Advertisment

നിരോധിത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലാത്ത ബാലഗോകുലത്തിന്റെ ചടങ്ങെങ്ങനെ കോഴിക്കോട്ടെ സിപിഎം മേയർക്ക് അയിത്തമുള്ളതാകും ? പുലിമടയില്‍ പോയി ആക്രമിക്കുകയെന്ന തന്ത്രമല്ലേ അവർ ചെയ്തത്. ബീനാ ഫിലിപ്പിനെ അപലപിച്ചവർക്കെങ്ങനെ കെ.വി. തോമസിനെ ന്യായികരിക്കാനാവും. ഇ.എം.എസിനും ഇ.കെ നായനാർക്കും ആകാമെങ്കിൽ ബീനയ്ക്കെന്തുകൊണ്ടായിക്കൂടാ . വിദ്യാ ബാലനാണെങ്കിൽ ആകാം മൈഥിലിക്കാകില്ല എന്നു പറഞ്ഞാലെങ്ങനെ ? ഈ ചിന്ത മാറേണ്ട കാലമായില്ലേ സഖാക്കളേ ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബീനാ ഫിലിപ്പിനൊരു റെഡ് സല്യൂട്ട്. പുലിമടയില്‍ പോയി ആക്രമിക്കുക എന്നൊരു രീതിയുണ്ട്. ശത്രുവിന്‍റെ ആസ്ഥാനത്തു ചെന്ന് സ്വന്തം ആദര്‍ശങ്ങള്‍ പറയുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

അതാണു ശരിയായ രീതി. പ്രൊഫ. കെ.വി. തോമസിനെ സി.പി.എം പാര്‍ട്ടി സമ്മേളനത്തില്‍ ക്ഷണിച്ചപ്പോള്‍, അതദ്ദേഹം സ്വീകരിച്ചപ്പോള്‍ എതിര്‍ത്തവര്‍ ഏറെ. പക്ഷേ അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചവരാണ് സി.പി.എം.കാര്‍. ഒരു പദവിയും നല്‍കിയില്ലെന്നു മാത്രമല്ല, കിട്ടിയ തെറി മാത്രം മിച്ചം.

അവിടെയാണ് ബീനാ ഫിലിപ്പിന്‍റെ പ്രസക്തി. ബാലഗോകുലത്തിന്‍റെ ചടങ്ങില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ് ? രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ പോലും അവര്‍ എന്തു പറഞ്ഞു എന്നല്ലേ വിലയിരുത്തേണ്ടത് ? സി.പി.എം. നയത്തിനു വിരുദ്ധമായി അവര്‍ എന്തെങ്കിലും പറഞ്ഞതായി ആരും ആരോപിക്കുന്നില്ല.


ബാലഗോകുലം നിരോധിത സംഘടനയല്ല, രാഷ്ട്രീയ പാര്‍ട്ടിയുമല്ല, അതിനാല്‍ അവരുടെ യോഗത്തില്‍ ബീന പങ്കെടുത്ത് പ്രസംഗിച്ചതിനെ എങ്ങിനെ അപലപിക്കാനാവും ? അപലപിച്ചവര്‍ക്കെങ്ങിനെ കെ.വി. തോമസിനെ ന്യായികരിക്കാനാവും ?


എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളിലും എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുക്കണമെന്നാണ് തീരുമാനിക്കേണ്ടത്. അവര്‍ പോകട്ടെ,  പറയട്ടെ.

കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തിലെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു മനോരമയുടെ സ്ഥാപകന്‍. അവരുടെ യോഗത്തില്‍ പങ്കെടുത്ത്  മനോരമയെ കീറി മുറിച്ച ചരിത്രമുള്ളവരാണ് ഇ.എം.എസും ഇ.കെ നായനാരും.

മംഗളം വാരികയുടെ 25 -ാം വാര്‍ഷികത്തിന് ഒരു സെമിനാര്‍ കോട്ടയത്ത് നടത്തിയപ്പോള്‍ എം.സി വര്‍ഗീസ് സാറും ഞാനും ഇ.എം.എസിനെയാണ് ക്ഷണിച്ചത്. അദ്ദേഹം വന്നു. പൈങ്കിളിയെന്നും പറഞ്ഞ് സമരം നടത്തിയവരാണ് സി.പി.എം, ആ സമയത്താണ് ഇ.എം.എസ് വന്നത്.

അദ്ദേഹം അദ്ദേഹത്തിന്‍റെ രാഷ്ട്രീയമാണു പറഞ്ഞത്. അദ്ദേഹത്തിന്‍റെ അനുയായികളല്ലാത്ത ഒരു സദസിനെ ലഭിച്ചപ്പോള്‍ സ്വന്തം ചിന്താഗതികള്‍ അവതരിപ്പിക്കുക എന്ന മഹത്തായ ചിന്തയാണ് അവിടെ ഇ.എം.എസ്. നടപ്പാക്കിയത്.

അവരുടെ അനുയായികളാണിപ്പോള്‍ ബീനക്കെതിരെ ചിഹ്നം വിളിക്കുന്നത്. രാഷ്ട്രീയ തൊട്ടുകൂടായ്മയും മാറേണ്ടതല്ലേ ? അഥവാ കെ.വി. തോമസ് ഞങ്ങളുടെ വേദിയില്‍ വരണം; ഞങ്ങള്‍ മറ്റെങ്ങും പോവില്ല എന്ന പിന്തിരിപ്പന്‍ സമീപനം എന്തിനാണ് സി.പി.എം കൈക്കൊള്ളുന്നത്.


ഇത് മാറ്റേണ്ട കാലം അതിക്രമിച്ചില്ലെ ? പണ്ട് ട്രാക്ടറിനും കമ്പ്യൂട്ടറിനും എതിരെ സമരം ചെയ്തവരാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍ ലാപ്ടോപ്പില്ലാതെ കോടിയേരിക്കുപോലും ഉറക്കം വരുമോ ?


കാലം മാറി. കഥ മാറി. ആർഎസ്എസുകാരെ മൊത്തമായും ചില്ലറയായും കണ്ണൂരില്‍ പാര്‍ട്ടിക്കാരാക്കിക്കൊണ്ടിരിക്കുകയല്ലേ - അവര്‍ മൂലധനം വായിച്ച് മനപരിവര്‍ത്തനം വന്നിട്ടൊന്നുമല്ലല്ലോ സി.പി.എമ്മിലേക്കു ചേക്കേറുന്നത്. അവര്‍ക്ക് അവസരവാദികളാകാം. വിദ്യാ ബാലന്‍ സെക്സുകാണിച്ചാല്‍ കല. നമ്മുടെ പാവം മൈഥിലി കാണിച്ചാല്‍ വള്‍ഗര്‍. ഈ ചിന്ത മാറേണ്ട കാലമായില്ലേ സഖാക്കളേ ?

Advertisment