Advertisment

"കഥാ" വശേഷൻ... അമ്പാടി ബാലകൃഷ്ണൻ്റെ നോവൽ മരണാനന്തരം പ്രകാശനം ചെയ്യുന്നു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: ഷൊര്‍ണ്ണൂര്‍ റെയില്‍വേ നിലയത്തെ കസവണിയിച്ചുകൊണ്ട് ഭാരതപ്പുഴ പതഞ്ഞൊഴുകി... കച്ചയ്ക്കു കര നെയ്ത് റെയില്‍പ്പാലം. ഉണക്കാന്‍ വിരിച്ച കച്ചയില്‍ ചിലന്തി കെട്ടിയ വലപോലെ വിശാലമായ റെയില്‍വേ യാര്‍ഡ്.

വലയില്‍ കുടുങ്ങിയ ശലഭങ്ങള്‍ പോലെ അങ്ങിങ്ങായി അനങ്ങാതെ കിടക്കുന്ന വണ്ടികള്‍. വലയില്‍ കുരുങ്ങാതെ നിരങ്ങിനീങ്ങിക്കൊണ്ടിരിക്കുന്ന തീവണ്ടിപ്പെരുപ്പാമ്പുകള്‍... റെയിൽവേ സ്റ്റേഷനെപ്പോലും അക്ഷരമാല്യം കൊണ്ട് അലംകൃതമാക്കുകയാണ് അമ്പാടി ബാലകൃഷ്‌ണൻ.

കഥാകാരന്‍ കഥാവശേഷനായെങ്കിലും കഥയുടെ അക്ഷരങ്ങള്‍ക്കുമേല്‍ അച്ചടിമഷി പുരണ്ടു; ''കരിമഷിക്കോലങ്ങള്‍'' നാളെ പ്രകാശിതമാവുകയാണ്. പ്രമുഖ സാഹിത്യകാരന്‍ അമ്പാടി ബാലകൃഷ്ണന്‍ അന്തരിച്ചിട്ട് നാലുമാസം തികയുന്ന നാളെ (29.05) അദ്ദേഹം അവസാനം എഴുതിയ ആത്മകഥാ സ്പര്‍ശമുള്ള നോവൽ കരിമഷിക്കോലങ്ങളുടെ പ്രകാശനമാണ് ഏഴാച്ചേരി നാഷണല്‍ ലൈബ്രറി ഹാളില്‍ നടക്കുന്നത്.

നീണ്ട 30 വര്‍ഷത്തോളം സതേണ്‍ റെയില്‍വേയില്‍ വിവിധ ചുമതലകള്‍ വഹിച്ച എ.ജി. ബാലകൃഷ്ണന്‍ നായര്‍ എന്ന അമ്പാടി ബാലകൃഷ്ണന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായാണ് വിരമിച്ചത്. റെയില്‍വേയില്‍ ജോലിയില്‍ ഇരിക്കത്തന്നെ നാടകങ്ങള്‍, നോവല്‍, യാത്രാവിവരണം, ആരോഗ്യശാസ്ത്രം തുടങ്ങിയ മേഖലകളിലായി പത്തോളം പുസ്തകങ്ങളും 200 ഓളം ചെറുകഥകളും എഴുതിയിട്ടുള്ള അമ്പാടി ബാലകൃഷ്ണന്‍ 1980-85 കാലഘട്ടത്തില്‍ ആകാശവാണിക്കായുള്ള നാടക രചനയിലും സജീവമായിരുന്നു.

റെയില്‍വേ ജീവിതാനുഭവങ്ങള്‍ തീവണ്ടി ബോഗിപോലെ കോര്‍ത്തുകെട്ടിയ 27 അദ്ധ്യായങ്ങള്‍ ചേര്‍ന്നതാണ് കരിമഷിക്കോലങ്ങള്‍ എന്ന നോവൽ . ഒടുവില്‍ എഴുതിയ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്ന ആഗ്രഹം ബാക്കിനില്‍ക്കെയാണ് അസുഖം ബാധിച്ച അമ്പാടി ബാലകൃഷ്ണന്‍ ഇഹലോകവാസം വെടിഞ്ഞത്.

തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബാലകൃഷ്ണൻ വായിച്ചു വളര്‍ന്ന ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയുടെ ഇപ്പോഴത്തെ ഭാരവാഹികളും ചേര്‍ന്ന് കരിമഷിക്കോലങ്ങള്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴാച്ചേരി അമ്പാട്ട് ഗോവിന്ദന്‍ നായര്‍ - കല്യാണിയമ്മ ദമ്പതികളുടെ മകനായി പിറന്ന അമ്പാടി ബാലകൃഷ്ണന്‍ അന്ത്യാളം, ഏഴാച്ചേരി, രാമപുരം, പാലാ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്കായാണ് ഔദ്യഗിക ജീവിതം ആരംഭിച്ചത്. പിന്നീട് റെയില്‍വേയിലേക്ക് മാറി.

1995-ല്‍ വിരമിച്ച ശേഷം നാഗാലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രകൃതി ചികിത്സാ ശാസ്ത്രത്തില്‍ പി.ജി. നേടിയ അമ്പാടി ബാലകൃഷ്ണന്‍ ദീര്‍ഘകാലം പ്രകൃതി ചികിത്സയിലും യോഗയിലും അദ്ധ്യാപകനും ചികിത്സകനുമായി സേവനം അനുഷ്ഠിച്ചിരുന്നു. പരേതയായ രത്‌നാഭായി ആണ് ഭാര്യ. അംബിക, മിനി, മായ എന്നിവരാണ് മക്കള്‍.

അമ്പാടി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങളും ഏഴാച്ചേരി നാഷണല്‍ ലൈബ്രറിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്‌കാര സമര്‍പ്പണവും നാളെ നടക്കും. അമ്പാടി ബാലകൃഷ്ണന്‍ സ്മാരക പ്രഥമ സാഹിത്യ പുരസ്‌കാരം കുറിച്ചിത്താനം എസ്.പി. നമ്പൂതിരിക്കാണ് ലഭിച്ചിട്ടുള്ളത്.

മാണി സി. കാപ്പന്‍ എം.എല്‍.എ. പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. ത്രിപുര മുന്‍ ഐ.ജി. എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്. കരിമഷിക്കോലങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കം. സാഹിത്യകാരന്‍ രവി പുലിയന്നൂര്‍ അമ്പാടി ബാലകൃഷ്ണന്‍ അനുസ്മരണാ പ്രഭാഷണം നടത്തും. നാഷണല്‍ ലൈബ്രറി പ്രസിഡന്റ് ആര്‍. സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.

Advertisment