Advertisment

മോഹന്‍ ലാലിനു സംഭവിച്ചത് ശരിക്കും ഒരു സാങ്കേതിക പിഴവാണ്. അതിന്‍റെ പേരില്‍ അദ്ദേഹത്തെ ആനക്കൊമ്പുകള്ളനും ആനവേട്ടക്കാരനുമൊക്കെയാക്കി. ഒരു താരത്തെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ മലയാളി കഴിഞ്ഞേ ആരുമുള്ളു. കള്ളപ്പണക്കാര്‍ക്ക് കിട്ടുന്ന കനിവുപോലും ലാലിനില്ല. അധികാരത്തിന്‍റെ ഈഗോയ്ക്കു മുമ്പില്‍ എറിഞ്ഞുകൊടുക്കേണ്ടതാണോ മോഹന്‍ ലാല്‍ എന്ന പ്രതിഭയെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മോഹന്‍ ലാലിന്‍റെ ആനക്കൊമ്പു വിവാദം ഉടനെയൊന്നും തീരുന്ന മട്ടില്ല. ഒടുവില്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് അങ്കമാലി കോടതി ആനക്കൊമ്പു കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിലപാട് തള്ളിയതിനെതിരെയാണ്.

ഈ ആനക്കൊമ്പുകൊണ്ടു നാം ലാലിനെ കുത്തികീറാന്‍ തുടങ്ങിയിട്ടേറെക്കാലമായി. ഒരു സെലിബ്രിറ്റിയെ അയാള്‍ സമ്പന്നന്‍ കൂടിയായാല്‍ രക്തം കുടിക്കാന്‍ കൊതുകുകള്‍ കൂട്ടമായെത്തുന്ന നാടായി ഇവിടം മാറുകയാണോ ?

ഒരു കാശുകാരന്‍റെ മകന്‍ മയക്കുമരുന്നിന്‍റെ അടുത്തുകൂടി പോയാല്‍ അവനെ പ്രതിയാക്കും, ജയിലിലടക്കും. കോടികള്‍ ഒഴുകിയെത്തുമെന്നവര്‍ക്കറിയാം. ഷാരുഖ് ഖാന്‍റെ മകന്‍ ഉദാഹരണം. പുറത്തുവരാത്ത ഉദാഹരണങ്ങള്‍ ഏറെ.

ഒരു കാശുകാരന്‍ അബ്കാരിയെ കേസില്‍ പെട്ടു കിട്ടിയാല്‍ എക്സൈസിനും പോലീസിനും ഒമ്പതാം ഉല്‍സവമാണ്. ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് പത്താം ഉല്‍സവം.

നടയടികിട്ടാതിരിക്കാന്‍ മുതല്‍ നല്ല പായ കിട്ടാനും അകത്തെ ഗുണ്ടകളുടെ ഇടികിട്ടാതിരിക്കാനും ദിനം പ്രതി കാശെറിയണം. ദിലീപിനൊരു ഒന്നൊന്നര കോടിയെങ്കിലും ചെലവായിക്കാണും. ശ്രീലേഖയുടെ പിന്തുണ ഫ്രീയാണെങ്കില്‍ക്കൂടി.


മലബാറില്‍ ഡിവൈഎസ്‌പിമാരുടെ കൊയ്ത്തുല്‍സവമാണിപ്പോള്‍. പോക്സോ കേസുകളിലാണ് വിളവെടുപ്പ്. ഒരു കേസ് അട്ടിമറിക്കാന്‍ ഒന്നര മുതല്‍ രണ്ടു കോടി വരെയാണ് റേറ്റ്. മലപ്പുറത്ത് ഇത് മൂന്നര കോടി വരെ. എന്നിട്ടും പോക്സോക്കൊരു കുറവുമില്ല. അവിടെ പോക്സോയാണ് താരം.


അങ്ങനെയുള്ള ദൈവത്തിന്‍റെ നാട്ടിലാണ് മോഹന്‍ ലാല്‍ ആനക്കൊമ്പു കെണിയില്‍ വീണത്. ആനയുമായോ ആനക്കൊമ്പുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന എ.എ പൗലോസാണ് ലാലിനെ വട്ടംചുറ്റിച്ചത്.

