Advertisment

കോണ്‍ഗ്രസിലെ വില്‍ക്കാചരക്കുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ജി- 23. പാര്‍ട്ടിക്ക് 'ആക്ടിംങ്ങ്' അല്ല ആക്ടീവ് പ്രസിഡന്‍റ് വേണമെന്നാണവര്‍ ആവശ്യപ്പെട്ടത്. പിന്നെ ഗുലാം നബി പൊട്ടിച്ച ബോംബില്‍ മലയാളി ബൈജുവാണ് താരം. ആരു പൊങ്ങി വന്നാലും അവനെ വലിച്ചു നിലത്തിടുന്ന മലയാളിയുടെ പൊതുസ്വഭാവം രാഹുലിന്റെ സെക്യൂരിറ്റിയായ കെബി ബൈജു നിലനിര്‍ത്തുന്നുമുണ്ട്. അതില്‍ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും പോലും ബൈജു കരുണ കാട്ടില്ല. അമ്മയും മകനും മകളും മനസിലാക്കാനുണ്ട് ചിലത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചപ്പോള്‍ ഗുലാമിനെതിരെ കോണ്‍ഗ്രസ് സൈബര്‍ സഖാക്കള്‍ ട്രോളി ട്രോളി ചീത്ത പറയുന്നുണ്ടെങ്കിലും അത് പാര്‍ട്ടിക്കു വലിയ ക്ഷതമുണ്ടാക്കുമെന്നറിയാത്തവര്‍ ഇല്ല.

ഗുലാം നബി കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ മുഖമായിരുന്നു. പത്രാധിപന്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശ്രീനഗറിലെത്തിയപ്പോള്‍ അന്ന് കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബിയുടെ പ്രാഗല്‍ഭ്യം അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് എന്ന ജനാധിപത്യ കക്ഷി ശരീരം ശോഷിച്ച് പോളിയോ ബാധിച്ച യുവാവിനെയോ വൃദ്ധനെയോ പോലെയായിത്തീരുന്നതില്‍ മനം നൊന്താണ് ജി 23 എന്ന വിമത ഗ്രൂപ്പ് ഉദയം ചെയ്തത്. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. പാര്‍ട്ടിക്ക് മുഴുവന്‍ സമയ പ്രസിഡന്‍റ് വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.


അമ്മക്കും മകനും മകള്‍ക്കും നേരെയുള്ള കലാപമായിരുന്നു ജി 23. വില്‍ക്കാ ചരക്കുകള്‍ക്കെതിരെയുള്ള പ്രതിഷേധം. 2020 ഓഗസ്റ്റില്‍ 23 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ഒരു ആക്ടീവ് പ്രസിഡന്‍റ് വേണമെന്നെഴുതിയതോടെയാണ് ജി 23 ന്‍റെ ആവിര്‍ഭാവം. ആക്റ്റിംഗ് പ്രസിഡന്‍റ് ഭരണമാണിപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്.


അതാകട്ടെ അമ്മയും മകനും തമ്മിലുള്ള ഒരു വച്ചുമാറ്റം മാത്രവും. (ഒരു ആസ്ട്രിയന്‍ കൈതോക്കിനും (ഗ്ലോക്ക് 23) സോവിയറ്റ് പരീക്ഷണ യുദ്ധവിമാനത്തിനും ഒരു അമേരിക്കന്‍ യുദ്ധവിമാനത്തിനും ജി 23 എന്ന പേരുണ്ട്. എല്ലാം യുദ്ധം തന്നെ).

ഗുലാമിനെ കൂടാതെ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, പി.ജെ. കുര്യന്‍, രേണുകാ ചൗധരി, മിലിന്‍ഡ് ഡിയോറ, മുകുള്‍ വാസിനിക്, ജിതിന്‍ പ്രസാദ്, ഭൂപേന്ദ്ര സിംഗ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടേല്‍, വീരപ്പ മൊയ്‌ലി, പൃത്ഥ്വിരാജ് ചൗഹാന്‍, അജയ് സിംഗ്, രാജ് ബാബര്‍, അരവിന്ദ് സിംഗ് ലവ്ലി, കൗള്‍സിംഗ് ഠാക്കൂര്‍, കുല്‍ദീപ് ഗര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്, വിവേക് ധക്കാ എന്നിവരാണ് ജി 23 ലെ അംഗങ്ങള്‍.


