Advertisment

മന്ത്രിമാര്‍ പൊതുജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലണം എന്നു പറഞ്ഞ സിപിഎം ആദ്യം സെക്രട്ടറിയേറ്റിലെ സന്ദര്‍ശകരുടെ എണ്ണമൊന്ന് പരിശോധിക്കണം ! മന്ത്രിയെ മുന്‍പരിചയമില്ലാത്ത ഒരു സാധാരണക്കാരന് ആവലാതി ബോധിപ്പിക്കാന്‍ ഒരു മന്ത്രിയെ കാണണമെങ്കില്‍ അതിനുള്ള 'ചെപ്പടിവിദ്യ' ഒന്നു പറഞ്ഞുകൊടുക്കുമോ ? അങ്ങനൊരാള്‍ നമ്മുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് എത്രനാളായെന്ന് തിരക്കുമോ ? സാധാരണക്കാരെ കാണണമെങ്കില്‍ മന്ത്രിമാർക്ക് പൊതുസമ്മേളനം വിളിച്ചുകൂട്ടി മുകളില്‍ നിന്ന് നോക്കേണ്ടി വരും - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി മന്ത്രിമാര്‍ പൊതുജനങ്ങളിലേക്ക് ഇറങ്ങിചെല്ലണമെന്നും അവരുമായി അടുത്ത് ഇടപഴകണമെന്നും നിര്‍ദേശിച്ചത് വായിച്ചപ്പോള്‍ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.

കോവിഡ് കാലത്തെ മറയാക്കി തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിമാരായതിനു ശേഷം ഏതു മന്ത്രിയാണ് പൊതുജനങ്ങളുമായി സംവദിക്കാന്‍ പോകുന്നത് ? ആരും പോയിട്ടില്ല. ആരും പോകാറുമില്ല. പോകണമെന്ന് ആരും പറഞ്ഞിട്ടുമില്ല.

ജനങ്ങളില്‍നിന്ന് എത്രമാത്രം അകലം പാലിക്കാമോ അത്രമാത്രം അകലം പാലിക്കാനാണ് മന്ത്രിമാര്‍ നോക്കുന്നത്. ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദന്‍റെയും ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ മന്ത്രിമാര്‍ വരേണ്യ വര്‍ഗത്തിന്‍റെ പിടിയിലായി മാറിയിരിക്കുന്നു എന്നതാണ് കഥ. അതാണ് വസ്തുത.

സെക്രട്ടറിയേറ്റില്‍ ആര്‍ക്കും പ്രവേശനമില്ല. പ്രതിപക്ഷത്തിന്‍റെ സമരമാകാം കാരണം. സമരം കഴിഞ്ഞ് സമരത്തിലെ പുളിയും ഒടുങ്ങിയതിനു ശേഷംപോലും മന്ത്രിമാരാരും ജനങ്ങളെ സെക്രട്ടറിയേറ്റിലേക്ക് കയറ്റാറില്ല.


വൈകുന്നേരം 3 മണി മുതല്‍ സന്ദര്‍ശകരെ കയറ്റും എന്നുണ്ടെങ്കിലും വലിയ ശുപാര്‍ശയുണ്ടെങ്കിലേ പാസ് കിട്ടൂ. ജനങ്ങളാരും ഇങ്ങോട്ട് വരാറുമില്ല.


പത്രക്കാരെ നാലയലത്ത് അടുപ്പിക്കില്ല. ആര്‍ക്കെങ്കിലും, പത്രക്കാര്‍ക്കോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ പൊതുജനങ്ങള്‍ക്കോ 3 മണിക്ക് മുമ്പ് സെക്രട്ടറിയേറ്റിനുള്ളില്‍ കയറണമെങ്കില്‍ ആ ഉദ്യോഗസ്ഥന്‍ വിളിച്ച് കന്‍റോണ്‍മെന്‍റ് ഗേറ്റിലെ പോലീസ് ഔട്ട്പോസ്റ്റില്‍ പറഞ്ഞിരിക്കണം. ഉദ്യോഗസ്ഥന്‍ വിളിച്ചു പറഞ്ഞില്ലെങ്കില്‍ അവരെ കയറ്റില്ല. അതിന്‍റെ അര്‍ത്ഥം, കാണേണ്ട ഉദ്യോസ്ഥനു മുന്‍പരിചയം ഉള്ള വ്യക്തി വന്നാലേ അവര്‍ക്ക് ഈ സമയത്ത് കന്‍റോണ്‍മെന്‍റ് ഗേറ്റ് കടക്കാന്‍ പറ്റൂ.

