Advertisment

സംവിധായകരുടെയും നടന്മാരുടെയും പേരും പെരുമയും വാനോളം ഉയര്‍ത്തിയവരാണ് നരകിച്ച് മരിച്ച അറ്റ്ലസ് രാമചന്ദ്രനും മരിക്കാതെ നരകിക്കുന്ന പികെആര്‍ പിള്ളയും. സൂപ്പര്‍ താരം മുതല്‍ രാമചന്ദ്രന്‍റെ അടുക്കളയില്‍ കയറി നിരങ്ങി. എന്നിട്ട് കാശും വാങ്ങി മാറിനിന്ന് പൊട്ടനെന്ന് വിളിച്ചു കളിയാക്കി. 26 കുതിരകള്‍ സ്വന്തമായുണ്ടായിരുന്ന പിള്ളയെ പച്ചയ്ക്ക് കബളിപ്പിക്കുകയായിരുന്നു ഈ സിനിമാക്കാര്‍. ഇരുവരെയും സിനിമാക്കാര്‍ കൊല്ലാക്കൊല ചെയ്തു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

നന്ദികേടിന്‍റെ ബാക്കിപത്രത്തില്‍ നിറയുന്ന രണ്ടു പേരുകളാണ് അറ്റ്ലസ് രാമചന്ദ്രനും പി.കെ.ആര്‍ പിള്ളയും. ഇരുവരും സിനിമാ നിര്‍മ്മാതാക്കള്‍. കോടികള്‍ ചലച്ചിത്ര മേഖലയിലേക്കു വലിച്ചെറിഞ്ഞവര്‍. വമ്പന്‍ ഹിറ്റുകളുടെ ഉടമകള്‍. താരങ്ങളുടെ കീശ വീര്‍പ്പിച്ചവര്‍. സംവിധായകരുടെ പേരും പെരുമയും വാനോളം ഉയര്‍ത്തിയവര്‍. ചോദിച്ച തുക വാരിയെറിഞ്ഞവര്‍. ഇടര്‍ച്ച വന്നപ്പോള്‍ ഒറ്റ സിനിമാക്കാരനും തിരിഞ്ഞു നോക്കിയില്ല. അറ്റ്ലസ് രാമചന്ദ്രന്‍ ഒരു ബഫൂണായി ദുബായില്‍ കിടന്നു മരിച്ചു. പി.കെ.ആര്‍ പിള്ള മറവിരോഗത്തിനടിമയായി പട്ടിണിയും പരിവട്ടവുമായി കഴിയുന്നു.


2015 ല്‍ തടവിലായ രാമചന്ദ്രന്‍ 2018 ജൂണില്‍ മോചിതനായി. പക്ഷെ അവിടം വിടാനുള്ള അനുമതി ലഭിച്ചില്ല. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് ആരോരും നോക്കാനും കാണാനുമില്ലാതെ മരിച്ചത്. മകള്‍ പോലും ജയിലിലായിരുന്നു.


publive-image

പലതവണ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമചന്ദ്രനെ തിരുവനന്തപുരത്തു വച്ചു കണ്ടിട്ടുണ്ട്. താരനിബിഡമായിരിക്കും മുറി. സംവിധായകര്‍ രാമചന്ദ്രന്‍റെ ഉച്ചിഷ്ടം ഭുജിക്കാനുണ്ടാവും. കാരിരുമ്പിന്‍റെ കരുത്തുള്ള നടന്‍ അദ്ദേഹത്തിന്‍റെ അടുക്കളയില്‍ കയറി നിരങ്ങി. മകളുടെ വിവാഹത്തിന് യേശുദാസ് ഗാനമേള നടത്തി. ചോദിക്കുന്നവര്‍ക്കൊക്കെ വരം, കാശും വാങ്ങി മാറിനിന്ന് ബഫൂണെന്നു വിളിച്ച് ഇവര്‍ കളിയാക്കി. പൊട്ടനായിരുന്നു. ചതിച്ചതു ചെട്ടിയല്ല. സനിമാക്കാരാണ്.

രാമചന്ദ്രന്‍ ജയിലില്‍ കിടന്നപ്പോള്‍ ഇറക്കാന്‍ ചിലര്‍ ശ്രമിച്ചു. കഴിവ് ഇല്ലാത്തവര്‍. വന്‍ തോക്കുകള്‍ തിരിഞ്ഞു നോക്കിയില്ല. ബിസിനസ് നടത്തി പൊട്ടിയതിനു ഞങ്ങളെന്തുപഴിച്ചു എന്നതായിരുന്നു നിലപാട്. അകത്താകും മുമ്പ് ആണത്തമുണ്ടായിരുന്നവര്‍ ആരെങ്കിലും സ്വത്തുക്കള്‍ മാന്യവിലക്കു വാങ്ങിയിരുന്നെങ്കില്‍ രക്ഷപെട്ടേനെ. ചുളു വിലക്കു വാങ്ങുന്നതിലായിരുന്നു തോക്കുകളുടെ കണ്ണ്. ജീവനക്കാരും മരുമക്കളും കിട്ടിയതൊക്കെ കട്ടു.

publive-image

ഞാന്‍ എന്‍റെ ഒരു ബന്ധിവിനെ അയച്ചു കുറെനാള്‍ മുമ്പ്. അപ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.

