Advertisment

സെക്രട്ടറിയേറ്റ് ഫയല്‍ കൂമ്പാരങ്ങളുടെ സ്റ്റോറായി മാറി. നായനാരുടെയും വി.എസിന്‍റെയും കാലത്തെ ഫയല്‍ ഡോക്ടറായിരുന്ന മുരളീധരന്‍ നായര്‍ക്കു പകരം ഫയല്‍ നീക്കങ്ങളില്‍ തീരെ അനുഭവ സമ്പത്തില്ലാത്തവരാണ് പേഴ്സണല്‍ സ്റ്റാഫിലധികവും. റേറ്റിംഗില്‍ മിക്ക മന്ത്രിമാരും ശരാശരിയ്ക്ക് പുറകില്‍. ബംഗാളിനെ ഭയന്ന് കേരളത്തില്‍ കൊണ്ടുവന്ന തലമുറമാറ്റം സിപിഎമ്മിന് കീറാമുട്ടി ? പുനര്‍വിചിന്തനമുണ്ടായില്ലെങ്കില്‍ തിരിച്ചടിക്ക് നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരില്ല - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മാർക്സിസ്റ്റു പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനമാണ്, വിപ്ലവാത്മക പ്രവർത്തനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ കാഴ്ച വച്ചത്. രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി മത്സരിച്ച ജനപ്രതിനിധികളെ പൂർണ്ണമായി ഒഴിവാക്കുകയും, മന്ത്രിമാരായി പുതിയ ചെറുപ്പക്കാരെ തെരഞ്ഞെടുക്കുകയും ചെയ്തതിലൂടെ തലമുറമാറ്റമാണ് സി.പി.എം. ലക്ഷ്യമിട്ടത്.

ബംഗാൾ മോഡൽ അനുഭവത്തിലൂടെ പരാജയമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് മാർക്സിസ്റ്റു പാർട്ടി അതിനു തയ്യാറായത്. വർഷങ്ങളായി ഒരേ പദവിയിലും അധികാരത്തിലും കഴിയുന്ന നേതാക്കളെ കടപുഴക്കി എറിഞ്ഞുകൊണ്ടായിരുന്നു പുതിയ പരീക്ഷണം.

ബംഗാളിൽ ഒരേ ആളുകള്‍ ദീർഘകാലം മന്ത്രിമാരും നേതാക്കളുമായിരുന്ന അവസ്ഥയാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്ന് സി.പി.എം. തിരിച്ചറിഞ്ഞിരുന്നു. ബംഗാളിന്റെ അനുഭവം കേരളത്തിൽ ആവർത്തിക്കരുതെന്ന ബുദ്ധിയാണ് ഈ തീരുമാനത്തിനു പിന്നിൽ.

ഇവിടെയും ഏറെക്കാലം നിലനിന്നിരുന്നത് പഴഞ്ചൻ രീതിയാണ്. സാധാരണ പാർട്ടി പദവിയിലോ മന്ത്രിസ്ഥാനത്തോ എത്തുന്ന നേതാവ് മരിക്കുകയോ, തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയോ ചെയ്താൽ മാത്രമേ ആ സ്ഥാനം പോകുമായിരുന്നുള്ളൂ. സി.പി.എമ്മും അതേ രീതിയാണ് അവലംബിച്ചത്. ഒരിക്കലും മന്ത്രിയാകാൻ താല്പര്യമില്ലായിരുന്ന ഇ. ചന്ദ്രശേഖരൻ നായരെ ഒടുവിൽ നിർബന്ധിച്ചു കൊണ്ടുവന്നു മന്ത്രി സ്ഥാനത്ത് ഇരുത്തിയ പാർട്ടിയാണ് സി.പി.ഐ.

സി.പി.എം. ആകട്ടെ പാർട്ടി നയം എന്നനിലയിൽ രണ്ടു തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഒഴിവാക്കണം എന്ന രീതി അവലംബിച്ചിരിക്കുകയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം നേടുന്ന ആളായിരിക്കും മുഖ്യമന്ത്രി എന്നതാണ് കഴിഞ്ഞകാല ചരിത്രം. ഒടുവിൽ ഇ.കെ. നായനാർ മുഖ്യമന്ത്രി ആയതും തെരഞ്ഞെടുപ്പിലൂടെ ആണെന്നുള്ളത് ചരിത്രം.

സുശീലാഗോപാലനു വേണ്ടി കൈപൊക്കി വോട്ടു ചെയ്ത ഇ.എം.എസിനെ ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയാണ് ഇ.കെ. നായനാർ വി.എസ് അച്യുതാനന്ദന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ഏതാനു വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ അന്ന് നായനാർക്ക് ലഭിച്ചുള്ളൂ.

