Advertisment

കേരളത്തിലെ പുലി ആരാണെന്നതാണിപ്പോള്‍ തര്‍ക്കം. അത് ഖാന്‍ ഗവര്‍ണറാണോ പിണറായി രാജനാണോ എന്നറിയാന്‍ പോകുന്നു. പുതിയ വെടി മന്ത്രിമാര്‍ക്കെതിരെയാണ്. കാരണമുണ്ടെങ്കില്‍ നിയമപരമായി ഗവര്‍ണര്‍ക്കതിന് അധികാരവുമുണ്ട്. പക്ഷേ ഈ പോര് എന്തിനുവേണ്ടിയാണെന്നല്ലേ... കാരണമുണ്ട് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

പുലിവാലു പിടിച്ചിരിക്കുന്നത് ആരാണെന്ന കാര്യത്തിലാണ് തര്‍ക്കം. പുലി ആരെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പക്ഷേ ഇരു കൂട്ടരും പുലിവാലു പിടിച്ച മട്ടാണ്. ദുരഭിമാനത്തിന്‍റെ ആശാന്‍മാരാണ് ഇരു കൂട്ടരും എന്നതാണ് കളിയുടെ കളര്‍ ഇരട്ടിപ്പിക്കുന്നത്. എന്തായാലും ഒരു നല്ല 'തെക്കന്‍തല്ല് ' കാണാന്‍ കാത്തിരിക്കുകയാണ് ബി.ജെ.പിയും കൂട്ടരും. നല്ലൊരു ഭരണകൂട തല്ലു കണ്ടിട്ടേറെനാളായെന്ന മട്ടില്‍ നിര്‍വ്വികാര ജനതയും.

തന്‍റെ ചാന്‍സിലര്‍ സ്ഥാനം തെറിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ബന്ദിയാക്കി നിര്‍ഗുണനാക്കി ശരിപ്പെടുത്താനാണ് നീക്കമെന്ന് ഗവര്‍ണറെ ഉപദേശിച്ചത് ബി.ജെ.പിക്കാരായിരിക്കാം. ഒരുപക്ഷേ അമിത് ഷാ തന്നെ. എന്തായാലും അടുത്തകാലം വരെ 'ഭായി - ബഹന്‍' ആയിരുന്ന ഖാനും പിണറായിയും നേര്‍ക്കു നേര്‍ നിന്നു തുടങ്ങി.

പിണറായി മലയാളത്തിലും ഖാന്‍ ഹിന്ദി കലര്‍ന്ന ഇംഗ്ലീഷിലും ചീത്തയോടു ചീത്ത. വിവര്‍ത്തകര്‍ അവ എരിവും പുളിയും ചേര്‍ത്തു വിളമ്പി സേവ പിടിച്ചു. സ്വതവേ ഭരണാധികാരികള്‍ പരദൂഷണപ്രിയരാണ്. ഇവിടെ ഇരുവരും അതിന്‍റെ കാലന്‍മാരും. പരദൂഷണക്കാര്‍ക്കിതറിയാം. അവര്‍ വച്ചു കാച്ചി. ഫലം ഇതാ.


ഇരുകൂട്ടരും വാളെടുത്തു വെട്ടി തുടങ്ങി. ആരുടെ രക്തമാണ് ആദ്യം ചീന്തുകയെന്നേ അറിയാനുള്ളു. വാളുപോയിട്ടൊരു പേനാക്കത്തികൊണ്ടു കുത്താനുള്ള ശക്തി ഇപ്പോള്‍ ഇരട്ട ചങ്കനും കേന്ദ്ര ചങ്കനും ഇല്ല. പിന്നെ പ്രയോഗം നാവു വഴി. അതിനാണെങ്കില്‍ ഒരു കുറവുമില്ലതാനും.


സര്‍വകലാശാല ഓര്‍ഡിനന്‍സ് ഒപ്പിടാതിരുന്നപ്പോഴേ പിണറായി അപകടം മണത്തു. നിയമം പാസാക്കി അയച്ചിട്ടും കേന്ദ്ര ചങ്കന്‍ അയഞ്ഞില്ല. പിന്നെ നാവെടുത്തു നാലു പറഞ്ഞു. കേരളത്തില്‍ രാജാവ് ഞാന്‍ തന്നെ എന്നായി പിണറായി രാജന്‍. ചീഫ് എക്സിക്യൂട്ടീവ് പറയുമ്പോലെ ഭരിക്കണം. തെരഞ്ഞെടുക്കപ്പെട്ടു വന്നവരാണ്. അല്ലാതെ കേന്ദ്രത്തില്‍ പോയി കാക്ക പിടിച്ചും ബി.ജെ.പിക്ക് ചൂട്ടു പിടിച്ചും വലിഞ്ഞുകേറി വന്നവനല്ല.

