Advertisment

ബ്രിട്ടണില്‍ ട്രാഫിക് കേസില്‍പ്പെട്ട സ്വന്തം മകനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ പിതാവായ പ്രധാനമന്ത്രി നേരിട്ട് സ്റ്റേഷനല്‍ എത്തി ഒപ്പിട്ടു നല്‍കേണ്ടി വന്നു. അതാണാ ജനാധിപത്യത്തിന്‍റെ സൗന്ദര്യം. നമ്മുടെ ഒരു എംഎല്‍എയുടെ മകനെ പോലീസ് പിടികൂടിയാല്‍ എന്താകും സ്ഥിതി ? സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ വന്നത് രണ്ട് മാറ്റങ്ങളാണ്. ഒന്ന് ഹൈന്ദവ ഭൂരിപക്ഷ രാഷ്ട്രീയം. രണ്ട് അഴിമതി-കുടുംബവാഴ്ച മുക്തമായ മുഖ്യ ഭരണകക്ഷി - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഭാരതത്തിന്‍റെ 75 -ാം സ്വാതന്ത്ര്യ ദിനം വര്‍ണാഭമായി നാം ആഘോഷിച്ചു. സാധാരണപോലെ പ്രധാനമന്ത്രി ചുവപ്പുകോട്ടയിലും മുഖ്യമന്ത്രിമാര്‍ അതത് സംസ്ഥാനങ്ങളിലും പതാകയുയര്‍ത്തിയത് കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വമ്പിച്ച തോതില്‍ രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടു.

75 വര്‍ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വളര്‍ച്ച ഒരു നിരീക്ഷണത്തിന് വിധേയമാക്കാനുള്ള അവസരമായി കൂടി ഇത് മാറുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ അഥവാ ഇന്ത്യയെ 'ബനാനാ റിപബ്ലിക് ' എന്നു വിളിച്ചത് അരുദ്ധതി റോയിയാണ്. അതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമാക്കുകയാണ് അരുന്ധതി ചെയ്തത്.

ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളത് ബ്രിട്ടണും അമേരിക്കയും തന്നെയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും തൊട്ടു പുറകില്‍ നില്‍ക്കുന്നു.

ഏകാധിപത്യ രാജ്യങ്ങളോ ഒറ്റ പാര്‍ട്ടി മേധാവിത്വമുള്ള ഭരണസമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളോ ഒക്കെ ജനാധിപത്യവും തെരഞ്ഞെടുപ്പും എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവയൊക്കെ ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകളും മുഖ്യ ഭരണാധികാരികളുമാണ് ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

ബ്രിട്ടണില്‍ രാജാധികാരം കൈയ്യൊഴിഞ്ഞ് ജനാധിപത്യ പാര്‍ട്ടികള്‍ ഭരണം കൈയ്യടക്കിയിട്ട് നൂറ്റാണ്ടുകളായി. ലോകത്തെ മൊത്തം കൈയ്യടക്കിയ അവര്‍ ആ രാജ്യങ്ങളിലെ അഥവാ കോളനികളിലെ സ്വത്ത് കൊള്ളയടിച്ച് സമ്പല്‍സമൃദ്ധരായി.


ഏതാണ്ട് 200 -ഓളം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവിടുത്തെ വികസനം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു എന്നു ചിന്തിക്കുമ്പോള്‍ത്തന്നെ മനസിലാകും ബ്രിട്ടണ്‍ സാമ്പത്തികമായി എത്രമാത്രം മുന്‍പന്തിയിലാണെന്ന്.


200 വര്‍ഷത്തോളമായി അവിടെ പല നിലകളിലുള്ള അണ്ടര്‍ഗ്രൗണ്ട് പാതകള്‍ പോലും വന്നിട്ട്. ഇപ്പോഴുള്ള പാരമ്പര്യവും യാഥാസ്ഥികത്വവും പ്രകടമാക്കുന്ന കെട്ടിട സമുച്ചയങ്ങളെ അതുപോലെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. മുന്‍വശം അതുപോലെ നിലനിര്‍ത്തുകയും ഉള്ളിലും പിറകുവശത്തും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാന്‍ അനുവദിക്കുന്ന രീതിയാണ് അവിടുത്തെ സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്.

publive-image

ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മകന്‍ ട്രാഫിക് കേസില്‍ പെട്ടപ്പോള്‍ അച്ഛനായ പ്രധാനമന്ത്രി തന്നെ ചെന്ന് പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ടു കൊടുത്തിട്ടാണ് മകന് ജാമ്യം കിട്ടിയത്. അത് ബ്രിട്ടീഷ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ് തെളിയിക്കുന്നത്.

മാത്രമല്ല, ധാരാളിത്വം അനുവദിക്കാതിരിക്കുക, വമ്പിച്ച ജനാധിപത്യ ബോധം പ്രകടിപ്പിക്കുക, പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കുക എന്നതിലൊക്കെ ബ്രിട്ടണ്‍ എന്നും മുന്‍പന്തിയിലാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ നാം അവര്‍ക്ക് ഒരു നൂറ്റാണ്ടെങ്കിലും പിറകില്‍ നില്‍ക്കുന്നു എന്ന് പറയേണ്ടി വരും.

