Advertisment

വ്യവസായം തുടങ്ങിയ പ്രവാസി ആത്മഹത്യ ചെയ്തു. കണ്ണൂരില്‍ തന്നെ കണ്ടിക്കലെ വ്യവസായ പാര്‍ക്കില്‍ ചെറുകിട സംരംഭം തുടങ്ങിയ ദമ്പതികള്‍ നാടുവിട്ടു. കേരളത്തിന്‍റെ സംരംഭക സൗഹൃദത്തിനും കണ്ണൂര്‍ മോഡല്‍ ! ബലേ ഭേഷ് ! ഒരു ലക്ഷം സംരംഭകര്‍ ഓടിയെത്തുന്നത് സ്വപ്നം കാണാം നമുക്ക് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

2019 ജൂണ്‍ 18 നാണ് ആന്തൂരിലെ വ്യവസായ സംരംഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. ജീവിത നൈരാശ്യമൊ സാമ്പത്തിക പ്രതിസന്ധിയോ ആയിരുന്നില്ല കാരണം.

സി.പി.എം നേതൃത്വത്തിലുള്ള ആന്തൂര്‍ (കണ്ണൂര്‍ ജില്ല) നഗരസഭ തന്‍റെ സംരംഭക സ്വപ്നം തച്ചു തകര്‍ത്തപ്പോഴാണ് സാജന്‍ സ്വയം ജീവനൊടുക്കിയത്. അതായത് പ്രതിക്കൂട്ടില്‍ ആന്തൂര്‍ നഗരസഭയും അതു ഭരിക്കുന്ന സി.പി.എമ്മും.


ഗള്‍ഫില്‍ കഷ്ടപ്പെട്ടു കുറെ പണമുണ്ടാക്കി സ്വന്തം നാട്ടില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനെത്തിയ സാജന്‍മാരുടെ കൊലപാതകികളാകുന്നു അക്കാരണത്താല്‍ തന്നെ ഇതുപോലെയുള്ള നഗരസഭകളും പാര്‍ട്ടികളും.


പി.കെ ശ്യാമളയെന്ന നഗരസഭാധ്യക്ഷയാണ് അന്ന് പ്രതിക്കൂട്ടില്‍. ഇപ്പോഴത്തെ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ. സൗമ്യനായ ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത ഒരു ഭാര്യയുണ്ടായിപ്പോയില്ലേ എന്നു പരിതപിച്ചവര്‍ഏറെ.

15 കോടി മുടക്കി കണ്‍വന്‍ഷന്‍ സെന്‍റര്‍ പണിതതിന് ലൈസന്‍സു നല്‍കാതെയാണ് അന്നു നഗരസഭ ഇടങ്കോലിട്ടതും സാജന്‍ സ്വയം മരിച്ചതും. പി. ജയരാജനും എം.വി ഗോവിന്ദനും തമ്മില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ നിലനിന്ന ഗ്രൂപ്പു പോരിന്‍റെ രക്തസാക്ഷിയാണു സാജനെന്നു മാധ്യമങ്ങള്‍ എഴുതി.

എന്തായാലും വിധവ സീനക്ക് ലൈസന്‍സ് വൈകാതെ നല്‍കി സി.പി.എം. തടിയൂരി. സാജന്‍റെ ജീവനെടുത്തെങ്കിലെന്താ ലൈസന്‍സ് വൈകാതെ നല്‍കിയില്ലേ ? ഇതാണു വ്യവസായ സൗഹൃദം കണ്ണൂര്‍ മോഡല്‍.

ഒടുവിലിതാ ഏഷ്യാനെറ്റ് ഒരു വാര്‍ത്തയുമായി വന്നുകഴിഞ്ഞു. അതും കണ്ണൂര്‍ ജില്ലയില്‍ തന്നെ. തലശ്ശേരിയില്‍ പ്രശസ്ത എഴുത്തുകാരന്‍ കെ. തായാട്ടിന്‍റെ മകന്‍ രാജ് കബീറും ഭാര്യയും കൂടി വ്യവസായ പാര്‍ക്കില്‍ ഒരു ഫര്‍ണിച്ചര്‍ നിര്‍മ്മാണ സംരംഭം തുടങ്ങി, 2006 -ല്‍. ഫാന്‍സി ഫണ്‍ എന്ന പേരില്‍. കണ്ടിക്കലെ പാര്‍ക്കില്‍.


മുന്‍വശത്തേക്കല്‍പ്പം ഷീറ്റിട്ടു, ഫര്‍ണിച്ചര്‍ മഴനനയാതിരിക്കാന്‍. 25000 രൂപ ചെലവായ ഷീറ്റിന് നാലു ലക്ഷത്തി പതിനേഴായിരം രൂപ ഫൈനിട്ടു സി.പി.എം. നഗരസഭ. അതടക്കാന്‍ പാങ്ങില്ലാതെ വലഞ്ഞ രാജ് കബീറിന്‍റെ സ്ഥാപനം നഗരസഭ പൂട്ടി സീല്‍ വച്ചു.


