Advertisment

ഭൂമിമലയാളത്തില്‍ ഇത്രയധികം സാക്ഷികളെ കൂറുമാറ്റിച്ച പ്രതി ദിലീപല്ലാതെ വേറെയില്ല. പ്രതിയുടെ വക്കീലന്‍മാരെ പ്രതിയാക്കിയ വേറെ പോലീസും ലോകത്തുണ്ടാവില്ല. ബാലചന്ദ്രകുമാറിനെപ്പോലൊരു സുഹൃത്ത് ചരിത്രത്തിലുണ്ടാവുമോ ? ഇനി എന്തൊക്കെ കാണണം. പ്രേഷകര്‍ക്കൊരു പുകച്ചിലാണ്, അമ്മയെപ്പോലെ. എവിടാണു ശരിയെന്നൊരു പിടിയുമില്ല. ഇതുപോലെ പണം വാരിയെറിഞ്ഞു കളിക്കാന്‍ ദിലീപും സര്‍ക്കാരും ഇരുപക്ഷവും വേണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു കുരുവിനാക്കുന്നേല്‍ കുറുവച്ചനെങ്കിലും വേണം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ദിലീപ് ആലുവ ജെയിലിലേക്ക് എത്തിയപ്പോള്‍ കൂടിനിന്ന പതിനായിരങ്ങള്‍ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരാകി വെളുപ്പിച്ചുമാണ് ഉള്ളിലേക്കു കയറ്റിയത്.

ജയിലിലായ ദിലീപ് കരഞ്ഞുകൊണ്ടാണ് ദിനങ്ങള്‍ തള്ളിനീക്കിയത്. തല്ലു കൊണ്ടു തളര്‍ന്നിരുന്നു. എഴുന്നേല്‍ക്കാന്‍ പോലുമായിരുന്നില്ല. തറയില്‍ വിറച്ചു കിടന്ന ദിലീപിനെ സഹായിച്ച കഥ അന്നത്തെ ജയില്‍ ഡി.ജി.പി ശ്രീലേഖ പുറത്തു പറഞ്ഞപ്പോഴാണ് ജനമറിയുന്നത്.

2017 ഫെബ്രുവരി 17 നാണ് നടിയെ തട്ടിക്കൊണ്ടുപോകുന്നത്. ജൂലൈ 10 ന് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്യുന്നു. അന്നാണ് ദിലീപ് ജനരോഷത്തിനിരയായത്.

publive-image

ഒക്ടോബര്‍ 3 ന് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ദിലീപ് മോചിതനാകുന്നു. അന്ന് ജനം ഹര്‍ഷാരവങ്ങളോടെയാണ് ദിലീപിനെ സ്വീകരിച്ചത്. പഴയപോലെ പതിനായിരങ്ങള്‍ തടിച്ചുകൂടി. ചെണ്ടമേളവും പടക്കം പെട്ടിക്കലും ഒക്കെ ഉണ്ടായി. പായസ വിതരണവും ലഡു വിതരണവും നടന്നു.


ഇതാണ് മലയാളിയു‍ടെ സൈക്കോളജി. പൂവും കായും വിളിച്ചകത്തോട്ടയച്ചവനെ 85 ദിവസം കഴിഞ്ഞപ്പോള്‍ പൂക്കളമിട്ടു പുലികളി നടത്തി വാഴ്ത്തിപ്പാടും.


ഇതിലെ അസംബന്ധം അവിടെ നില്‍ക്കട്ടെ. ഈ കേസില്‍ പോലീസും ദിലീപും കാട്ടിയ (കാട്ടിക്കൊണ്ടിരിക്കുന്ന) വൃത്തികേടുകളിലേക്കു വിരല്‍ ചൂണ്ടുന്നതാണീ കുറിപ്പ്.

ഏറെകുറെ ദിലീപ് നിരപരാധിയാണെന്നൊരു ഫീലിംഗ് ഇതിനകം ജനങ്ങളില്‍ പലര്‍ക്കും ഉണ്ടായി തുടങ്ങിയിരുന്നു. അങ്ങിനെയൊക്കെ ദിലീപ് ചെയ്യുമോ ? അതിന്‍റെ ആവശ്യം അയാള്‍ക്കുണ്ടോ ? കാവ്യയെ കെട്ടിയല്ലോ ? പിന്നെയും എന്തിനാ മഞ്ജു വാര്യരും കൂട്ടരും പിറകെ നടക്കുന്നതെന്നൊക്കെ ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങിയിരുന്നു.

publive-image

ഇതിനിടെ മഞ്ജുവും ദിലീപും ഒത്തുതീര്‍പ്പിലും രമ്യതയിലുമായെന്നൊരു വാര്‍ത്തയും (ദിലീപ് സംഘം) പുറത്തു വിട്ടു. മഞ്ജു നിഷേധിച്ചതുമില്ല. ദിലീപ് ഊരിപ്പോരുമെന്നൊരു പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. വനിതയില്‍ കവര്‍ ചിത്രമടിച്ചു ദിലീപ് ആഘോഷങ്ങള്‍ക്കു തുടക്കവും കുറിച്ചു.

വിചാരണക്കോടതിയും പ്രൊസിക്യൂഷനും പരസ്പരം നടത്തിയ ചെളിവാരിയെറിയലുകളും പാരവയ്ക്കലുകളും എന്തിനും ഏതിനും ഇരു കൂട്ടരും സുപ്രീം കോടതി വരെ പോകുന്നതും മടങ്ങി വരുന്നതുമൊക്കെ കണ്ടു കേരളം നാണിച്ചു, നാറ്റം കാരണം.