പിണറായി രാജന്‍റെ പ്രയോഗം കേന്ദ്ര ചങ്കനു കൊണ്ടു. ഭരണഘടന പ്രയോഗിച്ചായി അടുത്ത മറുവെട്ട്. അതിലാണെങ്കില്‍ കേരളം ഭരിക്കുന്നത് ഗവര്‍ണറാണെന്നും മന്ത്രിസഭയ്ക്ക് ഉപദേശിക്കാനേ അധികാരമുള്ളൂ എന്നും എഴുതിവച്ചിരിക്കുന്നു.


ഏതു തീരുമാനവും രണ്ടു വിധത്തില്‍ ഗവര്‍ണര്‍ക്കു തള്ളാം. ഒന്ന്: ഭരണഘടനാ വിരുദ്ധമെങ്കില്‍. രണ്ട്: ഈ സാഹചര്യത്തില്‍ ശരിയല്ലെങ്കില്‍. സാഹചര്യം പ്രയോഗിച്ചാണ് യൂണിവേഴ്സിറ്റി നിയമത്തെയും ലോകായുക്ത നിയമത്തെയും ഗവര്‍ണര്‍ വെട്ടിയത്.


ഗവര്‍ണര്‍ ഒടുവില്‍ പൊട്ടിച്ച വെടി എല്ലാവരേയും ആശങ്കപ്പെടുത്തുന്നതാണ്. എന്നെ വിമര്‍ശിച്ചാല്‍ ഞാന്‍ തള്ളും. അതായത് കസേര തെറിപ്പിക്കുക വരെ ചെയ്യുമെന്ന്.

നിയമപരമായി ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമുണ്ട്. മന്ത്രിമാരെ നിയമിച്ചത് ഗവര്‍ണറാണ്. നിയമിച്ച ആള്‍ക്ക് താഴെ ഇറക്കാനുള്ള അധികാരവുമുണ്ട്. പക്ഷേ അതിനു കാരണം വേണം. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നില്ല. പിന്നെയുള്ളത് ഗവര്‍ണറുടെ ബോധ്യപ്പെടലാണ്.

publive-image

ഗവര്‍ണറുടെ ഓഫീസിന് അവമതിപ്പുണ്ടാക്കിയെന്നതാണു കാരണമെന്നിരിക്കട്ടെ. അത് മന്ത്രി സ്വാഭാവികമായി നിഷേധിക്കും. അപ്പോള്‍ പിന്നെ തര്‍ക്കം. ഒരു വശത്ത് മന്ത്രി. മറുവശത്ത് ഗവര്‍ണര്‍. വാദിയും പ്രതിയും. ആരു വാദിയായാലും പ്രതിയായാലും തര്‍ക്കമുള്ള സ്ഥിതിക്ക് മറ്റൊരാളാണ് തീരുമാനമെടുക്കേണ്ടത്. അതിനുള്ള സംവിധാനം ഭരണഘടനയിലില്ല. ഉള്ളത് കോടതിയാണ്. പ്രശ്നം കോടതി കയറും.

ഒരു മന്ത്രിയെ പുറത്താക്കിയാല്‍ പടിപടിയായി മറ്റ് മന്ത്രിമാരും ഗവര്‍ണറെ വിമര്‍ശിക്കും. എല്ലാവരേയും പുറത്താക്കേണ്ടി വരും. ആഴ്ചയിലൊരു മന്ത്രി രക്തസാക്ഷി പരിവേഷത്തോടെ പുറത്തു വരും. ഒടുവില്‍ മുഖ്യനും. കേരളമാകെ പ്രതിഷേധം. ചത്തു കിടന്ന കോണ്‍ഗ്രസിനു ഓക്സിജനുമായി രാഹുല്‍ ഗാന്ധി യാത്രക്കിറങ്ങിയതുപോലെയാകും. സര്‍ക്കാരിന്‍റെ പരാജയങ്ങളെല്ലാം മറയ്ക്കപ്പെടും. ബന്ധു നിയമനങ്ങളും വിദേശ കുടുംബയാത്രയും പി.പി.ഇ കിറ്റും പിണറായിയുടെ ഏകാധിപത്യവുമൊക്കെ സ്വാഹ. നിരാശരായ സി.പി.എം അണികള്‍ ഉണരും. തെരുവുകള്‍ നിറയും.

