Advertisment

വാക്സിനെടുത്തവര്‍ പേപ്പട്ടി കടിയേറ്റ് മരിച്ച കേസുകളുടെ എണ്ണപ്പെരുപ്പം നിസാരമല്ല. 2016 ല്‍ 2 പേർ 17 ല്‍ 3 പേർ. 2021 ല്‍ മാത്രം 16 മരണം. വാക്സിനേഷന്‍ കുറ്റമറ്റതെങ്കില്‍ എങ്ങിനെ 16 മരണമുണ്ടായി ? വാക്സിനെടുത്തവരുടെ വിധി ഇതാണെങ്കില്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ? പാരസെറ്റമോള്‍ വില്‍പന വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ കമ്മീഷന്‍ 1000 കോടിയെന്നത് സുപ്രീംകോടതിയിൽ വന്ന കണക്കാണ്. ഇവിടെയും അപാകതകളുണ്ട്. ആരാണുത്തരം നല്‍കുക ? ആരാണ് ഉത്തരവാദിത്വമേല്‍ക്കുക ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സ്വകാര്യ മരുന്നു നിര്‍മ്മാണം ഒരു വന്‍ വ്യവസായമാണ്. കോടികളാണ് ഓരോ മാസവും ഇന്ത്യന്‍ രോഗികള്‍ മരുന്നിനായി ചെലവഴിക്കുന്നത്. ആശുപത്രികള്‍ തന്നെ കഴുത്തറക്കുന്ന കച്ചവട സ്ഥാപനങ്ങളായി മാറിയ ഇക്കാലത്ത് മരുന്നു കമ്പനിക്കാര്‍ രോഗികളെ പിഴിഞ്ഞും രക്തം കുടിച്ചും വീര്‍ത്തു വീര്‍ത്തു വരുന്നതില്‍ അത്ഭുതമില്ല.

ഒരു സാധാരണ സ്വകാര്യ ആശുപത്രിയില്‍ പോലും കീഹോളിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് ഒന്നര ലക്ഷമാണ് ഫീസ്.

കോവിഡ്, മരുന്നു നിര്‍മ്മാതാക്കള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ഡോളോ എന്ന പാരസെറ്റമോള്‍ വില്‍പന വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഈ കാലയളവില്‍ കമ്പനികൾ നല്‍കിയ കമ്മീഷന്‍ 1000 കോടി രൂപയിലധികമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് അടുത്ത കാലത്താണ്.

ആവശ്യത്തിനും അനാവശ്യത്തിനും ഗുളിക വിഴുങ്ങി കിഡ്‌നി കളയുന്ന മനോരോഗികളുടെ നാടായി ഇന്ത്യ അധപതിച്ചുകഴിഞ്ഞു.


കേരളത്തില്‍ നമുക്കു വിശ്വസിക്കാവുന്നത് സര്‍ക്കാര്‍ ആശുപത്രികളാണ്. ഒന്നാമത്തെ കാരണം മെരിറ്റില്‍ നിയമനം കിട്ടി വരുന്ന ഡോക്ടര്‍മാര്‍. സ്വാശ്രയ കോളജില്‍ കോഴ കൊടുത്തു പഠിച്ചവര്‍ പി.എസ്.സി ടെസ്റ്റ് പാസായി സാധാരണ വരാറില്ല. മറ്റൊന്ന് വര്‍ഷങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ സൃഷ്ടിച്ചെടുത്ത വിശ്വാസ്യത. ഒടുവില്‍, കുറഞ്ഞ ചെലവും ആകര്‍ഷകമാകുന്നു.


മില്‍മയുടെ പാലും ഔഷധിയുടെ ആയൂര്‍വേദ മരുന്നുകളും ഹോട്ടി കോര്‍പ്പിലെ പച്ചക്കറികളും മല്‍സ്യ ഫെഡിന്‍റെ മീനും സിവില്‍ സപ്ലെയ്സിലെ പലവ്യഞ്ജനവും ബിവറെജിലെ മദ്യവുമൊക്കെ മലയാളിയുടെ പൊതുബോധത്തിലെ വിശ്വസ്ത സ്ഥാപനങ്ങളാണ്.

അതിന്‍റെ തലയിലൂടെ വെള്ളിടി വീണിരിക്കുന്നു. വാക്സിനെടുത്തവര്‍ പേപ്പട്ടി കടിയേറ്റ്, പേ പിടിച്ച് മരിച്ച കേസുകളുടെ എണ്ണ പെരുപ്പമാണു കാരണം. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വീണ്ടും കടിക്കാന്‍ പേപ്പട്ടി മരുന്നിനെ ഉപയോഗിക്കാനല്ല ഉദ്ദേശിക്കുന്നത്. ഭീതിദമായ അവസ്ഥ ഒന്നുകൂടി ഓര്‍മ്മിപ്പിക്കാനാണ്.

ഗുണപരിശോധന കൂടാതെയാണ് പേപ്പട്ടി വാക്സിന്‍ വിതരണം ചെയ്തതെന്ന 'മനോരമ വാര്‍ത്ത' ഞെട്ടിക്കുന്നതായിരുന്നു. ഇത്രനാളും ഗുണപരിശോധന നടന്നിരുന്ന സ്ഥിതിക്ക് എന്തുകൊണ്ട് ഇക്കുറി പരിശോധന നടന്നില്ല ?