2021 ഡിസംബര്‍ 25 ന് ക്രിസ്തുമസ് നാള്‍ എം.വി നികേഷ് കുമാറിന്‍റെ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ നടത്തിയത് അണുവിസ്ഫോടനം. നാഗസാക്കിയേക്കാള്‍ അന്നു കേരളം കുലുങ്ങി. മലയാളികള്‍ കിടുങ്ങി.


ദിലീപിന്‍റെ കൂട്ടാളിയായിരുന്ന ബാലചന്ദ്രകുമാര്‍ അടുത്തുനിന്നു ശേഖരിച്ചെടുത്ത തെളിവുകളുടെ മുമ്പില്‍ ദിലീപും കൂട്ടരും നടുങ്ങി. ബുദ്ധിരാക്ഷസനായ അഡ്വ. രാമന്‍പിള്ളപോലും വിയര്‍ത്തുപോയി. അവിടെ തുടങ്ങി ദിലീപിന്‍റെ കഷ്ടകാലം.

publive-image

ബാലചന്ദ്രകുമാറിന്‍റെ മിസൈലുകള്‍ റഷ്യ ഉക്രെയിനില്‍ പ്രയോഗിച്ചതിനേക്കാള്‍ കൃത്യതയുള്ളതായിരുന്നു. ദിലീപിന്‍റെയും കൂട്ടാളികളുടെയും മര്‍മ്മത്തുതന്നെ കൊണ്ടു.

ശാപവാക്കുകളൊന്നും ഓര്‍മ്മയില്ലെന്നും നിഷേധിക്കുന്നു എന്നുമൊക്കെപ്പറഞ്ഞു രാമന്‍ പിള്ളസാര്‍ വീണുരുണ്ടു. അപ്പോഴാണ് പോലീസ് അഭിഭാഷകര്‍ക്കെതിരെ തിരിഞ്ഞത്. ചില സി.പി.എം കേസുകള്‍ സാറിന്‍റെ വക്കാലത്തിലില്ലായിരുന്നെങ്കില്‍ ബിജു പൗലോസ് വക്കീലിനെയും കൂടെ കോട്ടിട്ടു നടന്നവരെയും പിടിച്ചകത്തിട്ടേനെ.


ദിലീപ് സര്‍വ്വ സാക്ഷികളെയും കൂറുമാറ്റിച്ചു. ഇനി വല്ല അടക്കാ രാജുമാരെയും കളത്തിലിറക്കിയെ പറ്റൂ എന്ന അവസ്ഥയായി അന്വേഷകര്‍ക്ക്. ഇത്രയധികം സാക്ഷികളെ കൂറുമാറ്റിച്ച പ്രതി ഭൂമിമലയാളത്തില്‍ കാണില്ല.

പ്രതിയുടെ വക്കീലന്‍മാരെ പ്രതിയാക്കാന്‍ തീരുമാനിച്ച പോലീസ് ലോകത്തുണ്ടാവില്ല. കൂടെനിന്നും ഇരുന്നും കിടന്നും ഉണ്ടും ഉറങ്ങിയും നിഴലായി നടന്ന് എല്ലാം മൊബൈലില്‍ ശേഖരിച്ച സുഹൃത്ത് ലോക ചരിത്രത്തിലുണ്ടാവുമോ ? 


പക്ഷേ ബാലചന്ദ്രകുമാറിന്‍റെ പ്രകോപിതനാകാതെ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കുന്ന വൈഭവം ഒന്നു വേറെ തന്നെ. കെ. സുധാകരനെ മാറ്റി കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാര്‍ക്കും തോന്നിപ്പോകും.

ബാലചന്ദ്രകുമാര്‍ കത്തിക്കാളുകയും ദിലീപും രാമന്‍ പിള്ളയും നിന്നു വിയര്‍ത്തു കുളിക്കുകയും ചെയ്യുന്നതിനിടയിലാണ് ഒരു 58 വയസുള്ള ' യുവതി ' ബലാല്‍സംഗ പരാതിയുമായി രംഗത്തു വന്നത്. കണ്ണൂര്‍ക്കാരിയാണു പരാതിക്കാരി. സംഗീത സംവിധായകന്‍റെ മുമ്പില്‍ വച്ച് 10 വര്‍ഷം മുമ്പ് റേപ്പു ചെയ്തതായാണ് പരാതി.

2022 ഓഗസ്റ്റ് 18 ന് പരാതി അടിസ്ഥാന രഹിതമാണെന്നു കണ്ടെത്തിയ പോലീസ് ഹൈക്കോടതിയില്‍ കേസ് റദ്ദാക്കണമെന്ന അപേക്ഷയും നല്‍കി.

അങ്ങിനെ ഒരു വി.ഐ.പിക്കെതിരെ തെളിവു നല്‍കിയ വ്യക്തിയെ വ്യാജ ബലാല്‍സംഗ കേസില്‍ പ്രതിയാക്കിയെന്ന ഖ്യാതി ദിലീപ് പക്ഷത്തിനു സ്വന്തം. അതോടെ ബാലചന്ദ്രകുമാര്‍ വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.

ഇനി എന്തൊക്കെയാണു കാണാനിരിക്കുന്നതെന്നറിയില്ല. പ്രേഷകര്‍ക്കൊരു പുകച്ചിലാണ്. അമ്മയെപ്പോലെ. എവിടാണു ശരിയെന്നൊരെത്തും പിടിയും കിട്ടുന്നില്ല. ഇതുപോലെ പണം വാരിയെറിഞ്ഞു കളിക്കാന്‍ ഒരുപക്ഷത്തു ദിലീപും മറുവശത്തു സര്‍ക്കാരും വേണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു കുരുവിനാക്കുന്നേല്‍ കുറുവച്ചനെങ്കിലും വേണം.

Advertisment