ഒടുവില്‍ ഗവര്‍ണര്‍ക്കു കേന്ദ്രഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ബി.ജെ.പിയുടെ കിങ്കരനോടേറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച മന്ത്രിമാര്‍ നാടാകെ. എതിര്‍ത്തു നിന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇടതുപക്ഷത്തിനോടൊപ്പം കൂടും. എന്നു തെരഞ്ഞെടുപ്പു നടന്നാലും വീണ്ടും ഇടതുപക്ഷം അധികാരത്തില്‍വരും.

അങ്ങിനെ മൂന്നാം തുടര്‍ഭരണം കിട്ടിയാല്‍ സി.പി.എം ലിക്വിഡേറ്റു ചെയ്യപ്പെടുമെന്ന് വിശ്വസിച്ചു മറിച്ചു കുത്താന്‍ തീരുമാനിച്ചവര്‍ പോലും പിണറായിക്കു കുത്തും. ഇപ്പോള്‍ മുഖ്യമന്ത്രി പദത്തില്‍ ഒഴിവുകാലമാഘോഷിക്കുന്ന പിണറായി വീണ്ടും അധികാരത്തില്‍ വരും. അങ്ങിനെ ആരിഫ് മുഹമ്മദ് ഖാന്‍ ഇടതുപക്ഷത്തിന്‍റെ രക്ഷകനാകും. അദ്ദേഹത്തിന്‍റെ പടം വീട്ടില്‍ തൂക്കി ഇടതു നേതാക്കള്‍ പൂജിക്കും. അദ്ദേഹത്തിന്‍റെ കാലില്‍ ഒരു മുള്ളുപോലും കൊള്ളരുതേ എന്നു പ്രാര്‍ത്ഥിക്കും.


ഇനി ഈ നിലയിലേക്കു ഗവര്‍ണര്‍ പോകുമോ ? അതോ ഇതൊരു വിരട്ടല്‍ മാത്രമോ ? ഉടന്‍ സര്‍വകലാശാലയുടെ ഒരു സമ്മേളനം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യാനിരിക്കുകയാണ്. അതില്‍ പിണറായി വല്ലതും കടത്തി പറയുമോ എന്ന ആശങ്കയില്‍ നിന്നാണ് ഈ താക്കീതെങ്കില്‍ പ്രശ്നമില്ല. കാരണം പിണറായിയും ഒന്നു മയപ്പെടും.


അടുത്ത അഞ്ചുവര്‍ഷം കേന്ദ്രഭരണമെങ്ങാനും വന്നുപോയാലെന്താ സ്ഥിതി ? കിറ്റു കൊടുത്താല്‍ മാറ്റിക്കുത്തുന്നവരാണ് മലയാളി എന്നു നന്നായറിയാവുന്നയാള്‍ പിണറായിയാണല്ലോ.

കേരളത്തില്‍ എന്തു നടന്നാലും ബി.ജെ.പിക്കൊരു ചുക്കുമില്ല. കോണ്‍ഗ്രസിന്‍റെ ശേഷിച്ച നട്ടെല്ലും സി.പി.എമ്മിന്‍റെ മുഴുനീള നട്ടെല്ലുമാണ് തകരുക. യെച്ചൂരിക്കു മുറുക്കാന്‍ ചവക്കണമെങ്കില്‍ ഇവിടെ നിന്നു പണം പോകണമല്ലോ.

ചീഫ് എക്സിക്യൂട്ടീവു പണി ചെയ്യുന്ന യെച്ചൂരിക്കും കാരാട്ടിനും പിരിക്കാനിറങ്ങി ശീലവുമില്ല. പണം തരുന്ന കള്ളു കച്ചവടക്കാരും പാറമടക്കാരും കൈയ്യേറ്റ മാഫിയയുമൊക്കെ ഭരണം ബി.ജെ.പിയുടെ കൈയ്യിലായാല്‍ മാരാര്‍ ഭവനില്‍ കിടന്നുരുളും. ഖാന്‍ ഗവര്‍ണറും സുരേഷ് ഗോപി, കെ. സുരേന്ദ്രന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവര്‍ ഉപദേഷ്ടാക്കളും ആയാല്‍ ? 20 മന്ത്രിമാരുടെ ചുമതലയാണ് ഈ ഉപദേഷ്ടാക്കള്‍ക്കു കിട്ടുകയെന്നോര്‍ക്കണം.

എങ്കില്‍ നല്ല പുകിലായിരിക്കും. പഴയപോലെ വെടിയേറ്റ് മരിക്കാനൊന്നും ആളെ കിട്ടാത്ത കാലമാണെന്നോര്‍ക്കണം.

Advertisment