Advertisment

അത്ര അധികാരമില്ലാത്ത ആളല്ലല്ലോ ഗവര്‍ണര്‍. പിന്നെന്തിനീ 'പിപ്പിടി' കാട്ടല്‍. എല്ലാ നിലപാടുകളിലും 'നട്ടെല്ലുറപ്പു' കാണിക്കാനാവില്ല. തോല്‍ക്കുന്ന യുദ്ധത്തിനു പോകരുതെന്നറിയാത്തയാളല്ല ആരിഫ് മുഹമ്മദ് ഖാന്‍. പിന്നയോ, ഇതാണ് ഗവര്‍ണറുടെയും സര്‍ക്കാരിന്‍റെയും 'തൊമ്മന്‍ ചാണ്ടി സീസണ്‍' ! തൊമ്മന്‍ മുറുകുമ്പോള്‍ ചാണ്ടി അയയും, 'മറിച്ചും' ! ആ നാടകം ജനത്തിനു മനസിലായി, ഇപ്പോള്‍ കേന്ദ്രത്തിനും. അതുകൊണ്ടല്ലേ, ജഗദീഷ് ധന്‍കര്‍ ആ കസേരയില്‍ കയറി ഇരിക്കുന്നത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കത്തില്‍ ഒരു ജനകീയ ഗവര്‍ണറുടെ 'രോഗ' ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഓരോ പ്രശ്നങ്ങളിലും അദ്ദേഹം കൈക്കൊള്ളുന്ന നിലപാടുകള്‍ അദ്ദേഹത്തിന്‍റെ 'രോഗം' മറ്റെന്തോ ആണെന്ന തോന്നല്‍ രൂഢമൂലമാക്കുന്നതാണ്.

സര്‍വ്വകലാശാലകളായിരുന്നു ആദ്യത്തെ പോര്‍ മുഖം. അവിടെ ഗവര്‍ണറായിരുന്നു ശരി. സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടി പാവകളെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഗവര്‍ണര്‍ എതിര്‍ത്തത് അതിന്‍റെ പേരിലായിരുന്നില്ല. പ്രതിഷ്ഠക്കു സ്വീകരിച്ച രീതികളിലായിരുന്നു എതിര്‍പ്പ്. നിയമത്തിന്‍റെ തലനാരിഴ കീറി പരിശോധിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ പൊതുജനം കൈയ്യടിച്ചു. പിണറായിക്കു മുമ്പില്‍ വഴങ്ങാത്ത ഖാനെ എല്ലാവര്‍ക്കും നന്നേ ബോധിച്ചു.

ഗവര്‍ണര്‍ അന്നു ലോജിക്കലായ ഒരു നിര്‍ദ്ദേശം വച്ചു. "നിങ്ങള്‍ എന്നെ (ഗവര്‍ണറെ) ചാന്‍സിലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യൂ. അതിനുള്ള ഓര്‍ഡിനന്‍സു കൊണ്ടുവന്നാല്‍ ഞാനുടന്‍ ഒപ്പു വക്കും. അല്ലാതെ എന്നെ നോക്കുകുത്തിയാക്കാന്‍ നോക്കേണ്ട."


ഗവര്‍ണര്‍ കണ്ണുരുട്ടിയപ്പോള്‍ അക്ഷരതെറ്റും വാക്യ തെറ്റും വരുത്തി ചരിത്രം സൃഷ്ടിച്ചു കളഞ്ഞു നമ്മുടെ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. അതിന്‍റെ കേടിപ്പോഴും തീര്‍ന്നിട്ടില്ല; അദ്ദേഹത്തിനും സര്‍വ്വകലാശാലക്കും.


തുടര്‍ന്നാണ് പാര്‍ട്ടിയുടെ യുവ നേതാക്കളുടെ ഭാര്യമാര്‍ക്കൊക്കെ പ്രൊഫസര്‍ തസ്തികകള്‍ വാരിക്കോരി നല്‍കി തുടങ്ങിയതിനെ ഗവര്‍ണര്‍ (ചാന്‍സിലര്‍) എതിര്‍ത്തത്. അപ്പോഴും കിട്ടി ഖാനു കൈയ്യടി.

ആദര്‍ശധീരന്മാരായ യുവ നേതാക്കള്‍ ഭാര്യമാരുടെ പദവി ന്യായ-നീതി യുക്തമാണെന്നു വീറോടെ വാദിച്ചു (ചാനലുകളില്‍) വിയര്‍ക്കുന്ന കാഴ്ച മലയാളിക്കു നന്നേ ബോധിച്ചു. അവര്‍ ആസ്വദിക്കുകയും ചെയ്തു. ആധുനിക വി.കെ.എന്‍ മാരായ ട്രോളര്‍മാര്‍ തലച്ചോറു കത്തിച്ചത് കുറച്ചൊന്നുമല്ല.

പിന്നീടാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിടുകയില്ലന്നും അത് നിയമസഭയില്‍ വായിക്കുകയില്ലെന്നുമൊക്കെ പറഞ്ഞു ഖാന്‍ വാശിപിടിച്ചത്. പാവം ഐ.എ.എസുകാരന്‍ കെ.ആര്‍. ജ്യോതിലാലിന്‍റെ രക്തം കണ്ടപ്പോള്‍ ഖാന്‍റെ കലിയടങ്ങി. ലാലിനെ നേര്‍ച്ചക്കു വെട്ടാന്‍ കൊടുത്ത് പിണറായിയും നല്ല പിള്ള ചമഞ്ഞു. (പിന്നീട് ആ സ്ഥാനങ്ങള്‍ മടക്കി നല്‍കി പിണറായി സ്വന്തം നട്ടെല്ലു നിവര്‍ത്തിക്കാട്ടുകയും ചെയ്തു).