സമയത്തിന് ഓര്‍ഡര്‍ നല്‍കാന്‍ വിട്ടുപോയതാണു കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറ‍ഞ്ഞു. അതു ശരിയെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തേ നടപടിയെടുത്തില്ല ? ടെന്‍ഡര്‍ ക്ഷണിക്കാതെ കൂടിയ വിലയ്ക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങി മിടുക്കുകാട്ടിയവരാണല്ലൊ നമ്മള്‍. ആ ശുഷ്കാന്തി പേപ്പട്ടി വിഷത്തോടെന്തേ കാട്ടിയില്ല ?


നാഡികള്‍ കൂടുതലുള്ള കൈകള്‍, മുഖം, ചെവി, കഴുത്ത്, ചുണ്ടുകള്‍ എന്നിവിടങ്ങളില്‍ പേപ്പട്ടി കടിച്ചാല്‍ വൈറസ് പെട്ടെന്ന് തലച്ചോറിലെത്തുമെന്നും അതാണ് വാക്സിനെടുത്ത 4 പേര്‍ മരിക്കാന്‍ കാരണമെന്നും മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറ‍ഞ്ഞു.

മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ നാഡികള്‍ കൂടുതലാണെന്നും അവിടങ്ങളില്‍ കടിക്കരുതെന്നും പേപ്പട്ടികളോട് സാക്ഷാല്‍ മനേകാ ഗാന്ധി വന്നു പറഞ്ഞാല്‍പോലും അവ അനുസരിക്കില്ലെന്നാര്‍ക്കാണു പക്ഷേ അറിയാത്തത് ?

സര്‍ക്കാര്‍ വാങ്ങുന്ന രണ്ടു വാക്സിനും കേന്ദ്രത്തിന്‍റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു ന്യായീകരണം.

പിന്നെന്തിനാണ് സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് ഫലപ്രാപ്തി ബോധ്യമാകുന്ന വാക്സിനേ വിതരണം ചെയ്യാവൂ എന്ന നിബന്ധന ഇത്ര നാളും നടപ്പാക്കിയത് ? സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ വച്ച് ഗുണമില്ലാത്ത വാക്സിന്‍ വിതരണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനായിരിക്കുമല്ലോ. അതെന്തേ ശ്രദ്ധിച്ചില്ല ?


മുന്‍ കാലങ്ങളില്‍ ജൂണില്‍ പുതിയ വാക്സിന്‍ വിതരണത്തിനെത്തുമായിരുന്നു. അതിനു നവമ്പറില്‍ ഫയല്‍ നീങ്ങണം. ഇക്കുറി ഫയല്‍ നീങ്ങിത്തുടങ്ങിയതു തന്നെ ജൂണില്‍. ഇതു സമ്മതിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് വാക്സിനെടുത്തിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും നല്‍കി മാപ്പും പറഞ്ഞ് തടിയൂരിയാല്‍ പോരായിരുന്നോ മന്ത്രീ ?


ഇനി സി.പി.എം. സമ്മര്‍ദ്ദഫലമായാണീ ഇളവു നല്‍കിയതെങ്കില്‍ അതു മുഖ്യമന്ത്രിയോട് രഹസ്യമായെങ്കിലും പറയണമായിരുന്നു. എങ്കില്‍ മന്ത്രിയെ തള്ളിമാറ്റി വിദഗ്ദ്ധ സമിതിയെ വെക്കുമെന്ന പിണറായിയുടെ പ്രഖ്യാപനത്തിനൊരു മയമെങ്കിലും വന്നേനേ.

തെരുവുകളാകെ നായ്ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ്. കൊല്ലാന്‍ മനേകാ ഗാന്ധിയും സംരക്ഷിക്കാന്‍ പഞ്ചായത്തുകളും സമ്മതിക്കുന്നില്ല. വാക്സിന്‍ എടുക്കുകയാണ് അടുത്ത പോംവഴി. വാക്സിനെടുത്തവരുടെ വിധി ഇതാണെങ്കില്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ?

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് പേവിഷ വാക്സിനുകള്‍ നല്‍കുന്നത്. 5 ഡോസിനും കൂടി വില 1700 രൂപ മുതല്‍ 2000 രൂപവരെ വരും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 350 - 400 രൂപയാണ് ഈടാക്കുന്നത്.


ലോകത്ത് പ്രതിവര്‍ഷം 59000 പേരാണ് പേവിഷബാധയേറ്റ് മരിക്കുന്നത്. 20000 പേര്‍ ഇന്ത്യയില്‍ ഒരു വര്‍ഷം മരിക്കുന്നു. കേരളത്തില്‍ 2020 - 21 ല്‍ 16 പേര്‍ മരിച്ചു. 2019 ല്‍ എട്ടുപേരും 2017 ല്‍ മൂന്നുപേരും 2016 ല്‍ രണ്ടു പേരും മരിച്ച സ്ഥാനത്താണിത്.


കേരളത്തില്‍ ഗുരുതരമാണ് അവസ്ഥയെന്നാര്‍ക്കും ബോധ്യപ്പെടും. ഇവിടെ കൂടുതലും ആരോഗ്യ സാക്ഷരതയുള്ള മനുഷ്യരാണ്. വാക്സിനേഷന്‍ സംവിധാനം കുറ്റമറ്റതെങ്കില്‍ 20 - 21 ല്‍ മാത്രം എങ്ങിനെ 16 പേര്‍ മരിച്ചു ? ആരാണുത്തരം നല്‍കുക ? ആരാണ് ഉത്തരവാദിത്വമേല്‍ക്കുക ? നായ്ക്കളെ ശപിച്ചിട്ടു കാര്യമില്ലല്ലോ.

  • ഓണററി എഡിറ്റർ
Advertisment