Advertisment

അഴിമതി പമ്പകടത്തും. ലോകായുക്തയ്ക്ക് 'ഒര്‍ജിനല്‍' ജീവന്‍ തിരിച്ചുകിട്ടി, ഇനി മന്ത്രിമാര്‍ക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി രക്ഷിക്കും. മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ നിയമസഭ രക്ഷിക്കും. അതാണ് 'ബുദ്ധി' ? അഴിമതിയെ അറബിക്കടലില്‍ തള്ളും... ഉറപ്പ് ! - നിലപാട് കോളത്തില്‍ ഓണററി എഡ‍ിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സി.പി.ഐ ചന്ദ്രഹാസമിളക്കിയപ്പോള്‍ എല്ലാവരും വിചാരിച്ചു ലോകായുക്തയ്ക്കു ജീവന്‍ തിരിച്ചുകിട്ടുമെന്ന്. അഴിമതിക്കാരെയാകെ അഴിക്കുള്ളിലാക്കുമെന്ന്. മലപോലെ വന്നത് എലിപോലെയായി.

ഇനി അഴിമതി ലോകായുക്ത കണ്ടെത്തിയാലും പൊതുപ്രവര്‍ത്തകര്‍ക്ക് അവര്‍ വഹിക്കുന്ന പദവിയില്‍ യഥേഷ്ടം തുടരാം. രാജിവെക്കണമെന്ന വ്യവസ്ഥ ഇല്ലാതാക്കുന്നത് അഴിമതിയെ അരിഞ്ഞു കളയുമെന്നു പ്രഖ്യാപിച്ച ഇടതുസര്‍ക്കാരാണെന്നത് വിധിയുടെ വിളയാട്ടം.

നിയമങ്ങളൊക്കെ കര്‍ശനമാവുകയും അഴിമതിക്കെതിരെ അനേകം നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും ഇവിടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് പാവം ആര്‍. ബാലകൃഷ്ണപിള്ള മാത്രം. അതും വി.എസ് അച്യുതാനന്ദന്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തു കാത്തു ഇരുന്നതുകൊണ്ട്.

ഒടുവില്‍ ഇടതു പാളയത്തിലെത്തി അവരെക്കൊണ്ട് തന്നെ ചുമപ്പിച്ചുകൊണ്ട് ബാലകൃഷ്ണപിള്ള പകരം വീട്ടുകയും ചെയ്തു. പറഞ്ഞതൊക്കെ വിഴുങ്ങി ഇടതു നേതാക്കള്‍ ഡീസന്‍റായത് പറയാതിരുന്നുകൂടാ. അതാണല്ലോ രാഷ്ട്രീയ (ആദര്‍ശ) മര്യാദ. അപ്പോഴേക്കും വി.എസ് കളമൊഴിഞ്ഞതും ഭാഗ്യം. അല്ലെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് പിള്ളയുടെ അപദാനങ്ങള്‍ പറയിപ്പിച്ചേനേ പാര്‍ട്ടിക്കാര്‍.

ലോകായുക്തയുടെ മുമ്പിലുള്ള കേസുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കുറ്റാരോപിതരാണ്. ഇപ്പോഴത്തെ ലോകായുക്തമാരൊന്നും അപകടകാരികളല്ല. മന്ത്രിമാരെ താഴെ ഇറക്കാന്‍ കച്ചകെട്ടിയിറങ്ങിയവരല്ല. ഉണ്ട ചോറിന് നന്ദി കാണിക്കുന്നവരുമാണ്.


എന്നാല്‍ തലയില്‍ ഗുളികന്‍ കയറിപ്പോയാലോ ? ലോകായുക്തക്ക് രക്ഷിക്കാനാകാത്തത്ര കുഴപ്പത്തില്‍ മന്ത്രിമാര്‍ ചാടിപ്പോയാലോ ? അവരെ രക്ഷിക്കേണ്ടേ ? അതിനാണ് ലോകായുക്തയുടെ 'ചങ്കുടയ്ക്കല്‍' പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയത്.


ലോകായുക്തയുടെ വിധി എന്തായാലും തള്ളാനും കൊള്ളാനും മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതിയാണ് ആദ്യം സി.പി.എം നിര്‍ദ്ദേശിച്ചത്. മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. രാജ്ഭവനില്‍ ഒരു ആള്‍ കലിതുള്ളി ഇരിക്കുന്ന കാര്യം അതത്ര ഗൗരവമായെടുത്തില്ല. ഒന്നും ഒപ്പിടാതെ കലിപ്പ് കാട്ടിക്കളഞ്ഞു.

