Advertisment

കെ.ടി ജലീല്‍ പറഞ്ഞത് വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. അത്തരം നിരീക്ഷണങ്ങളെ അപഹസിക്കുന്നതും കേസു കൊടുക്കുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ അത്ര ഭൂഷണമോണോ ? അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ. എന്നാല്‍ കെ.ടി ജലീലിനെ നമുക്ക് വിചാരണക്ക് വിധേയമാക്കാം. പക്ഷേ അതൊരു ബൗദ്ധിക വിചാരണയാകണം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കെ.ടി ജലീല്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്ന ഒരു വ്യക്തിയാണ്. സാഹിത്യകാരനാണ്, പുസ്തകം എഴുതിയിട്ടുണ്ട്. ഇപ്പോള്‍ കെ.ടി ജലീലിനെ എല്ലാവരുംകൂടി എന്തിനാണ് ആക്രമിക്കുന്നതെന്ന് പൊതുസമൂഹത്തിന് ബോധ്യമാകണം. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു.

"അഭിപ്രായം ഇരുമ്പുലക്കയല്ല," മഹാന്മാരാണ് അതു പറഞ്ഞിട്ടുള്ളത്. കെ.ടി ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം. 'ആസാദ് കാശ്മീരെന്നോ', 'അധിനിവേശ കാശ്മീരെന്നോ' അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ നിരീക്ഷണങ്ങളാണ്. വ്യക്തിപരമായ നിരീക്ഷണങ്ങളെ എന്തിന് നമ്മള്‍ അപഹസിക്കണം. എന്തിന് നമ്മള്‍ നിരാകരിക്കണം.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കേട്ടപ്പോള്‍ ദുഖമാണ് തോന്നിയത്. കാരണം എല്ലാ ട്രഡീഷണല്‍ വ്യവസ്ഥകളോടും കലാപം ചെയ്യുന്ന പാര്‍ട്ടിയായാണ് സി.പി.എമ്മിനെ പൊതുസമൂഹം വിലയിരുത്തുന്നത്.

അങ്ങനെയൊരഭിപ്രായം പറയാന്‍ അദ്ദേഹത്തിന് കഴിയണം. കാശ്മീര്‍ ഞാനും പോയിട്ടുള്ള സ്ഥലമാണ്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ അതിഥിയായി ഒരു മാധ്യമ സംവാദത്തിന് പങ്കെടുക്കാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ നിറയെ ടെന്‍റുകളാണ് ആദ്യം കാണുക. എല്ലാം പട്ടാളക്കാരുടെയാണ്. നമുക്ക് സുരക്ഷ, ഇന്ത്യയെ രക്ഷിക്കുന്ന, ജീവന്‍ പണയംവെച്ച് സംരക്ഷിക്കുന്ന പട്ടാളക്കാരുടെ ടെന്‍റുകളാണവിടെ. അവരെ ആദരവോടെ കാണുകയും യാഥാര്‍ഥ്യം മനസിലാക്കുകയും വേണം നമ്മള്‍.

അതുകൊണ്ട് കെ.ടി ജലീല്‍ ഒരഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയാണോ ? മാത്രമല്ല, ഡല്‍ഹിയില്‍ വരെ അദ്ദേഹത്തിനെതിരെ കേസെടുക്കുകയാണ്. കേസു കൊടുക്കുക, കേസെടുക്കുക. ഏതു വ്യക്തിക്കെതിരെയും ആര്‍ക്കും കേസു കൊടുക്കാവുന്നൊരവസ്ഥ ഇന്ത്യയില്‍ സംജാതമാകുന്നത് ശരിയാണോ ?

ഇപ്പോഴത്തെ മന്ത്രി എ.കെ ശശീന്ദ്രനെതിരെ വാര്‍ത്ത കൊടുത്തതിന്‍റെ പേരില്‍ എനിക്കെതിരെയും കേസ് വന്നിട്ടുണ്ട്. അത് ശശീന്ദ്രന്‍ കൊടുത്ത കേസല്ല. അപ്പോള്‍ ഒരു ബന്ധവുമില്ലാത്ത ആള്‍ക്കാര്‍ കേസു കൊടുക്കുന്ന നീതിന്യായ വ്യവസ്ഥ ആരെയാണ് സംരക്ഷിക്കുന്നത് ?

ഞാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലില്‍ ഒരിക്കല്‍ പോയി. അന്നത്തെ സൂപ്രണ്ടിന്‍റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ സിസിടിവിയില്‍ ഒരാള്‍ നടക്കുകയാണ്. ഒരു അടച്ചിട്ട മുറിയില്‍ നടക്കുകയാണ്. വളരെ വേഗത്തില്‍. അയാള്‍ ഒരു റിപ്പര്‍ ആണ്.

ഞാന്‍ ചോദിച്ചു. "എന്തിനാണ് ഇദ്ദേഹത്തെ ഇങ്ങനെ അടച്ചിട്ടിരിക്കുന്നത് ?" അത് നിയമമാണ്, കോടതിയാണ്... ആ തരത്തിലേ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റൂ എന്നാണ് സൂപ്രണ്ട് പറഞ്ഞത്. പക്ഷേ ആ റിപ്പര്‍ ഒടുവില്‍ സമ്മതിച്ച കുറ്റം, മറ്റൊരാളെ കൊലപ്പെടുത്തിയ കുറ്റം, അതിന്‍റെ പേരില്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെട്ട് 10 വര്‍ഷം തടവ് അനുഭവിച്ചു പോയി.

ഈ റിപ്പര്‍ ചെയ്ത കുറ്റത്തിന് മറ്റൊരു നിരപരാധി ശിക്ഷ അനുഭവിക്കുകയും അതിനുശേഷം ജെയിലില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു. ആ വ്യക്തിയുടെ ജീവിതത്തിന് ആര് ഉത്തരം പറയും ? റിപ്പര്‍ പറയുമോ ? ശിക്ഷിച്ച ജഡ്ജി പറയുമോ ? ശിക്ഷിച്ച കോടതി പറയുമോ ? നീതിന്യായ വ്യവസ്ഥ പറയുമോ ?

ആ വ്യക്തിയുടെ ജീവിതം തന്നെ തകര്‍ന്നുകാണും. കുടുംബം തകര്‍ന്നുകാണുമല്ലോ. അതുകൊണ്ട് ഇന്ത്യന്‍ തെളിവു നിയമം കുറ്റമറ്റതല്ല എന്നു മനസിലാക്കണം. അതാണ് പൊതു സമൂഹം ശ്രദ്ധിക്കേണ്ടത്.

കെ.ടി ജലീല്‍ എന്തഭിപ്രായം പറഞ്ഞാലും അത് നമുക്ക് ഡിബേറ്റ് ചെയ്യാം. അദ്ദേഹം ക്രൈമല്ലല്ലൊ ചെയ്യുന്നത്. ഒരു കുറ്റം ചെയ്യുന്നില്ല. അഭിപ്രായം കുറ്റമല്ല. അദ്ദേഹത്തിന് ആ അഭിപ്രായം ഉണ്ടെങ്കില്‍ അനുകൂലിക്കാം,  എതിരാകാം. അതിന്‍റെ പേരില്‍ കേസു കൊടുക്കുക, ശിക്ഷാ നടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് ക്രൂരകൃത്യം.

അതുകൊണ്ട് കെ.ടി ജലീലിനെ നമുക്ക് വിചാരണക്ക് വിധേയമാക്കാം. അതൊരു ബൗദ്ധിക വിചാരണയാകണം. അല്ലാതെ കേസു കൊടുക്കുക, പോലീസിനെക്കൊണ്ട് പിടിപ്പിക്കുക എന്നുള്ള ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന ചെപ്പടിവിദ്യ ഇതിനകത്ത് പ്രയോഗിക്കരുത് എന്നാണ് അഭ്യര്‍ത്ഥന.

Advertisment