രാജ് കബീര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ കൊണ്ടുവന്നു. സെക്രട്ടറി വിധി സ്വീകരിച്ച് ആദ്യ ഗഡു വാങ്ങി തുറക്കാനുള്ള അനുമതിയും നല്‍കി. പക്ഷേ ആരു നടപ്പാക്കാന്‍ ? ഉത്തരവു നല്‍കി സെക്രട്ടറി തടിയൂരി. വൈസ് ചെയര്‍മാനാണ് വില്ലന്‍. സി.പി.എം നേതാവ്.

ചെയര്‍ പേഴ്സണ്‍ വനിതയാകുമ്പോള്‍, അവര്‍ പ്രമുഖ സി.പി.എം നേതാവിന്‍റെ ഭാര്യയോ സഹോദരിയോ അടുത്ത ബന്ധുവോ അല്ലെങ്കില്‍ നോക്കുകുത്തിയാവുക സ്വാഭാവികം. അതാണല്ലൊ പാര്‍ട്ടി രീതി.

ഈ നോക്കുകുത്തി നിസ്സഹായയായി. വൈസ് ചെയര്‍മാന്‍ വിശ്വരൂപമെടുത്തു. വിധി നടപ്പായില്ല. രാജ് കബീറും ഭാര്യയും സഹികെട്ട് കത്തുമെഴുതിവച്ചു നാടുവിട്ടു. അതിനു മുമ്പ് അദ്ദേഹം വ്യവസായ മന്ത്രി പി. രാജീവിനെ വരെ പല തവണ ബന്ധപ്പെട്ടതാണ്. പ്രയോജനമില്ലാതായപ്പോഴായിരുന്നു നാടുവിടല്‍.

സത്യത്തില്‍ ഇതു നാടുവിടലല്ല. നാടുകടത്തലാണ്. ഒരു ലക്ഷം വ്യവസായം ഉടന്‍ ആരംഭിച്ചുകളയുമെന്ന പ്രഖ്യാപനത്തിന് പറ്റിയ നാട് ! അതും സി.പി.എം ശക്തികേന്ദ്രത്തില്‍. വ്യവസായ വകുപ്പുകാര്‍ ചെന്നു താഴിട്ടു പൂട്ടിയതു കണ്ടു നഗരസഭക്കാരോട് സാരോപദേശം നല്‍കി സ്ഥലം വിട്ടു.

ഡിപ്പോസിറ്റ് കുടിശിഖയൊക്കെ അടച്ചശേഷമായിരുന്നു 4 ലക്ഷത്തിന്‍റെ ഫൈന്‍ എന്നോര്‍ക്കണം. കൊവിഡ് കാലമെന്നു പോലും തലശ്ശേരിയിലെ സി.പി.എം മേലാളന്‍മാര്‍ ഓര്‍ത്തില്ല.

അവര്‍ക്കെന്തു കൊവിഡ് ! ആവശ്യത്തിലധികം പാര്‍ട്ടി ഫണ്ടും കൈയ്യയച്ചു കൊടുക്കാന്‍ പാറമടക്കാരും മണ്ണുകടത്തുകാരും കള്ളക്കടത്തുകാരും ഉള്ളപ്പോള്‍ ! 12 ജീവനക്കാര്‍ വഴിയാധാരമായതു മിച്ചം.


ഒരു പ്രൊഫസര്‍ തസ്തിക പിടിച്ചെടുക്കാന്‍, സ്വന്തക്കാരിയെ തിരുകിക്കയറ്റാന്‍ ഗവര്‍ണറോടുപോലും യുദ്ധം ചെയ്യുകയും നിയമങ്ങള്‍ തന്നെ തിരുത്തിയെഴുതുകയും ചെയ്യുന്ന പാര്‍ട്ടിക്ക് തായാട്ടിന്‍റെ മകനാണോ വലിയ കാര്യം ? വ്യവസായ പാര്‍ക്കും സംരംഭകത്വവുമൊന്നുമല്ല പ്രശ്നം തലശ്ശേരി ഏരിയാ കമ്മറ്റിയാണ്.


എന്തായാലും കണ്ണൂരിനെ ഒരു പ്രത്യേക രാജ്യമാക്കുകയും അവിടുത്തെ അധിപനായി കുറഞ്ഞത് എം.വി ജയരാജനെയെങ്കിലും നിയമിക്കുകയും ചെയ്താല്‍ എല്ലാത്തിനും ഒരു പരിഹാരമുണ്ടാകും. അതാണ് അവസാനത്തെ പോംവഴി. കണ്ണൂര്‍ മോഡല്‍ നീണാള്‍ വാഴട്ടെ ! ഒരു ലക്ഷം സംരംഭകര്‍ ഓടിയെത്തട്ടെ ! കണ്ണൂരിലാകെ ചുവന്ന പൂക്കള്‍ വിരിയട്ടെ !

ഒടുവില്‍ കിട്ടിയത്: സംരംഭകനെയും ഭാര്യയെയും പോലീസ് കണ്ടെത്തി തലശ്ശേരിയിലെത്തിച്ചു. വ്യവസായ മന്ത്രി പി. രാജീവ് സംരംഭം തുറക്കാനുള്ള എല്ലാ തടസങ്ങളും നീക്കിയതായി അറിയിച്ചു.

Advertisment