Advertisment

വി.എസ് പിളര്‍ത്താന്‍ തീരുമാനിച്ചു ! എന്‍.എന്‍ കൃഷ്ണദാസ് പുതിയ പാര്‍ട്ടിക്ക് ഭരണഘടന എഴുതി. 4 ജില്ലാ കമ്മിറ്റികളും 6 എംപി മാരും വിഎസിനൊപ്പം. പിണറായി സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നുപോയി. കോടിയേരി രാത്രി കണ്ടോന്മെന്റ് ഹൌസിലെത്തി വി എസുമായി സംസാരിച്ചതോടെ തിരക്കഥ മാറി. അതെ, സിപിഎമ്മിൽ കോടിയേരിയുടെ റോൾ അത്ര വലുതായിരുന്നു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കോടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

2006 ലാണ് സംഭവം. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും കൊമ്പുകോര്‍ത്ത കാലം. പിണറായി പാര്‍ട്ടി സെക്രട്ടറി. വി.എസ് പ്രതിപക്ഷ നേതാവ്. 82 കാരനായ വി.എസിന് പാര്‍ട്ടി നിയമസഭയിലേക്കു മല്‍സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചു. ഇതിനകം പാര്‍ട്ടി സംസ്ഥാന കമ്മറ്റി പിടിച്ചെടുത്ത പിണറായി മുഖ്യമന്ത്രിയാകുമെന്നതായിരുന്നു അവസ്ഥ.

മാധ്യമങ്ങള്‍ വി.എസിനുവേണ്ടി പടപൊരുതി. പലയിടങ്ങളിലും വി.എസിനു വേണ്ടി മുറവിളികൂട്ടിയുള്ള പ്രകടനങ്ങള്‍ നടന്നു. വി.എസിന്‍റെ ഔദ്യോഗിക വസതിയായ കണ്‍ടോണ്‍മെന്‍റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ചരടുവലികള്‍. പാളയത്തും പലയിടങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍.


വി.എസ് പക്ഷം പാര്‍ട്ടി പിളര്‍ത്താന്‍ തീരുമാനിച്ചു. എന്‍.എന്‍. കൃഷ്ണദാസ് പുതിയ പാര്‍ട്ടിയുടെ ഭരണഘടന തയ്യാറാക്കി. കണ്ണൂരിലെ പല വന്‍ തോക്കുകളും അന്ന് വി.എസ് പക്ഷത്തായിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലാ കമ്മറ്റികള്‍ വി.എസിനൊപ്പം. 6 എം.പിമാര്‍ വി.എസിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.


സെക്രട്ടറി പിണറായി വിജയന്‍ സ്തബ്ധനായി. കേന്ദ്ര നേതൃത്വം തരിച്ചിരുന്നു പോയി. എന്തുചെയ്യും ? രക്ഷക്കായിറങ്ങിയത് കൊടിയേരി. അദ്ദേഹം നേരെ രാത്രി കണ്‍ടോണ്‍മെന്‍റ് ഹൗസിലെത്തി. അടുത്ത ദിവസത്തെ പുതിയ പാര്‍ട്ടി പ്രഖ്യാപനം മാറ്റി വയ്പിച്ചു. വി.എസിനെ മല്‍സരിപ്പിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും കൊടിയേരിയാണുറപ്പു നല്‍കിയത്. പിണറായി അക്കുറി മല്‍സരിക്കരുതെന്ന നിബന്ധന വി.എസ് മുന്നോട്ടുവച്ചു. അതും അംഗീകരിച്ച ശേഷമാണ് കൊടിയേരി പടിയിറങ്ങിയത്.

ഈ നിബന്ധനകള്‍ പിണറായിയെക്കൊണ്ട് അംഗീകരിപ്പിക്കാനാവുമോ എന്ന് പലര്‍ക്കും സംശയമായിരുന്നു. കേന്ദ്രത്തില്‍ യെച്ചൂരി വി.എസിനൊപ്പം നിന്നു. വൃന്ദ കാരാട്ടിന്‍റെ പിന്തുണ വി.എസിനായിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ട് പിണറായി പക്ഷത്തായിരുന്നു.

publive-image

പിളര്‍പ്പൊഴിവാക്കാന്‍ വേറെ മാര്‍ഗമില്ലന്ന അവസ്ഥ പിണറായിയെ ബോധ്യപ്പെടുത്തി. പിണറായി മല്‍സര രംഗത്തുനിന്നു പിന്‍മാറി. വി.എസ് നിന്നു, ജയിച്ചു, മുഖ്യമന്ത്രിയായി. വി.എസ് കൊടിയേരിയെ ആഭ്യന്തര മന്ത്രിയുമാക്കി. അതില്‍ പിണറായിക്കു നിര്‍ണായക പങ്കുണ്ടായിരുന്നു.