40 വര്‍ഷം പത്രപ്രവര്‍ത്തകനായ എനിക്ക് സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ അറപ്പും വെറുപ്പുമാണ്. കാരണം മന്ത്രിമാര്‍ക്കോ അവരുടെ പേഴ്സണല്‍ സ്റ്റാഫിനോ നാം കാണേണ്ട ഉദ്യോഗസ്ഥനോ നമ്മള്‍ ചെല്ലുന്നത് തലവേദനയാണ്. അവര്‍ പല പ്രാവശ്യം വിളിച്ചു പറയണം. ആ പോലീസുകാര്‍ കയറ്റിവിട്ടോ എന്ന് അറിയണം.

അവര്‍ വിളിച്ചു പറഞ്ഞാലും ഇവിടെ പോലീസുകാര്‍ എഴുതി വെച്ചില്ലെങ്കില്‍ അഥവാ എഴുതി വെച്ച പോലീസുകാരന്‍ അപ്പോള്‍ ആ കൗണ്ടറില്‍ ഇല്ലെങ്കില്‍ നമ്മളെ അവിടെ തടയും. പിന്നെ വീണ്ടും വിളിച്ച് പറയിപ്പിക്കണം. നമ്മള്‍ അങ്ങോട്ടും അവര്‍ ഇങ്ങോട്ടും വിളിച്ച് രണ്ടു പേരുടെയും ക്ഷമ നശിക്കും.

ഈ അനുഭവം ഉള്ളതുകൊണ്ട് സെക്രട്ടറിയേറ്റിലേക്ക് കയറുന്നത് മിക്ക പത്രക്കാരും വേണ്ടെന്ന് വച്ചിരിക്കുകയാണ്. അല്ലെങ്കില്‍ പത്രസമ്മേളനം നടക്കുന്ന മന്ത്രിമാര്‍ക്ക് പറയാന്‍ ഉള്ളത് ജനങ്ങളെ അറിയിക്കുന്ന ജോലി നിര്‍വഹിക്കാന്‍ അവരെ പ്രവേശിപ്പിക്കും. അല്ലാതൊരു വിവര ശേഖരണത്തിന് അവിടെ ആരെയും പ്രവേശിപ്പിക്കുന്നില്ല.

പൊതുജനങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്കു മുമ്പില്‍ എത്ര പേര്‍ ഒരാഴ്ച സന്ദര്‍ശകരായി എത്തുന്നു ? സാധാരണക്കാരെത്ര എത്തുന്നു ? ശുപാര്‍ശക്കാരുടെ കാര്യമല്ല. ശുപാര്‍ശക്കാര്‍ക്കും പണക്കാര്‍ക്കും ഒക്കെ അവിടെ പ്രത്യേക വാതിലുകളും പ്രത്യേക സംവിധാനങ്ങളുമുണ്ടാകും.

ആരോടും ബന്ധമില്ലാത്ത ആരെയും അറിയാത്ത സെക്രട്ടറിയേറ്റില്‍ പോയി എന്‍റെ മന്ത്രിയോട് ഈയൊരു പരാതി പറഞ്ഞുകളയാം എന്നു വിചാരിച്ച് ആരാണ് ഈ തിരുവനന്തപുരത്ത് കാലുകുത്തുന്നത് ? ആത്മാഭിമാനമുള്ള ഒരുത്തരും കുത്തില്ല.

പാവപ്പെട്ടവരാണെങ്കില്‍ സെക്രട്ടറിയേറ്റില്‍ കയറ്റുകയുമില്ല. പ്രത്യേകിച്ച് അയാള്‍ സൗന്ദര്യമില്ലാത്തവനോ മുഷിഞ്ഞ വസ്ത്രം ധരിച്ചവനോ ആണെങ്കില്‍, ഉദാത്തമായി സംസാരിക്കാന്‍ ശേഷിയില്ലാത്തവനാണെങ്കില്‍, ആ പ്രദേശത്ത് അടുപ്പിക്കില്ല.