ഇതിനിടയിലാണ് പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരെ ഖാന്‍ ചന്ദ്രഹാസമിളക്കിയത്. രാഷ്ട്രീയക്കാരുടെ അടിമപ്പണിക്കാരുടെ പെന്‍ഷനൊക്കെ പമ്പകടക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. "ഞാനെന്തു ചെയ്യാനാ" - ഖാന്‍ കൈമലര്‍ത്തി.


ഒടുവിലിതാ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയുടെ നിയമനത്തേക്കുറിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിച്ചിരിക്കുന്നു. ആ വി.സി.ക്കു കാലാവധി നീട്ടി നല്‍കിയതിന്‍റെ ഒരു ഉദ്ദേശ്യം ഇതാണെന്ന് അന്നേ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. നിയമന ഉത്തരവില്‍ (പുനര്‍ നിയമനം) തിട്ടൂരം ചാര്‍ത്തി ഒരു ഉളുപ്പുമില്ലാതെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ നിര്‍ഗുണനായ ചാന്‍സിലറെയാണ് അവിടെ കേരളം കണ്ടത്.

കേരള സര്‍വ്വകലാശാലയില്‍ വി.സി നിയമനത്തിനുള്ള തെരഞ്ഞെടുപ്പു സമിതിയില്‍ രണ്ടു പേരെ സ്വന്തം നിലക്കു നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനൊരു ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ് ചാന്‍സിലര്‍ ഇപ്പോള്‍.

ഈ പോരൊക്കെ നടത്തുമ്പോള്‍ തന്നെ പിണറായിയെ സ്തുതിക്കാനും ബഹുമാനിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും ഗവര്‍ണര്‍ ഖാന്‍ പാഴാക്കുന്നുമില്ല. ഇതുവരെ സര്‍ക്കാരുമായി ഇടഞ്ഞ ഒരു പ്രശ്നത്തിലെങ്കിലും ഉറച്ച നിലപാടെടുക്കാനോ സര്‍ക്കാരിനെ തിരുത്താനോ ഖാനു കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് ? അത്ര അധികാരമില്ലാത്ത ആളാണോ ഗവര്‍ണര്‍ ? അല്ല. പിന്നെ എന്തിനാണ് ഈ 'പിപ്പിടി' കാട്ടല്‍.


ഇടക്കിടെ ടെലിവിഷന്‍ ബൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും പിണറായിയോടു പൊരടിക്കുന്നവനാണെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടിപ്പോള്‍ എന്തുണ്ടായി ? ഒക്കെ നാടകമായിരുന്നുവെന്ന് കേന്ദ്രത്തിനു ബോധ്യമായില്ലെ ? അതുകൊണ്ടല്ലേ ജഗദീഷ് ധന്‍കര്‍ ആ കസേരയില്‍ കയറി ഇരിക്കുന്നത് ?


എത്ര ആഹ്ളാദത്തോടെയാണ് ശത്രുക്കളും മിത്രങ്ങളും ഖാന്‍ ഉപരാഷ്ട്രപദിയാകുമെന്ന വാര്‍ത്ത കഴുകാതെ വിഴുങ്ങിയത്.

എല്ലാ നിലപാടുകളിലും 'നട്ടെല്ലുറപ്പു' കാണിക്കാനാവില്ല. പക്ഷെ കാണിക്കാവുന്ന പ്രശ്നങ്ങളിലേ ആ തരത്തില്‍ നിലപാടെടുക്കാനാവൂ. തോല്‍ക്കുന്ന യുദ്ധത്തിനു പോകരുതെന്ന് തീരെ ചെറുപ്പത്തില്‍ മന്ത്രിയാവുകയും മുഖ്യ രാഷ്ട്രീയ കക്ഷികളിലെല്ലാം മാറി മാറി കയറിയിറങ്ങുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ എന്ന രാഷ്ട്രീയ നേതാവിനറിയാത്തതല്ലല്ലോ.

ജനവിരുദ്ധമെന്നു തോന്നുന്ന ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ക്കൊപ്പുവക്കാതിരിക്കാം. സര്‍ക്കാര്‍ കോടതി കയറട്ടെ എന്നുവെക്കണം. കോടതി തീര്‍പ്പു കല്‍പ്പിക്കട്ടെ. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെതിരെ സ്വന്തം നിലയില്‍ വക്കീലിനെ വച്ചു കേസു നടത്തിയ പാരമ്പര്യവും ഈ ഗവര്‍ണര്‍ക്കുണ്ടല്ലോ.

അല്ലെങ്കില്‍ ഈ നാടകത്തിനു പോകരുത്. അടങ്ങി ഒതുങ്ങി ഭരണഘടന സംരക്ഷിച്ചുകൊണ്ട് രാജ് ഭവനില്‍ കഴിയുക. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടാല്‍ പദവി വലിച്ചെറിയുക. കേന്ദ്രം പിണറായിയെ പാഠം പഠിപ്പിക്കാന്‍ വല്ല ആര്‍.എസ്.എസുകാരനെയും ഇവിടേക്കു കൊണ്ടുവന്നോളും.

Advertisment