2011 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം പ്രതിപക്ഷത്തായി. വി.എസ് പ്രതിപക്ഷ നേതാവും കൊടിയേരി ഉപനേതാവുമായി. മൂന്നു ടേം പൂര്‍ത്തിയാക്കിയതിന്‍റെ പേരില്‍ പിണറായി സ്ഥാനമൊഴിഞ്ഞ 2015 -ലെ സമ്മേളനത്തിലാണ് കൊടിയേരി സംസ്ഥാന സെക്രട്ടറിയായത്.


സാധാരണ കണ്ണൂര്‍ക്കാര്‍ സെക്രട്ടറിയായാല്‍ ആദ്യം പോവുക കണ്ണൂരിലേക്കാണ്. രക്തസാക്ഷികളെ ആദരിക്കാന്‍. പിന്നിട് ആലപ്പുഴക്കും. ആലപ്പുഴ സമ്മേളനത്തില്‍ അപമാനിതനായി നേരത്തേ തലസ്ഥാനത്തേക്കു മടങ്ങിയ വി.എസിനെ അനുനയിപ്പിക്കാന്‍ എത്തിയതും കൊടിയേരി.

publive-image

സെക്രട്ടറിയായ ശേഷം ആദ്യം തിരുവനന്തപുരത്തെത്തി വി.എസിനെ കണ്ടു. അതിനുശേഷമെ കണ്ണൂരേക്കു പോയുള്ളു.

പിണറായി സെക്രട്ടറിയായിരുന്നപ്പോള്‍ എല്‍.ഡി.എഫിനു രാഷട്രീയമായ ചില നഷ്ടങ്ങള്‍ ഉണ്ടായി. എം.പി വീരേന്ദ്രകുമാറിന്‍റെ ജനതാദള്‍ ആദ്യവും ആര്‍.എസ്.പി പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും (2014) എല്‍.‍ഡി.എഫ് വിട്ടു. ഇരു കൂട്ടരും ഒന്നാം പ്രതിയാക്കിയത് പിണറായിയെയാണ്. ഇതില്‍ ജനതാദളിനെ മടക്കിക്കൊണ്ടു വരാന്‍ കൊടിയേരിക്കു കഴിഞ്ഞു.


2021 -ലെ നിയമസഭാ തെര‍‍ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തേക്കു കൊണ്ടവന്നതും കൊടിയേരിയുടെ ചാണക്യ ബുദ്ധിയാണ്.


ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് - ബി ഇതിനകം ഇടതുപക്ഷത്തെത്തിയിരുന്നു. പിള്ളയുമായുള്ള വ്യക്തിബന്ധം കൊടിയേരി ഇതിനും ഉപയോഗിച്ചു.

1975 -ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പിള്ളയും ജയിലിലായി. പിണറായിയും കൊടിയേരിയുമൊക്കെ അന്ന് അകത്താണ്. പിള്ള മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായി. ഇന്ദിരാഗാന്ധി വിരട്ടിയപ്പോള്‍ പിള്ള ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസ് പക്ഷത്തേക്കു പോയി. പിള്ള മന്ത്രിയുമായി. ജയില്‍ മന്ത്രിയെന്ന നിലയില്‍ പിള്ള ജയിലിലെത്തി തടവുകാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. പ്രധാന കാരണം കൊടിയേരിയോടുള്ള സ്നേഹമായിരുന്നു.

publive-image

2011 -ല്‍ പിള്ളയെ ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിച്ചു ജയിലിലേക്കയച്ചപ്പോള്‍ കൊടിയേരി ആഭ്യന്തര മന്ത്രി. കേസു കൊടുത്തു പിള്ളയെ ജയിലിലടച്ചതോ അന്നത്തെ മുഖ്യമന്ത്രി വി.എസ്. പക്ഷേ ജിയിലില്‍ പിള്ളക്കെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുക്കാനാണ് അന്ന് കൊടിയേരി ജയില്‍ മേധാവി ഡോ. അലക്സാണ്ടര്‍ ജേക്കബിനോട് ആവശ്യപ്പെട്ടത്.

ഒന്നിലും പ്രകോപിതനാകാത്ത എല്ലാം പുഞ്ചിരിയോടെ നേരിടുന്ന കൊടിയേരി മരണത്തെയും എങ്ങനെയാണ് സ്വീകരിച്ചിരിക്കുക ? പുഞ്ചിരിയോടെയായിരിക്കുമോ ?

Advertisment