സി.പി.എം സംസ്ഥാന കമ്മിറ്റി ഗവേഷണം നടത്താന്‍ ദൂരെയെങ്ങും പോകണ്ട. കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനുമാണല്ലൊ ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. രണ്ടു പേരും സെക്രട്ടറിയേറ്റിന്‍റെ സന്ദര്‍ശക ഡയറിയില്‍ എത്ര പൊതുജനങ്ങള്‍ പാര്‍ട്ടിക്കാരല്ല, സ്വാധീനമുള്ളവരല്ല, ബന്ധങ്ങളുള്ളവരല്ല, അല്ലാതുള്ള എത്ര സാധാരണക്കാര്‍ ഓരോ മന്ത്രിമാരെയും കാണാന്‍ സെക്രട്ടറിയേറ്റില്‍ ഓരോ ദിവസം എത്തി എന്നതിന്‍റെ ഒരു മാസത്തെ കണക്കെടുത്താല്‍ മതി ഈ മന്ത്രിമാര്‍ എത്രമാത്രം ജനങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു എന്ന് മനസിലാക്കാന്‍.


പൊതുജനങ്ങളെ കാണുന്നില്ലെന്നു മാത്രമല്ല, അവരുടെ നിവേദനം കൊടുക്കാന്‍ കഴിയുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. അതിലൂടെ ഈ മന്ത്രിമാര്‍ ജനങ്ങളില്‍ നിന്ന് അകലുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഒരു സാധാരണക്കാരന്‍ കണ്ടിട്ടെത്ര കാലമായി ? പൊതു സമ്മേളനങ്ങളിലും വലിയ സെക്യൂരിറ്റിയോടൊപ്പം കാറില്‍ പോകുമ്പോഴും അദ്ദേഹം പുറത്തേക്കു നോക്കുമ്പോള്‍ സാധാരണക്കാരെ കാണാമായിരിക്കും.

പക്ഷെ സാധാരണക്കാരെ കണ്ട് അവരടെ സ്പന്ദനം മനസിലാക്കാന്‍, അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍, അവരുടെ വീക്ഷണത്തിലൂടെ എന്താണ് അവരുടെ ജീവിതത്തെക്കുറിച്ചും ജീവിത സന്ധാരണ മാര്‍ഗങ്ങളെക്കുറിച്ചും ഒക്കെ അറിയുന്നതിനുള്ള അവസരം ഈ മന്ത്രിമാരും മുഖ്യമന്ത്രിയും ആരും ഉപയോഗിക്കുന്നില്ല. അതൊട്ട് നടക്കുന്നുമില്ല.

അതുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം എന്നത് പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതായി മാറിയിരിക്കുന്നു. എന്തപഹാസ്യമാണത്.


പോലീസിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും സെക്യൂരിറ്റിയുടെയും കൈയ്യടിയുടെയും ആവേശത്തോടെ സ്വീകരിക്കുന്ന വ്യക്തികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും ഇഷ്ടക്കാരുടെയും നടുവിലൂടെ സ്റ്റേജില്‍ ചെന്ന് പ്രസംഗിച്ച് കയ്യടി വാങ്ങി പോകുന്ന ഒരഭിനയമാണല്ലൊ ഇപ്പോള്‍ നടക്കുന്നത് ? അതാണോ പൊതുജന സമ്പര്‍ക്കം ? അല്ല.


നിവേദകരെ എത്രപേരെ കാണുന്നു. സാധാരണക്കാരെ എത്രപേരെ കാണുന്നു. അതാണല്ലൊ പൊതുജന സമ്പര്‍ക്കം. പാര്‍ട്ടി സമ്മേളനങ്ങളല്ലല്ലൊ പൊതുജന സമ്പര്‍ക്കം ? അങ്ങനെ പൊതുജന സമ്പര്‍ക്ക സംവിധാനങ്ങള്‍ എത്രപേര്‍ ഉണ്ടാക്കി ?