ഇവിടെ ഒരു സംസ്ഥാനത്തിന്‍റെ എം.എല്‍.എയുടെ മകന്‍ ട്രാഫിക് കേസില്‍ പെട്ടാല്‍പോലും മകനെ വീട്ടില്‍ കൊണ്ടുവിടുന്ന പോലീസ് സംവിധാനമുള്ള ജനാധിപത്യമാണ് നമ്മുടേത്. ഭരണാധികാരം ഫ്യൂഡല്‍ പ്രഭുക്കളെപ്പോലെ കൈയ്യാളുന്ന രാജ്യമായി ഇന്ത്യ മാറുന്നുണ്ട് എന്നതാണ് വസ്തുത.


നൂറ്റാണ്ടുകളോളം ഫ്യൂഡലിസത്തില്‍പെട്ടു കിടന്ന ഇന്ത്യയില്‍ ജനാധിപത്യം അതിന്‍റെ പൂര്‍ണ വളര്‍ച്ച നേടുമ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും എന്ന് നമുക്ക് കരുതാം.


അമേരിക്കയും അതുപോലെയാണ്. ബ്രിട്ടണില്‍ നിന്ന് അമേരിക്ക സ്വതന്ത്രമായത് 1776 -ലാണ്.  അതിനു ശേഷം പല അന്തഛിദ്രങ്ങളും സിവില്‍ വാറുകളും നടക്കുന്നു. നൂറ്റാണ്ടുകളെടുത്തു അമേരിക്കയ്ക്ക് ഇന്നത്തെ അമേരിക്കയായി മാറാന്‍.

അതുകൊണ്ട് ഈ രണ്ടു രാജ്യങ്ങളിലെയും ജനാധിപത്യ സംവിധാനങ്ങളെയും ജനാധിപത്യ ബോധത്തെയും നമ്മള്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഒന്നോ രണ്ടോ നൂറ്റാണ്ടു കഴിയുമ്പോള്‍ അവരെക്കാള്‍ വലിയ ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കൂടായ്കയില്ല.


ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിദ്യാഭ്യാസമില്ലാത്ത പൊതു സമൂഹവും വേണ്ടത്ര വരുമാനമില്ലാത്ത ഗ്രാമീണ ജനതയും വര്‍ഗീയത ആയുധമായി കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളും തന്നെയാണ്.


നരേന്ദ്രമോഡി അധികാരത്തില്‍ വരുന്നതുവരെ ഇന്ത്യയിലെ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്നത് ന്യൂനപക്ഷങ്ങളാണ്. ഇന്ദിരാഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ ന്യൂനപക്ഷങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ഭുരിപക്ഷത്തിന്‍റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായി മാറുകയും ന്യൂനപക്ഷങ്ങള്‍ ഗതി നിര്‍ണയിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് മോഡിയുഗം വരെ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

 

ബി.ജെ.പി അധികാരത്തില്‍ വരികയും അതായത് മോഡി അധികാരത്തില്‍ വന്നതിനു ശേഷം കാതലായ മാറ്റമുണ്ടായി. ഭൂരിപക്ഷം അവര്‍ക്കര്‍ഹതപ്പെട്ട അധികാരം തിരിച്ചുപിടിച്ചു. ഇവിടെ രാഷ്ട്രീയത്തേക്കാള്‍ കുടുതല്‍ ജാതി, മത ചിന്താധാരകളാണ് പാര്‍ട്ടികളെ നയിക്കുന്നത് എന്നെല്ലാവര്‍ക്കുമറിയാം.


രാജ്യത്ത് ബി.ജെ.പിയുടെ പ്രാണവായു ഹൈന്ദവ ജനതയാണെങ്കില്‍ കേരളത്തില്‍ യു.ഡി.എഫ് ശക്തികളുടെ പിന്‍ബലക്കാര്‍ മതന്യൂനപക്ഷങ്ങളാണ്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഹൈന്ദവ ശക്തി. അതുകൊണ്ടാണ് ബി.ജെ.പിക്ക് ഇവിടെ വേരുപിടിക്കാത്തതും.


ഇന്ത്യയില്‍ മോഡിയുഗത്തോടെ ആരംഭിച്ച ഭൂരിപക്ഷത്തിന്‍റെ ഭരണ മേധാവിത്വം അത് അടുത്തകാലത്തെങ്ങും മാറിപ്പോകും എന്ന് കരുതുന്നില്ല. കരുതാന്‍ ന്യായങ്ങളുമില്ല. കാരണം കോണ്‍ഗ്രസാണ് പകരം ബദലായി വരേണ്ടത്. കോണ്‍ഗ്രസാകട്ടെ ഒരു കുടുംബാധിപത്യ പാര്‍ട്ടിയായി നിലനില്‍ക്കുന്നു.

