Advertisment

മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍ എന്നതാണ് കേരളത്തിലെ സ്ഥിതി. 6 വരി പാത കേരളത്തിലെവിടെ ? 4 വരി പോലും കഷ്ടി. പിന്നെയുള്ള രണ്ടു വരിയില്‍കൂടിയാണ് ഡാന്‍സ് കളിച്ചു വണ്ടിയോടിക്കുന്ന 'ഡ്രൈവര്‍മോന്‍മാരുടെ' വിളയാട്ടം ! കോടതി പറഞ്ഞിട്ടും റോഡിലെ കുഴിയെങ്കിലും അടച്ചോ ? അതിനു സമയമില്ല, എന്നിട്ടാണ് കെ-റെയില്‍. 9 പേരുടെ രക്തവും ജീവനും വീണപ്പോള്‍ വാഹന പരിശോധനയും പിരിവും കൊഴുത്തു ! കുഴിയില്ലാത്ത റോഡുകള്‍ കേരളത്തില്‍ മതമില്ലാത്ത ജീവിതം പോലെയാണ്. പരിഹാരം വേണ്ടേ ? - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

റോഡപകടങ്ങള്‍ ഉണ്ടായാല്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കു കേസെടുക്കും. ഒന്നോ രണ്ടോ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. അതാണു ശിക്ഷ. അതാണു നിയമം. അല്ലാതെ തൂക്കിക്കൊല്ലാനാകുമോ എന്ന ചോദ്യം കൊണ്ട് ആര്‍ക്കും മരണങ്ങളെ നേരിടാം. പക്ഷേ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കോ ? രണ്ടു ലക്ഷം കൊണ്ടു തീരുന്നതാണോ അവരുടെ വേദന. മുഖ്യമന്ത്രിയുടെ അനുശോചനവും ചികിത്സാ സഹായവുമൊക്കെ മതിയാകുമോ അവരുടെ വേദന മാറാന്‍ ? ഇല്ലേ ഇല്ല.

പിന്നെ തൊട്ടടുത്ത ദിവസം ആരംഭിച്ച ബസു പിടുത്തം. പോലീസും മോട്ടോര്‍ വാഹനവകുപ്പും ഉഷാറായി. ചെറിയ കുറ്റങ്ങള്‍ക്കും പെരുത്ത ശിക്ഷ. എത്ര ദിവസത്തേക്കാണീ നാടകം ? ജനരോഷം തണുപ്പിക്കാന്‍. അതുകഴിഞ്ഞ് മറ്റൊരു വാര്‍ത്തക്കു പിറകേ മാധ്യമങ്ങളും ജനരോഷവും പോകുമ്പോള്‍ എല്ലാം പഴയപടി. അതാണു നമ്മുടെ രീതി.


മരിച്ചവരെ സ്കൂളുകള്‍ മറക്കും. ബന്ധുക്കളും ജനങ്ങളും മറക്കും. ഉറ്റവര്‍ക്കു കുറേനാള്‍കൂടി ആ നീറ്റല്‍ ഉണ്ടാകും. ഈ കൊലപാതകങ്ങള്‍ എങ്ങിനെ തടയാമെന്നു വേണമെങ്കില്‍ ഒരു കമ്മീഷനെ വെക്കാം. കുറെ കാശ് അവിടെയും പൊടിക്കാം. സര്‍ക്കാരിന്‍റെ പണമല്ലേ. ആര്‍ക്കാണു ചേതം. അല്ലെങ്കില്‍ ഡാന്‍സു കളിച്ചു വണ്ടി ഓടിച്ച ഫ്രീക്കിനെ പിടിച്ചകത്തിടാം. എത്രനാള്‍. കുറെ കഴിയുമ്പോള്‍ അവനും പുറത്തു ചാടും. വല്ല കള്ളവണ്ടിയും ഓടിച്ചു ജീവിക്കും.