അപ്പോഴാണ് ബില്ല് അവതരിപ്പിച്ചു നിയമമാക്കാമെന്ന ചിന്തയുണ്ടായത്. മന്ത്രിസഭയായാലെന്താ നിയമസഭ ആയാലെന്താ 99 ഉണ്ടല്ലോ രക്ഷക്ക്. അങ്ങിനെ സഭ വിളിച്ചപ്പോഴാണ് കാനം മുറുമുറുപ്പുമായി രംഗത്തെത്തിയത്.


ചില ഭേദഗതികള്‍ സി.പി.ഐ നിര്‍ദ്ദേശിച്ചു. അതു കണ്ടാലറിയാം ഭേദഗതിക്കുവേണ്ടിയുള്ള ഭേദഗതിയാണെന്ന്. ഇങ്ങിനെ ചില മുട്ടാ തര്‍ക്കങ്ങളൊക്കെ ഉന്നയിച്ചില്ലെങ്കില്‍ രണ്ടാം കക്ഷിയുടെ 'ഗരിഷ്മ' ഇല്ലാതാവില്ലേ. പാര്‍ട്ടി സമ്മേളനങ്ങളില്‍ കാനത്തെ പിണറായിയുടെ അടിമയെന്നു വരെ സി.പി.ഐക്കാര്‍ വിളിച്ചെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ തീവ്ര വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒരു പഴക്കഷണമെങ്കിലും വായിലേക്കെറിഞ്ഞു കൊടുക്കേണ്ടേ ?


ലോകായുക്തയുടെ വിധി പഠിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കണമെന്നാണ് ഒരു ഭേദഗതി. വിധി എതിരായാല്‍ നടപ്പാക്കാതിരിക്കാനോ തള്ളാനോ ഈ സമിതിക്കു വിട്ടാല്‍ മതിയല്ലോ. സമിതിയെ സര്‍ക്കാരാണ് നിയമിക്കുക.

വി.സിമാരെ വരെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടുന്ന പിണറായി സര്‍ക്കാരിനുണ്ടോ ഭയം ! എങ്കിലും സി.പി.ഐയെ തൃപ്തിപ്പെടുത്താന്‍ ഭേദഗതി സ്വീകരിച്ചു. പക്ഷെ അങ്ങിനെ ഒരു സമിതിക്കധികാരം കൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. കോടതി മൂന്നാമത്തെ ദിവസം ഇതെടുത്തു കൊട്ടയിലെറിയും. ഇതറിയാത്തവരല്ല സി.പി.ഐക്കാര്‍. എന്നാലും ഒരു പിടി ഇരിക്കട്ടെ എന്നവര്‍ കരുതിയെന്നേയുള്ളു.

മുഖ്യമന്ത്രിക്കെതിരെ വിധി വരുമോ എന്ന ശങ്ക സി.പി.എമ്മിനുണ്ട്. അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ വരുന്ന വിധി മുഖ്യമന്ത്രി തന്നെ തള്ളണോ കൊള്ളണോ എന്നു തീരുമാനിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ സി.പി.ഐ ആ അധികാരം നിയമസഭക്കു നല്‍കണമെന്നാവശ്യപ്പെട്ടു. അത് സി.പി.എം അംഗീകരിച്ചത് പൂര്‍ണ മനസാലെ.

സ്വന്തം വിധി പുനപരിശോധിച്ചു സ്വയം രക്ഷപെട്ടു എന്ന പേരു ദോഷം ഇതോടെ മുഖ്യമന്ത്രിക്കില്ലാതെയാകും. നിയമസഭയാകുമ്പോള്‍ പാപഭാരം വീതിച്ചുപോകും. 99 കൈയ്യിലുള്ളപ്പോള്‍ പിന്നെന്താ പ്രശ്നം ?

മന്ത്രിമാര്‍ക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി അവരെ രക്ഷിക്കുക. മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ നിയമസഭ രക്ഷിക്കുക. എന്തൊരു ജനാധിപത്യ ബോധം ! അഴിമതി അറബിക്കടലില്‍ ചെന്നു വീഴും. ഉറപ്പാണ്.

Advertisment