Advertisment

കേന്ദ്രവും കേരളവും തമ്മില്‍ ഏറ്റുമുട്ടികൊണ്ടേയിരിക്കണമെന്ന് മാധ്യമങ്ങള്‍ക്കാണോ ഇത്ര നിര്‍ബന്ധം. ആ രക്തച്ചൊരിച്ചില്‍ വാര്‍ത്തയാക്കണം. നഹ്റു ട്രോഫി വള്ളംകളി ഇപ്പോള്‍ പി കൃഷ്ണപിള്ള വള്ളംകളിയല്ലെന്ന് കോണ്‍ഗ്രസുകാരുമോര്‍ക്കണം. അതിന് അമിത്ഷായെ ക്ഷണിച്ച പിണറായിയുടെ നീക്കം തന്ത്രവും നയതന്ത്രവുമാണ്. രാഷ്ട്രീയ പകവച്ചുകൊണ്ടിരുന്നാല്‍ നഷ്ടം പിണറായിക്കും കേരളത്തിനുമാണ്. അമിത്ഷാ വരട്ടെ, ഒപ്പം മുരളീധരനും പി ശ്രീധരന്‍പിള്ളയും വരട്ടെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടി ഏറ്റുമുട്ടി കേരളം വികസനത്തില്‍ ഒരു വഴിക്കായെന്നറിയാത്തവരില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ കേരളം ഇടതുപക്ഷം ഭരിക്കും. പിന്നെ തമ്മിലടിയാണ്. ചുരുക്കം അവസരങ്ങളിലാണ് രണ്ടിടങ്ങളിലും ഒരേ കക്ഷികള്‍ ഭരണത്തിലേറിയത്.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കഥയാകെ മാറി. അവരെ എതിര്‍ക്കാന്‍ ഇവിടുത്തെ പിണറായി സര്‍ക്കാരും തിരിച്ചടിക്കാന്‍ മോഡി സര്‍ക്കാരും കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പകുതിയില്‍ സൗഹൃദാന്തരീക്ഷമായിരുന്നു ഇരുപക്ഷവും തമ്മില്‍. പിന്നെ അതു കലുഷിതമായി.

ഇതിനിടെ നിതിന്‍ ഗഡ്കരി പിണറായിയുടെ അടുപ്പക്കാരനായി. അതുകൊണ്ടാണോ എന്നറിയില്ല നിതിന്‍റെ പാര്‍ട്ടി സ്ഥാനങ്ങള്‍ പറിച്ചെടുത്ത് മോഡി അദ്ദേഹത്തെ നിര്‍വ്വീര്യനാക്കി. അതോടെ ആ പാലവും തകര്‍ന്നു. ഇതിനിടയിലാണ് ഗവര്‍ണറും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. അതിനി എന്തൊക്കെയാവുമെന്നു കാണാനിരിക്കുന്നതേയുള്ളു.


കേന്ദ്രവും കേരളവും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കണമെന്ന് നമ്മുടെ മാധ്യമങ്ങള്‍ക്കാണു നിര്‍ബന്ധം. എങ്കിലല്ലേ രക്തച്ചൊരിച്ചിലുണ്ടാവൂ. അവിടെയാണല്ലോ വാര്‍ത്ത. അവിടെ തന്നെയാണ് വാര്‍ത്ത. ആ ദുഷ്ടലാക്കു മനസിലാക്കാന്‍ ഭരണക്കാര്‍ ശ്രദ്ധിച്ചാല്‍ മതി.


എരികേറ്റുന്നവരൊന്നും ഒരാപത്തു വരുമ്പോള്‍ കൂടി കാണില്ലെന്ന് പിണറായി ഓര്‍ക്കണം. വില്‍ക്കാചരക്കായാല്‍ നിലത്തിട്ടു ചവിട്ടും. പെരുവഴിയില്‍ ഒരമ്മയും രണ്ടു മക്കളും കിടന്ന് വെള്ളം കുടിക്കുന്നതു കണ്ട് ഊറിച്ചിരിക്കുമ്പോള്‍ അതുകൂടി ഓര്‍ക്കണം.

