Advertisment

എഎന്‍ ഷംസീര്‍ സിപിഎമ്മിലെ എം.വി. രാഘവനാണ്. തന്‍റെ രാഷ്ട്രീയത്തിനു മുകളില്‍ ആരുമില്ലെന്ന ചിന്താഗതിക്കാരനായ സീസണ്‍ഡ് പൊളിറ്റീഷ്യൻ. പിണറായിക്ക് റിയാസ് എങ്ങിനെയാണോ അതുപോലെതന്നെയാണ് കൊടിയേരിക്ക് ഷംസീര്‍. ശിഷ്യനുവേണ്ടി ആ പേര് പറഞ്ഞ ശേഷമാണ് കോടിയേരി എയര്‍ ആംബുലന്‍സില്‍ കയറിയത്. ആ ഷംസീറിന് ഒറ്റ ദിവസം കൊണ്ടാണ് പക്വനാകാന്‍ വിധിയുണ്ടായിരിക്കുന്നത്. രാജേഷിനെ അന്നേ മന്ത്രിയാക്കേണ്ടതായിരുന്നു. ആ തെറ്റ് ഇപ്പോൾ പാർട്ടി തിരുത്തി- നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

എം.ബി രാജേഷ് മികച്ച പാര്‍ലമെന്‍റേറിയനാണെന്നു പേരെടുത്തത് ലോക്സഭയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. യാത്രയയപ്പു യോഗത്തില്‍ അന്നത്തെ കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി രാജ്യസഭാംഗമായിരുന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യയ്യൂരിയോട് അഭ്യര്‍ത്ഥിച്ചു: "ഒരിക്കല്‍ കൂടി രാജേഷിനെ വിജയിപ്പിച്ചു ലോക്സഭയിലേക്കയക്കാമോ ?"

അന്ന് ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം നല്‍കി യച്ചൂരി തലയൂരി. മൂന്നാം തവണ പാല്‍ലമെന്‍റില്‍ എത്താനുള്ള യച്ചൂരിയുടെ മോഹംപോലും നടന്നില്ല. പിന്നല്ലെ രാജേഷിന്‍റെ കാര്യം. മാത്രമല്ല മൂന്നാമൂഴത്തിൽ രാജേഷ് പാലക്കാട് തോൽക്കുകയും ചെയ്തു. അങ്ങിനെ രാജേഷ് കേരളാ രാഷ്ട്രീയത്തിലേക്കു മടങ്ങി.

പാര്‍ലമെന്‍റില്‍ തിളങ്ങുക എന്നതു ചെറിയ കാര്യമല്ല. ഭാഷ പ്രധാനമാണ്. നമ്മുടെ പ്രഗല്‍ഭ രാഷ്ട്രീയ നേതാക്കള്‍ പലരും പാര്‍ലമെന്‍റില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും തട്ടി മൂക്കുകുത്തി വീഴുന്നതു കാണുമ്പോള്‍ സഹതാപം തോന്നും.

പണ്ടാണെങ്കില്‍ ഒന്നും ടിവിയില്‍ വരില്ലായിരുന്നു. ഈ അവസരത്തില്‍ പ്രത്യേകമായി ഓര്‍ക്കേണ്ട നേതാവ് ഇ. ബാലാനന്ദനാണ്. 4 -ാം ക്ലാസുകാരന്‍. തൊഴിലാളി നേതാവ്. 1967 മുതല്‍ 1977 വരെ നിയമസഭയില്‍ അംഗമായിരുന്ന ബാലാനന്ദന്‍ എന്ന സ്വാമി 1980 ല്‍ ലോക്സഭയിലെത്തി.

1988 മുതല്‍ 1994 വരെ രാജ്യസഭയില്‍. രണ്ടാമത്തെ ടേമായപ്പോള്‍ ബാലാനന്ദന്‍റെ സ്ഥാനത്ത് വി.എസ്. അച്യുതാനന്ദന് രാജ്യസഭയിലേക്കു പോകാന്‍ കലശലായ ആഗ്രഹമുണ്ടായി. (നിസമസഭാ തെരഞ്ഞെടുപ്പില്‍ സി.ഐ.ടി.യു ഗ്രൂപ്പുകാര്‍ വി.എസിനെ തോല്‍പ്പിച്ചുകൊണ്ടിരുന്ന കാലം)


പക്ഷെ പാര്‍ട്ടി വി.എസിനെ അവഗണിച്ചു. അതേക്കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരോട് ഞാന്‍ നേരിട്ടു ചോദിച്ചു. മറുപടി ഇങ്ങിനെയായിരുന്നു; "അങ്ങേര്‍ക്കുള്ള സാധനം ഇങ്ങേര്‍ക്കില്ലെന്നു നിനക്കറിയില്ലേ ?"