വി.എസ്. പരാജയപ്പെട്ടപ്പോൾ അഥവാ വി.എസ്സിനെ സി.ഐ.റ്റി.യു. ഗ്രൂപ്പ് കാലുവാരി തോൽപ്പിച്ചപ്പോൾ മധുരമായ പ്രതികാരം ചെയ്തായിരുന്നു വി.എസ് ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയത്. അതുകൊണ്ടാണ് ഇ.കെ. നായനാർക്ക് ദീർഘകകാലം മുഖ്യമന്ത്രി ആയിരിക്കാൻ കഴിഞ്ഞത്.

എന്നാൽ നായനാർ വി.എസ്സിന്റെ വരുതിയിൽ നിന്നുമില്ല. അദ്ദേഹം പഴയപടി തുടരുകയും സി.ഐ.റ്റി.യു. ഗ്രൂപ്പിന്റെ ഭാഗമാകുകയും ചെയ്തു. അന്ന് രാഷ്ട്രീയ നിരീക്ഷകർ രഹസ്യമായി പറഞ്ഞിരുന്നത് ഇ.എം.എസ്സ് കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ വി.എസ്. അദ്ദേഹത്തെയും പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു.

അന്ന് വി.എസ്സിന്റെ കിങ്കരന്മാരായിരുന്നു പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എം.എ ബേബിയുമൊക്കെ. സി.ഐ.റ്റി.യു. ഗ്രൂപ്പിനെ തകർത്തെറിഞ്ഞ് എം.എ. ലോറൻസ്, രവീന്ദ്രദാസ് തുടങ്ങിയ പ്രഗത്ഭരെ പാർട്ടിയിൽ നിന്നും നിഷ്കാസിതമാക്കിയാണ് വി.എസ്. മാറ്റം കൈക്കലാക്കിയത്. അന്ന് പാർട്ടി സെക്രട്ടറിയായാൽ മരിക്കുന്നതു വരെ അതു തുടരും.

മന്ത്രിയായാൽ അവരെ പിന്നീട് ഒഴിവാക്കാൻ ആവില്ല എന്ന സ്ഥിതി മാറ്റിയത് ഇക്കഴിഞ്ഞ

തെരഞ്ഞെടുപ്പിലൂടെയാണ്. അതിന് ചുക്കാൻ പിടിച്ചത് പിണറായി വിജയനുമാണ്. പിണറായി ഒഴികെ പരിചയ സമ്പന്നരായ ആരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന പിണറായി ഫോർമുല സി.പി.എം. അംഗീകരിച്ചത് ബംഗാൾ അനുഭവങ്ങളിലൂടെയാണ്. അവിടെ ഏറ്റ തിരിച്ചടികളിൽ നിന്ന് ഇപ്പോഴും പാർട്ടി മോചിതമായിട്ടില്ല.

ബംഗാളിനെ അടക്കി ഭരിച്ച സി.പി.എം. നേതാക്കളൊക്കെ പാർട്ടി ഓഫീസുകളിൽ പോലും കയറാൻ ആകാതെ അനാഥമായി അലഞ്ഞു നടക്കുകയാണ്. ആ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് തലമുറമാറ്റത്തെ സി.പി.എം. കൊണ്ടു വന്നത്.

മന്ത്രിമാരെ ആകെ മാറ്റി പുതുതലമുറക്കാരെ അധികാരത്തിലേയ്ക്ക് എത്തിച്ചതോടെ പുതുയുഗപിറവി ആരംഭിക്കുമെന്നാണ് സി.പി.എം. കരുതിയത്. എന്നാൽ ഇപ്പോൾ മറിച്ചു ചിന്തിക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം പോര എന്നാണ് വിലയിരുത്തപ്പെട്ടത്.

അധികാരത്തിൽ ഏറുമ്പോൾ ഊർജ്ജസ്വലതയും, ശേഷിയും, അച്ചടക്കവും, അഴിമതിരാഹിത്യവും കൈമുതലാക്കിയ കുറെ മന്ത്രിമാർ സി.പി.എമ്മിന് ഉണ്ടായിരുന്നു.