മാത്രമല്ല, ഇന്ത്യന്‍ ജനത ഇന്ത്യയിലെ ഹൈന്ദവ മനസ് ഒരു ക്രൈസ്തവ നേതൃത്വമുള്ള പാര്‍ട്ടിയെ രാജ്യത്തെ വലിയ പാര്‍ട്ടിയായി അംഗീകരിച്ച് വളര്‍ത്തിക്കൊണ്ടുവരുമെന്ന് തോന്നുന്നുമില്ല. മാത്രമല്ല, ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും താരതമ്യപ്പെടുത്തുമ്പോള്‍ ബി.ജെ.പിക്ക് പറയാന്‍ ഏറെ പ്രത്യേകതകളുമുണ്ട്.

അധികാര രാഷ്ട്രീയം അവര്‍ കുടുംബാധിപത്യമായി മാറ്റുന്നില്ല, മക്കളെയും മരുമക്കളെയും രാഷ്ട്രീയത്തില്‍നിന്നകറ്റി നിര്‍ത്തുന്നു. നരേന്ദ്രമോഡിക്ക് മക്കളില്ല, ഭാര്യയില്ല, എന്നുമാത്രമല്ല മക്കളും ഭാര്യയും മരുമക്കളുമുള്ള അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ പോലും മക്കള്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

publive-image

അധികാരത്തിന്‍റെ ഇടനാഴികളില്‍ ബി.ജെ.പി വ്യക്തിപരമായ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പാര്‍ട്ടിപരമായ അഴിമതി ബി.ജെ.പി സംഭാവന നേടുന്നതിലൂടെ ഉണ്ടാകും. അത് പണ്ട് കോണ്‍ഗ്രസും ചെയ്തിരുന്നു.

പക്ഷേ കോണ്‍ഗ്രസ് ചെയ്തിരുന്നതിനേക്കാള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് കിട്ടുന്ന പണം അധികാരം പിടിക്കാനും പാര്‍ട്ടിയെ വളര്‍ത്താനുമായി സംസ്ഥാനങ്ങളില്‍ പമ്പുചെയ്യുന്ന പ്രത്യേകത ഇപ്പോള്‍ കാണുന്നുണ്ട്. കോണ്‍ഗ്രസായിരുന്നപ്പോള്‍ അത് കുടുംബവാഴ്ചയുടെയും വ്യക്തികേന്ദ്രീകൃത സംവിധാനത്തിന്‍റെയും പിന്നാമ്പുറങ്ങളിലേയ്ക്കൊഴുകി എന്നതാണ് അന്നുയര്‍ന്നുകേട്ട ആരോപണം. അതുകൊണ്ട് ബി.ജെ.പി വളരെ തന്ത്രപൂര്‍വ്വമാണ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതും.


ഇതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ കാര്യമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. അഴിമതിയാരോപണങ്ങളില്ല. സ്വന്തക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയെന്ന ആരോപണം മോഡിക്കെതിരെയില്ല. വിവാദ പ്രസ്താവനകള്‍ നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന ആരോപണവും പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.


ഇതൊക്കെ രാഷ്ട്രീയ തന്ത്രമായിരിക്കാം. ആര്‍.എസ്.എസിന്‍റെ അജണ്ട ഒന്നൊന്നായി അവര്‍ ഇന്ത്യയില്‍ നടപ്പാക്കും. കാരണം ആര്‍.എസ്.എസാണല്ലൊ ബി.ജെ.പി സര്‍ക്കാരിന്‍റെ അസ്ഥിവാരം. അതുകൊണ്ട് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്ന് ചിന്തിക്കാനും കഴിയില്ല.

കാരണം പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും എം.പിമാരായി വിജയിച്ചുവന്നത് ബി.ജെ.പിക്കാരാണ്. ബി.ജെ.പിക്കെതിരെ സംസ്ഥാന കക്ഷികളുടെ ഒരു കോണ്‍ഫെഡറേഷന്‍ ഉണ്ടാക്കിയാല്‍ അത് ഏറെനാള്‍ നിലനില്‍ക്കില്ല എന്നതാണ് രാഷ്ട്രീയ ചരിത്രം. അതുകൊണ്ട് നരേന്ദമോഡി പ്രഖ്യാപിച്ചതുപോലെ ഏറെക്കാലം ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ നില്‍ക്കാനാണ് സാധ്യത.

എതിര്‍ ശബ്ദങ്ങളുണ്ടാകും. അത് ഒറ്റപ്പെട്ട തുരുത്തുകളായി നിലനില്‍ക്കും. കേരളവും ബംഗാളുമൊക്കെ അതേപോലെയായിരിക്കാം. തമിഴ്നാടും. ആന്ധ്രയും മറ്റും ഈ ഒറ്റപ്പെട്ട തുരുത്തുകളില്‍ പെടുമായിരിക്കാം.

അതുകൊണ്ട് രാഷ്ട്രീയത്തില്‍ കാതലായ മാറ്റം 75 വര്‍ഷം കൊണ്ട് വന്നത് ഈ ഹൈന്ദവ ഭൂരിപക്ഷ രാഷ്ട്രീയം ഭരണം കൈയ്യാളിയതും കുടുംബാധിപത്യവും അഴിമതി വിരുദ്ധവുമായ ഒരു പ്രതിഛായ മുഖ്യ ഭരണകക്ഷിക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതുമാണ്.

Advertisment