ബാലാനന്ദനെ അടുത്തറിയില്ലായിരുന്നു എനിക്ക്. വൈകാതെ കേസരി ട്രസ്റ്റിന്‍റെ മീറ്റ് ദി പ്രസില്‍ ഇ. ബാലാനന്ദന്‍ പങ്കെടുത്തു. ട്രസ്റ്റ് ചെയര്‍മാനായ ഞാന്‍ അധ്യക്ഷനായിരുന്നു. അത്ഭുതപ്പെട്ടുപോയി. എല്ലാ ചോദ്യത്തിനും ലളിതമായ ഇംഗ്ലീഷില്‍ ഒരു ഗ്രാമര്‍ തെറ്റുമില്ലാതെ മറുപടി. പിന്നീട് ചായ കുടിക്കുന്നതിനിടെ ഞാന്‍ ചോദിച്ചു: ഇതെങ്ങനെ പച്ചവെള്ളം പോലെ ഇംഗ്ലീഷ്... ?

"ട്രേഡ് യൂണിയന്‍ രംഗത്ത്, മുതലാളിമാര്‍ ഉത്തരേന്ത്യക്കാരായിരിക്കും. അവരുമായി വിലപേശല്‍ നടത്താന്‍ സ്വയം പഠിച്ചതാണ്." ഏലൂര്‍ കളമശേരി വ്യവസായ മേഖലയാണ് അങ്ങിനെ സ്വാമിയെ ഇംഗ്ലീഷ് പഠിപ്പിച്ചത്.

എം.ബി രാജേഷ് 2009 ലും 2014 ലും ലോക്സഭാംഗമായി. 2021 ല്‍ തൃത്താലയില്‍ നിന്നു നിയമസഭയിലെത്തി. സ്പീക്കറുമായി. കായിക താരമായ രാജേഷ് മെയ്‌വഴക്കത്തോടെയാണ് സഭയെ നേരിട്ടത്. പ്രതിപക്ഷവുമായി ഇടക്കിടെ പോരടിക്കാറുണ്ടായിരുന്നു.

പിണറായി സര്‍ക്കാര്‍ ഏടാകൂടങ്ങളില്‍ ചെന്നു ചാടുമ്പോള്‍ സഭയില്‍ രക്ഷിക്കേണ്ട ചുമതലകൂടി രാജേഷില്‍ വന്നു ചേര്‍ന്നു. ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം. തേരാളിയായിരുന്നു രാജേഷ്. പ്രകോപിതനാകാതെ ഉറച്ച ശബ്ദത്തിലും ഭാഷയിലും പാര്‍ട്ടിയെ പ്രതിരോധിച്ചുപോന്നു.


സ്പീക്കറാക്കിയപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞതാണ്. രാജേഷിന് മന്ത്രിസ്ഥാനമായിരുന്നില്ലെ നല്‍കേണ്ടിയിരുന്നതെന്ന് ചിന്തിച്ചവര്‍ ഏറെ. സഭയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രാജേഷിനെക്കാള്‍ മിടുക്കനായ പുതുമുഖം ഉണ്ടായിരുന്നില്ലെന്നതായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.


മന്ത്രിയാകുമ്പോള്‍ വകുപ്പു നന്നായി കൊണ്ടുപോകുവാന്‍ രാജേഷിനു കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തികച്ചും സൗമ്യനായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച വകുപ്പ് ലേശം കാര്‍ക്കശ്യക്കാരനായ രാജേഷിന്‍റെ കൈകളില്‍ ഭദ്രമായിരിക്കുമോ എന്നു കാലമാണു തെളിയിക്കേണ്ടത്.

എ.എന്‍. ഷംസീര്‍ സി.പി.എമ്മിലെ എം.വി. രാഘവനാണ്. തീവ്രമായി പോരടിക്കുകയും എതിരാളിയെ കടന്നാക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന ഒറിജിനല്‍ കണ്ണൂര്‍ക്കാരന്‍. കോടിയേരിയുടെ ശിഷ്യനും സാക്ഷാല്‍ തലശ്ശേരിക്കാരനും കൂടിയാകുമ്പോള്‍ ഷംസീറായി. 2016 മുതല്‍ തലശ്ശേരിയിലെ നിയമസഭാംഗം.


സഭക്കകത്തും പുറത്തും ഷംസീറിന്‍റെ വാക്കുകള്‍ മൂര്‍ച്ചയുള്ളതാണ്. തന്‍റെ രാഷ്ട്രീയത്തിനു മുകളില്‍ ആരുമില്ലെന്ന ചിന്താഗതിക്കാരന്‍. ചാനല്‍ അവതാരകര്‍ മുതല്‍ അഡ്വ. ജയശങ്കര്‍ വരെ ഷംസീറിന്‍റെ ആക്രമണത്തിനിരയായവരാണ്.


രണ്ടാം പിണറായി സര്‍ക്കാരില്‍ ഷംസീര്‍ മന്ത്രിയാകുമെന്നു ഉറപ്പിച്ചതായിരുന്നു. പിണറായി പ്രത്യേക താല്‍പര്യമെടുത്താണ് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ അടക്കം പറച്ചിലുകളുണ്ടായിരുന്നു. പിണറായിക്കെതിര്‍വായില്ലല്ലോ എന്നു പരിഹസിച്ചവരും ഏറെ.