ജി. സുധാകരൻ, എ.കെ. ബാലൻ, കെ.കെ. ഷൈലജ തുടങ്ങിയവരൊക്കെ പ്രാഗത്ഭ്യം തെളിച്ചവരാണ്. അവരെയൊക്കെ ഒഴിവാക്കി പുതുതലമുറക്കാരെ അധികാരത്തിൽ കൊണ്ടു വന്നതോടെ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി പിണറായിയെ ഭയന്ന് കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചില്ല. എങ്കിലും അസ്വസ്ഥതയും അസംതൃപ്തിയും പ്രകടമായിരിക്കുകയാണ്.

റേറ്റിംഗ് എടുത്താൽ പല മന്ത്രിമാരും ശരാശരിയ്ക്ക് പുറകിലാണ്. അവരെ ഊർജ്ജസ്വലമാക്കാൻ പാർട്ടി ഫ്രാക്ഷനു പോലും കഴിയുന്നില്ല. അനുഭവസമ്പത്തുള്ളവരെ മൂലയ്ക്കിരുത്തിയതോടെ പാർട്ടി എന്തു നേട്ടമാണ് കൊയ്യാൻ ആഗ്രഹിച്ചതെന്ന് വ്യക്തമല്ല, ചിലരെ ഒതുക്കാൻ ഇതൊക്കെ ഉപകരിച്ചു എന്നല്ലാതെ. കാരണം സര്‍ക്കാര്‍ ഭരണം എന്നത് പാർട്ടി നടത്തുന്നതു പോലെ എളുപ്പമായ കാര്യമല്ലെന്ന് ഇപ്പോൾ നേതൃത്വത്തിന് ബോദ്ധ്യമായെന്നു വേണം കരുതാൻ.

രാഷ്ട്രീയത്തിൽ ഏത് അടവും പ്രയോഗിക്കാം. പാർട്ടിയില്‍ അത് ഫലപ്രദമാവുകയും ചെയ്യും. ഭരണം അതല്ല. പല മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൽ കൂടുതലും പുതുമുഖങ്ങൾ. അതും ഭരണം മുന്നോട്ടു കൊണ്ടുപോകാൻ തടസമായി. മന്ത്രിമാർ സുഖലോലുപതയിൽ നീരാടുകയും ആറാടുകയും ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് ഭരണത്തിന്റെ കടിഞ്ഞാണാണ്.

സെക്രട്ടറിയേറ്റ് ഫയൽകൂമ്പാരങ്ങളുടെ സ്റ്റോർ ആയി മാറിക്കൊണ്ടിരിക്കുന്നു. അഥവാ മന്ത്രിമാർ തീരുമാനമെടുക്കുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ടാണല്ലോ എല്ലാ ഫയലുകളും മുഖ്യമന്ത്രിയ്ക്ക് അയയ്ക്കുക എന്ന മുഖം രക്ഷിക്കുന്ന ഏർപ്പാട് അവർ ആരംഭിച്ചത്.

പണ്ടൊക്കെ സി.പി.എം. ഭരിച്ചപ്പോൾ പോലും ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. പ്രശ്നങ്ങൾ സെക്രട്ടറിമാരിലൂടെ കൈകാര്യം ചെയ്യുന്ന, പേഴ്സണൽ സ്റ്റാഫിലൂടെ ഭരണം നടത്തുന്ന രീതി അന്ന് ഫലപ്രദമായിരുന്നു. ഇന്ന് അത് നടക്കുന്നില്ല. പാർട്ടിയിലെ ജില്ലാ ഘടകങ്ങൾക്ക് പേഴ്സണൽ സ്റ്റാഫ് അംഗത്വം വീതിച്ചു നൽകിയപ്പോൾ ഇപ്പോൾ പുറത്തായത് കഴിവുള്ളവരാണ്.

ഇ.കെ.നയനാരുടെയും, വി.എസ്. അച്ചുതാനന്ദന്‍റെയും കാലത്ത് മുരളീധരൻ നായർ എന്ന ഒരു ഫയൽ ഡോക്ടർ വിദഗ്ദ്ധൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കങ്ങളെ കുറിച്ച് അറിയാവുന്ന അനുഭവസമ്പത്തുള്ള പലരും പേഴ്സണൽ സ്റ്റാഫിൽ ഇല്ല എന്ന് എന്നത് മന്ത്രിമാർക്ക് ഭാരമാവുകയാണ്.

സംസ്ഥാന നേതൃത്വയോഗം ഒരു പുനർ വിചിന്തനത്തിന് തയ്യാറായെങ്കിൽ അത് സി.പി.എമ്മിന് നല്ലത്. അല്ലെങ്കിൽ തിരിച്ചടി കിട്ടാൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരില്ല. ഇടയ്ക്ക് ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ അത് ലഭിക്കുകയും ചെയ്യും.

Advertisment