സാന്ദര്‍ഭികമായി ഒരോര്‍മ്മ. ഞാനും ഹിന്ദുവിലെ സി. ഗൗരീദാസന്‍ നായരും മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്‍റെ വസതിയില്‍ ഭാര്യയുടെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ എത്തിയതായിരുന്നു. കഥകളുടെ ഭണ്ഡാരമാണല്ലോ അദ്ദേഹം, അന്നദ്ദേഹം പറഞ്ഞതാണ്, രാഷ്ട്രീയ നിരീക്ഷണ രംഗത്തെ ഭീഷ്മര്‍ കെ.ആര്‍. ചുമ്മാറിന്‍റെ അന്ത്യസമയത്ത് അദ്ദേഹത്തെ കാണാന്‍ തോമസ് ജേക്കബ്ബെത്തി.

എങ്ങനെയുണ്ട് - മനോരമയെ സ്വന്തം സ്ഥാപനം പോലെ നോക്കുന്നുണ്ടല്ലോ ? - ചുമ്മാറിന്‍റെ ചോദ്യം.

ഉണ്ട് ചുമ്മാര്‍ സാറേ - മറുപടി.

നന്നായി. ഇടക്കൊക്കെ മനോരമ സ്വന്തം സ്ഥാപനമല്ലെന്നുകൂടി ഓര്‍ത്തോളണം -ഉടമസ്ഥന്‍ മറ്റൊരാളാണെന്നു കൂടി ഓര്‍ക്കണം. ചുമ്മാര്‍ മര്‍മ്മത്ത് കുത്തി.


ഇപ്പോള്‍ സോണിയയ്ക്കും നാളെ പിണറായിക്കും ഒക്കെ ബാധകമാണീ മുന്നറിയിപ്പ്; മോഡിക്കും. പാര്‍ട്ടി നിങ്ങളുടേതല്ല. ജനങ്ങളുടേതാണ്, അതതു കാലത്ത് വാണരുളുന്നവരുടേതും.


ഇവിടെയാണ് അമിത്ഷായെ പിണറായി നെഹ്റുട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ചതിലെ രാഷ്ട്രീയം. അമിത്ഷായെ ക്ഷണിച്ചാല്‍ ആകാശമിടിഞ്ഞുവീഴുമെന്നപോലെയാണ് ചിലരുടെ ആക്രോശം. 2022 സെപ്തംബര്‍ 4 നാണ് വള്ളംകളി.

ആഭ്യന്തര മന്ത്രിമാരുടെ ദക്ഷിണേന്ത്യ സമ്മേളനത്തിനു കോവളത്തെത്തുന്ന അമിത്ഷാ ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 3 വരെ ഇതില്‍ പങ്കെടുക്കും. അതിനാല്‍ ഈ ക്ഷണത്തെ ഔചിത്യമെന്നേ പറയാനാവൂ. പിണറായി ഔചിത്യം കാണിച്ചാല്‍ അതിനെ ശരിപ്പെടുത്തിയേ അടങ്ങൂ എന്നാണ് ചിലര്‍. അനൗചിത്യം ഒത്തിരി കാണിക്കുന്നുണ്ടല്ലോ. അതില്‍ കടിച്ചാല്‍പോരേ പിണറായി വിരുദ്ധരേ ?


1952 ല്‍ ജവഹര്‍ലാല്‍ നെഹ്റു വന്നതിന്‍റെ പേരില്‍ നഹ്റുട്രോഫി എന്നാണ് പുന്നമടക്കായല്‍ വള്ളം കളി അറിയപ്പെടുന്നത്. പിന്നീട് വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളൊന്നും അതുപേക്ഷിക്കാനോ അഥവാ നെഹ്റുവിന്‍റെ പേരുമാറ്റി പി. കൃഷ്ണപിള്ളയുടെ പേരു നല്‍കാനോ തയ്യാറായില്ല. അതാണ് ഔചിത്യം.


ചുണ്ടന്‍ ഇല്ലാതെ ചുരുളന്‍, ഇരുട്ടുകുത്തി, ഓടി, വയ്പ്പു, വടക്കനോടി, കൊച്ചു വള്ളങ്ങള്‍ ആവോളമുള്ള ഈ നാട്ടില്‍ ആരും ചുണ്ടന്‍ വള്ളം കളിയില്‍ നിന്നും നെഹ്റുവിനെ പിഴുതെറിഞ്ഞില്ല.