ഇനി മരിക്കാനിരിക്കുന്ന ആളെക്കുറിച്ച്. പി.കെ.ആര്‍ പിള്ള. സൂപ്പര്‍ ഹിറ്റ് ചിത്രമുള്‍പ്പെടെ 22 സിനിമകള്‍ നിര്‍മ്മിച്ചു. ഇിന്ദിരാഗാന്ധിയെ വിളിച്ചാല്‍ ഫോണെടുക്കും. 26 കുതിരകള്‍ സ്വന്തമായുണ്ടായിരുന്നു, പന്തയത്തില്‍ പങ്കെടുപ്പിക്കുവാന്‍.


വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണു ലോകം, (വിതരണം) തത്തമ്മേ പൂച്ചപൂച്ച, ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, അമൃതംഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അഹം, പ്രണയമണിത്തൂവല്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ (നിര്‍മ്മാണം) ഇങ്ങിനെ പിള്ള ചിത്രങ്ങള്‍.


ഈ ചിത്രങ്ങളുടെ വിതരണാവകാശവും ഉടമസ്ഥാവകാശവുമൊക്കെ പ്രമാണിമാരായ സിനിമാക്കാര്‍ അടിച്ചുമാറ്റി. മറവിരോഗം കലശലായപ്പോള്‍ ഒപ്പിട്ടു വാങ്ങിയതാണ്. രാജാവായി വിലസിയ പിള്ള ഭാര്യ രമക്കൊപ്പം പട്ടിണിയില്‍. ഒരിക്കല്‍ രമ ഒരു പത്രക്കാരന്‍ മുഖേന ഞാനുമായി ബന്ധപ്പെട്ടു. ഉടമസ്ഥാവകാശം ചില ചിത്രങ്ങളുടേതെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ പട്ടിണി മാറിയേനേ.

publive-image

പലരെയും വിളിച്ചു നോക്കി. പലകൈ മറിച്ചു മറിച്ച് ഇപ്പോള്‍ ഉടമസ്ഥനെ കണ്ടെത്താനാവാത്ത അവസ്ഥയെന്നു പറഞ്ഞു കൈ കഴുകി വിരുതന്‍മാര്‍. കൈ നിറയെ കാശും വയര്‍ നിറയെ കള്ളും വാങ്ങി കുടിച്ചവരൊന്നും തിരിഞ്ഞു നോക്കിയില്ല. ഭക്ഷണം, മരുന്ന് ഒന്നിനും ആരുമില്ല. നിര്‍മ്മാതാക്കളുടെ സംഘടനകളും മുഖം തിരിച്ചുകളഞ്ഞു. ഒന്നു ചീഞ്ഞെങ്കിലല്ലേ മറ്റൊന്നിനു വളമാകൂ.

പിള്ളയുടെ ഗീര്‍വാണം കേട്ട് കുലുങ്ങിച്ചിരിച്ചു പിള്ളച്ചേട്ടന്‍ മഹാനാണെന്നു തലകുലുക്കി സമ്മതിച്ച് പ്രതിഫലം ഇരട്ടി വാങ്ങിയവരും കുറവല്ല. ഒടുവില്‍ ഓര്‍മ്മ നശിക്കും മുമ്പ് ഒരു കാള്‍ ഷിറ്റിനു കാലുപിടിച്ചു നടന്നു. താരങ്ങള്‍ ആട്ടിയിറക്കി. ചിലര്‍ കാണാന്‍ അനുദിച്ചില്ല. രമയും കുറെ പേരുടെ പിറകേ നടന്നു; കബളിപ്പിച്ചു. സ്വന്തം ചിത്രങ്ങളുടെ അവകാശം തട്ടിയെടുത്തവരെ അവര്‍ക്കറിയാം. പിടിച്ചുവാങ്ങാനുള്ള ശേഷിയില്ല. ആരും സഹായിച്ചില്ല.

publive-image

കുറേക്കാലം കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മറ്റിയില്‍ അംഗമായിരുന്നു. അവരും കൈയ്യൊഴിഞ്ഞു. ഇക്കാര്യത്തില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ഇരട്ടപെറ്റ സഹോദരങ്ങളാണല്ലോ.


പിള്ളയുടെ പക്കല്‍ നിന്നും കടം വാങ്ങാത്തവരില്ല. എല്ലാം മനസില്‍ കുറിച്ചിടുന്ന സ്വഭാവക്കാരനായിരുന്നു പിള്ള. ഓര്‍മ്മ പോയപ്പോള്‍ കടക്കാരും രക്ഷപെട്ടു. അവര്‍ അങ്ങിനെ നേടിയതു കോടികള്‍.


ഭാര്യ ഇപ്പോഴും പിള്ളയെ ശുശ്രൂഷിക്കുന്നു. രാജകുമാരിയായി ജീവിപ്പിച്ച ആളല്ലേ. ആ നന്ദി അവര്‍ക്കിപ്പോഴുമുണ്ട്. നന്ദികേടിന്‍റെ മറ്റൊരു രക്തസാക്ഷി പത്രത്താളുകളിലെ ഒറ്റക്കോളം വാര്‍ത്തയാകുമ്പോള്‍ ഊറിച്ചിരിക്കുമായിരിക്കും തട്ടിപ്പുകാര്‍.

Advertisment