പൊതുതാല്‍പര്യമാണ് പൗലോസിനെ സദാ നയിക്കുന്നത്. 2011 ല്‍ ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ നിന്നും ആദായനികുതിക്കാര്‍ രണ്ട് ആനക്കൊമ്പു പിടിച്ചെടുക്കുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 42 -ാം വകുപ്പനുസരിച്ചുള്ള ആനക്കൊമ്പു കൈവശം സൂക്ഷിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റില്ലെന്നു പറഞ്ഞാണ് ലാലിന്‍റെ കൊമ്പു കൊണ്ടുപോയത്.

കോടനാട് ഫോറസ്റ്റ് ഓഫീസര്‍ ലാലിനെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. 2016 ല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നേടിയതാണെന്ന വാദമൊന്നും വിലപ്പോയില്ല.


ലാലിനനുകൂലമായി റിപ്പോര്‍ട്ടെഴുതിയാല്‍ ലാലിന്‍റെ അടിമ. എതിരായെഴുതിയാല്‍ സൂപ്പര്‍ സ്റ്റാറിനെ മുട്ടുകുത്തിച്ച വീരധീരന്‍. രണ്ടാമത്തെ വഴിയല്ലേ ഏതു മലയാളിയും തെരഞ്ഞെടുക്കൂ.


27 വര്‍ഷം മുമ്പ് ഈ ആനക്കൊമ്പുകള്‍ക്കു മുമ്പില്‍ നിന്ന് ലാല്‍ എടുത്ത ചിത്രം പത്രങ്ങളില്‍ വന്നതാണ്. ഇടയ്ക്ക് ഇതുപോലെയുള്ള സാമഗ്രികള്‍ കൈവശമുള്ളവര്‍ ഡിക്ലയര്‍ ചെയ്യണമെന്ന നോട്ടിഫിക്കേഷന്‍ വന്നു. ആരും വായിക്കാത്ത ഗസറ്റില്‍ വന്ന നോട്ടിഫിക്കേഷന്‍ ലാലറിഞ്ഞില്ല. അപേക്ഷിച്ചുമില്ല.

ആറു മാസത്തെ കാലാവധി കഴിഞ്ഞു. ഒരു തവണ കൂടി അവസരം നല്‍കണമെന്ന അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. അങ്ങിനെ നാം സൂപ്പര്‍ സ്റ്റാറിനെ മുട്ടുകുത്തിച്ചു. ലാലിനെ ആനക്കൊമ്പു കള്ളനാക്കി. ആനവേട്ടക്കാരനാക്കി. അങ്ങിനെ പലതുമാക്കി.

ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പക്ഷേ അങ്കമാലി കോടതി അനുവദിച്ചില്ല. അതിനെതിരെയാണ് ലാലിപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒരു താരത്തെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ നോക്കിയിരിക്കുന്നവരാണല്ലോ നാം. പ്രിയദര്‍ശനോട് എന്താ ജോലിയെന്നു ചോദിച്ച ഒരു ബാങ്ക് മാനേജരെക്കുറിച്ച് പ്രിയന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.


ഒരിക്കല്‍ നടന്‍ തിലകനെതിരെ ഒരു ലേഖനം പല്ലിശ്ശേരി മംഗളം വാരികയിലെഴുതി. 40 വര്‍ഷം മുമ്പുള്ള കാര്യമാണ്. തിലകന്‍ കേസ് കൊടുത്തു. സാക്ഷികള്‍ മമ്മൂട്ടിയും മോഹന്‍ ലാലും.


അഭിഭാഷകന്‍ - മംഗളത്തിന്‍റെ വി.ജി ഗോവിന്ദന്‍ നായര്‍. പത്രപ്രവര്‍ത്തനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ഞാന്‍. സൂപ്പര്‍ താരങ്ങളെ മുട്ടുകുത്തിക്കാനുള്ള തന്ത്രങ്ങള്‍ ഞാനും ഗോവിന്ദന്‍ നായരും തമ്മില്‍ ആവിഷ്കരിച്ചു.

