Advertisment

മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ തനിക്ക് ഭൂരിപക്ഷമുള്ള നിയമസഭ അന്തിമ തീര്‍പ്പു കല്‍പിക്കും. മകനെ കോടതി ശിക്ഷിക്കുമ്പോള്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം അവന്‍റെ പിതാവിനു നല്‍കുംപോലെ ! എന്തൊരസംബന്ധ നാടകമാണിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിമാരേയും ലോക്‌പാൽ ബില്ലിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ച സിപിഎമ്മാണിപ്പോള്‍ ലോകായുക്തയുടെ ചങ്കും കരളും എടുത്തിരിക്കുന്നത്. ഒറ്റയടിക്ക് അഴിമതിക്കുള്ള എന്‍ഒസിയാണിത്. യെച്ചൂരിയും കാരാട്ടും കൈയ്യടിക്കട്ടെ ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

2022 ഓഗസ്റ്റ് 30. അഴിമതി വിരുദ്ധ പോരാട്ടങ്ങളെ അരുംകൊല നടത്തിയ ദിനമെന്നാകും ചരിത്രം ഈ ദിനത്തെ രേഖപ്പെടുത്തുക. 22 വര്‍ഷം മുമ്പ് ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന തികച്ചും ഫലപ്രദവും രാജ്യത്തിനു മാതൃകയുമായ ലോകായുക്ത നിയമത്തെ ഗളഛേദം വരുത്തിയത് ഇടതു സര്‍ക്കാര്‍ തന്നെ എന്നതിന് ഒരു കാവ്യനീതിയുണ്ട്.

അതിനെ വ്യാചീകരിച്ച് വശംകെട്ട മന്ത്രി പി. രാജീവിനും അനുകൂലമായി കൈപൊക്കിയ എം.എല്‍.എ.മാര്‍ക്കും അറിയാം തങ്ങള്‍ ചെയ്യുന്നത് വംശഹത്യയാണെന്ന്. അഴിമതി വിരുദ്ധ പോരാട്ടവംശത്തെയാണ് ഇവിടെ നാമാവശേഷമാക്കിയിരിക്കുന്നത്.


മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരെ വരാനിടയുണ്ടെന്ന് സി.പി.എം. കരുതുന്ന വിധികളെ മറികടക്കുവാനുള്ള കണ്‍കെട്ടിയെറിയലാണീ ഭേദഗതി. അഥവാ നദിയിലെ വെള്ളം പൊങ്ങിയാലോ എന്നു കരുതി ഇക്കരെ നിന്നല്ല അര കിലോമീറ്റര്‍ ഇപ്പുറത്തു നിന്നേ മുണ്ടു പൊക്കി പിടിച്ചു നടക്കുകയാണ് ഭരണകൂടം.


ലോകായുക്ത അഴിമതിയെന്നോ സ്വജനപക്ഷപാതമെന്നോ കണ്ടെത്തിയാല്‍ ഔദ്യോഗിക പദവി ഒഴിയണമെന്ന വ്യവസ്ഥയുടെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത്.

കൂടാതെ പദവി ദുരുപയോഗം, സ്വയമോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കിക്കൊടുക്കുന്ന സ്ഥാപിത താല്‍പര്യം, മന:പൂര്‍വ്വമുള്ള വൈകിപ്പിക്കല്‍ ഒക്കെയാണ് ലോകായുക്തയുടെ പരിധിയില്‍പ്പെടുന്ന മറ്റുള്ള പ്രശ്നങ്ങള്‍.

ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഇനി പറയുന്നു.

ഒന്ന് : മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയില്‍ നിയമസഭയാകും അപ്പീല്‍ അതോറിട്ടി.

രണ്ട് : എം.എല്‍.എ.മാര്‍ക്കെതിരെയാണു വിധിയെങ്കില്‍ സ്പീക്കര്‍.

മൂന്ന് : മന്ത്രിമാര്‍ക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി.

നാല് : രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെയാകെ ലോകായുക്തയുടെ പരിധിയില്‍ നിന്നൊഴിവാക്കി.

മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്ത, സ്വന്തം പാര്‍ട്ടിക്കു (മുന്നണിക്ക്) ഭൂരിപക്ഷമുള്ള നിയമസഭയാണ് വിധിയില്‍ അന്തിമ തീര്‍പ്പു കല്‍പ്പിക്കുക. ക്രിമിനല്‍ കുറ്റത്തിനു മകനെ കോടതി ശിക്ഷിക്കുമ്പോള്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം അച്ഛനു നല്‍കുന്നതുപോലെ.


ഏതു മുഖ്യമന്ത്രിയെയാണ് ( നിയമസഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ടാണല്ലൊ മുഖ്യനായത് ) നിയമസഭക്കു ശിക്ഷിക്കാനാവുക ? എന്തൊരസംബന്ധ നാടകമാണിത് ?


ഇനി യു.ഡി.എഫ്. അധികാരത്തില്‍ വന്നെന്നിരിക്കട്ടെ. അന്ന് അഴിമതിക്കാര്‍ക്കെതിരെ കമാ എന്നൊരക്ഷരം ഉരിയാടാന്‍ ഇടതുപക്ഷത്തിനാവുമോ ? നായനാരുടെ കര്‍ശന നിയമത്തെ ഇപ്പോള്‍ പിണറായി തള്ളിപ്പറഞ്ഞതുപോലെ ഭാവിയിലെ ഇടതു നേതൃത്വം പിണറായിയെ തള്ളിപ്പറയേണ്ടിവരും, അന്ന്.

മന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ അന്തിമ വിധിക്കുള്ള ചുമതല മുഖ്യമന്ത്രിക്ക്. സ്വന്തം മന്ത്രിയെ ഏതു മുഖ്യമന്ത്രിയാണ് തള്ളിപ്പറയുക ? പണ്ട് ഇ.എം.എസ്., ടി.വി തോമസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അത് രാഷ്ട്രീയം. അല്ലാതെ ടി.വി. അഴിമതിക്കാരനായിരുന്നതു കൊണ്ടല്ല.

കെ. കരുണാകരന്‍ മന്ത്രിയായിരുന്ന എം.ആര്‍. രഘുചന്ദ്രബാലിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതാണ് മറ്റൊരപവാദം. ഏതഴിമതിയും മന്ത്രിമാര്‍ക്കു ചെയ്യാനുള്ള ക്ലീന്‍ ചിറ്റല്ലെങ്കില്‍ പിന്നിതെന്താണ് ?


എം.എല്‍.എ. അഴിമതി നടത്തിയാല്‍ ശിക്ഷിക്കാനുള്ള അവകാശം സ്പീക്കര്‍ക്ക്. എം.എല്‍.എമാരാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. സ്വാഭാവികമായി പ്രതിപക്ഷത്തെ അഴിമതിക്കാര്‍ മാത്രം ശിക്ഷിക്കപ്പെടും. ഭരണകക്ഷിക്കാര്‍ രക്ഷപെടും. അതിനുള്ള ഉപായമൊക്കെ അതതു കാലത്തെ സ്പീക്കര്‍മാര്‍ കണ്ടെത്തിക്കൊള്ളും. അല്ലെങ്കില്‍ വി.എം. സുധീരനായിരിക്കണം സ്പീക്കര്‍.


മുഖ്യമന്ത്രിയുമായി (കരുണാകരന്‍) ലക്ഷണമൊത്ത ഒരു പോരാട്ടം കാഴ്ചവച്ച ഏക സ്പീക്കര്‍ സുധീരനാണ്. ബാക്കിയുള്ളവര്‍ ഭരണകക്ഷിയുടെ ഇംഗിതം നോക്കിയെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളു. നിഷ്പക്ഷനെന്നു വരുത്താന്‍ ചില പൊടികൈകളൊക്കെ പ്രയോഗിക്കുമെങ്കിലും, രക്ഷപെട്ടത് രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളാണ്.

