Advertisment

നാലു വര്‍ഷം കൊണ്ട് കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടെ കൊണ്ടുവന്നത് 1720 കിലോ കള്ളക്കടത്തു സ്വര്‍ണം. നേപ്പാള്‍ വഴി റോഡു മാര്‍ഗം വരുന്നത് ഈ കണക്കിലില്ല. ഒരു കിലോ സ്വര്‍ണം കടത്താന്‍ 5 ലക്ഷം രൂപവരെയാണ് കടത്തുകൂലി. ചരക്ക് ലക്ഷ്യസ്ഥാനത്തെത്തിയില്ലെങ്കില്‍ കാരിയറുടെ ജിവനെടുക്കും. വന്‍ തോക്കുകളായ സ്വര്‍ണക്കടകളും കസ്റ്റംസും പോലീസുമെല്ലാം ഉള്‍പ്പെടുന്ന ഈ സമാന്തര സമ്പദ്ഘടന നാടിന്‍റെ നട്ടെല്ലു തകര്‍ക്കും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സ്വര്‍ണക്കള്ളക്കടത്തു വാര്‍ത്തകള്‍ നമ്മുടെ പൊതു മണ്ഡലത്തെ കുറച്ചൊന്നുമല്ല മലീമസമാക്കുന്നത്. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്ന ചെറുപ്പക്കാരെ കാരിയേഴ്സായി ഉപയോഗിക്കുന്ന സംഘങ്ങള്‍ ഏറെയുണ്ട്. അവര്‍ കൊടുത്തയക്കുന്ന സ്വര്‍ണക്കട്ടികള്‍ തട്ടിക്കൊണ്ടുപോകുന്നവരും സ്വയം തട്ടിയെടുക്കുന്നവരും കൂടി വരുന്നു. അതിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്.

സ്വര്‍ണക്കടകളുടെ തലസ്ഥാനമാണ് കൊടുവള്ളി. കള്ളക്കടത്തു സംഘങ്ങള്‍ മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതെന്ന അവസ്ഥ കൊടുവള്ളിക്കു കുറച്ചൊന്നുമല്ല ദുഷ്പേരു വരുത്തി വയ്ക്കുന്നത്.

4 വര്‍ഷങ്ങള്‍ കൊണ്ട് 1720 കിലോ കള്ളക്കടത്തു സ്വര്‍ണമാണ് പിടിച്ചെടുത്തത്. നാലു വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണിത്രയും. കൊണ്ടോട്ടിയില്‍ നിന്നും മാത്രം 30 കിലോ സ്വര്‍ണം പിടിച്ചത് കഴിഞ്ഞ 7 മാസങ്ങള്‍ക്കിടയിലാണ്.

കോഴിക്കോട് കസ്റ്റംസ് ഈ കാലയളവില്‍ 60 കിലോ സ്വര്‍ണം പിടിച്ചെടുത്തു. നേപ്പാള്‍ വഴി റോഡു മാര്‍ഗം കടത്തുന്ന സ്വര്‍ണം ഇതില്‍ പെടുന്നില്ല. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ 5 ലക്ഷം വരെയാണ് കടത്തുകാര്‍ക്കു ലഭിക്കുക.

ചെറുപ്പക്കാര്‍ കാരിയേഴ്സായി മാറുന്നത് പണം നേടാനുള്ള കുറുക്കുവഴി എന്ന നിലയിലാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ ഓരോ കടത്തുകാര്‍ക്കും സ്വന്തമായുണ്ട്. കടത്തുന്ന സ്വര്‍ണം കൃത്യമായി ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ ജീവനെടുക്കുകയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ ചുമതല. അത്തരത്തിലുള്ള കൊലപാതകമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

കള്ളക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങള്‍ക്കു പിന്നിലുണ്ട്. ഒറ്റുകാരില്ലാതെ ഒരു കള്ളക്കടത്തും പിടിക്കപ്പെടുന്നില്ല. കസ്റ്റംസിലും പോലീസിലും ശക്തമായ വേരുകളുണ്ട് ഈ സംഘങ്ങള്‍ക്ക്.

കേരളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ കൂടുതലും സ്വര്‍ണക്കടകളാണ്. ഹവാല പണം ഇടപാടും ഇതിന്‍റെ മറവില്‍ തകൃതിയായി നടക്കുന്നുണ്ട്. വിശിഷ്ട വ്യക്തികളെയും എയര്‍ഹോസ്റ്റസുമാരെയും സ്വാധീനിച്ചു സ്വര്‍ണം കടത്തുന്ന സംഘത്തെ ഈയിടെ കസ്റ്റംസ് പിടികൂടിയിരുന്നു.

ഇത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. തെളിവുകളുടെ അഭാവമാണ് കാരണം. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് കൂടുതല്‍ കള്ളക്കടത്തു സ്വര്‍ണവും കേരളത്തിലെത്തുന്നത്.

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റായി ചെലവു വക 30000 രൂപയാണ്. ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷം സ്വര്‍ണവുമായി ഇവര്‍ മടങ്ങുന്നു. മയക്കുമരുന്നു സംഘങ്ങളും ഈ രംഗത്ത് സജീവമാണ്. സ്വര്‍ണത്തിന് ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെയാണ് കള്ളക്കടത്ത് വര്‍ദ്ധിച്ചത്. കാര്‍ഷിക വികസന നികുതിയും കൂടി വന്നതോടെ നികുതി 15 ശതമാനമായി വര്‍ദ്ധിച്ചു.

നികുതി കുറച്ച് കള്ളക്കടത്ത് തടയണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അതിനു തയ്യാറായിട്ടില്ല. പിടിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി സ്വര്‍ണമാണ് പിടിക്കപ്പെടാതെ കള്ളക്കടത്തു സംഘങ്ങള്‍ ഇറക്കിക്കൊണ്ടുപോരുന്നത്.

വന്‍ തോക്കുകളായ സ്വര്‍ണക്കടകളും കസ്റ്റംസും പോലീസും ക്വട്ടേഷന്‍ സംഘങ്ങളും രൂപപ്പെടുത്തുന്ന സമാന്തര സമ്പദ് ഘടന നാടിന്‍റെ നട്ടെല്ലു തകര്‍ക്കുമെന്നതില്‍ സംശയമില്ല.

Advertisment