Advertisment

മുസ്ലിം സ്ത്രീകളില്‍ മല്‍സരശേഷി വര്‍ദ്ധിക്കുന്നില്ല; അതിന്‍റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്; എന്തു കഷ്ടമാണിത് ? മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണുള്ളത് ? പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്‍മാരോടു പൊരുതി നില്‍ക്കും ? നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നമ്മുടെ യുവതലമുറ പൊതുവേയും പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും ആത്മവിശ്വാസമില്ലായ്മയുടെ ആഴക്കടലിലാണ്. ആഴത്തില്‍ അറിവുണ്ടാകും. പക്ഷെ അങ്ങനെയുള്ളവരും അഭിമുഖങ്ങളില്‍ പകച്ചുപോകുന്നു. ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറിപ്പോകുന്നു.

പ്രതിസന്ധികളെ, അതു വ്യക്തിപരവും സ്വകാര്യവുമാകുമ്പോള്‍, തരണം ചെയ്യാനാകാതെ കുഴഞ്ഞുപോകുന്നു. ചിലര്‍ കാണുന്നതൊക്കെ സത്യമെന്നു വിശ്വസിക്കുന്നു. വാചകക്കസര്‍ത്തുകളില്‍ വീണുപോകുന്നു.

വര്‍ണപ്പൊലിമയുടെ പൊള്ളത്തരം മനസിലാകുമ്പോഴേക്കും ഊരാക്കുടുക്കില്‍ പെട്ടുപോയിരിക്കും. ഇങ്ങനെയാണ് എല്ലാവരുമെന്നല്ല. ഭൂരിഭാഗവും ഈ ഗണത്തില്‍പ്പെടുന്നവരാണ്.

കുറെ കാലമായി ശ്രദ്ധിക്കുന്ന ഒരു കാര്യം തൊഴില്‍ അന്വേഷിക്കുന്നവരില്‍ നല്ലൊരു വിഭാഗം പാവപ്പെട്ട മുസ്ലിം സ്ത്രീകളാണ് എന്നതാണ്. ഗള്‍ഫ് പണത്തിന്‍റെ സമ്പന്നതയിലും തണലിലും കഴിയുന്നവരല്ല. അവര്‍ക്കവരുടെ വഴികളും രീതികളുമുണ്ട്. പാവപ്പെട്ടവര്‍ക്കോ ? ഭര്‍ത്താവ് മരിച്ചവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, കുട്ടികളെ നോക്കാന്‍ പാങ്ങില്ലാത്തവര്‍, വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ഒക്കെയാണിവര്‍.

സാമാന്യ വിദ്യാഭ്യാസവും അല്‍പം സാങ്കേതിക പരിജ്ഞാനവുമുള്ളവര്‍ പോലും തഴയപ്പെടുന്നു. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥയില്‍ തിണ്ണമിടുക്കെന്നൊരു സംഗതിയുണ്ടായിരുന്നു. അതുപോലും പ്രകടിപ്പിക്കാനാവാത്തവര്‍. അവര്‍ നിസ്സഹായരാവുകയാണ്. ചെറുപ്പം മുതലുള്ള അടച്ചിട്ട കൂട്ടിലെ ജീവിതമാണിവരെ കുറെ കഴിയുമ്പോള്‍ തെല്ലു പരിഭ്രമിപ്പിക്കുന്നത്. (അത് ഏതു ഗണത്തില്‍ പെട്ടവരായാലും).


കോമണ്‍ സെന്‍സാണ് ഇന്നത്തെ ഏറ്റവും വലിയ സമ്പാദ്യം. 'കോമണ്‍ സെന്‍സ് ഈസ് അണ്‍ കോമണ്‍' എന്നൊരു ചൊല്ലുണ്ട്. ഈ സാമാന്യ ബുദ്ധി ചെറുപ്പത്തിലേ വളരണം. അതിനവര്‍ തമ്മില്‍തല്ലണം. മരത്തില്‍ കയറണം. മണ്ണില്‍ കളിക്കണം. കളിക്കണം. പഴം തട്ടിപ്പറിച്ചുകൊണ്ടോടണം. വേഗം വാരി തിന്നു വയറു നിറക്കണം. തട്ടിപ്പറിച്ചുകൊണ്ടോടണം.