അമിത് ഷായെ മയക്കാന്‍ പിണറായി പ്രയോഗിച്ച തന്ത്രം തന്നെയാണെന്നിരിക്കട്ടെ, അതിലെന്താ തെറ്റ് ? മോഡിയെ കാണാന്‍ പിണറായി പോയപ്പോള്‍ ബൊക്കെയും ഷാളുമൊക്കെ കൊണ്ടുപോയില്ലേ ? ഇവിടെ വരുന്ന പ്രമാണിമാര്‍ക്ക് ആറന്മുള കണ്ണാടി നല്‍കി സന്തോഷിപ്പിക്കാറില്ലേ ? അതൊക്കെ നയതന്ത്രജ്ഞതയല്ലേ ? ഇങ്ങിനെ കിട്ടിയ ഒരു ആഫ്രിക്കന്‍ ആന ദല്‍ഹിയിലെ മൃഗശാലയില്‍ കിടന്നു നരകയാതന അനുഭവിക്കുന്നതിന്‍റെ കഥ അടുത്തിടെ വായിച്ചതു മറക്കുന്നുമില്ല.

രാഷ്ട്രീയ പകവച്ചുകൊണ്ടിരുന്നാല്‍ നഷ്ടം പിണറായിക്കും കേരളത്തിനുമാണ്, ഇവിടെ ബി.ജെ.പി - അടുത്തെങ്ങും അധികാരത്തിലേറിയ ഓപ്പറേഷന്‍ താമര ഇവിടെ നടക്കില്ല. കാലുമാറുന്നവരെ ജനം ഓടിച്ചിട്ടു തല്ലും. ജി-23 ല്‍ ഒപ്പിടാന്‍ ഒരു പി.ജെ. കുര്യനെ മാത്രമേ ഇവിടെ കിട്ടിയുള്ളു. പാര്‍ട്ടി മാറാന്‍ പക്ഷേ കുര്യനും തയ്യാറല്ല. മാറിയ കെ.വി. തോമസ് ഇപ്പോഴും വെയിലത്തും മഴയത്തും തന്നെ.

അപ്പോള്‍ വന്‍കിട പദ്ധതികളും നിലവിലുള്ളവയ്ക്കു കേന്ദ്രാനുമതിയും ഒക്കെ ലഭിക്കണമെങ്കില്‍ ഏറ്റുമുട്ടല്‍ പാടില്ല. മാത്രമല്ല കേന്ദ്രത്തിലെ രണ്ടാമനെ കൈയില്‍ കിട്ടിയാല്‍ ഗംഭീരമെന്നു പിണറായി ചിന്തിച്ചെങ്കിലെന്താണു തെറ്റ് ? അതിനു വള്ളം കളിയോ ഓണമോ ഒക്കെ ഉപയോഗിക്കണം. രാജ്ഭവനില്‍ നിന്നു കിട്ടുന്ന കണ്ണുരുട്ടലുകള്‍ക്കുള്ള ഒറ്റമൂലിയും ഇതു തന്നെ.


തന്ത്രപരമായ നീക്കം പിണറായി നടത്തിയാല്‍ ഉടന്‍ ലാവ്ലിനില്‍ നിന്നും രക്ഷപെടാനുള്ള ഉപായം. ഉമ്മന്‍ ചാണ്ടി നടത്തിയാല്‍ ജനാധിപത്യം ! ഇതെന്തേര്‍പ്പാട് !


പിണറായി, താങ്കള്‍ മുന്നോട്ടു പോവുക. അമിത് ഷായെ വരുത്തണം. ഒപ്പം വി. മുരളീധരനേയും കൂടി ക്ഷണിച്ചോളണം. തിരിവക്കരുതല്ലോ. ക്ഷണിക്കാതെ വരുന്ന ആളല്ല കെ. സുരേന്ദ്രന്‍. അതു വിട്ടുകളയുക. പി.എസ് ശ്രീധരന്‍ പിള്ള മാന്യനാണ്. പാലമാകാന്‍ മിടുക്കനുമാണ്. സഭകള്‍ക്കാകാമെങ്കില്‍ എന്തുകൊണ്ടു പിണറായിക്കായിക്കൂടാ. അതും മനസില്‍ വക്കണം. ധൈര്യമായി മുന്നുട്ടുപോകൂ. പിന്തിരിഞ്ഞു നോക്കരുത്.

Advertisment