വിഷമദ്യ ദുരന്തം ഉണ്ടാകുമ്പോള്‍ വ്യാജമദ്യവേട്ട. പലിശക്കാര്‍ കൊല്ലാക്കൊല ചെയ്താല്‍ ബ്ലേഡുകാരെ തപ്പിയിറങ്ങും. ഗുണ്ടകള്‍ പരസ്പരം കൊല ചെയ്താല്‍ ഗുണ്ടാവേട്ട. കുറെനാളേക്ക്. എന്തായാലും അട്ടപ്പാടിയിലെ മധു വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണസാധനം മോഷ്ടിച്ചതിനു തല്ലിക്കൊന്നു. പക്ഷെ അതിനു പിറകേ വിശക്കുന്നവരെ കണ്ടുപിടിച്ചു ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ആരും തുനിഞ്ഞില്ല.

നല്ല റോഡുണ്ടാക്കാതെ എങ്ങിനെ അപകടങ്ങള്‍ ഇല്ലാതാക്കാനാവും ? മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നര കോടി വാഹനങ്ങള്‍. നല്ല കുറെ റോഡുണ്ടാക്കാന്‍ ആരു തയ്യാറായി ? എക്സ്പ്രസ് ഹൈവേയുമായെത്തിയ അന്നത്തെ മന്ത്രി എം.കെ മുനീറിനെ അന്നത്തെ പ്രതിപക്ഷ - ഇന്നത്തെ ഭരണക്കാര്‍ - ഓടിച്ചിട്ടു തല്ലി. മുനീര്‍ ജീവനുംകൊണ്ടോടി. എക്സ്പ്രസ് എന്നു കേള്‍ക്കുമ്പോള്‍ മുനീര്‍ ഇന്നും ഞെട്ടിയേ ഉണരൂ.

കെ - റെയില്‍ വിവാദം കൊഴുക്കുകയാണല്ലോ. കുറെ നല്ല റോഡുകള്‍, ഒരു ഹൈവേ അങ്ങിനെ വല്ലതും പണിഞ്ഞ‌ിരുന്നെങ്കില്‍ എത്ര നന്നായേനേ. ആറുവരി പാത കേരളത്തിലെവിടെ ? നാലുവരി പോലും ഏറെ കുറച്ചേ ഉള്ളു. രണ്ടു വരി പാതയില്‍ വണ്ടികളോടിയാല്‍ ഇടി ഉറപ്പ്.

അതിന്‍റെ കൂടെ പിശുക്കരായ രക്ഷകര്‍ത്താക്കളും അധ്യാപകരും കൂടി കുട്ടികളെ വിനോദസഞ്ചാരമെന്നു പറഞ്ഞു അര്‍ധരാത്രിയില്‍ പണം ലാഭിക്കാന്‍ ബസു കയറ്റി വിട്ടാല്‍ അപകടം മണക്കേണ്ടേ. ഡാന്‍സുകളിച്ചു വണ്ടി ഓടിക്കുന്ന 'ഡ്രൈവര്‍മോന്‍മാരുകൂടിയാകുമ്പോള്‍' വഴികളില്‍ രക്തം വീഴും. അനങ്ങാപ്പാറയായി മോട്ടോര്‍ വാഹന വകുപ്പു കൂടിയാകുമ്പോള്‍ എല്ലാം ശരിയാകും.

publive-image

ഏറ്റവും കൂടുതല്‍ ലേലംവിളി നടക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ക്കാണെന്ന് ആര്‍ക്കാണറിയാത്തത് ? മന്ത്രി ആന്‍റണി രാജുവിനും കമ്മീഷണര്‍ എസ് ശ്രീജിത്തിനും കിട്ടി തുടങ്ങിക്കാണില്ല. വിഹിതം. കുറെ കഴിഞ്ഞാല്‍ അവരെയും വീഴ്ത്തും. എത്ര അഴിമതി വിരുദ്ധരാണെങ്കിലും. അതിനുള്ള തന്ത്രമൊക്കെ അവിടുത്തെ താപ്പാനകള്‍ക്കറിയാം.