ഒക്കെ നമ്മുടെ ബാല്യങ്ങള്‍ക്കു നിഷേധമാണല്ലോ ഇപ്പോള്‍. കൗമാരത്തിലാണ് സാമാന്യ ബുദ്ധിയും യുക്തിയും കൂടുതല്‍ തുറക്കുന്നത്. ഈ അവസരത്തില്‍പോലും പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്‍മാരോടു പൊരുതി നില്‍ക്കും ? പ്രതിരോധിച്ചു നില്‍ക്കും ?

അതിനാല്‍ ആണ്‍-പെണ്‍ പള്ളിക്കൂടങ്ങള്‍ എന്ന രീതി കാലഹരണപ്പെട്ടതാണ്. മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണു നമ്മുടെ പക്കലുള്ളത് ?

മദ്യ ലഭ്യത കുറഞ്ഞതാണ് കേരളം മദ്യപാനികളുടെ രാജ്യമായി മാറിയതെന്നാര്‍ക്കാണറിയാത്തത് ? എല്ലാ മുറുക്കാന്‍ കടകളിലും കള്ളുകിട്ടുന്ന കര്‍ണാടകയിലൊ, ഗോവയിലൊ എന്തിനു ഡല്‍ഹിയിലൊ കേരളത്തിലെപോലെ മനുഷ്യര്‍ കള്ളുകുടിച്ചു വറ്റിക്കുന്നില്ല. നിരോധനവും നിരാകരണവും എതിര്‍പ്പിനേയും റിബലിസത്തേയും ക്ഷണിച്ചു വരുത്തുന്നു.

പെണ്‍ പള്ളിക്കൂടങ്ങളില്‍ നിന്നും എത്തുന്നവരാണ് കൂടുതല്‍ പ്രണയബന്ധങ്ങളില്‍ അകപ്പെട്ടുപോകുന്നതെന്ന് ഒരു കോളജ് അധ്യാപകന്‍ അനുഭവ സാക്ഷ്യത്തില്‍ പറഞ്ഞതിന് അടിവരയിടട്ടെ.

2015 ല്‍ ഇക്കണോമനിക് ടൈംസ് ഇന്‍റലിജന്‍സ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നത് ഇടത്തരം - ഉന്നത പദവികളില്‍ (സ്വകാര്യ സ്ഥാപനങ്ങളില്‍) 2.7 ശതമാനം മാത്രമാണ് മുസ്ലിം പ്രാതിനിധ്യമെന്നാണ്. 2018 ഏപ്രിലിലെ കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തരം പദവികളിലെ മുസ്ലിം പ്രാതിനിധ്യം 1.33 ശതമാനം മാത്രമാണ്. ആരും തടഞ്ഞതല്ല. മല്‍സര പരീക്ഷകളില്‍ വിജയിച്ചുവരാത്തതാണ് കാരണം.


മുസ്ലിം സ്ത്രീകളുടെ സ്ഥിതി പരിതാപകരമാണ്. 70 ദശലക്ഷം വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളുണ്ട് ഇന്ത്യയില്‍. വനിതാ തൊഴില്‍ പങ്കാളിത്ത നിരക്ക് (എൽഎഫ്‌പിആർ) ഭീകരമാം വിധം കുറയുകയാണ്.


മുസ്ലിം സ്ത്രീകളില്‍ സാമാന്യ ബുദ്ധിയും മല്‍സരശേഷിയും വര്‍ദ്ധിക്കുന്നില്ല. അതിന്‍റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്. എന്തു കഷ്ടമാണിത് ?

Advertisment