എന്താ ജോലി ? അഭനയം. ജീവിതത്തിലുമുണ്ടല്ലേ ? നല്ല പ്രതിഫലമൊക്കെ കിട്ടുമോ ? ഏതുതരം വേഷങ്ങളാണെടുക്കുക ? വില്ലനാണോ ? പ്രതിഫലം എന്തുകിട്ടും ? ജീവിക്കാനുള്ള പണമൊക്കെ കിട്ടുമോ ? വേഷം കെട്ടലൊക്കെ എങ്ങനെ ? സംവിധായകന്‍ പറയുന്നതൊക്കെ ചെയ്യും അല്ലേ ? ഒറിജിനല്‍ പേരിതാണോ ? പറഞ്ഞ വാക്കൊന്നും പാലിക്കാറില്ലെന്നും കേള്‍ക്കുന്നുണ്ടല്ലോ ? - ഇങ്ങിനെ പോയി വി.ജി.യുടെ ചോദ്യങ്ങള്‍.

തിങ്ങിനിറഞ്ഞ ആരാധകര്‍ക്കും അഭിഭാഷകര്‍ക്കും നന്നേ സുഖിച്ചു. ഞങ്ങള്‍ക്കും. അന്നു രാത്രി കേട്ടവരൊക്കെ സൂപ്പര്‍ താരങ്ങളെ മുട്ടുകുത്തിച്ചതോര്‍ത്തു സുഖമായുറങ്ങി.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നല്ലേ ? കഴിഞ്ഞയാഴ്ച ചട്ടമ്പി സ്വാമി അവാര്‍ഡ് ദാനത്തിനെത്തിയപ്പോള്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സ്വന്തം പുസ്തകത്തിലെ ഒരു സംഭവം സിനിമയായി വരുന്നു എന്നു പറഞ്ഞു.

കൊലചെയ്യപ്പെട്ട ആള്‍ മടങ്ങിവന്നത്രെ. അതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്കു നഷ്ടപ്പെട്ട ജീവിതത്തിനാരുത്തരവാദിത്വം പറയും ? എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.


മോഹന്‍ ലാല്‍ നമ്മുടെ സാംസ്കാരിക ശരീരത്തിന് ഏറെ സംഭാവന ചെയ്ത പ്രതിഭയല്ലേ ? ഇങ്ങിനെ ഒരാനക്കൊമ്പിന്‍റെ പേരില്‍ ശിക്ഷിക്കാമോ ? അതും എത്രനാള്‍ ? നടന്‍ മധുവിനെയും മുന്‍ മന്ത്രി ബേബിജോണിനെയും കൊലപ്പുള്ളികളാക്കിയവരല്ലേ ? അവര്‍ കൊലചെയ്തവര്‍ മടങ്ങിയെത്തിയപ്പോള്‍ ഇവര്‍ അനുഭവിച്ച വേദനക്കാരു പരിഹാരം ചെയ്തു ?


കള്ളപ്പണക്കാര്‍ക്കുപോലും ഡിക്ലയര്‍ ചെയ്യാന്‍ ഇടക്കിടെ അവസരം നല്‍കാറുണ്ടല്ലോ. ആ ആനുകൂല്യമെങ്കിലും ലാലിനു നല്‍കിക്കൂടേ ? ഒരു കലാകാരനായതുകൊണ്ടല്ലേ ഇങ്ങിനെ ക്രൂശിക്കുന്നത് ? വല്ല കള്ളക്കടത്തുകാരനും ആയിരുന്നെങ്കിലും നിയമം പഞ്ചപുഛമടക്കി നില്‍ക്കുമായിരുന്നില്ലേ ?

അധികാരത്തിന്‍റെ ഈഗോക്കു മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടതാണോ മോഹന്‍ ലാല്‍ എന്ന പ്രതിഭയെ ?

Advertisment