പാലക്കാട്ടെ അപകട കാര്യം തന്നെ എടുക്കാം. എന്തുകൊണ്ട് അഡീഷണല്‍ ഫിറ്റിംഗുള്‍പ്പെടെയുള്ള നിയമ വിരുദ്ധ ഏര്‍പ്പാടുകളൊക്കെ നേരത്തേ പിടിക്കപ്പെട്ടില്ല ? പിടിയിലായ ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കിയത് മണിക്കൂറുകള്‍ക്കു ശേഷം. രക്തത്തിലെ വീര്യമൊക്കെ ആവിയായ ശേഷം. ശ്രീറാം വെങ്കിട്ടരാമനെ ഇതുപോലെ രക്ഷപെടുത്തിയ പോലീസാണ്.

പാവപ്പെട്ടവനായിരുന്നെങ്കില്‍ അവനെ ശരിപ്പെടുത്തിയേനെ. കാശുകാരന്‍റെ വണ്ടിയായിരിക്കാം. അയാള്‍ പിടിപാടുള്ളവനായിരിക്കാം. പോലീസിനും ട്രാന്‍സ്പോര്‍ട്ട് വകുപ്പു മേലാളര്‍ക്കും പടികൊടുക്കുന്നവനായിരിക്കാം. അയാളുടെ ഡ്രൈവറല്ലേ. കേറിയങ്ങു പിടിക്കാനൊക്കുമോ ? പിടിച്ചാല്‍ തന്നെ 'കൂളിംഗ് പീരിയഡു' നല്‍കേണ്ടേ ?

publive-image


ഇനി കുറേനാള്‍ റോഡായ റോഡൊക്കെ പരിശോധനക്കാരുടെ പിരിവായിരിക്കും. ഫൈന്‍. കുറെ രസീതിലെഴുതും. കുറെ പോക്കറ്റിലിടും. അതൊക്കെ പതിവ്. അതിനു മാറ്റം പാടില്ല. ഹെല്‍മറ്റ് പിടുത്തം കഴിഞ്ഞ ശേഷം കോളു കിട്ടിയപോലാണ് കാക്കിക്കാര്‍. കോവിഡായപ്പോള്‍ ഒക്കെ ഒന്നു മങ്ങിപ്പോയതാണ്. ഇനി തളിര്‍ക്കാം. കൊഴുക്കാം. 9 പേര്‍ മരിച്ചു കിട്ടിയതല്ലേ. വിടാനൊക്കുമോ ?


ഈ പ്രഹസനമൊക്കെ എന്തിന് ? ഹൈക്കോടതിയിലും നടന്നു ഒരു നാടകം. കമ്മീഷണര്‍ ശ്രീജിത്തിനെ വിളിച്ചു വരുത്തി. റോഡില്‍ രക്തം വീഴ്ത്തരുതെന്ന് മുന്നറിയിപ്പ്. ശ്രീജിത്ത് വിനയാന്വിതനായി ഉറപ്പും നല്‍കി - ഇനി രക്തം വീഴില്ല.

എന്തു പ്രഹസനമാണിത്. ശ്രീജിത് ഉറപ്പു നല്‍കിയാല്‍ തീരുന്നതാണോ അപകടങ്ങള്‍ ? റോഡിലെകുഴി അടയ്ക്കണം എന്ന ഉത്തരവിനെന്തു പറ്റി ? കുഴികള്‍ ഇല്ലാത്ത റോഡുകള്‍ 'മതമില്ലാത്ത ജീവിതം' പോലെയാണ്. രക്തം ചീന്തിയാല്‍ പിടിച്ചകത്തിടുമെന്ന് കോടതി പറ‍ഞ്ഞു നോക്കട്ടെ. കമ്മീഷണറാകാന്‍ ആളെ കിട്ടാതെ വരും.

Advertisment