ഒറ്റയടിക്കാണ് അവര്‍ക്കഴിമതി നടത്താനുള്ള എന്‍.ഒ.സി. ലഭിച്ചിരിക്കുന്നത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് എല്ലാ കക്ഷി ഭാരവാഹികളെയും ഒഴിവാക്കിക്കളഞ്ഞു. എന്തായാലും ഇക്കാര്യത്തില്‍ ഭരണ - പ്രതിപക്ഷ വേര്‍തിരിവുണ്ടായില്ല. അതില്‍ ആശ്വസിക്കാം.

പ്രതിപക്ഷം ഇതൊരു വലിയ പ്രശ്നമായി സഭയിലും ഉന്നയിച്ചില്ല. സഹകരണ ബാങ്കുകളില്‍ നൂറുകണക്കിനു കോടികള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ ഇരു കൂട്ടരും തമ്മിലുണ്ടാക്കിയ ഒരു അലിഖിത ഒത്തുതീര്‍പ്പിന്‍റെ മണം ഇവിടെയും അടിക്കുന്നുണ്ട്.


1999 ല്‍ ഇ.കെ. നായനാര്‍ കൊണ്ടുവന്ന നിയമത്തില്‍ ലോകായുക്ത പരിധിയില്‍ അപ്പീല്‍ അതോറിട്ടി ഗവര്‍ണറായിരുന്നു. അഞ്ചു കേസുകളാണ് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ലോകായുക്തയിലുള്ളത്. അതില്‍ മൂന്നെണ്ണം പിണറായി നേരിട്ടു ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം അന്തരിച്ച എന്‍.സി.പി. പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍റെ മകള്‍ക്കു നല്‍കിയതിനെതിരെയാണ് ഒരു കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍ നായരുടെ ബാങ്കുകടം തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 8 ലക്ഷം നല്‍കിയതിനെതിരെയാണ് രണ്ടാമത്തെ കേസ്.

കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ മരിച്ച പോലീസുകാരന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 ലക്ഷം കൊടുത്തതിനെതിരെയാണ് മൂന്നാമത്തെ കേസ്. നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പുറമെയായിരുന്നു 20 ലക്ഷം നല്‍കിയത്.

സ്വന്തക്കാരനെ സ്വന്തം വകുപ്പില്‍ നിയമിച്ചതിനെതിരെ ലോകായുക്ത വിധി വന്നപ്പോഴാണ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ രാജിവെക്കേണ്ടിവന്നത്. തെരഞ്ഞെടുപ്പു കഴിയും വരെ വിധി വച്ചുതാമസിപ്പിച്ചതൊഴിച്ചാല്‍ ഒരു സഹായവും അക്കാര്യത്തില്‍ ലോകായുക്ത ചെയ്തു കൊടുത്തില്ല. ഈ രീതി വച്ച് വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടിവരും. ഇതാണ് നിയമ ഭേദഗതിക്കു സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.


പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ലോക്‌പാൽ ബില്ലിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നു വാദിച്ച സി.പി.എമ്മാണിപ്പോള്‍ ഇവിടുത്തെ ലോകായുക്തിന്‍റെ ചങ്കും കരളും എടുത്തിരിക്കുന്നത്.


മഹാരാഷ്ട്രയിലെ സൂപ്പര്‍ ഹൈ സ്പീഡ് ട്രെയിനെ എതിര്‍ക്കുകയും ഇവിടുത്തെ കെ-റെയിലിനെ അനുകൂലിക്കുകയും ചെയ്ത 'താത്വിക വിശകലനം' പ്രയോഗിച്ച് യെച്ചുരിക്കും കാരാട്ടിനും ന്യായികരിക്കാവുന്നതേയുള്ളൂ ഇതും.

കേന്ദ്രത്തിലാകെ അഴിമതി ആയതിനാല്‍ അങ്ങനെ - ഇവിടെ അഴിമതി ഇല്ലാത്തതിനാല്‍ ഇങ്ങിനെ. ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ... , എന്നു മുദ്രാവാക്യം വിളിച്ച പാര്‍ട്ടിയാണ്.

ഇനി ആരെയാണ് നാം അഴിമതിക്കാരെന്നു വിളിക്കേണ്ടത് ? രക്ഷകരെന്നും... ?

Advertisment