ജി 23 യില്‍ തലതൊട്ടപ്പനായിരുന്നു ഗുലാം. ഗുലാം പോയതു തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ വെടി പൊട്ടിച്ചുകൊണ്ടാണ്. സെക്യൂരിറ്റിക്കാരന്‍ വരെയാണിപ്പോള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്നായിരുന്നു ഗുലാമിന്‍റെ പരിഹാസം. അന്വേഷണത്തിനൊടുവില്‍ ചാനലുകാര്‍ ആ സെക്യൂരിറ്റിക്കാരനെ പൊക്കി. ഭാഗ്യം, മലയാളിയാണു താരം. കെ.ബി. ബൈജുവാണെന്നാണ് ചാനലുകാര്‍ കണ്ടെത്തിയത്.


publive-image

രാഹുല്‍ ഗാന്ധിയുടെ എസ്.പി.ജി. സുരക്ഷാ സംഘത്തില്‍പ്പെട്ടയാള്‍. രാജിവച്ച് രാഹുല്‍ ബ്രിഗേഡില്‍ ചേര്‍ന്നു. പിന്നെ നേതാക്കള്‍ക്കു രാഹുലിനെ കാണണമെങ്കില്‍ ബൈജു കനിയണമെന്ന അവസ്ഥ വന്നു. ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും കരുണകാട്ടാനൊന്നും ബൈജു എന്ന മലയാളി മെനക്കെട്ടില്ല.

ആരു പൊങ്ങി പൊങ്ങി വന്നാലും വലിച്ചു നിലത്തിടുന്ന നമ്മുടെ പൊതു സ്വഭാവം ബൈജു നിലനിര്‍ത്തി എന്നതാണ് ഏക അഭിമാനം. രാഹുല്‍ ഗാന്ധിയുടെ ദുരൂഹ വിദേശ യാത്രകള്‍ക്കൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണത്രെ. രാഷ്ട്രീയ കാര്യങ്ങള്‍ നോക്കുന്നത് നമ്മുടെ കെ.സി. വേണുഗോപാല്‍. സെക്യൂരിറ്റി ബൈജു. മലയാളികള്‍ക്കഭിമാനിക്കാന്‍ ഇനി എന്തുവേണം. (വേണു രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞാണ് രാഹുലിന്‍റെ വിശ്വസ്തനായത്).

publive-image


കുടുംബാധിപത്യമൊന്നും ഇനി ഇന്ത്യയില്‍ ചിലവാകില്ലെന്ന് തിരിച്ചറിയാന്‍ ഗാന്ധി കുടുംബം വൈകുന്നതെന്താണെന്നറിയില്ല. ബീഹാറും ത്ധാര്‍ഖണ്ഡും ഒന്നുമല്ലല്ലോ ഇന്ത്യ. അവിടുത്തെ നിരക്ഷരരല്ലല്ലോ ഇന്ത്യന്‍ ജനത. വില്‍ക്കാ ചരക്കാണെന്നറിഞ്ഞപ്പോള്‍ കളം മാറി കൊടുക്കേണ്ടേ ?


ജനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വഴി മാറണം. ബി.ജെ.പിയില്‍ എല്‍.കെ. അദ്വാനിയുള്‍പ്പെടെ എത്ര മഹാരഥന്‍മാരെ മൂലക്കിരുത്തിയിട്ടാണ് പാര്‍ട്ടി നരേന്ദ്ര മോഡിയെ തലപ്പത്ത് കൊണ്ടുവന്നത്. എന്തിന് അരുണ്‍ ജയ്റ്റിലിയുടെ പിന്നില്‍ നിന്നു ബഹുമാനത്തോടെ കാതില്‍ രഹസ്യം പറയുന്ന മോഡിയുടെ ചിത്രം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ കിടന്നു കറങ്ങുന്നുണ്ട്.

എല്ലാ അധികാരങ്ങളും കൈപ്പിടിയില്‍ ഒതുക്കണമെന്നാഗ്രഹിക്കുന്നവര്‍ ഏകാധിപതികളാണ്. അതാണ് ഇന്ദിരാഗാന്ധിക്കു സംഭവിച്ചതും, സോണിയാ-രാഹുല്‍-പ്രിയങ്ക കോക്കസിനു സംഭവിച്ചുകൊണ്ടിരിക്കുന്നതും.

ഇനിയെങ്കിലും കളമൊഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പി.യിലേക്കു ഒഴുക്ക് കൂടിക്കൊണ്ടേയിരിക്കും.

Advertisment