാനമായി കിരീടമുയർത്തിയ 1986ലെ ലോകകപ്പിലാണ് കാനഡ ആദ്യമായി കളിച്ചത്. പിന്നീട് ലോകവേദിയിലെത്തുന്നത് ഇപ്പോഴും. പക്ഷേ ആ പരിചയക്കുറവിന്റെ പേരിൽ ആരും തങ്ങളെ എഴുതിത്തള്ളേണ്ടെന്ന് ശക്തമായ സൂചന നൽകിയാണ് കഴിഞ്ഞ രാത്രി കനേഡിയൻ ടീം അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്.

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ യൂറോപ്പിലെ കരുത്തരും കപ്പിലെ കറുത്ത കുതിരകളുമായ ബെൽജിയത്തിനോട് പൊരുതിക്കീഴടങ്ങുകയായിരുന്നു കാനഡക്കാർ. ഒരു പക്ഷേ തങ്ങൾക്ക് കിട്ടിയ ഒരു പെനാൽറ്റി ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. മറുവശത്ത് ആദ്യ പകുതിയിൽ മിച്ചി ബാത്ഷുവായ് നേടിയ ഏക ഗോളിനപ്പുറത്തേക്ക് പോകാൻ ബെൽജിയത്തിന് കഴിഞ്ഞില്ല.

തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ബെൽജിയം ആദ്യ മത്സരത്തിൽ വിജയിക്കുന്നത്. ലോകകപ്പുകളിൽ കളിച്ച നാലുമത്സരങ്ങളിലും ഗോളടിക്കാതെ തോൽവി വഴങ്ങേണ്ടിവന്ന ടീമാണ് കാനഡ. 2014 ന് ശേഷം നടന്ന ലോകകപ്പ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ (13കളികളിൽ 11) വിജയം നേടിയ ടീമാണ് ബെൽജിയം. ആ ബെൽജിയത്തെയാണ് കനേഡിയൻ പോരാളികൾ വിറപ്പിച്ചത്.

മുന്നേറ്റനിരയിലെ സൂപ്പർസ്റ്റാർ റൊമേലു ലുക്കാക്കു ഇല്ലാതെ ഇറങ്ങിയ ബെൽജിയത്തെ ഞെട്ടിക്കുന്ന രീതിയിലാണ് കാനഡ കളിതുടങ്ങിയത്. മറ്റൊരു അട്ടിമറിയുടെ മണം പരത്തി അവർ മുന്നേറിയപ്പോൾ ബെൽജിയൻ മധ്യനിരയിലെ സൂത്രധാരൻ കെവിൻ ഡി ബ്രുയാന് ആദ്യത്തെ പതിനഞ്ചുമിനിട്ടോളം നേരേചൊവ്വേ പന്തുകിട്ടിയതുപോലുമില്ല.

ടയോൺ ബുക്കാനൻ, അൽഫോൺസോ ഡേവിസ്, ജൊനാഥൻ ഡേവിഡ് എന്നിവരിലൂടെയാണ് കാനഡ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചത്. ഗോൾ കീപ്പർ തിബോ കൗട്വോ അവസരത്തിനൊത്തുയർന്നതാണ് ബെൽജിയത്തിന് തുണയായത്. പത്താം മിനിട്ടിൽ ബോക്സിനുള്ളിലെ കരാസ്കോയുടെ ഹാൻഡ്ബാൾ ഫൗളിനാണ് റഫറി പെനാൽറ്റി വിധിച്ചത്.

എന്നാൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ കുറിക്കാനുള്ള അവസരം കോട്വോയുടെ മനസാന്നിദ്ധ്യത്തിന് മുന്നിൽ അൻഫോൺസോ ഡേവിസ് മറന്നുവച്ചു. ഡേവിസിന്റെ ദുർബലമായ കിക്ക് കോട്വോ ഈസിയായി തട്ടിയകറ്റുകയായിരുന്നു.

തുടർന്നും കാനഡ ശ്രമങ്ങൾ നടത്തിയപ്പോൾ ബെൽജിയവും ഒപ്പത്തിനൊപ്പം പൊരുതിയും ചെറുത്തും നിന്നു. 44-ാം മിനിട്ടിൽ ബാത്ഷുവായിയിലൂടെ ബെൽജിയം അക്കൗണ്ട് തുറന്നു. ടോബി അൾഡെർവൈൽഡിന്റെ പാസിൽ നിന്നാണ് ബാത്ഷുവായി സ്കോർ ചെയ്‌തത്.

രണ്ടാം പകുതിയിലും ബെൽജിയത്തെ ശരിക്കും വിറപ്പിക്കാൻ കാനഡയ്ക്കായി. ബുക്കാനനും, ഡേവിസും, ഡേവിഡും ജൂനിയർ ഹോയ്‌ലെറ്റും തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നായേനേ.മറുവശത്ത് ബെൽജിയത്തിനും തങ്ങൾക്ക് കിട്ടിയ ചാൻസുകൾ ഗോളാക്കിമാറ്റാനായില്ല.

ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ ബെൽജിയം പോയിന്റ് പട്ടികയിൽ ഒന്നാമതായി.ക്രൊയേഷ്യയും മൊറോക്കോയും ഓരോ പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഞായറാഴ്ച ബെൽജിയം മൊറോക്കോയെയും കാനഡ ക്രൊയേഷ്യയെയും നേരിടും.

Advertisment