അതുകൊണ്ട് ഈ കോവി‍ഡ് കാലഘട്ടത്തില്‍ കയറിവന്ന മന്ത്രിമാര്‍, അധികാരമേറ്റ മന്ത്രിമാര്‍, പ്രത്യേകിച്ച് ചെറുപ്പക്കാരാകുമ്പോള്‍, നവാഗതരാകുമ്പോള്‍ അവര്‍ ജനകീയമാകേണ്ടത് ജനങ്ങളിലേക്കിറങ്ങിച്ചെന്നാണ്, ജനങ്ങളെ കാണാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താതെയാണ്.

എത്ര അദാലത്തുകള്‍ ഇവര്‍ നടത്തുന്നു ? നേരത്തേ പറഞ്ഞതുപോലെ പൊതുജനങ്ങളെ കാണാന്‍ പരാതി പരിഹരിക്കാന്‍ ഇവരെ കണ്ട് കാര്യങ്ങള്‍ പറയുവാന്‍ അവസരം നിഷേധിക്കുന്ന പാര്‍ട്ടി നയവും ഗവണ്‍മെന്‍റ് നയവുമുള്ളപ്പോള്‍ ഇനി പൊതുജനങ്ങളെ കണ്ടുകളയണം എന്ന് നിര്‍ദേശിക്കുന്നതില്‍ എന്താണ് അര്‍ത്ഥം. അതുകൊണ്ട് ഏറ്റവും പരിഹാസ്യമായ ഒരു തീരുമാനമാണ് പുറത്തു വന്നത്.

സി.പി.എം ചെയ്യേണ്ടതൊന്നുമാത്രമാണ്. എല്ലാ പാര്‍ട്ടിയിലെയും മന്ത്രിമാരോട് ജനങ്ങളുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുക, വീട്ടില്‍ സന്ദര്‍ശകരെ സ്വീകരിക്കുക, സ്വാധീനമില്ലാത്ത, മുന്‍പരിചയമില്ലാത്ത ഒരാളെയും ഒരു മന്ത്രിയുടെയും വീട്ടില്‍ കയറ്റാറില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ‍ദേഹപരിശോധനയാകാം.


മന്ത്രിമാര്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ ഏതു സാധാരണക്കാരനെയും 3 മണി മുതല്‍ 5 മണി വരെ കാണും എന്നൊരു നിബന്ധന കര്‍ശനമാക്കുക. മിക്ക മന്ത്രിമാരും ഈ സമയത്ത് സെക്രട്ടറിയേറ്റില്‍ ഉണ്ടാകാറില്ല. സ്റ്റേറ്റ് കാര്‍ കിട്ടിക്കഴിയുമ്പോള്‍ ജനങ്ങളില്‍ നിന്ന് എത്രമാത്രം അകന്നു മാറാമോ അതിലാണ് പലരുടെയും ശ്രദ്ധ. ഇതില്‍ ഏറ്റവും പരിതാപകരം ചെറുപ്പക്കാരും നവാഗതരും തന്നെ. ബാക്കിയുള്ള മൂന്ന് നാലുപേര്‍ വൃദ്ധന്മാരാണെന്ന് കരുതാം.


പക്ഷേ ഈ തരത്തില്‍ ജനങ്ങളില്‍ നിന്ന് അകന്നുനിന്ന മന്ത്രിമാരോട് ഇത്രയും നാളിനു ശേഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലൂ എന്ന് പറയേണ്ടി വന്നത് സി.പി.എമ്മിന്‍റെ ഗതികേടാണ്. ആദ്യം ഈ പ്രസ്താവനാ നാടകങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം മന്ത്രിമാരോട് ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ പറയുക, ജനങ്ങളെ സ്വീകരിക്കാന്‍ പറയുക, ജനങ്ങളുടെ നിവേദനങ്ങള്‍ കേള്‍ക്കാന്‍ പറയുക, ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. ഇപ്പോള്‍ ആരും മന്ത്രിമാരുടെ അടുത്തേക്ക് പോകുന്നില്ല എന്ന സ്ഥിതിവിശേഷം ഈ പാവങ്ങളുടെ മനസില്‍ നിന്ന് ഒഴിവാക്കുക.

Advertisment