മലബാറില്‍ നിന്ന് റിയാസിനേക്കാള്‍ സീനിയറായ ഒരു മുസ്ലിം സി.പി.എം. ലീഡറെ മല്‍സരിപ്പിക്കാതെയാണ് മരുമകന് വഴിയൊരുക്കിയതെന്നായിരുന്നു ആക്ഷേപം. മുസ്ലിം പ്രാതിനിധ്യം കോഴിക്കോട് ജില്ലക്കു നല്‍കിയപ്പോഴാണ് ഷംസീര്‍ കളത്തിനു പുറത്തായത്. ഇക്കാര്യത്തില്‍ കോടിയേരിക്കും വിഷമമുണ്ടായിരുന്നു.


പിണറായിക്ക് റിയാസ് എങ്ങിനെയാണോ അതുപോലെതന്നെയാണ് ഷംസീര്‍ കൊടിയേരിക്ക്. പക്ഷേ പിണറായിയുടെ മനസറിഞ്ഞു പെരുമാറുന്നതില്‍ മുമ്പനായ കോടിയേരി ഷംസീറിനു വേണ്ടി പോരടിച്ചില്ല. അതുവഴി പിണറായിയുടെ പരിഭവം ഏറ്റുവാങ്ങിയില്ല.


എന്തായാലും കോടിയേരി തന്നെയാണ് ചെന്നൈയിലേക്കു ചികിത്സക്കു പുറപ്പെടും മുമ്പ് ഷംസീറിന്‍റെ പേരു നിര്‍ദേശിച്ചത്. അങ്ങിനെ തന്‍റെ ചുമതല ഭംഗിയായി ശിഷ്യനുവേണ്ടി ചെയ്തശേഷമാണ് കോടിയേരി എയര്‍ ആംബുലന്‍സില്‍ കയറിയതെന്നു ചുരുക്കം.

ഇന്നലെ വരെ ട്രഷറി ബഞ്ചിലിരുന്നു പ്രതിപക്ഷത്തെ ബഹളം കൊണ്ടും വാക്കുകള്‍ കൊണ്ടും വെട്ടിമുറിവേല്‍പ്പിച്ചുകൊണ്ടിരുന്ന ഷംസീറിന് ഒറ്റ ദിവസം കൊണ്ടാണ് പക്വനാകാന്‍ വിധിയുണ്ടായിരിക്കുന്നത്. സീസണ്‍ഡ് പൊളിറ്റീഷ്യനായ ഷംസീറിന് അത് നിഷ്പ്രയാസം നേടാനാകുമെന്നു കരുതാം.

ഇതുപോലൊരു ധര്‍മ്മസങ്കടത്തില്‍ ഇതിനു മുമ്പ് ചെന്നുപെട്ടത് എന്‍.കെ. പ്രേമചന്ദ്രനാണ്. ഇടതുപക്ഷത്തിനു വേണ്ടി ചാനലുകളില്‍ പോരാടിക്കൊണ്ടിരുന്ന പ്രേമചന്ദ്രന്‍റെ പാര്‍ട്ടി - ആര്‍.എസ്.പി ഒറ്റ ദിവസം കൊണ്ടാണ് യു.ഡി.എഫില്‍ ചേര്‍ന്നത്. പറഞ്ഞതെല്ലാം ഒറ്റ ദിവസംകൊണ്ടു വിഴുങ്ങി മറുകണ്ടം ചാടിയതിന്‍റെ ധര്‍മ്മസങ്കടം പ്രേമചന്ദ്രന്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

ഷംസീറിന് പക്ഷെ അടുത്ത സഭാസമ്മേളനം വരെ സമയം കിട്ടും. അന്നേ തെരഞ്ഞെടുപ്പു നടക്കൂ. അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനു മാത്രമായി സഭ ചേരണം. തെരഞ്ഞെടുപ്പു കഴിഞ്ഞു പിരിയും.


സഭ സമ്മേളനം വീണ്ടും ചേരുമ്പോഴേക്കും മനസിനെയും സ്വഭാവത്തെയും പരുവപ്പെടുത്തിയെടുക്കാന്‍ ഷംസീറിനു സമയം ലഭിക്കും.


ഷംസീറിന്‍റെ മുഖത്തു നോക്കി പ്രതിപക്ഷം ' സര്‍, ഞങ്ങള്‍ക്കു സംരക്ഷണം വേണം ' എന്നൊക്കെ പറയുന്നതിന്‍റെ കോമഡി ഒന്നാലോചിച്ചു നോക്കൂ. ഞാന്‍ പ്രതിപക്ഷത്തിന്‍റെ അവകാശ സംരക്ഷകനായിരിക്കുമെന്ന് ഷംസീര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ആരും പൊട്ടിച്ചിരിച്ചുപോകും.

ആര്‍ക്കും അതൊക്കെ നേടാവുന്നതെയുള്ളു. നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിട്ട വി. ശിവന്‍കുട്ടിയാണോ ഇപ്പോഴത്തെ മന്ത്രി ശിവന്‍കുട്ടി ?

Advertisment